അവര്‍ നില്‍ക്കുന്നുണ്ടാവുമോ, ഷാറൂഖും ആമിറും വന്നിറങ്ങുന്ന വണ്ടിയും കാത്ത്...

പത്തു വര്‍ഷം മുമ്പാണ്, ടോക്കിയോയില്‍ ഏഷ്യന്‍ വികസനോന്‍മുഖ മാധ്യമ പുരസ്കാര ചടങ്ങിനോടനുബന്ധിച്ച  ശില്‍പശാലയില്‍ പാക്കിസ്താനില്‍ നിന്ന് നാലുപേരാണ് വന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ചത്  ഒൗട്ട്ലുക്കിലെ ലളിതാ ശ്രീധറും ഈ കുറിപ്പുകാരനും. പാക് കൂട്ടത്തിലെ അതിപ്രശസ്തനും അതിലേറെ ഗൗരവക്കാരനുമായിരുന്ന മസൂദ് അന്‍സാരി കാണുമ്പോഴെല്ലാം ചോദിച്ചത് സായിനാഥിനെക്കുറിച്ച്, സംസാരിച്ചത് അടുത്ത് ചെയ്യാനിരിക്കുന്ന വിദേശ ഫെല്ളോഷിപ്പിനെക്കുറിച്ച്. ഇടവേളകളില്‍ മൂളിയിരുന്നത് നമ്മുടെ ചല്‍തേ ചല്‍തേ!

മറ്റു രണ്ടുപേര്‍ അമര്‍ ഫാറൂഖും മുഹമ്മദ് ഇര്‍ഫാന്‍ ഷെഹ്സാദും ഞാനെഴുതിയ സ്റ്റോറിയെ കുറിച്ച് ഉപചാര അന്വേഷണം നടത്തിയെന്നല്ലാതെ ജേര്‍ണലിസത്തെക്കുറിച്ച് സംസാരിച്ചതേ ചുരുക്കം. ശ്രദ്ധേയ പരിസ്ഥിതി മാധ്യമപ്രവര്‍ത്തകയായ സോഫീന്‍ തുഫൈല്‍ ഇബ്രാഹീമാവട്ടെ കേരളത്തിലെ കടലോരങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒരുപാട് തിരക്കി കൊണ്ടിരുന്നു. താനെഴുതിയ വാര്‍ത്തകളെക്കുറിച്ച് വിസ്തരിക്കാന്‍ ഒട്ടും താല്‍പര്യം കാണിച്ചിരുന്നില്ല. അവര്‍ നാലുപേരും മാധ്യമപ്രവര്‍ത്തനത്തിന്‍െറ ഭിന്ന ശ്രേണികളിലായിരുന്നു, പാക്കിസ്താന്‍െറ അമിത മതവല്‍കരണത്തെക്കുറിച്ച് നാലുപേര്‍ക്കും നാലഭിപ്രായമായിരുന്നു. ഭക്ഷണമേശയിലും അവരുടെ രുചികള്‍ വ്യത്യസ്തം. നാലു പേരെയും ഒന്നിപ്പിച്ചിരുന്ന ഒരേ ഒരു ഘടകം അവരുടെ ഹിന്ദി സിനിമാ കമ്പമായിരുന്നു. ഇന്ത്യാ-പാക് പ്രശ്നങ്ങളെല്ലാം തീര്‍ക്കാന്‍ അവരിലൊരാള്‍ പറഞ്ഞ ഫോര്‍മുല അമിതാഭ് ബച്ചനെയോ ദിലീപ് കുമാറിനെയോ ഇന്ത്യന്‍ സ്ഥാനപതിയായി അയക്കണമെന്നായിരുന്നു.  

ഷെഹ്സാദ് ഗസലുകള്‍ ഈണത്തില്‍ പാടുന്ന കാര്യം പറയാന്‍ ചെല്ലുമ്പോള്‍ പാക് കൂട്ടത്തിലെ സോഫീന് തന്നെക്കാളേറെ ഹിന്ദി ഗാനങ്ങളറിയാമെന്ന് പറഞ്ഞു ലളിത ദീദി. എന്നെങ്കിലുമൊരിക്കല്‍ ഹിന്ദി സിനിമയില്‍ പേരെടുത്ത ഹാസ്യതാരമായി മാറുമെന്ന് സ്വയം വിശ്വസിച്ചിരുന്ന അമര്‍ ഫാറൂഖ് ‘ദില്‍വാലെ’ ഇരുപതു തവണയെങ്കിലും കണ്ടിരുന്നു. ബോംബെ തെരുവിന്‍െറ കഥ എഴുതുന്ന നിനക്കു പകരം അവിടുത്തെ ഏതെങ്കിലും സിനിമാ റിപ്പോര്‍ട്ടര്‍ വന്നിരുന്നെങ്കില്‍ അവര്‍ക്കൊപ്പം താന്‍ ബോളിവുഡ് പിടിച്ചേനെയെന്ന് ഒന്നിലേറെ തവണ അയാള്‍ തമാശ പോലെ പറഞ്ഞു. അക്കസാക്ക എക്സല്‍ ടോക്യോ ഹോട്ടലിന്‍െറ ലോഞ്ചിലിരുന്ന് ഓരോ സീനുകളും സംഭാഷണങ്ങളും പുന:രാവിഷ്കരിക്കുന്നത് കണ്ട് ഒരുപാട് ജപ്പാനി കണ്ണുകള്‍ വിടര്‍ന്നു. പേരുകൊണ്ടു പോലും പരിചയമില്ലാതിരുന്ന പല ഇന്ത്യന്‍ സിനിമകളുടെയും വലുപ്പത്തം അറിഞ്ഞതും അവരില്‍ നിന്ന് തന്നെ.
വിഭജിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യ സൂപ്പര്‍ പവര്‍ ആകുമായിരുന്നെന്നും ഇരുപക്ഷത്തെയും മതഭ്രാന്തുകള്‍ നിര്‍വീര്യമാക്കപ്പെടുമായിരുന്നുവെന്നും ഞങ്ങളുടെ മെഹ്ദി ഹസനും ആബിദാ പര്‍വീണും ആതിഫ് അസ്ലമും നിങ്ങളുടെ ലതാ മങ്കേഷ്കറും ആശാ ബോസ്ലേയും പങ്കജ് ഉദാസും നമ്മുടെതാകുമായിരുന്നുവെന്നും പറയവെ നഷ്ടബോധം കനത്ത് ഷെഹ്സാദിന്‍െറ സ്വരം താണുപോയിരുന്നു.

അവാര്‍ഡുരാത്രിയില്‍ ഇരു കൈകളിലും പുരസ്കാരങ്ങളും കീശ നിറയെ സമ്മാനപ്പണവുമായി വേദിയില്‍ നിന്നിറങ്ങി വന്ന ഇന്ത്യക്കാരനോടായിരുന്നില്ല ബച്ചന്‍െറയും ഷാരൂഖിന്‍െറയും ആമിറിന്‍െറയും അനുപം ഖേറിന്‍െറയും നാട്ടുകാരനായ ഇന്ത്യക്കാരനോടായിരുന്നു അവര്‍ക്കസൂയ.  ഷാരൂഖിനെയും ഇപ്പോഴിതാ ആമിറിനെയും നാടുകടത്തണമെന്ന ആക്രോശം മുഴങ്ങുമ്പോള്‍ അതിര്‍ത്തിക്കപ്പുറമുള്ള ആ ചങ്ങാതിമാരും അവരുടെ കമ്പങ്ങളും വീണ്ടും ഓര്‍മയിലത്തെുന്നു. വ്യത്യസ്ത വീക്ഷണക്കാരെങ്കിലും അവര്‍ നാലുപേരുമിപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും. മറ്റു മൂന്നുപേരും അത്ര സീരിയസ് ആയിരിക്കില്ല. പക്ഷെ, സത്യമായും അമര്‍ ഷാരൂഖും ആമിറും വരുന്ന വണ്ടി റാവല്‍പിണ്ടിയിലത്തെുന്ന ദിവസം കാത്തിരിപ്പാവും. ഒരുപക്ഷെ, ഷാരൂഖിനെയും ആമിറിനെയും  ഗുണദോഷിച്ചും സഹിഷ്ണുതാ മാര്‍ച്ച് നടത്തിയും നാടുകടത്ത് സഖ്യത്തിനുവേണ്ടി വാദിക്കുന്ന അനുപം ഖേറിനെയാവും ഒരു എതിരഭിപ്രായത്തിന്‍റ പേരില്‍ പാക്കിസ്താനിലയക്കണമെന്ന് സംഘി സേനകള്‍ ഏറെ വൈകാതെ മുറവിളി കൂട്ടുക. സഹിഷ്ണുത ആയാലും ദേശ സ്നേഹമായാലും നമ്മള്‍  വിശ്വസിക്കുന്ന ശരിയോട് അപരന്‍ വിയോജിക്കുന്ന നിമിഷം അര്‍ഥമാറ്റം സംഭവിക്കുന്നതാണല്ളോ ഫാഷിസത്തിന്‍െറ നിഘണ്ടുവിലെ ഓരോ വാക്കും.

അവസാനത്തെ ആണി: എതിരഭിപ്രായം പറയുന്നവര്‍ക്ക് പാകിസ്താനിലേക്ക് ടിക്കറ്റു മുറിച്ചു കൊടുക്കുന്ന ആഥിത്യനാഥുമാരെ ഡല്‍ഹി പ്രഗതി മൈതാനിയില്‍ നടക്കുന്ന ട്രേഡ്ഫെയറിലെ പാക്കിസ്താനി ഭക്ഷണ ശാലയില്‍ ഒന്നു കൊണ്ടുപോകണം. കൊടും തിരക്കാണെങ്കിലും ഒരുപ്ളേറ്റ്  തര്‍ക്കാ ആലു വാങ്ങി കഴിക്കാന്‍ കൊടുക്കണം. ഷാന്‍ മസാലയുടെ സ്റ്റാളില്‍ നിന്ന് പനീര്‍ മസാലപ്പൊടിയും പൊതിഞ്ഞ് സഞ്ചിയിലിടണം. ശത്രുക്കളെ പാക്കിസ്താനിലേക്ക് അയക്കണമെന്ന വര്‍ത്തമാനം ആ നിമിഷം നിര്‍ത്തുമെന്ന് നൂറു തരം. അമ്മാതിരി രുചിയാണ് ഓരോ വിഭവത്തിനും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.