അവര്‍ പതിച്ചുകൊണ്ടേയിരിക്കുന്നു, മരണത്തിന്‍റെ കൊടും തണുപ്പിലേക്ക്...

സിറിയന്‍ അഭയാര്‍ഥി ബാലന്‍ ഐലന്‍ കുര്‍ദിയുടെ ചേതനയറ്റ ശരീരം ലോക മന:സാക്ഷിയെ കണ്ണീരണിയിച്ചിട്ട് അധികനാളുകള്‍ പിന്നിട്ടിട്ടില്ല. അഭയാര്‍ഥികളുടെ നേര്‍ക്ക് യൂറോപിന്‍റെ കണ്ണുതുറപ്പിച്ച ചിത്രമായി അതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. അവര്‍ക്ക് അങ്ങനെയല്ലാതെ തരമില്ലായിരുന്നു. രണ്ടാമതൊരു നോട്ടമയക്കാന്‍ പോലുമാവാതെ ഹൃദയത്തെ നുറുക്കിക്കളയുന്ന ആ കാഴ്ചക്ക് അത്രമേല്‍ കാഠിന്യമുണ്ടായിരുന്നു. അഭയാര്‍ഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ അവര്‍ അതോടെ നിര്‍ബന്ധിക്കപ്പെട്ടു. ആഗോള മാധ്യമങ്ങള്‍ യൂറോപ്പിന്‍റെ മാനവ സ്നേഹത്തെ വാനോളം വാഴ്ത്തി. അതോടെ അഭയാര്‍ഥി പ്രശ്നം അടങ്ങിയെന്നും ഇനിയൊരു കുഞ്ഞു ശരീരം ആ തീരങ്ങളില്‍ എവിടെയും വന്നടിയില്ളെന്നും ലോകം ആശ്വസിച്ചു. എന്നാല്‍, അതെല്ലാം വെറും സങ്കല്‍പങ്ങള്‍ മാത്രമായിരുന്നു. പിന്നെയും പിന്നെയും ഐലന്‍ കുര്‍ദിമാര്‍ കടലിന്‍റെ ആഴങ്ങളില്‍ നിന്ന് ചേതനയറ്റ ഉടലുകളായ് തീരങ്ങളില്‍ അടിഞ്ഞുകൊണ്ടിരുന്നു. പക്ഷെ, അതൊന്നും ആരും അറിയുന്നില്ളെന്ന് മാത്രം.

അഭയംതേടിയുള്ള ദുര്‍ഘട യാത്രയില്‍ മരണം പതിയിരിക്കുന്നെന്ന് അറിഞ്ഞിട്ടും പിന്നില്‍ ആ പാവങ്ങളെ പിടിച്ചു നിര്‍ത്തുന്ന ഒന്നും തന്നെ ഇല്ലായിരുന്നു. സിറിയയില്‍ യുദ്ധമുഖത്ത് ഒറ്റപ്പെട്ടുപോയ പേക്കോലങ്ങളുടെ ചിത്രങ്ങള്‍ കണ്‍മുന്നില്‍ കണ്ട് ലോകം നടുങ്ങിയതാണ്. ജീവന്‍ നിലനിര്‍ത്താനുള്ള ഒരു തുള്ളി വെള്ളമോ ഭക്ഷണമോ പോലും കിട്ടാതെ മരണം കാത്തു കിടക്കുന്ന അസ്ഥികൂടങ്ങള്‍. വിഷപ്പ് സഹിക്കാനാവതെ  ഉണക്കപ്പുല്ലും കണ്ണില്‍ കണ്ട ചെറു ജന്തുക്കളെയും വരെ തിന്നുന്നവര്‍. മാരക രാസവിഷമായ ഏജന്‍റ് ഓറഞ്ച് അടക്കം ഉപയോഗിച്ച ഭൂമികയില്‍ പിന്നെയെന്ത് അവശേഷിക്കാന്‍? യുദ്ധവും പട്ടിണിയും താണ്ഡവമാടുന്ന മണ്ണില്‍ നിന്ന് അതികഠിനമായ തണുപ്പിനെ പോലും വകവെക്കാതെ കാറ്റിലും കോളിലുംപെട്ട് ആടിയുലയുന്ന സുരക്ഷിതമല്ലാത്ത ചെറുബോട്ടുകളില്‍ മെഡിറ്ററേനിയന്‍ കടലിലൂടെ ജീവനും മുറുകെ പിടിച്ച് അവര്‍ മറുകരതേടുന്നു. എന്നാല്‍, ഭീതിയുടെയും അരക്ഷിതത്വത്തിന്‍റെയും മറ്റൊരു ലോകമാണ് ഇവരെ അപ്പുറത്ത് വരവേല്‍ക്കുന്നത്.

കടലിലെ മരണത്തിന്‍റെ വ്യാപാരികള്‍ ആ നിമിഷം മുതല്‍ അവര്‍ക്കൊപ്പമുണ്ടാവും. ഇങ്ങനെ പോവുന്നവര്‍ക്ക് ജീവന്‍ രക്ഷാ ഉപകരണമായി നല്‍കുന്ന ലൈഫ് ജാക്കറ്റുകള്‍ പോലും കൃത്രിമമാണ്!! അഭയാര്‍ഥികള്‍ക്ക് വില്‍ക്കാന്‍ വെച്ച ഇത്തരം ആയിരക്കണക്കിന് ലൈഫ് ജാക്കറ്റുകള്‍ ആണ് തുര്‍ക്കി അധികൃതര്‍ ഏതാനും ദിവസം മുമ്പ് പിടിച്ചെടുത്തത്. രക്ഷപ്പെടുമെന്ന ധാരണയില്‍ ഇത് ധരിച്ച് കടലിലേക്ക് ചാടുന്നവരുടെ അവസ്ഥ ആലോചിച്ചു നോക്കുക. സാധാരണ തണുപ്പുപോലുമല്ല, എല്ലുപോലും കോച്ചിപ്പോവുന്ന തണുത്തുറഞ്ഞ കടലിന്‍റെ ആഴങ്ങളിലേക്ക് ഇളം ശരീരങ്ങള്‍ അടക്കം പതിച്ചുകൊണ്ടേയിരിക്കുന്നു. ഇങ്ങനെ അവര്‍ കടന്നുപോവുന്ന പോവുന്ന വഴിയില്‍ എവിടെയും മരണത്തിന്‍റെ വ്യാപാരം പെടിപൊടിക്കുന്നു. യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന ബോട്ടുകള്‍ മുതല്‍, യാത്ര കൊണ്ടുപോവുന്നവര്‍ വരെ ഇവരെ ചതിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് പോലും വന്‍തുക ഈടാക്കിയാണ് മനുഷ്യക്കടത്തു ലോബികള്‍ കടല്‍ കടത്തുന്നത്. ആളുകളെ കുത്തിനിറച്ച മിക്ക ബോട്ടുകളും ലക്ഷ്യസ്ഥാനം എത്തുന്നതിനു മുമ്പെ കാറ്റിലും കോളിലും തകര്‍ന്നടിയുന്നു.
ഏറ്റവും ഒടുവില്‍ ഒരു അമ്മയുടെയും കുഞ്ഞിന്‍റെയുടെയും മൃതദേഹം തുര്‍ക്കി തീരത്ത് നിന്ന് ടര്‍ക്കിഷ് കോസ്റ്റ് ഗാര്‍ഡ് കണ്ടെടുത്തു. മരണവെപ്രാളത്തിലും കൈവിട്ടുപോവാതിരിക്കാന്‍ ആ കുഞ്ഞുവിരലുകളില്‍ അവര്‍ മുറുകെ പിടിച്ചിരിക്കണം. മരണത്തിലായാലും ജീവിതത്തലായും ഒരുമിക്കാന്‍. ഇങ്ങനെ കരളലിയിക്കുന്ന എത്രയെത്ര ജീവ ഹത്യകള്‍. ആ ബോട്ടപകടത്തില്‍ 37പേര്‍ ജീവന്‍ വെടിഞ്ഞതായാണ് റിപോര്‍ട്ട്.  ജനുവരിയില്‍ മാത്രം 230 പേര്‍ ആണ് വെന്തുരുകുന്ന മനസ്സോടെ ഇങ്ങനെ അസഹനീയമായ തണുപ്പിലേക്ക് ആണ്ടുപോയത്.

കാണാതായ കുരുന്നുകള്‍ എവിടെ?
ഇനി നരക ഭീതിയുടെ ഈ കോളിളക്കങ്ങളെ എല്ലാം അതിജീവിച്ച് കരപറ്റുന്നവരുടെ അവസ്ഥയോ? കഴിഞ്ഞ വര്‍ഷം സിറിയയില്‍ നിന്നുമാത്രം പത്തു ലക്ഷത്തിലേറെ അഭയാര്‍ഥികള്‍ ആണ് യൂറോപ്പിലേക്ക് കുടിയേറിയത്. ഇതില്‍ കുട്ടികള്‍  മാത്രം മൂന്നു ലക്ഷത്തോളം വരും.  ഇങ്ങനെ എത്തിയ ആയിരക്കണക്കിന് കുരുന്നുകളെ കാണാതായെന്ന വിവരം ഇതുവരെ പുറംലോകത്തിന്‍റെ ശ്രദ്ധയില്‍ പതിഞ്ഞിട്ടില്ല. ഇത് പതിനായിരത്തിലേറെ വരുമെന്നാണ് യൂറോപ്യന്‍ പൊലീസ് ഏജന്‍സി ‘യൂറോപോള്‍’ പറയുന്നത്. കഴിഞ്ഞ 18-24 മാസങ്ങള്‍ക്കിടയില്‍ മാത്രമുള്ള കണക്കാണിത്.  ഈ കുട്ടികളില്‍ ഭൂരിഭാഗവും ക്രിമിനലുകളുടെ കയ്യില്‍ എത്തിപ്പെടാനാണ് സാധ്യത എന്നും ഏജന്‍സിയുടെ മേധാവി ബ്രെയ്ന്‍ ഡൊണാള്‍ഡ് പറയുന്നു. ഇറ്റലിയില്‍ മാത്രം 5000ത്തോളം കുട്ടികളെ കാണാതായിട്ടുണ്ട്.  കാണാതാവുന്ന കുട്ടികളെ മനുഷ്യവാസമില്ലാത്ത ഇടങ്ങളിലേക്കും കാടുകള്‍ക്ക് ഉള്ളിലേക്കും ഒക്കെ കടത്തിയിരിക്കാമെന്നും അദ്ദേഹം പറയുന്നു. അഭയാര്‍ഥി പ്രതിസന്ധി  മറയാക്കി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട നല്ളൊരു ശതമാനം ക്രിമിനലുകളെ ജര്‍മനിയിലെയും ഹംഗറിയിലെയും ജയിലുകളില്‍ അടച്ചതായും ഡൊണാള്‍ഡ് പറയുന്നു. കുഞ്ഞുങ്ങള്‍ കാണാതാവുന്നതിനു പിന്നില്‍ പാന്‍-യൂറോപ്യന്‍ സംഘങ്ങള്‍ ആണെന്നാണ് യൂറോപ്യന്‍ യൂണിയന്‍റെ ക്രിമിനല്‍ ഇന്‍റലിജന്‍സ് ഏജന്‍സിയുടെ റിപോര്‍ട്ട്. ചെറിയ കുട്ടികളെ പോലും ലൈംഗിക തൊഴിലാളികള്‍ ആയി ഉപയോഗിക്കാനും വില്‍ക്കാനും അടിമപ്പണിക്കുമായാണത്രെ ഇവരെല്ലാം കടത്തിക്കൊണ്ടുപോവുന്നത്.
പശ്ചിമേഷ്യ വിദ്യാഭ്യാസ പരമായി മുന്നോട്ടു വരുന്നത് തകര്‍ക്കുക എന്നത് സി.ഐ.എ വളരെ നേരത്തെ തന്നെ തയ്യാറാക്കിയ മാസ്റ്റര്‍ പ്ളാനുകളില്‍ ഒന്നാണ്.  ഇതിനെ സാധൂകരിക്കുന്ന റിപോര്‍ട്ടുകള്‍ നേരത്തെ വന്നു കഴിഞ്ഞതുമാണ്. സിറിയ, ഇറാഖ്, ലിബിയ,ഫലസ്തീന്‍,സുഡാന്‍,യമന്‍ എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ യുദ്ധ വര്‍ഷങ്ങളില്‍ 8850 സ്കൂളുകള്‍ ആണ് തകര്‍ക്കപ്പെട്ടത്. ഗസ്സയില്‍ മാത്രം 281 എണ്ണം! ഇപ്പോള്‍ അഭയാര്‍ഥി കുരുന്നുകളെയും അരക്ഷിതത്വത്തിന്‍റെയും പീഢനങ്ങളുടെയും ആഴങ്ങളിലേക്ക് പറിച്ചെറിഞ്ഞുകൊണ്ടിരിക്കുന്നു.

അഭയാര്‍ത്ഥികള്‍ക്കു നേരെ വില്ലുകുലക്കുന്നവര്‍
അഭയാര്‍ഥി പ്രശ്നത്തിന്‍റെ മറവില്‍ മുസ്ലിംലോകത്തിനു നേര്‍ക്ക് നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ പലപ്പോഴും അതിരു കടക്കുന്നത് ലോകം കണ്ടതാണ്. പാരിസ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കുടിയേറ്റ രാജ്യങ്ങളുടെ പല കോണുകളില്‍ നിന്നും അഭയാര്‍ഥികള്‍ക്കു നേരെ നടന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകള്‍ ഒഴുകി. അതില്‍ ഒന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവന. രാജ്യത്തേക്ക് ഒരൊറ്റ മുസ്ലിമിനെയും കടത്തിവിടരുതെന്നായിരുന്നു ട്രംപിന്‍റെ ആക്രോശം. ഇങ്ങനെ രാജ്യത്തേക്കു കടന്നുവരുന്നവരുടെ ഉദ്ദേശ്യ ശുദ്ധിയെയാണ് അദ്ദേഹം ആക്രമിച്ചത്. യൂറോപിന്‍റെയും യു.എസിന്‍റെയും ഇസ്ലാമോ ഫോബിയയുടെ പശ്ചാത്തലത്തില്‍ മുസ്ലിംകള്‍ക്കു നേരെ വില്ലു കുലച്ചാല്‍ അധികാരത്തിലേക്ക് കയറാന്‍ തനിക്ക് നേടിയെടുക്കേണ്ട ജനസമ്മതിയുടെ ഗ്രാഫ് ഉയരുമെന്ന കുശാഗ്ര ബുദ്ധി തന്നെയായിരിക്കണം ഇങ്ങനെ പറയാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്.

യൂറോപ്യന്‍ മണ്ണില്‍ അഭയാര്‍ഥികളുടെ നേര്‍ക്കുള്ള സഹിഷ്ണുതയുടെ വ്യാജ മുഖപടങ്ങള്‍ പിന്നെയും അഴിഞ്ഞു വീണുകൊണ്ടിരിക്കുന്നു. മുഖം മൂടിയണിഞ്ഞ നിയോ നാസി ഗാങ്ങില്‍പെട്ട ഡസന്‍ കണക്കിന് പേര്‍ സ്റ്റോക് ഹോമില്‍ തടിച്ചുകൂടി അഭയാര്‍ഥികളെ അക്രമിക്കാന്‍ ആഹ്വനം ചെയ്തതായി സ്വീഡിഷ് പൊലീസ് തന്നെയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. യൂറോപിന്‍റെ ക്രമസാമാധ തകര്‍ച്ചക്ക് അഭയാര്‍ഥികള്‍ കാരണമാവുന്നു എന്ന തരത്തിലുള്ള റിപോര്‍ട്ടുകളും ഇവര്‍ പ്രചരിപ്പിക്കുന്നു. ഇംഗ്ളണ്ടിലാവട്ടെ അഭയാര്‍ഥികളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. ദക്ഷിണ ജര്‍മനിയിലെ ഒരു നഗരത്തില്‍ അഭയാര്‍ഥി കേന്ദ്രത്തിനു നേരെ ഗ്രനേഡ് എറിയുക പോലുമുണ്ടായി. ഇവ ആക്രമണങ്ങളില്‍ ചിലതുമാത്രം. യുദ്ധം കഴിഞ്ഞാല്‍ മടങ്ങിപ്പോവണമെന്നാണ് ഇപ്പോള്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കല്‍ അഭയാര്‍ഥികളോട് പറയുന്നത്.  മിക്ക യൂറോപ്യന്‍  രാജ്യങ്ങളും അഭയാര്‍ഥികളെ തുരത്താന്‍ ശ്രമിച്ചപ്പോള്‍ അവരെ സഹൃദയം സ്വീകരിച്ച് പ്രശംസ നേടിയ വ്യക്തിയാണ് മെര്‍കല്‍. 11 ലക്ഷം പേരാണ് 2015ല്‍ ജര്‍മനിയില്‍ എത്തിയത്. കൂടുതല്‍ പേര്‍ക്കും താല്‍ക്കാലിക അഭയമാണ് ജര്‍മനി നല്‍കിയത്. അതേസമയം, അഭയാര്‍ഥികളോട് ഉദാര നയം സ്വീകരിച്ചതിന്‍റെ പേരില്‍ അവര്‍ ഏറെ പഴിയും കേട്ടു. അഭയാര്‍ഥികളെ സ്വീകരിച്ച രാജ്യങ്ങളില്‍ ഇവര്‍ ജീവിക്കുന്ന ഏറ്റവും മോശമായ അവസ്ഥയുടെ തെളിവുകളായി ലോക മാധ്യമങ്ങള്‍ തന്നെ ചിത്രങ്ങള്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്നു.
മറ്റൊരിടത്ത് അഭയാര്‍ഥികളുടെ കൈവശമുള്ള കാശും വിലപിടിപ്പുള്ള സാധനങ്ങളും പിടിച്ചെടുക്കാനുള്ള നിയമം ഡെന്‍മാര്‍ക്ക് പാസാക്കി. പച്ചക്ക് പറഞ്ഞാല്‍ എല്ലം നഷ്ടപ്പെട്ട് കയ്യില്‍ കിട്ടുന്നതുമായി അഭയം തേടുന്നവരെ കൊള്ളയടിക്കാനുള്ള നിയമം. എല്ലാറ്റിലുമുപരി ലോകത്തെ കരയിപ്പിച്ച ആ കുഞ്ഞു ശരീരത്തെപോലും വെറുതെവിട്ടില്ല എന്നതാണ്. ഫ്രഞ്ച് പത്രമായ ഷാര്‍ലി എബ്ദോം ഐലന്‍ കുര്‍ദിമാരെ ഭീകരവാദികള്‍ ആയി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു.
കുറച്ചുകൂടി കടുത്തതായിരുന്നു ആസ്ത്രേലിയയുടെ തീരുമാനം. രാജ്യത്തേക്ക് കടന്നുവരുന്ന അഭയാര്‍ഥികളെ പസഫിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്ക് നാടുകടത്തി ജയിലില്‍ അടക്കുന്ന നിയമത്തെ അവര്‍ സാധുവാക്കി.  267 അഭയാര്‍ഥി 39 പേര്‍ കുട്ടികള്‍ ആണ്. ഇവരില്‍ 33പേര്‍ ആസ്ത്രേലിയയില്‍ തന്നെ ജനിച്ച നവജാത ശിശുക്കളും!

ഐ.എസ് ഭീതിയെന്ന വിത്തെറിഞ്ഞ് വിള കൊയ്യുന്നു
ഐ.എസിനെ ചൂണ്ടിക്കാണിച്ചാണ് അഭയാര്‍ഥികള്‍ക്കു നേരെ ഇവരെല്ലാം വാതിലുകള്‍ കൊട്ടിയടക്കുന്നത്. യഥാര്‍ഥത്തില്‍ ഇറാഖില്‍ അമേരിക്ക കളിച്ച ഉന്‍മൂലന രാഷ്ട്രീയത്തിന്‍റെ ഉപോല്‍പന്നമാണ് ഇസ്ലാമിക് സ്റ്റേറ്റ്. മാത്രമല്ല, ഇതിനകത്ത് സിയോണിസ്റ്റുകളുടെ നേരിട്ടുള്ള കൈകളുണ്ടെന്നതും സംശയലേശമന്യേ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഐ.എസിന്‍റ സ്ഥാപകനായ അബൂബക്കര്‍ അല്‍ ബഗ്ദാദി  ജൂതനാണെന്നും മൊസാദിന്‍്റെ ചാരനാണെന്നും ഇയാളുടെ യഥാര്‍ത്ഥ പേര് ഇലിയറ്റ് ഷിമോണ്‍ എന്നാണെന്നും ഇതിനകം വെളിപ്പെട്ടു കഴിഞ്ഞു. മൊസാദില്‍ നിന്നും പ്രത്യേകമായി പരിശീലനം നേടിയ  ഇലിയറ്റിനെ ലോകത്തെ ഒന്നടങ്കം മുസ്ലിം ലോകത്തിനു നേര്‍ക്ക് തിരിച്ചുവിടാനായി മൊസാദ് സൃഷ്ടിച്ചെടുത്ത ‘ഇസ്ലാമിക അടിത്തറ’യുടെ ‘ഖലീഫ’യായി അവരോധിക്കുകയായിരുന്നു. സി.ഐ.എയുടെയും മൊസാദിന്‍റെയും മിഡില്‍ ഈസ്റ്റിലെ ഉന്‍മൂലന പദ്ധതിയുടെ ഭാഗമായി ഉയര്‍ന്നു വന്ന ഒന്നാണ് ഐ.എസ് എന്നതിന് ഇതു തന്നെ ധാരാളം.

ആറു പതിറ്റാണ്ടിനിടെ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തിനാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. യു.എസിന്‍റെ ഇറാഖ് അധിനിവേശത്തലൂടെ വിത്തു പാകിയ പുതിയ അരക്ഷിതാവസ്ഥയില്‍ ആറു കോടിയിലേറെ ജനങ്ങള്‍ അഭയാര്‍ഥികള്‍ ആക്കപ്പെട്ടു കഴിഞ്ഞു. 2014ല്‍ മാത്രം 19.5 ലക്ഷം! ഇറാഖ്, അഫ്ഗാന്‍,ലിബിയ, തുടങ്ങി ഏറ്റവും ഒടുവില്‍ സിറിയ.  ഇതില്‍ 51 ശതമാനം 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ആണ്.
യൂറോപിന്‍െറ അപദാനങ്ങളെ വാഴ്ത്തുന്ന മാധ്യമങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട് ? എന്തുകൊണ്ട് മറ്റു രാഷ്ട്രങ്ങള്‍ അഭയാര്‍ഥികളെ സ്വകീരിക്കുന്നില്ല എന്ന്. എന്നാല്‍, യാഥാര്‍ത്ഥ്യത്തിനു നേരെയുള്ള അവരുടെ കണ്ണടയ്ക്കല്‍ ബോധപൂര്‍വമാണെന്ന് പറയേണ്ടിവരും. കാരണം അഭയാര്‍ഥികളില്‍ 86 ശതമാനത്തെയും സ്വീകരിച്ചത് വികസ്വര രാഷ്ട്രങ്ങള്‍ ആണെന്നത് യു.എന്‍ തന്നെ പറയുന്ന കണക്കാണ്. തുര്‍ക്കിയാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ചത് വികസ്വര രാഷ്ട്രങ്ങള്‍ ആണെന്നത് യു.എന്‍ തന്നെ പറയുന്ന കണക്കാണ്. തുര്‍ക്കിയാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ചത്. 19.39 ലക്ഷം പേര്‍! ഇതില്‍ തന്നെ അതിദരിത്രമായ രാഷ്ട്രങ്ങള്‍ 36 ലക്ഷം അഭയാര്‍ഥികള്‍ക്ക് തണലൊരുക്കി! പാകിസ്താന്‍ 11.5 ലക്ഷം, ഇറാന്‍ 98,2000 എത്യോപ്യ 65,9500 ജോര്‍ദാന്‍ 62,9266 ഇറാഖ് 24,8503 എന്നിങ്ങനെയാണ് ആ കണക്ക്.
സത്യത്തില്‍ യൂറോപിന്‍റെ കണ്ണ് ഇപ്പോഴും തുറന്നിട്ടില്ല എന്നു തന്നെയാണ് ഈ കണക്കുകള്‍ എല്ലാം പറയുന്നത്. ഇനിയെത്രയെത്ര ഐലന്‍ കുര്‍ദിമാരുടെ ശരീരം കണ്ടാല്‍ ആയിരിക്കും ഇവരുടെ മനസ്സലിയുക എന്ന ചോദ്യം മാത്രം പിന്നെയും ബാക്കിയാവുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.