നിയമലംഘനങ്ങളേറെ നടക്കുന്ന നാടാണ് നമ്മുടേത്. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞുകൊണ്ടുതന്നെ അവനവന്‍െറ ഇഷ്ടങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുംവേണ്ടി അരുതായ്മകളിലേക്ക് കടന്നുകയറുന്ന നാട്ടില്‍ പണമുള്ളവനുമുന്നില്‍ ശിക്ഷാവിധികള്‍ ചൂളിനില്‍ക്കുന്നത് പതിവുകാഴ്ചകള്‍. എന്നാല്‍, മുന്‍ഗാമികള്‍ നയിച്ച പാരമ്പര്യവഴികളിലൂടെ ജീവിതം അരിഷ്ടിച്ചുതള്ളിനീക്കുന്ന ആദിവാസി ഗോത്രവിഭാഗങ്ങള്‍ ഇന്നാട്ടില്‍ പിറവിയെടുക്കുന്ന പുതുനിയമങ്ങളെക്കുറിച്ച് അജ്ഞരാകുന്നത് സ്വാഭാവികം മാത്രം. സാദാ പൊലീസുകാരനെ കാണുമ്പോഴേ ചങ്കിടിക്കുന്നവരാണ് ഈ അടിസ്ഥാനവര്‍ഗം. നല്ലപോലെ ബോധ്യമുള്ള നിയമങ്ങള്‍ക്ക്, പരിഷ്കാരിവര്‍ഗത്തെപ്പോലെ ഇവര്‍ പുല്ലുവില കല്‍പിക്കുന്നത് വിരളമാണ്. നിയമത്തെ കൊഞ്ഞനംകുത്തി ചെയ്യേണ്ടതെല്ലാം ചെയ്തിട്ട് വന്‍തുക ചെലവിട്ട് പുഷ്പംപോലെ ജാമ്യമെടുത്ത് നാട്ടില്‍ വിലസി നടക്കുന്ന രാഷ്ട്രീയ പുംഗവന്‍മാരും മാഫിയകളുമൊക്കെച്ചേര്‍ന്ന് ഭരിക്കുന്ന നാടാണിത്. ഇവിടെ, വോട്ടുദിനത്തില്‍ മാത്രം അല്‍പം വിലയുള്ള ഈ പട്ടിണിപ്പാവങ്ങള്‍ ആചാരരീതികളനുസരിച്ച് ഒരു കല്യാണം കഴിച്ചാല്‍ പോലും അതു വലിയ കുറ്റകരമാണെന്നുവരുമ്പോള്‍ അതിലും വലിയ അനീതി വേറെന്തുണ്ട്.
പറഞ്ഞുവരുന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കല്യാണം കഴിച്ചതിന്, ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ തടയുന്ന നിയമവും (പോക്സോ) ഒപ്പം 376ാം വകുപ്പുമൊക്കെ ചുമത്തി നമ്മുടെ നീതിവ്യവസ്ഥ ജയിലിലടച്ച ഒരുപാട് ആദിവാസി യുവാക്കളെക്കുറിച്ചാണ്. സമുദായാചാരപ്രകാരം വിവാഹം കഴിക്കുന്നത് കുറ്റകരമാണെന്ന് അറിയാത്തതിനാല്‍ നാട്ടുനിയമങ്ങളനുസരിച്ച് ഇവരെല്ലാം ക്രിമിനലുകളായി മുദ്രകുത്തപ്പെടുന്നു. മണിയറയില്‍നിന്ന് പൊലീസ് ഏമാന്മാര്‍ തൂക്കിയെടുത്ത് ജയിലഴിക്കുള്ളില്‍ പൂട്ടിയ ഈ യുവത്വങ്ങളോട് എന്തു സമീപനമാണ് സ്വീകരിക്കേണ്ടതെന്നതിനെക്കുറിച്ച് ആദിവാസി രക്ഷകരായി അവകാശപ്പെടുന്ന മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുപോലും വ്യക്തമായ നിലപാടില്ല. ഈ പാവങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചാല്‍ അതു നിയമത്തിനെതിരാകുമോ എന്ന ഭയം കാരണം ഇവര്‍ക്കുവേണ്ടി ഉറച്ച ശബ്ദവുമുയരുന്നില്ല.
മുത്തങ്ങ കാടിനോടടുത്ത കല്ലൂര്‍ തിരുവണ്ണൂര്‍ കോളനിയിലെ കൂരയില്‍ ഇപ്പോള്‍ ജീവിതം എങ്ങനെ മുന്നോട്ടുപോകുന്നുവെന്നു ചോദിക്കുമ്പോള്‍ വികലാംഗനായ വെള്ള കണ്ണീരൊഴുക്കും. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത വെള്ളക്കൊപ്പം മൂത്ത മകന്‍ ബാബുവും ജന്മനാ വികലാംഗനാണ്. ഇഷ്ടികക്കളത്തില്‍ പണിക്കുപോയിരുന്ന 19 വയസ്സുള്ള മകന്‍ ശിവദാസായിരുന്നു ഒമ്പതംഗങ്ങളുള്ള ഈ കുടുംബത്തിന്‍െറ അത്താണി. 18 തികയാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് രണ്ടു മാസമായി ശിവദാസ് ജയിലിലായതോടെ കുടുംബം പട്ടിണിയിലായി. തോമാട്ടുചാല്‍ ചൂരിമൂല പണിയ കോളനിയിലെ 19കാരനായ അഭിക്ക് അച്ഛനെയും അമ്മയെയും കണ്ട ഓര്‍മയേയില്ല. അഭി ജനിച്ച് ഒരാഴ്ചകഴിയും മുമ്പെ അവന്‍െറ അമ്മ മരിച്ചു. അല്‍പദിവസങ്ങള്‍ക്കുശേഷം അച്ഛന്‍ ആ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് എങ്ങോട്ടോ പോയി. മുത്തശ്ശിയാണ് പിന്നീട് കൂലിപ്പണിയെടുത്ത് അവനെ വളര്‍ത്തി വലുതാക്കിയത്. ഈച്ചമാനിക്കുന്ന് കോളനിയിലെ 16കാരിയെ കല്യാണം കഴിച്ചതോടെ ഒരു മാസത്തോളമായി അഭി ജയിലിലാണുള്ളത്. മേപ്പാടി വിത്തുകാട് കോളനിയിലെ ബിനു, വൈത്തിരി ഇടിയംവയല്‍ കോളനിയിലെ ബിനു, പനമരം പുളിക്കന്‍വയലിലെ ബാബു തുടങ്ങി ഒരുപാടുദാഹരണങ്ങള്‍ ചുരത്തിനുമുകളിലും താഴെയുമായി തടവറകളിലുണ്ട്.
വയനാട്ടില്‍ മുപ്പതിലധികം ആദിവാസി യുവാക്കളാണ് ഇങ്ങനെ ജയിലില്‍ അടക്കപ്പെട്ടിട്ടുള്ളത്. ഇവരിലേറെയും പണിയ വിഭാഗക്കാര്‍. പോക്സോയും ഒപ്പം 376ാം വകുപ്പും ചുമത്തുന്നതോടെ പിന്നീട് ജാമ്യം പോലും കിട്ടാത്ത അവസ്ഥയില്‍ കാലങ്ങളായി തടവറയില്‍ കഴിയുന്നവര്‍ ഒരുപാട്. ജാമ്യം കിട്ടിയാലും ജയലഴികള്‍ക്കുള്ളില്‍ തന്നെ കഴിയേണ്ടിവരുന്നവരുമുണ്ട്. ജാമ്യ ഉടമ്പടി പൂര്‍ത്തിയാകണമെങ്കില്‍ നികുതിശീട്ടും ഐഡന്‍റിറ്റി കാര്‍ഡുമുള്ള രണ്ടു ജാമ്യക്കാര്‍ വേണമെന്നതിനാല്‍ ജാമ്യം കിട്ടിയിട്ടും ശിവദാസിനേപ്പോലുള്ളവര്‍ ദിവസങ്ങളായി ജയിലില്‍ തന്നെയാണ്. പരമ്പരാഗതമായി ചെറുപ്രായത്തില്‍തന്നെ വിവാഹിതരാവുന്നതാണ് പണിയ രീതി. പെണ്ണും ചെക്കനും തമ്മിലിഷ്ടപ്പെട്ടാല്‍ പിന്നീട് കല്യാണം ചടങ്ങായി നടക്കുന്നത് വിരളമാണ്. പെണ്‍കുട്ടി വയസ്സറിയിച്ചു കഴിഞ്ഞാല്‍ ഇഷ്ടപ്പെട്ടയാളോടൊപ്പം താമസിക്കാമെന്നതാണ് കീഴ്വഴക്കം.
ഇങ്ങനെ താമസം തുടങ്ങുന്നതോടെ കേസിന്‍െറ നാള്‍വഴി തുടങ്ങുകയായി. ശൈശവ പീഡനം തങ്ങള്‍ കണ്ടുപിടിച്ചെന്ന് മാലോകരെ പെരുമ്പറ കൊട്ടിയറിയിക്കാന്‍ നോമ്പുനോറ്റിരിക്കുന്ന ചില ഏജന്‍സികളാണ് ജയിലിലേക്ക് ഈ യുവാക്കളെ വഴിമാറ്റുന്നത്. കോളനികളിലെവിടെയെങ്കിലും കല്യാണം നടന്നുവെന്നു കേള്‍ക്കേണ്ട താമസം, വിവരം പൊലീസിന്‍െറ മുമ്പാകെ ഇവരത്തെിക്കും. യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്ന പൊലീസിന് കടുത്ത കുറ്റകൃത്യങ്ങള്‍ എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ക്കുകയല്ലാതെ നിര്‍വാഹമില്ല. ഗത്യന്തരമില്ലാതെയാണ് തങ്ങള്‍ ഈ യുവാക്കള്‍ക്കെതിരെ പോക്സോ അടക്കം ചുമത്തുന്നതെന്ന് പൊലീസുകാര്‍ സമ്മതിക്കാറുണ്ട്. കണ്ണില്‍ചോരയില്ലാത്ത ഈ നിയമത്തിനെതിരെ പൊലീസിന്‍െറ ഉന്നതതലങ്ങളില്‍നിന്നുവരെ എതിര്‍പ്പുയരുകയും ചെയ്യുന്നുണ്ട്.
കല്യാണം കഴിക്കാന്‍ പുരുഷന് 21ഉം പെണ്‍കുട്ടിക്ക് 18 ഉം വയസ് പൂര്‍ത്തിയാകണമെന്ന് ആദ്യം ഇവര്‍ക്ക് വ്യക്തമായി പഠിപ്പിച്ചുകൊടുക്കേണ്ടിയിരുന്നു. കോളനികളില്‍ ഒരുവിധ ബോധവത്കരണവും നടത്താന്‍ തയാറാകാത്തവരാണ് കല്യാണത്തിന്‍െറ പേരില്‍ ഇവരെ അകത്താക്കാന്‍ തിടുക്കം കാട്ടുന്നത്. ഈ യുവാക്കള്‍ ക്രിമിനലുകളല്ളെന്ന് മനസ്സിലാക്കാനുള്ള തിരിച്ചറിവ് നമ്മുടെ നിയമവ്യവസ്ഥക്കുണ്ടാവണം. വയനാട്ടിലെ കോളനികളിലെ ജീവിത സാഹചര്യം പരിഗണിക്കുമ്പോള്‍, ആദിവാസി യുവാക്കള്‍ ഉള്‍പ്പെടുന്ന പോക്സോ കേസുകള്‍ പ്രത്യേകമായി പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. നിയമം അക്ഷരംപ്രതി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍, അധികാരികള്‍ക്ക് മറ്റു ചില ഉത്തരവാദിത്വങ്ങളുമുണ്ട്. പത്താംക്ളാസിനപ്പുറം പഠിക്കാന്‍ പോകുന്നവര്‍ വിരളമായ ഗോത്രവിഭാഗങ്ങളില്‍ പഠനം കഴിഞ്ഞ ശേഷം നിയമപരമായി കല്യാണപ്രായമാവുന്നതുവരെ ഈ പെണ്‍കുട്ടികളെ സംരക്ഷിച്ചുനിര്‍ത്താനുള്ള ബാധ്യതകൂടി ബന്ധപ്പെട്ടവര്‍ ഏറ്റെടുക്കേണ്ടതുണ്ട്. വയനാടിന്‍െറ സമീപകാല ചിത്രങ്ങള്‍ ആവശ്യപ്പെടുന്നത് അതാണ്.
പിന്‍കുറിപ്പ്: ഇത്തരം പോക്സോ കേസുകള്‍ക്ക് വലിയൊരു മറുവശമുണ്ട്. ‘ഭര്‍ത്താവ്’ ജയിലില്‍ അകപ്പെടുന്നതോടെ, ബന്ധപ്പെട്ട ആദിവാസി പെണ്‍കുട്ടികളുടെ ജീവിതം പിന്നീട് ദുരിതപൂര്‍ണമാവുകയാണ്. നിയമപ്രശ്നങ്ങളില്‍ കുരുങ്ങി പിന്നീടുള്ള കാലം അവരെങ്ങനെ ജീവിക്കുന്നുവെന്ന് അന്വേഷിക്കാന്‍ ഏജന്‍സികളും കമീഷനുകളുമൊന്നും കോളനികളിലത്തൊറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.