സരിത സത്യം പറയുമ്പോള്‍...

സരിത എസ്.നായര്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ്. ഒരു സ്ത്രീ എന്ന നിലയില്‍ സമൂഹം നല്‍കേണ്ട ആദരവും ആനുകൂല്യവും അവര്‍ അര്‍ഹിക്കുന്നില്ല. അന്തസ്സുള്ള സ്ത്രീകള്‍ ഒരിക്കലും ചെയ്യാന്‍ ഇടയില്ലാത്ത പ്രവൃര്‍ത്തികള്‍ അവര്‍ ചെയ്തിട്ടുണ്ട്. അത് അവരുടെ അറിവില്ലായ്മ ആരെങ്കിലും ചൂഷണം ചെയ്തതു കൊണ്ടാണെന്ന് ഒരു വാദത്തിനു വേണ്ടി പോലും പറയാനാകില്ല. കാരണം വിദ്യാഭ്യാസവും വിവരവും കാര്യശേഷിയുമുള്ള അസാധാരണ സ്ത്രീയാണ് സരിത. അതു കൊണ്ടാണ്  സര്‍ക്കാരും പാര്‍ട്ടിയും ഭരണ സംവിധാനങ്ങളും ഒക്കെ എതിരായിട്ടും അവര്‍ പിടിച്ചു നില്‍ക്കുന്നത്.
പറഞ്ഞത് മാറ്റി പറയുന്നതില്‍  രാഷ്ര്ടീയക്കാരോളം മെയ് വഴക്കം മറ്റാര്‍ക്കുമില്ളെന്നാണ് വെപ്പ്. എന്നാല്‍ സരിത ഇക്കാര്യത്തിലും രാഷ്ര്ടീയക്കാരെ തോല്‍പിച്ചു കളഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി അവര്‍ പറയുന്നതത്രയും രണ്ടു വര്‍ഷമായി പറഞ്ഞു കൊണ്ടിരുന്നതിനു  കടക വിരുദ്ധമാണ്. സോളാര്‍ കമ്മീഷനു മുന്നില്‍  അവര്‍ നല്‍കിയ മൊഴികളില്‍ ഇത്രയും കാലം  ഗോഡ് ഫാദര്‍മാരായിരുന്നവരെ തള്ളിപ്പറഞ്ഞു. ഇതിനൊരു മറുവശം കൂടിയുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്‍്റെ കുപ്രസിദ്ധമായ നാല്‍വര്‍ സംഘവും  കെ.സി ജോസഫ്, കെ.ബാബു, തമ്പാനൂര്‍ രവി, ബന്നി ബഹനാന്‍ എന്നിവര്‍ സരിതയെയും തള്ളിപ്പറഞ്ഞു. സാധാരണ നിലയില്‍ ശത്രുക്കളെ കുറിച്ചു പോലും അപഖ്യാതി പറയാത്ത ആളാണ് ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മിഷനു മുന്നില്‍ സരിത തട്ടിപ്പുകാരിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്ര വലിയ ഒരു തട്ടിപ്പുകാരി പറയുന്നതു  എങ്ങിനെ ജനം വിശ്വസിക്കും എന്ന്  ചോദിച്ചു.

14 മണിക്കൂറാണ് സോളാര്‍ കമ്മിഷനു മുന്നില്‍  ഉമ്മന്‍ചാണ്ടി ഇരുന്നു കൊടുത്തത്. ഇതേക്കുറിച്ച് സരിത പറഞ്ഞത് 14 മണിക്കൂര്‍ തുടര്‍ച്ചയായി നുണ പറയാന്‍ തനിക്കു പറ്റില്ളെന്നാണ്. അതവിടെ നില്‍ക്കട്ടെ . സരിതയുടെയും ഉമ്മന്‍ചാണ്ടിയുടെയും അദ്ദേഹത്തിന്‍്റെ അനുചരന്മാരുടെയും പുതിയ വെളിപ്പെടുത്തലുകളും ആരോപണ പ്രത്യാരോപണങ്ങളും ഒരു കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്. രണ്ടു വര്‍ഷത്തിനു ശേഷം  സരിത സത്യം പറഞ്ഞു തുടങ്ങിയിരിക്കുന്നു. സരിത മാത്രമല്ല, ഉമ്മന്‍ചാണ്ടിയും സത്യം പറയുന്നു എന്നതാണ് ചിത്രത്തിന്‍റെ മറുവശം. രണ്ടു പേരും പറയുന്നത് സത്യമായതു കൊണ്ടാണല്ളോ ജനം ഇത്രമേല്‍  ഇതാസ്വദിക്കുന്നത്. 33 തട്ടിപ്പു കേസുകളില്‍  പ്രതിയായ ഒരാള്‍ തട്ടിപ്പുകാരിയാണെന്നു പറയുന്ന മുഖ്യമന്ത്രിയുടെ സത്യസന്ധത ചോദ്യം ചെയ്യേണ്ട കാര്യമില്ല. അത് പറയാന്‍ അദ്ദേഹം എന്തേ  ഇത്ര വൈകി എന്നേ അറിയേണ്ടതുള്ളൂ.

സോളാര്‍ കമ്മീഷനു മുന്നില്‍ ഇതിനകം ലഭിച്ച മൊഴികളില്‍ നിന്ന് എത്തിച്ചേരാവുന്ന നിഗമനം ഇതാണ്. ടീം സോളാര്‍ എന്ന പതിനായിരം രൂപ മൂലധനമുള്ള കമ്പനിയുമായി കോടികളുടെ സോളാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സരിത വരുന്നു. ക്രിമിനലായ ബിജു രാധാകൃഷ്ണനാണ്  സി ഇ ഒ .വലിയ ലാഭ സാധ്യത മുന്നില്‍ കണ്ട് കമ്പനിക്ക്  ഒത്താശ ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകുന്നു. സര്‍ക്കാര്‍ അംഗീകാരം ഇല്ലാത്ത കമ്പനി ആയിട്ടും കോണ്‍ഗ്രസ് എം.എല്‍.എമാര്‍  അവരുടെ മണ്ഡലങ്ങളില്‍ സോളാര്‍ വിളക്കുകളും സിഗ്നല്‍ ലൈറ്റുകളും സ്ഥാപിക്കാനുള്ള ഓര്‍ഡര്‍ ഈ സ്ഥാപനത്തിന് നല്‍കണമെന്ന് കലക്ടര്‍മാര്‍ക്ക് ശിപാര്‍ശകത്ത് നല്‍കുന്നു. അനര്‍ട്ടുമായി സഹകരിച്ച് വന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നു. സോളാര്‍ പാനല്‍, കാറ്റാടി പാടം തുടങ്ങിയവ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് സരിത വ്യവസായികളോടും മറ്റും അഡ്വാന്‍സ് വാങ്ങുന്നു. ഇതില്‍ ഒരു വിഹിതം രാഷ്ര്ടീയ നേതാക്കള്‍ക്ക് കൊടുക്കുന്നു. മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനും പണം നല്‍കിയെന്ന് സരിത. മുഖ്യമന്ത്രി, അദ്ദേഹത്തിന്‍്റെ കുടുംബം, സ്റ്റാഫ്, സഹ മന്ത്രിമാര്‍ ആരും ഇതില്‍ നിന്ന് ഒഴിവാകുന്നില്ല. പറഞ്ഞ സമയത്ത് പദ്ധതി നടപ്പാക്കാന്‍ പറ്റാതെ വന്നതിനാല്‍ പണം കൊടുത്ത പലരും തിരിച്ചു ചോദിച്ചു. ചിലര്‍ കേസ് കൊടുത്തു. അതോടെ എല്ലാം താളം തെറ്റി. ആദ്യം ബിജുവും തുടര്‍ന്ന് സരിതയും അറസ്റ്റിലായി. സരിത ജയിലില്‍ കഴിയുമ്പോഴും പൊളിറ്റിക്കല്‍ ഗോഡ് ഫാദര്‍മാര്‍ സഹായങ്ങള്‍ നല്‍കി. കേസുകള്‍ ഒത്തു തീര്‍ക്കാന്‍ പണം കൊടുത്തു. ജയിലില്‍ നിന്ന് പുറത്തിറക്കാമെന്നു ഉറപ്പു നല്‍കി. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷവും അവരുടെ ഇംഗിതങ്ങള്‍ക്കൊത്ത് സരിത നിന്നു.

പിന്നെ എവിടെ വെച്ചാണ് അകന്നത്? സരിതയും ഉമ്മന്‍ചാണ്ടിയും അതു മാത്രം പറഞ്ഞിട്ടില്ല. സരിതയെ അറിയില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശുദ്ധ കളവാണെന്ന് മാത്രമല്ല, സെക്രട്ടറിയേറ്റിലും ക്ളിഫ് ഹൗസിലും അവര്‍ സ്ഥിരം സന്ദര്‍ശക ആയിരുന്നുവെന്ന് വ്യക്തം. സോളാറിന്‍്റെ പേരില്‍ താന്‍ തട്ടിയെടുത്ത പണത്തിന്‍്റെ വിഹിതം പറ്റിയ ആളായാണ് ഉമ്മന്‍ചാണ്ടിയെ സരിത കമ്മീഷനു മുന്നില്‍ വിശേഷിപ്പിച്ചത്. പിതൃ തുല്യന്‍ എന്ന് രണ്ടാഴ്ച മുന്‍പ് പറഞ്ഞ ഉമ്മന്‍ചാണ്ടിയെ എന്തിനു സരിത ഒറ്റിക്കൊടുത്തു എന്നാണ് അറിയേണ്ടത്.
കോണ്‍ഗ്രസ്സുകാരി എന്ന് സ്വയം അവകാശപ്പെടുന്ന സരിത ഉമ്മന്‍ചാണ്ടിക്കെതിരെ മുന്‍പൊക്കെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അദ്ദേഹത്തിന് കവചം തീര്‍ത്തിരുന്ന ആളാണ്. ഉമ്മന്‍ചാണ്ടിയെ കുരുക്കാന്‍ സി.പി.എം തനിക്കു 10 കോടി വാഗ്ദാനം ചെയ്തെന്നു വരെ സരിത പറഞ്ഞിട്ടുണ്ട്. അങ്ങിനെ പറഞ്ഞ സരിത ഇപ്പോള്‍ മാറ്റി പറയുന്നത് എങ്ങിനെ വിശ്വസിക്കും എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ ബോധ്യപ്പെടുന്ന ഒന്നുണ്ട്. ബാര്‍ കോഴയിലും സോളാറിലും പൊതുവില്‍ ദൃശ്യമായ ഒന്നാണത്. വഞ്ചന. എത്ര വലിയ തട്ടിപ്പുകാരി ആണെങ്കിലും സരിതയോട് മുഖ്യമന്ത്രി അടക്കം കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും കാണിച്ചത് വഞ്ചനയാണ്. മദ്യ മുതലാളിമാരോടും അതേ അളവില്‍ വഞ്ചന കാട്ടി. ഗുണനിലവാരം ഇല്ളെന്നു പറഞ്ഞു പൂട്ടിയ ബാറുകള്‍ തുറന്നു തരാമെന്ന് പറഞ്ഞാണ് അവരോടു കോടികള്‍ വാങ്ങിയത്. ഒടുവില്‍ പൂട്ടിയവ തുറന്നില്ളെന്നു മാത്രമല്ല, തുറന്നിരുന്നവ പൂട്ടുകയും ചെയ്തു. പണം കൊടുത്തവര്‍ ഉദ്ദിഷ്ട കാര്യം നടന്നില്ളെങ്കില്‍ വിളിച്ചു പറയും. ബാര്‍ കോഴയില്‍ അതാണ് സംഭവിച്ചത്. സോളാറില്‍ നടന്നതും മറ്റൊന്നല്ല. രാഷ്ര്ടീയക്കാര്‍ക്ക്  കൊടുത്ത പണം തിരിച്ചു കിട്ടിയാല്‍ കേസൊക്കെ തീര്‍ത്ത്  ഫ്രീ ആകാം എന്നാണ് സരിത പറയുന്നത്. അവര്‍ക്കും ജീവിക്കേണ്ടേ ? അതു ഉമ്മന്‍ചാണ്ടി പ്രഭൃതികള്‍  ഏറ്റതുമാണ്. ഏറ്റ കാര്യങ്ങള്‍ ഏറ്റ പോലെ ചെയ്യണം. ഇല്ളെങ്കില്‍ ഇത്തരം അനര്‍ഥങ്ങള്‍ സംഭവിക്കും. ബിജു രമേശിന്‍്റെ നാവിന്‍ തുമ്പിലും സരിതയുടെ സാരിത്തുമ്പിലും ആടിയുലയുന്ന സര്‍ക്കാരിനു  എത്ര വലിയ വികസനം കൊണ്ടു വന്നാലും രക്ഷ കിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.