രോഹിത്, അവര്‍ നിങ്ങളുടെ ജീവന് മറുപടി പറയേണ്ട ഒരു ദിനം വരും

‘എന്‍െറ ജനനം തന്നെയാണ്
എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം’


ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അധികൃതര്‍ സസ്പെന്‍റ് ചെയ്തതിനെ തുടര്‍ന്ന് ജീവന്‍ ഒടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വോമുല, മരണം കൊണ്ട് ആ അപകടത്തെ മറികടക്കുന്നതിന് തൊട്ടു മുമ്പ് എഴുതിവെച്ചതാണിത്. നെറികെട്ട ജാതി രാഷ്ട്രീയത്തിന്‍റെയും അന്തംകെട്ട അസഹിഷ്ണുതയുടെയും ഏറ്റവും ഒടുവിലത്തെ ഇര. ജനനം തന്നെ കുറ്റകരമാകുന്ന ഇന്ത്യയില്‍ സവര്‍ണ-ജാതി രാഷ്ട്രീയം വിധിക്കുന്ന വധശിക്ഷയില്‍ പിടഞ്ഞുതീരുന്ന എത്രയോ ദളിത് ജീവിതങ്ങളില്‍ ഒന്നായ രോഹിത് പക്ഷേ, ഈ നീച വ്യവസ്ഥിതിക്കെതിരെ പോരാടിക്കൊണ്ടിരുന്ന ഒരു പോരാളിയായിരുന്നു.
നൂറ്റാണ്ടുകളായി സൃഷ്ടിച്ചെടുത്ത് പരിപാലിച്ചുപോരുന്ന അധീശത്വത്തിനെതിരെ അനിവാര്യവും അസഹിഷ്ണുതയുടെ രാഷ്ട്രീയം അധികാരം കൈയാളുമ്പോള്‍ കാലം ആവശ്യപ്പെടുന്നതുമായ ചില പ്രതിരോധങ്ങളും മുന്നേറ്റങ്ങളും ഇങ്ങനെ പിടഞ്ഞൊടുങ്ങുന്ന കാഴ്ച വേദനാജനകമാണ്. സോഷ്യോളജിയില്‍ ഗവേഷക വിദ്യാര്‍ഥിയായ രോഹിത് അടക്കമുള്ള അഞ്ചു പേരെ ബി.ജെ.പി നേതാവിന്‍െറ പരാതിയെ തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ സസ്പെന്‍റ് ചെയ്തതില്‍ നിന്നാണ് തുടക്കം. ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ദിസവങ്ങളായി ഇവര്‍ നിരാഹാര സമരമുഖത്തായിരുന്നു. അംബേദ്കര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആണ്  ഈ വിദ്യാര്‍ഥികള്‍ എന്നത് തന്നെയാണ് ഈ നടപടിയുടെ മര്‍മം. കീഴാളന്‍െറ വൈഞ്ജാനിക -സാംസ്കാരിക മണ്ഡലം വികസിക്കുന്നതിനെ ഭയപ്പെടുന്ന ആ വരേണ്യ ബോധം തന്നെയാണ് സര്‍വകലാശാല അധികൃതരെയും അടക്കി ഭരിക്കുന്നത്. രോഹിതിന്‍െറ ആത്മഹത്യാ കുറിപ്പില്‍ പറയുന്ന ആ ഒരൊറ്റ വാചകത്തില്‍ തന്നെ എല്ലാം ഉണ്ട്. ജനനം കൊണ്ട് ജീവിതത്തിന്‍റെ യോഗ്യതയും അയോഗ്യതകളും പതിച്ചു നല്‍കുന്ന ബ്രാഹ്മണ ഫാഷിസത്തിന്‍റെ ആളിക്കത്തലില്‍ അതിന്‍െറ ചൂട് താങ്ങാനാവാതെ എല്ലാം വിട്ടെറിഞ്ഞ് പിന്‍വാങ്ങുകയായിരുന്നു സത്യത്തില്‍ അയാള്‍. ‘ഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്ന ഒരു കുട്ടിമാത്രമാണ് ഞാന്‍’ എന്ന ആത്മഹത്യാ കുറിപ്പിലെ തുടര്‍ന്നുള്ള വാക്കുകള്‍ പതിറ്റാണ്ടുകളായി ഈ വ്യവസ്ഥയില്‍ പരിക്കേല്‍ക്കാതെ സംരക്ഷിക്കപ്പെട്ടു പോരുന്ന ജാതിരാഷ്ട്രീയത്തിന്‍റെ ഏറ്റവും കറുത്ത മുഖമാണ് വെളിവാക്കപ്പെടുന്നത്.

‘ഞങ്ങളുടെ വികാരങ്ങള്‍ രണ്ടാംതരം മാത്രമാണ്. ഞങ്ങളുടെ സ്നേഹം നിര്‍മ്മിതമാണ്. ഞങ്ങളുടെ വിശ്വാസങ്ങള്‍ നിറംപിടിപ്പിക്കപ്പെട്ടതാണ്. കൃത്രിമ കലകളിലൂടെയാണ് ഞങ്ങളുടെ മൗലികത സാധുവായിത്തീരുന്നത്.  വ്രണപ്പെടാതെ സ്നേഹിക്കുകയെന്നത് തീര്‍ത്തും ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുകയാണ്.’- എന്ന് ആ കൈകള്‍ അവസാനമായി കുറിക്കുമ്പോള്‍ എല്ലാ ചെറുത്തുനില്‍പുകളുടെ നിറം കെട്ട് നിരാശയുടെ ഇരുട്ടില്‍ നില്‍ക്കേണ്ടിവരുന്ന പൗരന്മാരാകുന്നത് എത്ര ഖേദകരമാണ്. ‘പുറമേ കാണുന്ന സ്വത്വത്തിലും ഏറ്റവുമടുത്ത സാധ്യതകളിലുമൊതുക്കി ഒരു മനുഷ്യന്‍െറ മൂല്യം ചുരുക്കുകയാണ്; ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, അല്ളെങ്കില്‍ ഒരു വസ്തുവിലേക്ക്. എന്നാല്‍ ഒരു മനുഷ്യനെ ഒരു മനസെന്ന നിലയില്‍ ഒരിക്കലും പരിഗണിക്കുന്നേയില്ല’. ദലിത് സ്വത്വത്തെ വരച്ചിടുന്ന പുറം ചട്ടയില്‍ അടയാളപ്പെടുത്താതെ പോവുന്ന ആഴങ്ങളെയാണ് ഈ വാക്കുകളില്‍ എല്ലാം രോഹിത് കോറിയിട്ടിത്.
ജനനം കുറ്റകരമായതിനാല്‍ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്‍െറ കഴുവിന്‍െറ കീഴില്‍ നില്‍ക്കേണ്ടിവരുന്ന ദലിത്-മുസ്ലികളാദി അധസ്ഥിത വിഭാഗങ്ങള്‍ ഐക്യപ്പെടേണ്ടതിന്‍റെ സാധ്യതകള്‍ കൂടി ഇത്തരം കലാലയ പരിസരങ്ങള്‍ തുറന്നിടുന്നുണ്ട്. അത്തരം ഐക്യപ്പെടലുകളെ എത്ര കഠിനതരമായും എതിര്‍ക്കുക എന്നത് സവര്‍ണ ഭരണകൂടത്തിന്‍റെ പ്രഖ്യാപിത അജണ്ടയാണ്. അത് നടപ്പില്‍ വരുത്താന്‍ ഏതറ്റം വരെ പോവാനും അവര്‍ തയാറാവും. പ്രതിഷേധ സ്വരങ്ങളെ അനിവാര്യമായ ആത്മാഹുതികളിലേക്ക് തള്ളിവിടുക എന്ന തന്ത്രം തന്നെയാണ് അതിനായി തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ രോഹിതിന്‍െറ ജീവത്യാഗം ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ അതീവ ഗൗരവത്തോടെയും അടിയന്തിരമായും അഭിമുഖീകരിക്കേണ്ട ഒന്നായി മാറുന്നു.
കേരളത്തിന് പുറത്ത് ദളിത്, അധസ്ഥിത വര്‍ഗങ്ങളുടെയും കീഴാള ജാതികളുടെയും വേട്ടക്കാരാകുന്നവര്‍ ഇവിടെ അവരെ ചേര്‍ത്തുപിടിച്ച് വര്‍ഗീയരാഷ്ട്രീയം പച്ചപിടിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അവര്‍ക്കുവേണ്ടി നനഞ്ഞ മണ്ണൊരുക്കാന്‍ അധ്വാനിക്കുന്നവരിലെ കീഴാളരും ദളിതുകളും ഇനിയും തിരിച്ചറിയാതിരിക്കുമോ വേഷപ്രഛന്നതക്കുള്ളിലെ യഥാര്‍ഥ പുള്ളികളെ.  

അവര്‍ ഇവിടെയുമുണ്ട്, നനഞ്ഞ മണ്ണു തേടി
ദളിതിനെയും മുസ്ലിംകളാദി ന്യൂനപക്ഷങ്ങളേയും ആക്രമിക്കുന്ന മേല്‍പ്പറഞ്ഞ വര്‍ഗീയ രാഷ്ട്രീയം കേരളത്തിലും സാമൂഹികമായ സ്വാസ്ഥ്യക്കേടുണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കവേ, ഇന്ത്യയിലെ അസഹിഷ്ണുതയെ കുറിച്ച് ആനന്ദ് നടത്തിയ ചില നിരീക്ഷണങ്ങളിലെ ഈ പരാമര്‍ശം ഏറെ സ്പര്‍ശിച്ചു. ‘‘മനുഷ്യര്‍ ആന്തരികമായി ഹിംസാത്മകരാണ്. അതില്‍ നിന്ന് അവനെ മെരുക്കിയെടുക്കുന്നത് സാമൂഹികമായി സംസ്കാരവും യുക്തിബോധവും, രാഷ്ട്രീയമായി നൈതികതയും ജനാധിപത്യ മൂല്യങ്ങളുമാണ്. ഇതിന് രണ്ടിനും സംഭവിക്കുന്ന വ്യതിയാനമാണ് രാജ്യത്തെ അസഹിഷ്ണുതാ പ്രശ്നം.’’ (‘ക്ഷാന്തം ന ക്ഷമയാ’ - ആനന്ദ്, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2016 ജനുവരി 17). ഭാഗ്യത്തിന് കേരളത്തില്‍ ഇത് രണ്ടും അത്രക്ക് നാശം നേരിടാത്തത് കൊണ്ടുതന്നെ അസഹിഷ്ണുത പടര്‍ത്താനുള്ള ശ്രമങ്ങള്‍ എത്രയുണ്ടായാലും അതെല്ലാം പാഴ്വേലകളാവുകയേയുള്ളൂവെന്ന് സമാധാനിക്കാം.

ഗസല്‍ ചക്രവര്‍ത്തി ഗുലാം അലി വന്നു, പാടി. മലയാളികള്‍ ഹൃദയം തുറന്ന് സ്വീകരിച്ചു. അങ്ങനെ ഇന്ത്യയുടെ കളങ്കം കേരളം മായ്ച്ചുക്കളഞ്ഞു. അസഹിഷ്ണുതക്കെതിരെ ഏറ്റവും സര്‍ഗാത്മകമായ പ്രതികരണം. മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മുകളില്‍ കേരളം ചിലപ്പോഴെങ്കിലും ഉയര്‍ന്നുനില്‍ക്കുന്നത് ഇങ്ങനെയാണ്. വ്യത്യസ്തമാകുന്നതും. തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും ഗസല്‍ വേദികളിലേക്ക് ഒഴുകിയ ജനക്കൂട്ടം അസഹിഷ്ണുതക്കെതിരെ കേരളത്തിന്‍െറ താക്കീതായി. ഗുലാം അലിയെ സ്വീകരിക്കാന്‍ ശരീരത്തിന്‍െറ അവശതകള്‍ മറന്ന് ആവുന്നിടത്തെല്ലാം എത്തുമെന്ന് പറഞ്ഞ മലയാളത്തിന്‍െറ പ്രിയ കവി ഒ.എന്‍.വി കുറുപ്പ് തിരുവനന്തപുരത്തെ വേദിയില്‍ ആദ്യാവസാനം ഇരുന്നു. സംഗീതത്തോടുള്ള സ്നേഹവായ്പ് മാത്രമായിരുന്നില്ല ആ പരസ്യ പ്രഖ്യാപനത്തിന്‍െറ ശക്തി. പാകിസ്താനിയായതുകൊണ്ട് വിശ്വ വിഖ്യാത ഗായകനെ ഇന്ത്യന്‍ മണ്ണില്‍ പാടാന്‍ അനുവദിക്കില്ളെന്ന മത വര്‍ഗീയവാദികളുടെ അസഹിഷ്ണുതക്കെതിരായ സമര വീര്യമാണ് നാലുമണി പൂവിന്‍െറ കവിയില്‍ പ്രകടമായത്. നീയുറങ്ങൂ നിനക്ക് കാവലായി ഞാനുണര്‍ന്നിരിക്കാം എന്ന് പാടുന്ന കവിക്ക് അങ്ങിനെയാവാതെ വയ്യ. ഈ ത്യാഗസന്നദ്ധതയാണ് ഇന്ത്യന്‍ പാരമ്പര്യമെന്നും സഹിഷ്ണുതയുടെ രാഷ്ട്രമാണ് ഇന്ത്യയെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തതും അസഹിഷ്ണുതയുടെ രാഷ്ട്രീയം കൊണ്ട് ഇരുട്ടിന്‍െറ ഭൂപടം വരക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയായിരുന്നു. അതേ മറുപടിയാണ് കേരളം ഒന്നിച്ചുനല്‍കിയത്. ഗായകന്‍െറ കോലം കത്തിച്ച പ്രതിഷേധം അശ്ളീല കാഴ്ചയായി ഭവിച്ചു. കേരളം തികഞ്ഞ പുച്ഛത്തോടെ അവഗണിച്ചു.   

മനസുകളെ ലയിപ്പിക്കുന്ന സംഗീതത്തിന് രാഷ്ട്രാതിര്‍വരമ്പുകള്‍ വരക്കാനാവില്ളെന്ന് ബി.ജെ.പി നേതക്കാള്‍ക്ക് പോലും പറയേണ്ടിവന്ന കേരളത്തില്‍ അജണ്ടകള്‍ അത്രയെളുപ്പത്തില്‍ വേവില്ളെന്ന് വര്‍ഗീയവാദികള്‍ക്ക് പേര്‍ത്തും പേര്‍ത്തും ബോധ്യമായികൊണ്ടിരിക്കുന്നു. പ്രതിഷേധക്കാരുടെ മുഖത്തെ ജാള്യത കരിഞ്ഞ കോലങ്ങളുടെ ചാരത്തെക്കാള്‍ വിളറിപ്പോകുന്നു. സംഗീതത്തിനെന്നല്ല ഒരു കലയേയും തടഞ്ഞുനിറുത്താനാവില്ളെന്ന് ഇരുട്ടുറഞ്ഞ് ബോധമണ്ഡലം മറഞ്ഞുപോകാത്ത മനുഷ്യര്‍ക്കെല്ലാം അറിയാം. എന്നിട്ടും ഇരുട്ടത്ത് നില്‍ക്കുന്നവര്‍ ശ്രമം തുടരുകയാണ്. കലയുടെ സ്വാതന്ത്ര്യമാണ് ഫാഷിസത്തെ അലോസരപ്പെടുത്തുന്നത്. കലാകാരന്മാരെ തടയാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് പലയിടത്തും വിജയിക്കുമ്പോള്‍ കേരളത്തില്‍ പരാജയപ്പെടുന്നത് സാംസ്കാരിക ബോധത്തിന്‍െറ ജാഗ്രത കൊണ്ടാണ്. എന്നാല്‍ തങ്ങള്‍ക്ക് മുന്നോട്ടുപോകണമെങ്കില്‍ ഈ അന്തരീക്ഷത്തെ തകര്‍ത്തേ കഴിയൂ എന്ന് ഇരുട്ട് ശക്തികള്‍ കരുതുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ കേരളത്തില്‍ തങ്ങള്‍ക്ക് നനഞ്ഞ മണ്ണുള്ളിടങ്ങളിലെല്ലാം അവര്‍ പയറ്റിനോക്കുന്നുണ്ട്. അത്തരം ചില വാര്‍ത്തകളാണ് സമീപകാലത്ത് കൊടുങ്ങല്ലൂരില്‍ നിന്ന് കേട്ടത്.

മനുഷ്യ മോചനത്തിന് വേണ്ടി പോരാടി ലോകത്താകെ വിപ്ളവ വീര്യം പടര്‍ത്തിയ ചെഗുവേരയുടെ ചിത്രം വരച്ചതിനാണ് ഒരു പെണ്‍കൊടിക്ക് നേരെ വര്‍ഗീയവാദികളുടെ ആക്രോശമുയര്‍ന്നത്. അസഹിഷ്ണുതയുടെ രാഷ്ട്രീയം കേരള മണ്ണില്‍ മുളപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം. കൊടുങ്ങല്ലൂരാണ് പ്രധാന പരീക്ഷണ കേന്ദ്രം. ഇവിടെ വര്‍ഗീയ ഫാഷിസത്തിന്‍െറയും അസഹിഷ്ണുതയുടെയും സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ക്ഷേത്രദര്‍ശനത്തിന് എത്തിയവരെ ചുവന്ന മുണ്ടുടുത്തതിന്‍െറ പേരില്‍ ആക്രമിച്ചുകൊണ്ടാണ് കൊടുങ്ങല്ലൂരിലെ അസ്ഥതകള്‍ക്ക് അവര്‍ വിത്തിട്ടത്. എന്ത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണം എന്നല്ല അതിനും അപ്പുറം ഭക്തി, ദേവാലയദര്‍ശനം തുടങ്ങിയവയിലേക്ക് കടന്ന് ഫാഷിസ ഇടപെടല്‍ കടുക്കുന്നു. തങ്ങളുടെ ഹിതമനുസരിക്കുന്നില്ളെന്ന് കണ്ടാല്‍ ഹിംസയാണ് മറുപടി. അതിക്രൂരമായ ആക്രമണം. സ്ത്രീകളോടും കുട്ടികളോടും പോലും ദയാദാക്ഷിണ്യമില്ല. മതഭേദത്തിന്‍െറ പേരില്‍ ഗര്‍ഭിണിയുടെ വയര്‍ കുത്തിക്കീറി ഭ്രൂണമെടുത്ത് അമ്മാനമാടിയ കിരാത രാഷ്ട്രീയത്തിന് ഇതേ ശീലമുള്ളൂ.   

കൊടുങ്ങല്ലൂര്‍ ഉപജില്ലാ വിദ്യാരംഗം സാഹിത്യവേദിയുടെ ശില്‍പശാലയില്‍ ചെഗുവേരയുടെ ചിത്രം വരച്ച് പ്രദര്‍ശിപ്പിച്ച പ്ളസ് ടു വിദ്യാര്‍ഥിനിയാണ് സംഘത്തിന്‍െറ അതിക്രമങ്ങള്‍ക്കിരയായത്. പെണ്‍കുട്ടിക്ക് നേരെയുണ്ടായ ക്രൂരമായ അവഹേളനത്തെ എതിര്‍ത്ത സഹപാഠിയെ വളഞ്ഞിട്ട് മര്‍ദിക്കുകയും ചെയ്തു. 15 വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. പ്രദര്‍ശനം കാണാന്‍ വന്ന ഒരുസംഘം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ചെഗുവേരയുടെ ചിത്രത്തോട് അസഹിഷ്ണുത പ്രകടിപ്പിച്ചു. സംഘത്തിലെ ചിലര്‍ ചിത്രത്തിനെതിരെ എതിര്‍പ്പ് ഉയര്‍ത്തി. ഇതോടെ സംഘാടകര്‍ ചെഗുവേരയുടെ ചിത്രം മാറ്റി. എന്നിട്ടും പോരാഞ്ഞാണ് ചിത്രകാരിയെ അവഹേളിച്ചതും സഹപാഠിയെ അക്രമിച്ചതും. ചെഗുവേരയുടെ ചിത്രത്തിനെതിരെ ഒരു സംഘം വിദ്യാര്‍ഥികള്‍ കാട്ടിയ അസഹിഷ്ണുതയെ കുറിച്ച് തന്നെ ഒന്നാലോചിച്ചുനോക്കൂ. ഭയം തോന്നുന്നില്ളേ? സംസ്കാരം പഠിച്ച് വളരേണ്ട പ്രായത്തില്‍ കുട്ടികള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്‍െറ മനസിടുക്കങ്ങളിലേക്ക് ആണ്ടിറങ്ങുന്നു. അതിലുമേറെ ഭയപ്പെടുത്തുന്നത്, ഏതാനും വര്‍ഗീയവാദികള്‍ വന്ന് ഒച്ചയുണ്ടാക്കുമ്പോള്‍ പേടിച്ചരണ്ട് പോകുന്ന സംഘാടകരുടെ മനോഭാവമാണ്. ചെഗുവേരയുടെ ചിത്രം എടുത്ത് മാറ്റി വര്‍ഗീയതക്ക് മുമ്പില്‍ തോറ്റുകൊടുക്കാന്‍ വിദ്യാരംഗം സംഘാടകര്‍ മടിച്ചില്ല. ചെറുത്തുനില്‍ക്കുന്ന സാംസ്കാരിക ബോധമാണ് കേരളം വരുതിയിലാക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമങ്ങളെ എക്കാലത്തും പ്രതിരോധിക്കുന്നത്. എന്നാല്‍ ഇത്തരം ചില തോറ്റുകൊടുക്കലുകള്‍ ആ ശക്തിയെ ദുര്‍ബലപ്പെടുത്തുന്നു. കൊടുങ്ങല്ലൂര്‍ പോലെ ചില കേന്ദ്രങ്ങളില്‍ വര്‍ഗീയവാദികള്‍ തെഴുക്കുന്നതിങ്ങനെയാണ്. ഹിന്ദു, മുസ്ലിം വര്‍ഗീയവാദികള്‍ക്ക് കേരളത്തില്‍ ചിലയിടങ്ങളിലെങ്കിലും ഇത്തരത്തില്‍ നനഞ്ഞ മണ്ണുണ്ട്. വേരുകള്‍ ആഴ്ത്തി വളരാന്‍ വേണ്ട ഫലഭൂയിഷ്ടത ഇവിടങ്ങളില്‍ അവര്‍ കണ്ടത്തെുന്നു. അതിനവര്‍ തങ്ങളുടെ ഐഡിയോളിയോടൊപ്പം പ്രാദേശികമായ സൗകര്യങ്ങളും വിഷയങ്ങളും പ്രശ്നവത്കരിച്ച് ഉപയോഗപ്പെടുത്തുന്നു. സമാനമായ അസഹിഷ്ണുത മുസ്ലിം, കൃസ്ത്യന്‍ മതവിഭാഗങ്ങളിലെ തീവ്ര നിലപാടുകാരും തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ വിതക്കാന്‍ ശ്രമിക്കുന്നുണ്ടെന്നതും ഇതെല്ലാം പരസ്പര പൂരകമായി വര്‍ത്തിക്കുന്നുണ്ടെന്നതും വസ്തുതയാണ്. അതിന്‍െറ ദോഷങ്ങള്‍ സമീപകാലത്തായി കേരളത്തിന്‍െറ പൊതുമണ്ഡലത്തിലും കൊടുങ്ങല്ലൂര്‍ പോലുള്ള പല പ്രദേശങ്ങളിലും അസ്വാസ്ഥ്യങ്ങളായി നിലനില്‍ക്കുന്നുണ്ട്.

സമൂഹം ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് കേരള നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നിക്കുമ്പോള്‍ മുന്നിലുള്ളത്. മതവിദ്വേഷവും ഭീതിയും സാമൂഹികാസ്വാസ്ഥ്യങ്ങളും കൊണ്ട് മാത്രം പച്ചപിടിക്കുന്ന നീച രാഷ്ട്രീയങ്ങള്‍ അക്കൗണ്ട് തുറക്കാന്‍ പഴുതു കാത്തുനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. ഇവിടെയാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി നേതൃത്വം കൊടുക്കുന്ന സ്വരലയ എന്ന സാംസ്കാരിക സംഘടനയുടെ ശ്രമം ചെറുത്തുനില്‍പിന്‍െറ രാഷ്ട്രീയമായി മാറുന്നത്. മുംബൈയിലെയും ഡല്‍ഹിയിലെയും അസഹിഷ്ണുതയുടെ രാഷ്ട്രീയ വിജയത്തെ തിരുവനന്തപുരത്തും കോഴിക്കോട്ടും ‘സ്വരലയ’ സംസ്ഥാന സര്‍ക്കാറിന്‍െറയും സാംസ്കാരിക പൊതുമനസിന്‍െറയും സഹായത്തോടെ തോല്‍പിച്ചപ്പോള്‍ അത് മതേതര രാഷ്ട്രീയത്തിന്‍െറ വിജയമായി. നല്ല സന്ദേശവും വലിയ ആശ്വാസവും പ്രതീക്ഷയും ഇതിലൂടെ സമൂഹത്തിന് ലഭിച്ചു. കേരളത്തിന്‍െറ സഹിഷ്ണുതാ പാരമ്പര്യം ഉദ്ഘോഷിക്കപ്പെട്ടു. ഇരുട്ടിന്‍െറ കൂട്ടര്‍ നിരാശരായി. എങ്കിലും അവര്‍ അടങ്ങിയിരിക്കില്ല. ശ്രമങ്ങള്‍ തുടരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.