2016ൽ, ഹൈദരാബാദ് ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകനും രാഷ്ട്രീയക്കാരനുമായ മുഹമ്മദ് ഇർഫാൻ ഖാദ്രി ഗോഷാമഹലിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ രാജാ സിംഗിനെതിരെ പരാതി നൽകിയിരുന്നു. രാജാ സിങിന്റെ വിദ്വേഷ വീഡിയോകളെക്കുറിച്ചായിരുന്നു ഖാദ്രി പൊലീസിന് പരാതി നൽകിയത്. തന്റെ പരാതിയിൽ മൂന്ന് വീഡിയോകൾ ഉദാഹരണമായി അദ്ദേഹം പരാമർശിച്ചു. ഒരു പ്രസംഗത്തിൽ, രാജാസിങ് പശുക്കളെ കശാപ്പ് ചെയ്യുന്നതിനെതിരെ മുസ്ലീംകൾക്ക് മുന്നറിയിപ്പ് നൽകി.
അവർ പശുവിനെ കശാപ്പ് ചെയ്യുന്നത് തുടർന്നാൽ അവരെ അതേ രീതിയിൽ കശാപ്പ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അഞ്ച് വർഷത്തിന് ശേഷം, 2021 ഡിസംബർ 17 ന്, എം.എൽ.എമാർക്കെതിരായ കേസുകൾ പ്രത്യേകമായി പരിശോധിക്കുന്ന പ്രത്യേക കോടതി രാജ സിങിനെ കുറ്റവിമുക്തനാക്കി. രാജാ സിങിനെ കുറ്റവിമുക്തനാക്കാൻ കോടതി ഉന്നയിച്ചത് രണ്ട് കാരണങ്ങളാണ്. ഒന്നാമതായി, തെളിവുകൾ ശരിയായി രേഖപ്പെടുത്തേണ്ട നടപടിക്രമം പൊലീസ് പാലിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പോ ശേഷമോ എം.എൽ.എയെ പ്രോസിക്യൂട്ട് ചെയ്യാൻ പൊലീസ് സർക്കാരിൽ നിന്ന് അനുമതി ചോദിച്ചില്ല എന്നതാണ് ഏറ്റവും ഗുരുതരമായ കാരണം.
മുസ്ലീംകൾക്കെതിരായ വർഗീയ വിദ്വേഷ പ്രസംഗത്തിന്റെ കാര്യത്തിൽ സ്ഥിരം കുറ്റവാളിയായ ടി. രാജ സിങ് എന്നറിയപ്പെടുന്ന താക്കൂർ രാജ സിംഗ് ലോധിനെതിരെ രജിസ്റ്റർ ചെയ്ത 101 ക്രിമിനൽ കേസുകളിൽ ഒന്ന് മാത്രമാണിത്. ഇതുവരെ ഒരു കേസിൽ മാത്രമാണ് രാജാ സിങ് ശിക്ഷിക്കപ്പെട്ടത്. വാസ്‌തവത്തിൽ, അയാൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗ കേസുകളിൽ ഭൂരിഭാഗം കേസുകളിലും എം.എൽ.എ കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് കോടതി പലപ്പോഴും ഇയാളെ കുറ്റവിമുക്തനാക്കി പോരുന്നത്. ഗുരുതരമായ ക്രിമിനൽ കേസുകളിൽ രാജാ സിങ് കുറ്റക്കാരനാണെന്ന് ഉറപ്പാക്കുന്ന കാര്യത്തിൽ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി.ആർ.എസ്) നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന് പരാതിയുണ്ട്.
വർഷങ്ങളായി, വർഗീയ ശക്തികളെ ശക്തമായി അടിച്ചമർത്തുന്ന പ്രതിച്ഛായ കെട്ടിപ്പടുക്കാൻ ടി.ആർ.എസ് സർക്കാരിന് കഴിഞ്ഞു. ടി.ആർ.എസ് സർക്കാർ ബി.ജെ.പിയെയും ഹിന്ദുത്വത്തെയും പരസ്യമായി എതിർത്ത നിരവധി സംഭവങ്ങളുണ്ട്. എന്നിട്ടും ബി.ജെ.പി നിയമസഭ സാമാജികന്റെ ക്രിമിനൽ കുറ്റകൃത്യങ്ങൾ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വിമർശനമുണ്ട്. ഹിന്ദുത്വ ഗ്രൂപ്പുകളുടെ നിരന്തര ഭീഷണിക്ക് വിധേയനാകുന്ന സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ഷോ തെലങ്കാനയിൽ നടത്തിയാൽ ആഡിറ്റോറിയത്തിന് തീയിടും എന്ന് രാജാ സിങ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ കേസും എങ്ങുമെത്തിയില്ല.
ഹൈദരാബാദിനെ മിനി പാകിസ്താൻ എന്ന് വിശേഷിപ്പിക്കുന്നത് മുതൽ റോഹിങ്ക്യൻ മുസ്‍ലിംകളെ 'വെടിവെക്കേണ്ട തീവ്രവാദികൾ' എന്ന് വിളിക്കുന്നത് വരെ, 2018ൽ ബോളിവുഡ് ചിത്രം പത്മാവത് പ്രദർശിപ്പിച്ച തിയേറ്ററുകൾ കത്തിക്കാൻ ആഹ്വാനം ചെയ്യുന്നത് വരെ രാജ സിങ് വാർത്തയിൽ നിറഞ്ഞുനിന്നിരുന്നു. ഗോഷാമഹൽ എം.എൽ.എയാണ് 45കാരനായ രാജാ സിങ്. പ്രവാചക നിന്ദയുടെ പേരിൽ എടുത്ത ഒരു കേസിൽ മാത്രമാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. എന്നാൽ, പിന്നീടും അതിരൂക്ഷമായി വിദ്വേഷ പ്രസംഗങ്ങൾ എം.എൽ.എ തുടർന്ന്. ബി.ജെ.പി ഇതര സർക്കാർ ആയിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് മടിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്.
"പൊലീസ് കേസുകൾ മാത്രമേ ഫയൽ ചെയ്യുന്നുള്ളൂവെന്നും പിന്നീട് അവയെ യുക്തിസഹമായ നിഗമനത്തിലെത്തിക്കാൻ പിന്തുടരുന്നില്ലെന്നും വ്യക്തമാണ്" -ഖാദ്രി 'ദി ന്യൂസ് മിനുട്ട്' ഓൺലൈൻ സൈറ്റിനോട് വെളിപ്പെടുത്തി. ''വിചാരണ വേളയിൽ, കേസ് പിൻവലിക്കണമെന്ന് പലതവണ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. കേസ് പിൻവലിക്കാൻ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. സ്വാധീനമുള്ള ഒരാൾക്കെതിരെ കേസ് ആയതിനാൽ സുരക്ഷയെക്കുറിച്ച് എന്റെ കുടുംബം ആശങ്കാകുലരായിരുന്നു. വ്യക്തമായും, രാജാ സിംഗിനെ പ്രോസിക്യൂട്ട് ചെയ്യാൻ ടി.ആർ.എസ് സർക്കാർ ആഗ്രഹിക്കുന്നില്ല" -അദ്ദേഹം പറയുന്നു. മജ്‌ലിസ് ബച്ചാവോ തെഹ്‌രീക്കിന്റെ (എം.ബി.ടി) വക്താവ് അംജദുല്ല ഖാൻ രാജാ സിംഗിനെതിരെ വിദ്വേഷ പ്രസംഗത്തിന് 19 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ 15 കേസുകൾ അവസാനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. "ആവശ്യമായ വീഡിയോ തെളിവുകളും മറ്റ് വിശദാംശങ്ങളും സമർപ്പിച്ചിട്ടും കേസുകൾ അവസാനിപ്പിച്ചു. കേസ് അവസാനിപ്പിച്ചതിനെക്കുറിച്ച് എന്നെ അറിയിച്ചിരുന്നില്ല. വർഷങ്ങൾക്ക് ശേഷമാണ് കേസുകൾ അവസാനിപ്പിച്ചതായി അറിയുന്നത്" -അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.