വിശ്വാസ്യത വീണ്ടെടുക്കണം

മാധ്യമ പ്രവര്‍ത്തനത്തിന്‍െറ ഭാവി എന്താകുമെന്ന ചിന്തയാണിപ്പോള്‍ എന്നെ അലട്ടുന്നത്. ചില ലക്ഷ്മണരേഖകള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ പത്രപ്രവര്‍ത്തകര്‍ അല്‍പം സംയമനം ദീക്ഷിക്കേണ്ടതല്ളേ? അല്ളെങ്കില്‍ ഒരു ലക്ഷ്മണരേഖയും ബാധകമാകാത്ത സര്‍വതന്ത്ര സ്വാതന്ത്ര്യമാണോ അവര്‍ക്ക് നല്‍കേണ്ടത്. ഈ വിഷയം ഇന്ത്യയില്‍ മാത്രമല്ല, പ്രമുഖ വിദേശ രാജ്യങ്ങളിലും സജീവചര്‍ച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് അനുവദിക്കപ്പെടാമോ എന്ന ചോദ്യത്തിന് അന്വേഷണങ്ങള്‍ക്ക് പരിധി നിര്‍ണയിച്ചാല്‍ സമൂഹം അറിയേണ്ട ഗൗരവപ്രശ്നങ്ങള്‍ പുറത്തുവരാതെ  തമസ്കരിക്കപ്പെടുമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന മറുപടി.

ഇന്ദിര ഗാന്ധിയുടെ  ഭരണകാലത്ത് മൂന്ന് സീനിയര്‍ ജഡ്ജിമാരെ-ഹെഗ്ഡെ, ഗ്രോവര്‍, ശാലത്-മറികടന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് മറ്റൊരു ന്യായാധിപന് നിയമനം നല്‍കിയതിനെ ഞാന്‍ അതിശക്തമായി വിമര്‍ശിക്കുകയുണ്ടായി. നിയമന തീരുമാനം ജഡ്ജിമാരെ യഥാസമയം അറിയിക്കാന്‍പോലും അധികാരികള്‍ തയാറായില്ല. റേഡിയോ വാര്‍ത്തയില്‍നിന്നാണ് അവര്‍ നിയമനകാര്യം അറിയാനിടയായത്. ജഡ്ജിയുടെ പ്രതിജ്ഞാബദ്ധതയെ സംബന്ധിച്ച് പ്രഭാഷണം നടത്തേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കില്ല എന്നായിരുന്നു ഇന്ദിര ഗാന്ധി എന്‍െറ വിയോജനക്കുറിപ്പിന് നല്‍കിയ മറുപടി. ജനാധിപത്യം കാത്തുസൂക്ഷിക്കാറുള്ള സുതാര്യതക്കു വിരുദ്ധമാണ് ഇത്തരം രാഷ്ട്രീയ ഇടപെടലുകള്‍. ഓരോ വിഭാഗവും സ്വതന്ത്രമായിട്ടാകണം പ്രവര്‍ത്തിക്കേണ്ടത് എന്നാണ് ജനാധിപത്യ വിഭാവനം.

ജനാഭിലാഷങ്ങള്‍ക്കായിരിക്കണം ഭരണാധികാരികള്‍ പ്രാമുഖ്യം കല്‍പിക്കേണ്ടത്. പാര്‍ലമെന്‍റംഗം മുതല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വരെ കുറ്റക്കാരനെന്നു കണ്ടാല്‍ വിധി പ്രസ്താവിക്കാനുള്ള അധികാരം ജഡ്ജിമാരില്‍ നിക്ഷിപ്തമാണ്. ഇതേ ജഡ്ജിമാര്‍ക്ക് പാളിച്ച സംഭവിക്കുന്നപക്ഷം ചൂണ്ടിക്കാട്ടാന്‍ പ്രാപ്തരാണ് മാധ്യമപ്രവര്‍ത്തകര്‍. എം.പിമാര്‍ ആശാസ്യകരമല്ലാത്തത് പ്രവര്‍ത്തിച്ചാല്‍ മാധ്യമങ്ങള്‍ക്ക് അത് തുറന്നുകാട്ടാം. ഭീഷണിക്കോ ഭയസമ്മര്‍ദങ്ങള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ അടിപ്പെടുന്നപക്ഷം സ്വതന്ത്രമായ കര്‍ത്തവ്യനിര്‍വഹണം അസാധ്യമായിത്തീരും. നാല് പതിറ്റാണ്ടുമുമ്പ് അടിയന്തരാവസ്ഥ  ഘട്ടത്തില്‍ സംഭവിച്ചത് അതായിരുന്നു. അടിയന്തരാവസ്ഥയെയും സെന്‍സര്‍ഷിപ്പിനെയും തുടക്കത്തില്‍ പത്രപ്രവര്‍ത്തകര്‍ എതിര്‍ക്കുകയുണ്ടായി. ന്യൂഡല്‍ഹി പ്രസ്ക്ളബില്‍ ഒത്തുചേര്‍ന്ന് സെന്‍സര്‍ഷിപ്പിനെതിരെ അവര്‍ പ്രമേയം പാസാക്കി. പക്ഷേ, ക്രമേണ അവരെ ഭീതിയും ആശങ്കയും ഗ്രസിച്ചു. ഭരണഘടനാ ബാഹ്യശക്തിയായി പ്രവര്‍ത്തിച്ച ഇന്ദിര ഗാന്ധിയുടെ പുത്രന്‍ സഞ്ജയ് ഗാന്ധിയുടെ ശാസനകള്‍ വരെ പത്രപ്രവര്‍ത്തകര്‍ ശിരസാവഹിച്ചു.

ജസ്റ്റിസ് അയ്യര്‍ ആയിരുന്നു അന്നത്തെ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍. കൗണ്‍സിലിന്‍െറ അടിയന്തര സമ്മേളനം വിളിക്കമെന്ന ആവശ്യവുമായി ഞാന്‍  അദ്ദേഹത്തെ സമീപിച്ചു. ഭയം അദ്ദേഹത്തെയും പിടികൂടിയിരുന്നു. അത്തരമൊരു യോഗം പ്രസക്തമല്ളെന്നായിരുന്നു അങ്ങോരുടെ വാദം. ഒടുവില്‍ ലോക്കല്‍ അംഗങ്ങളുടെ ചെറുയോഗം വിളിച്ച് അദ്ദേഹം സായുജ്യമടഞ്ഞു. അടിയന്തരാവസ്ഥക്കുശേഷം പുറത്തുവിട്ട ധവളപത്രത്തില്‍ അതുമായി ബന്ധപ്പെട്ട് കാണാനിടയായ റിപ്പോര്‍ട്ട് എന്നെ സ്തബ്ധനാക്കുന്നതായിരുന്നു. പ്രസ്കൗണ്‍സില്‍ സമ്മേളിക്കണമെന്ന കുല്‍ദീപ് നയാറുടെ അഭ്യര്‍ഥന താന്‍ ഫലപ്രദമായി എങ്ങനെ അട്ടിമറിച്ചെന്ന് വിശദീകരിച്ച് അയ്യര്‍ അന്നത്തെ വാര്‍ത്താവിതരണ മന്ത്രി വി.സി. ശുക്ളക്ക് അയച്ച കത്തായിരുന്നു ധവളപത്രത്തിലെ കറുത്ത ലിപികളില്‍ എനിക്ക് വായിക്കാന്‍ സാധിച്ചത്.

മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുതിയ പശ്ചാത്തലത്തിലും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഡിജിറ്റല്‍ രീതി പ്രബലമായതോടെ പെയ്ഡ് ന്യൂസുകളും കമ്പനികള്‍ക്കുവേണ്ടിയുള്ള പരസ്യവാര്‍ത്തകളും പത്രങ്ങളില്‍ പ്രാമുഖ്യം നേടാന്‍ തുടങ്ങിയിരിക്കുന്നു. പത്രസ്ഥലവും കോളങ്ങളും ആര്‍ക്കുവേണ്ടിയും വില്‍ക്കുന്നതില്‍ വന്‍കിട പത്രങ്ങള്‍പോലും ലജ്ജിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ഉന്നതനിലവാരം കളഞ്ഞുകുളിച്ചു കഴിഞ്ഞു. ഒൗന്നത്യത്തില്‍നിന്ന് നാം പടുകുഴിയിലേക്ക് പതിച്ചിരിക്കുന്നു. ധനമന്ത്രി ടി.ടി. കൃഷ്ണമാചാരിയെ രാജിവെപ്പിക്കാന്‍ പ്രധാനമന്ത്രി നെഹ്റുവിന് പ്രേരണനല്‍കിയത് പത്രങ്ങള്‍ പുറത്തുകൊണ്ടുവന്ന ഇന്‍ഷുറന്‍സ് അഴിമതിയായിരുന്നു എന്നോര്‍മിക്കുക.

ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വയം തരംതാഴാന്‍ ശ്രമിക്കുമ്പോള്‍ വിദേശമാധ്യമങ്ങള്‍ ജനപക്ഷത്തുതന്നെ നിലയുറപ്പിച്ചിരിക്കുന്നു. താലിസോമെയ്ഡ് ഗുളികകള്‍ നിരപരാധികളുടെ അംഗവൈകല്യത്തിന് കാരണമായിതീര്‍ന്നപ്പോള്‍ ആ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയ ‘സണ്‍ ടൈംസി’ന്‍െറ ധീരത ഒരു ഉദാഹരണം മാത്രം. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പത്രത്തിന്‍െറ ഇടപെടല്‍ വഴിയൊരുക്കി. ഇത്തരമൊരു പാരമ്പര്യം ആര്‍ജിക്കാന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ എന്തുകൊണ്ട് തയാറാകുന്നില്ല? നഷ്ടപ്പെട്ട ഉയര്‍ന്ന നിലവാരം തിരിച്ചുപിടിക്കുക അസാധ്യമായിരിക്കാം; എന്നാല്‍ നഷ്ടപ്പെട്ട വിശ്വാസ്യതയെങ്കിലും നമുക്ക് വീണ്ടെടുക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.