ബലൂചിസ്താനിലേക്ക് നീട്ടിയെറിഞ്ഞ മോദിതന്ത്രം

ഏതാനും വര്‍ഷം മുമ്പുള്ള അനുഭവമാണ്. ബഹ്റൈനിലെ മനാമയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയപ്പോള്‍ കൗണ്ടറിലുള്ള സുമുഖനായ പയ്യന്‍ ഞങ്ങളുടെ പിന്നാലെ വന്നു ചോദിച്ചു; ഇന്ത്യക്കാരാണല്ളേ? തലയാട്ടിയപ്പോള്‍ അവന്‍െറ മുഖത്ത് വല്ലാത്തൊരു സന്തോഷം. ഞാന്‍ ബലൂചിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് അല്‍പം ഗൗരവത്തോടെ ചോദിച്ചു ഞങ്ങളുടെ സമുദായനേതാവിനെ (മുസ്ലിം ലീഗുകാര്‍ക്ക് പരിചയമുള്ള ശൈലിയില്‍ പറഞ്ഞാല്‍ ‘ഖാഇദെ മില്ലത്തിനെ ) കൊന്നത് ആരാണെന്നറിയമോ? പാന്‍റ്സിന്‍െറ കീശയില്‍നിന്ന് മെല്ളെ പഴ്സെടുത്ത് ആ നേതാവ് ആരാണെന്ന് കാണിച്ചുതന്നു. അക്കാലത്ത് പത്രങ്ങളില്‍ കണ്ട് പരിചയമുള്ള മുഖം. ‘നവാബ് ബുഗ്തി’ എന്നറിയപ്പെടുന്ന അക്ബര്‍ ഷഹ്ബാസ് ഖാന്‍ ബുഗ്തിയുടേതാണ് ആ ചിത്രം.

ബലൂചി ഗോത്രവര്‍ഗക്കാരുടെ ദേശീയബോധം ഉയര്‍ത്തിയ പണ്ഡിതനായ ഒരു നേതാവ്. തന്‍െറ ജനതക്ക് വേണ്ടി ആയുസ്സും വപുസ്സും നീക്കിവെച്ച അദ്ദേഹം പുത്രന്‍ സലാല്‍ ബുഗ്തി ഇസ്ലാമാബാദ് ഭരണകൂടത്തിന്‍െറ കൈയാല്‍ കൊല്ലപ്പെട്ടതില്‍ പിന്നെ, അടുത്ത ഇര താനായിരിക്കുമെന്ന് മുന്‍കൂട്ടി കണ്ട് ദേരാ ബുഗ്തി കോമ്പൗണ്ടില്‍ അനുയായികളുടെ ഇടയില്‍ ദിനരാത്രങ്ങള്‍ ചെലവഴിച്ചു. വിവിധ ബലൂചി ഗോത്രങ്ങളെ ഒരു കൊടിക്കീഴില്‍ അണിനിരത്താനും ജനാധിപത്യ മാര്‍ഗത്തിലൂടെ പ്രവിശ്യയുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനുമായിരുന്നു അദ്ദേഹം പരമാവധി ശ്രമിച്ചത്. പക്ഷേ, ജനറല്‍ മുഷര്‍റഫിന്‍െറ ഭരണകൂടം ബലൂചികള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ അനൈക്യം വിതക്കാനും കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും വേണ്ടതൊക്കെ ചെയ്തു. ഇസ്ലാമാബാദുമായി സംഭാഷണത്തിനു തയാറായ ബലൂചിനേതാക്കളുടെ സൗമനസ്യത്തെ ദൗര്‍ബല്യമായി കണ്ട് 2005ജനുവരിയോടെ മുഷര്‍റഫിന്‍െറ പട്ടാളം ദേരാബുഗ്തിലേക്ക് ഇരച്ചുകയറി. നിരവധി ഗോത്രത്തലവന്മാര്‍ അപ്രത്യക്ഷമായി. 2006 ആഗസ്ത് 26നു അക്ബര്‍ ഖാന്‍ ബുഗ്തി ദാരുണമായി കൊല്ലപ്പെട്ട വിവരമാണ് ബലൂചികളെ തേടിയത്തെിയത്. ആദരണീയനായ നേതാവിനൊപ്പം എല്ലാ പ്രതീക്ഷകളും തകര്‍ന്ന ഗോത്രവര്‍ഗക്കാര്‍ പ്രക്ഷോഭത്തിന്‍െറ പാതയിലേക്കിറങ്ങി. പിന്നീട് നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു.

‘രണ്ടോമൂന്നോ ഗോത്രത്തലവന്മാരും ഏതാനും മാടമ്പികളുമാണ് ബലൂചിസ്താനിലെ എല്ലാ കുഴപ്പങ്ങളുടെയും പിന്നില്‍.  കഴിഞ്ഞ സര്‍ക്കാര്‍ അവരുമായി ഇടപാട് നടത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഞാന്‍ അവരുടെ കഥ കഴിക്കും’- ഒരിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ മുഷര്‍റഫ് പറഞ്ഞത് ഇങ്ങിനെയായിരുന്നു. അല്‍പം വിദ്യാഭ്യാസവും പ്രാപ്തിയുമുള്ളവര്‍ അമേരിക്കയിലേക്കോ യൂറോപ്പിലേക്കോ വിമാനം കയറി. പാകിസ്താന്‍ എന്ന രാജ്യത്തിന്‍െറ 42 ശതമാനം ഭൂവിഭാഗവും ബലൂചിസ്താന്‍േറതാണ്. ജനസംഖ്യയാവട്ടെ 12ദശലക്ഷം മാത്രം. സാമ്പത്തികമായി, സാമൂഹികമായി, വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ബലൂചികളെ ഗള്‍ഫ് രാജ്യങ്ങളില്‍ പോലും അപൂര്‍വമായേ കാണാന്‍ കഴയൂ. കാരണം, മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെട്ടാണ് അവര്‍ ജീവിക്കുന്നത്. പക്ഷേ, ബലൂചിസ്താന്‍െറ മണ്ണിനടിയില്‍ എണ്ണയും പ്രകൃതവാതകവും സ്വര്‍ണവും ചെമ്പും ധാരാളം കിടക്കുന്നുണ്ട്. ഫലപ്രദമായി അത് ചൂഷണം ചെയ്യാന്‍ പോലും പാക് ഭരണകൂടത്തിന് സാധിച്ചിട്ടില്ല. കാരണം, ബലൂചികള്‍ അവ തങ്ങളുടെ സ്വത്തായാണ് കാണുന്നത്. ചൈന എണ്ണ പര്യവേഷണത്തിന് ശ്രമങ്ങള്‍ നടത്തിയിരുന്നു. അക്ബര്‍ ഖാന്‍ ബുഗ്തിക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന സംശയമാണ് ഇസ്ലാമാബാദ് സര്‍ക്കാരിനെ രോഷാകുലരാക്കിയത്. ബഹ്റൈനില്‍ കണ്ട് യുവാവിന് ഇന്ത്യക്കാരെ കണ്ടപ്പോള്‍ അടുപ്പം തോന്നാന്‍ കാരണം ബലൂചികളുടെ കാര്യത്തില്‍ നമുക്ക് താല്‍പര്യമുണ്ട് എന്ന ധാരണയാവാം. അവിടെനടക്കുന്ന വിഘടനാവാദ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യുടെ സഹായ സഹകരണങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

ബലൂചി സമസ്യക്ക് ഇന്ത്യാ, പാക് സ്വാതന്ത്ര്യത്തോടൊപ്പം പഴക്കമുണ്ട്. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത് നിലനിന്നിരുന്ന നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു ബലൂചിസ്താന്‍. 1947ല്‍ ഇന്ത്യ വിഭജിക്കപ്പെടുമ്പോള്‍ മീര്‍ സര്‍ അഹ്മദ് യാര്‍ഖാന്‍ ആയിരുന്നു ബലൂച് ഭരിച്ചിരുന്നത്. കശ്മീരിലെ ഹരി സിങ് രാജാവിനെ പോലെ സ്വതന്ത്ര, പരമാധികാര രാജ്യമായി നില്‍ക്കാനാണ് യാര്‍ ഖാന്‍ ആഗ്രഹിച്ചത്. പക്ഷേ, മുഹമ്മദലി ജിന്ന നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഹൈദരാബാദ് നിസാമിന്‍െറ അതേ അനുഭവം. 1948ല്‍ പാക് സേന കടന്നുകയറി ബലൂചിസ്താന്‍ പിടിച്ചെടുത്തു. അന്ന് തൊട്ട് ബലൂചി ദേശീയബോധം ഒരു വിഭാഗത്തെ പ്രക്ഷോഭത്തിന്‍െറ മാര്‍ഗത്തില്‍ കൊണ്ടത്തെിച്ചിരുന്നു.

 Full View

ബലൂചി സ്വത്വം പാക് സ്വത്വത്തില്‍നിന്ന് വിഭിന്നമായിരുന്നു. പക്ഷേ, ഇന്ത്യ ഇതുവരെ ബലൂചിസ്താന്‍െറ കാര്യത്തില്‍ പരസ്യമായ ഒരഭിപ്രായപ്രകടനത്തിനും മുന്നോട്ടുവന്നിരുന്നില്ല. കാരണം, അത് ആ രാജ്യത്തിന്‍െറ ആഭ്യന്തര പ്രശ്നമായാണ് നാം നോക്കിക്കണ്ടത്. എന്നാല്‍, ആ കുലീനമായ നിലപാടില്‍നിന്നുള്ള വ്യതിചലമായിരുന്നു ആഗസ്്റ്റ് 15നു ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങള്‍. ‘ബലൂചിസ്താനിലെയും ഗില്‍ഗിത്തിലെയും പാക്കധീന കശ്മീരിലെയും ജനങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും കൃതജ്ഞത രേഖപ്പെടുത്തിയും സന്ദേശങ്ങള്‍ അയക്കുന്നുവെന്നാണ് മോദി പറഞ്ഞത്. അതായത്, നമ്മുടെ അധീനതയില്‍ അല്ളെങ്കിലും ഈ ജനതകളുടെ പൗരാവകാശങ്ങളില്‍ നാം ഇടപെടുന്നത് കൊണ്ട് അവര്‍ സന്തുഷ്ടരാണെന്നും നമ്മോട് കടപ്പാടുള്ളവരാണെന്നും ചുരുക്കം. ‘ആസാദ് ’കശ്മീരിന്‍െറ കാര്യത്തില്‍ നമുക്ക് എന്തും പറയാം. കാരണം, അത് ജമ്മു-കശ്മീരിന്‍െറ ഭാഗമായാണ് നാം ഇപ്പോഴും കാണുന്നത്. എന്നാല്‍ ബലൂചിസ്താനില്‍ നമുക്ക് ഒരു താല്‍പര്യവുമില്ല. അതിര്‍ത്തി പങ്കിടുന്നു എന്നല്ലാതെ. ഇതുവരെ നമ്മുടെ ചര്‍ച്ചയിലോ ശ്രദ്ധയിലോ കടന്നുവരാത്ത ബലൂചിസ്താനിലേക്ക് ഒരു മുഴം നീട്ടിയെറിഞ്ഞ് പാകിസ്താനെ പ്രതിരോധത്തിലാക്കുക എന്നതാവാം മോദിയുടെ തന്ത്രത്തിന്‍െറ മര്‍മം. പക്ഷേ, ഈ നീക്കത്തോട് ആര്‍ക്കും യോജിപ്പില്ല. കാരണം, അതുകൊണ്ട് കത്തിയാളുന്ന കശ്മീരിലെ തീ അണയാന്‍ പോകുന്നില്ല എന്നുമാത്രമല്ല, ഇസ്ലാമാബാദ് കൂടുതല്‍ കുതന്ത്രങ്ങള്‍ പുറത്തെടുക്കാനേ സാധ്യതയുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.