മാധ്യമ കേരളം ജിഷയെ അപഥ സഞ്ചാരിണിയാക്കിയതെന്തിന്?

കേരളത്തെ അക്ഷരാർഥത്തിൽ തന്നെ ഞെട്ടിച്ച ജിഷവധവും കോലാഹലങ്ങളും അവസാനിച്ചിരിക്കുന്നു. പ്രതിയായി അമീറുൽ ഇസ്ലാമിനെ പിടികൂടുകയും മുഖ്യമന്ത്രി പിണറായി വിജയൻ ജിഷയുടെ അമ്മ രാജേശ്വരിക്ക് വീടിന്‍റെതാക്കോൽ കൈമാറുകയും ചെയ്തതോടെ എല്ലാം ശുഭപര്യവസായിയായി എന്ന് ആശ്വസിച്ച് നെടുവീർപ്പിടുകയാണ് എല്ലാവരും. മാധ്യമങ്ങൾക്ക് പുതിയ ഇരകളെ കിട്ടിയിരിക്കുന്നു. മലയാളികളുടെ തിരോധാനവും ഐ.എസ് ബന്ധവും ചൂടുള്ള വാർത്തയായതോടെ ജിഷയുടെയും പ്രതിയുടെയും പുറകെയുള്ള പ്രയാണവും അവസാനിപ്പിച്ചിരിക്കുകയാണ് മാധ്യമങ്ങൾ.

പ്രബുദ്ധകേരളം സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്ത വിഷയമേതെന്ന ചോദ്യത്തിന് ജിഷവധമെന്നല്ലാതെ മറ്റൊരുത്തരമുണ്ടാകില്ല. സമൂഹ മനസാക്ഷിയെ ഏറ്റവും മുറിപ്പെടുത്തിയ സംഭവം എന്നതിലുപരി ഈ വിഷയം ചർച്ച ചെയ്യാൻ നമ്മെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലമാണ്? പൊതുസമൂഹം എന്ന സാമാന്യജനത്തെ തൽക്കാലം മാറ്റിനിറുത്തിയാൽ ഏറ്റവുമധികം ഇതേക്കുറിച്ച് ചർച്ച ചെയ്ത രണ്ട് സമൂഹങ്ങളാണ് രാഷ്ട്രീയക്കാരും, മാധ്യമങ്ങളും. രണ്ട് വിഭാഗങ്ങളും ജിഷയെ കൂട്ടുപിടിച്ചത് തങ്ങളുടെ നേട്ടത്തിന് വേണ്ടിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തൽക്കാലം ജിഷയെ ഉപേക്ഷിച്ച രാഷ്ട്രീയക്കാർ ഏത് സമയത്തും തങ്ങൾക്ക് ഉപയോഗിക്കാവുന്ന ഉപകരണമായി ജിഷയെ നിലനിറുത്തുന്നതിൽ വിജയിച്ചു.

ഈ വിഷയം മാധ്യമങ്ങൾ, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ ഏതെല്ലാം രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് നോക്കാം. സമൂഹത്തിന്‍റെ കാവലാളായി നിൽക്കേണ്ട ഫോർത് എസ്റ്റേറ്റെന്ന് അറിയപ്പെടുന്ന മീഡിയ അരുംകൊല നടന്ന സമയത്ത് തങ്ങളുടെ കടമ നിറവേറ്റുന്നതിൽ വിജയിച്ചിരുന്നോ‍? കൊല നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മാധ്യമലോകം അതുകണ്ടെന്ന് നടിച്ചത് ജിഷയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും സജീവമായ ഇടപെടലിന്‍റെ ഫലമായിട്ടായിരുന്നു. അപ്പോഴും കൊലപാതകക്കേസ് എന്ന രീതിയിൽ മാത്രമാണ് കൈകാര്യം ചെയ്യപ്പെട്ടത്. മെയ് മൂന്നിന് ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ജിഷ അതിനിഷ്ഠൂരമായ തരത്തിലുള്ള പീഡനത്തിന് വിധേയമായാണ് കൊല്ലപ്പെട്ടതെന്ന് തെളിയുന്നത്.

പിറ്റേന്ന് ജിഷയുടെ അമ്മ രാജേശ്വരിയെ കാണാനെത്തിയ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടയുകയും മന്ത്രിക്ക് തിരിച്ചുപോകേണ്ടിവരികയും ചെയ്തതോടെ സംഭവത്തിന് രാഷ്ട്രീയമുഖം കൈവന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വീണുകിട്ടിയ അവസരം മുതലാക്കാൻ അന്നുമുതലാണ് രണ്ടുമുന്നണികളും മുന്നിട്ടിറങ്ങിയത്. മാധ്യമങ്ങൾ മത്സരബുദ്ധിയോടെ ഈ വിഷയം കൈകാര്യം ചെയ്ത് തുടങ്ങിയതും അന്നു തൊട്ടായിരുന്നു.

എന്നാൽ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ സഹായിക്കുക എന്ന അതിമഹത്തായ കർമമൊന്നും ചെയ്യാൻ മാധ്യമങ്ങൾ തയാറായിരുന്നില്ല. ഇതിനോട് ബന്ധമുണ്ടെന്ന തരത്തിൽ ഇക്കിളിപ്പെടുത്തുന്ന കഥകളും ഉപകഥകളും നിരീക്ഷണങ്ങളും നിഗമനങ്ങളുമായി ഇവർ മുന്നേറി. ജിഷയുടെ സഹോദരി ദീപക്ക് അന്യസംസ്ഥാന തൊഴിലാളിയുമായി അവിഹിത ബന്ധമുണ്ടെന്നും അയാളാണ് ജിഷയെ കൊന്നതെന്നുമായിരുന്നു ആദ്യത്തെ കഥ. ഓരോ റിപ്പോർട്ടറും അവരവർക്കാവശ്യമുള്ള പാകത്തിൽ ഉപ്പും മുളകും പുളിയും ചേർത്ത് ഈ കഥ വിളമ്പി.

ദീപയെ പൊലീസ് ചോദ്യംചെയ്യുന്നുവെന്നും വനിതാ കമീഷൻ അധ്യക്ഷ ചോദ്യം ചെയ്യുന്നുവെന്നും മറ്റൊരു ഫോണുള്ള വിവരം പൊലീസിനോട് മറച്ചുവെച്ചുവെന്നും അങ്ങനെ പല തരത്തിലായിരുന്നു കഥകളുടെ പോക്ക്. തനിക്ക് ഹിന്ദി അറിയില്ലെന്ന് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് വ്യക്തമാക്കിയപ്പോൾ പിന്നെ ദീപക്ക് ഹിന്ദി അറിയാമെന്ന് എങ്ങനെ തെളിയിക്കാം എന്ന് കണ്ടെത്തുന്നതിലായി ചാനലിലെ അന്വേഷണാത്മക പത്രപ്രവർത്തകരുടെ ശ്രദ്ധ. വനിതാ കമീഷൻ അധ്യക്ഷ റോസക്കുട്ടി ടീച്ചർ പറഞ്ഞ ചില കാര്യങ്ങൾ ചേർത്ത് ദീപക്കറിയാം കൊലയാളിയെ എന്ന രീതിയിൽ ആധികാരികമായിത്തന്നെ കഥകൾ പടച്ചുവിട്ടു.

സഹോദരി നഷ്ടപ്പെട്ട ദുഖത്തോടൊപ്പം ഈ കഥകൾ ദീപക്കുണ്ടാക്കിയ അപമാനം എത്രയെന്ന് മനസാക്ഷിയുള്ള ആർക്കും മനസിലാക്കാവുന്നതേയുള്ളൂ. ദീപ എന്ന ഇര മതിയാകെ വന്നതിനാലാകാം മാധ്യമങ്ങൾ പിന്നീട് സഹോദരിയെ വിട്ട് ജിഷയെത്തന്നെ പിടികൂടി. ജിഷയുടെ സ്വഭാവദൂഷ്യങ്ങൾ ചികയുന്ന തിരക്കിലായി പിന്നീട് മാധ്യമങ്ങളിലെ ഷെർലക് ഹോംസുമാർ. അതായത് ജിഷയുടെ വധത്തിന് ഉത്തരവാദി ജിഷ തന്നെയായിരുന്നു എന്ന് വരുത്തിതീർക്കുന്നതിൽ പരദൂഷണം പറയുന്ന സുഖം അവർ കണ്ടെത്തി.

ജിഷയുടെ കാമുകനാണ് ജിഷയെ കൊന്നത് എന്നായിരുന്നു ഏറെ നാൾ മാധ്യമങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ജിഷയുടെ ഉള്ളിൽ മദ്യാശംവും പുറത്തുനിന്നും കഴിച്ച ഭക്ഷണവും കണ്ടെത്തിയത് മാധ്യമങ്ങൾക്ക് കൂടുതൽ കഥകൾ പടച്ചുവിടാനുള്ള അവസരം നൽകി. മരണത്തിന് മുൻപ് ജിഷ കാമുകനോടൊപ്പം പുറത്തുപോയി മദ്യവും ഭക്ഷണവും കഴിച്ചുവെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. മദ്യം നിർബന്ധപൂർവം കുടിച്ചതാകാൻ വഴിയില്ല, കാരണം അങ്ങനെ കുടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ അളവിൽ മദ്യം അകത്തുചെന്നിട്ടുണ്ട്. അതുകൊണ്ട് കൊല്ലപ്പെട്ട ജിഷ മദ്യപാനി തന്നെയെന്നും ചില ദ്യശ്യമാധ്യമ പ്രവർത്തകർ ആവർത്തിച്ച് പറഞ്ഞ് ഉറപ്പിച്ചു.

ഇടതുസർക്കാർ അധികാരത്തിൽ വന്ന് പുതിയ അന്വേഷണ സംഘം ചുമതലയേറ്റെടുത്തതിന് പിറകെയായിരുന്നു കുറുപ്പംപടിയിലെ വളക്കടയിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചത്. ജിഷയുടെ രൂപസാദൃശ്യമുള്ള യുവതിയും പുറകെ മഞ്ഞഷർട്ട് ധരിച്ചയാളും പോകുന്നത് കണ്ടു എന്ന് വിവരം ലഭിച്ച മാധ്യമങ്ങൾക്ക് പിന്നെ ഒട്ടും സംശയമുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട ദിവസം കാമുകനെ കാണാൻ പോയതായിരുന്നു ജിഷ എന്ന് ഉറപ്പിച്ചു മാധ്യമങ്ങൾ. പിന്നീട് രണ്ടുപേരും കൂടി ഒരുമിച്ച് വീട്ടിലെത്തി, എന്തോ കാരണവശാൽ വഴക്കുണ്ടായി, വഴക്ക് കൊലപാതകത്തിലേക്ക് നയിച്ചു. ഈ മഞ്ഞഷർട്ടുകാരനൊപ്പം ജിഷ സ്കൂട്ടറിൽ ഒരുമിച്ച് സ്റ്റുഡിയോയിൽ പോയതായും ഫോട്ടോ എടുത്തതായുമുള്ള വാർത്തകളും വന്നു. ഫോട്ടോ എടുത്തതെന്തിന് എന്നതിനെക്കുറിച്ചായിരുന്നു പിന്നീട് ചില മാധ്യമങ്ങൾ കൂലങ്കൂഷമായി ചർച്ച ചെയ്തത്. എന്തായാലും ഒരു അന്യസംസ്ഥാന തൊഴിലാളിയോടൊപ്പം സ്കൂട്ടറിൽ ജിഷ കറങ്ങി നടന്നിരുന്നു എന്നതിനെക്കുറിച്ച് ഈ മാധ്യമങ്ങൾക്കൊന്നും ഒരു സംശയവുമുണ്ടായിരുന്നില്ല.

പ്രതിയെ പിടിച്ചു എന്ന വാർത്ത പുറത്തുവന്ന ദിവസം പോലും കഥകൾ പടച്ചുണ്ടാക്കുന്നതിൽ ദൃശ്യമാധ്യമങ്ങൾ പരസ്പരം നാണം കെട്ട മത്സരമാണ് നടത്തിക്കൊണ്ടിരുന്നത്. ജിഷയുടെ മുൻപരിചയക്കാരനായ അന്യസംസ്ഥാന തൊഴിലാളിയാണ് കസ്റ്റഡിയിൽ എന്ന വാർത്ത രാവിലെ മുതൽ രാത്രിവരെ ഒരു ചാനൽ സ്ക്രോൾ ചെയ്ത് കാണിച്ചു. തങ്ങളേക്കാൾ മുൻപ് അറസ്റ്റ് ചെയ്യപ്പെട്ട വാർത്ത നൽകിയ മറ്റ് ചാനലുകളെ കവച്ചുവെക്കാൻ ഒരു ദൃശ്യമാധ്യമം കാണിച്ച തന്ത്രമായിരുന്നു അത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ഒരു നാണക്കേടും ഇവർക്ക് തോന്നിയില്ല. സത്യം മറ്റൊന്നാണെന്നറിഞ്ഞിട്ടും തിരുത്താനും മിനക്കെട്ടില്ല.

ഈ നുണകളെല്ലാം മുറക്ക് വിളമ്പിക്കൊണ്ടിരുന്ന മാധ്യമങ്ങൾ യഥാർഥത്തിൽ നിർവഹിച്ച കർത്തവ്യമെന്തായിരുന്നു? താനടക്കമുള്ള മനുഷ്യർ ലജ്ജിച്ച് തലതാഴ്ത്തേണ്ട ഒരു കൃത്യം സംഭവിച്ചിട്ടും കാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ടർമാർ ഒരു ജഡ്ജിയെപ്പോലെ ജിഷക്കെതിരെ അപവാദകഥകൾ കെട്ടിച്ചമക്കുന്നതിനെയാണോ പത്രധർമം എന്ന് നാം വാഴ്ത്തേണ്ടത്?

28 വർഷങ്ങളായി കനാൽ പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ രണ്ട് പെൺകുട്ടികളുമായി ആരുടേയും സഹായമില്ലാതെ പണിയെടുത്ത് കുട്ടികളെ പോറ്റിയ ഒരു അമ്മയുടെ ആധികളെക്കുറിച്ച് ഇവർക്കറിയാമോ? ഏത് നിമിഷവും ആക്രമിക്കപ്പെടാമെന്ന ഭീഷണിയുണ്ടായിട്ടും തലയിണക്കടിയിൽ കരുതിവെച്ച കൊടുവാളും ഉടുപ്പിൽ കുത്തിയ പെൻകാമറയുമായി പൊരുതിജീവിക്കാനുറച്ച ഒരു പെൺകുട്ടിയുടെ ഭീതിയെക്കുറിച്ച് ഒരു നിമിഷമെങ്കിലും ഇവർ ആലോചിച്ചു കാണുമോ? എല്ലാ പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച് എം.എ വരെയും പിന്നീട് എൽ.എൽ.ബിക്കും പഠിച്ച ഒരു പെൺകുട്ടി അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും അപമാനങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ഇവർക്ക് കഴിയുമോ?

കേരള ജനതയുടെ മനസ്സിലുദിച്ച എല്ലാ ചോദ്യങ്ങൾക്കും ഇനിയും ഉത്തരം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെങ്കിലും അന്വേഷണത്തിന്‍റെ ഇതുവരെയുള്ള ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ആത്മാഭിമാനമുള്ള ഒരു പെൺകുട്ടിയായിരുന്നു ജിഷ എന്ന് നിസംശയം പറയാൻ കഴിയുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പഠനത്തിലൂടെയും ജോലിയിലൂടെയും തന്‍റെ വിധി മറികടക്കാൻ ശ്രമിച്ച ഒരു പെൺകുട്ടി. അവളെ അപഥ സഞ്ചാരിണിയായി ചിത്രീകരിച്ച് റേറ്റിങ് കൂട്ടാൻ ശ്രമിച്ച മാധ്യമങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇന്ത്യൻ  ഭരണഘടനയിൽ ഒരു വകുപ്പും ഇല്ലെന്നത് തീർച്ചയായും വലിയ ആശങ്കക്കിട നൽകുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.