പ്രകൃതിചികില്‍സ പ്രകൃതി വിരുദ്ധമാവുമ്പോള്‍

രണ്ട് ആദിമ മനുഷ്യര്‍ സംസാരിക്കയാണ്.‘‘നമ്മള്‍ ശ്വസിക്കുന്നത് ശുദ്ധവായുവാണ്, കുടിക്കുന്നത് ശുദ്ധജലവും,ഇവിടെ മാലിന്യങ്ങള്‍ ഒന്നുമില്ല, എന്നിട്ടും എന്തുകൊണ്ടാണ് നമ്മളിലൊരാളും 29വയസ്സിനപ്പുറം ജീവിക്കാത്തത്’’-ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഗാര്‍ഡിയനില്‍ വന്ന ഒരു കാര്‍ട്ടൂണാണിത്. കേരളത്തിലടക്കം പ്രകൃതി ചികില്‍സകര്‍ സംഘടിതമായി പ്രചരിപ്പിക്കുന്ന ചില അസംബന്ധങ്ങള്‍ക്കുള്ള മറുപടിയും!
മരുന്നും വാക്സിനേഷനുമൊന്നും വേണ്ട, വിഷം കലരാത്ത ഭക്ഷണവും ശുദ്ധവായുവും ശുദ്ധജലവും മാത്രംമതി ആരോഗ്യത്തോടെ കഴിയാന്‍ എന്ന് ശഠിക്കയാണ് കേരളത്തിലെ ചില പ്രകൃതി ചികില്‍സകര്‍. തെളിമയാര്‍ന്ന ആദിമ ഭൂമിയില്‍ ജീവിച്ച പല ജീവവര്‍ഗങ്ങും കുറ്റിയറ്റുപോയതും, മരുന്നും വാക്സിനേഷന്‍ അടക്കമുള്ളവയുടെ പ്രചാരം വന്നതിനുശേഷമാണ് മനുഷ്യായുസ്സ് ഈ രീതിയില്‍ ഉയര്‍ന്നതുമൊക്കെ അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു.
സത്യത്തില്‍ പ്രകൃതിയോട് ഇണങ്ങിയല്ല, പ്രകൃതിയോട് മല്ലടിച്ചു അതിനെ കീഴടക്കിയുമാണ് മനുഷ്യവര്‍ഗം വളര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ പരിസ്ഥിതി സൗഹാര്‍ദമാവാമെന്നല്ലാതെ, മരുന്നും ചികില്‍സയും ഒക്കെ ഉപേക്ഷിച്ച് ശുദ്ധവായുവും ശുദ്ധജലവുമായി സസ്യാഹാരം മാത്രം കഴിച്ച് ജീവിച്ചാല്‍ ആരോഗ്യമുണ്ടാവുമെന്ന് പറയുന്നത് അശാസ്ത്രീയമാണ്.
പക്ഷേ നമ്മുടെ നാട്ടില്‍ ഇന്ന് കൂണുപോലെ പ്രകൃതി ചികില്‍സാലയങ്ങള്‍ മുളച്ചുപൊന്തുകയാണ്.ആരൊക്കെയാണ് ഡോക്ടര്‍മാര്‍, ആരെക്കെയാണ് രോഗികള്‍ ആര്‍ക്കൊക്കെയാണ് രജിസ്ട്രഷനുള്ളതെന്നുംപോലും അറിയാന്‍ വയ്യത്ത അവസ്ഥ. യാതൊരു ശാസ്ത്രീയ അടിത്തറയില്ലാത്ത അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് നാം പ്രകൃതിചികില്‍സയും ഇഴകീറി പഠിക്കുമ്പോള്‍ കാണുക.

അബദ്ധങ്ങളില്‍ പടുത്തുയര്‍ത്തിയ അടിസ്ഥാന ധാരണകള്‍

പ്രകൃതി ചികില്‍സയെന്നത് ഇന്ത്യയില്‍ ഗാന്ധിയന്‍ ആദര്‍ശം കൂടിയാണ്. അഡോള്‍ഫ് ജസ്റ്റ്  എന്ന ജര്‍മ്മന്‍ സര്‍വലാശാലാ അധ്യാപകന്‍െറ സ്വാധീനം ഗാന്ധിജിയില്‍ വലുതായിരുന്നു.  പ്രകൃതി ചികില്‍സ പിന്തുടരുവാനും സബര്‍മതി ആശ്രമംവരെ സ്ഥാപിക്കുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത് ജസ്റ്റിന്‍െറ ആശയങ്ങളായിരുന്നു. അതുപോലെ നാച്ച്വറോപ്പതിയുടെ മറ്റൊരു ആചാര്യനായ ലൂയി കൂനിയും (ആദ്യകാലത്ത് ഇന്ത്യയില്‍ പ്രകൃതി ചികില്‍സ കൂനി ചികില്‍സ എന്നാണ് അറിയപ്പെട്ടിരുന്നത്) ഗാന്ധിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രകൃതി ചികില്‍സകരില്‍ പലരും തങ്ങളുടേത് ഗാന്ധിയന്‍ ആദര്‍ശങ്ങളാണെന്നു പറഞ്ഞ് രക്ഷപ്പെടാറുമുണ്ട്. പക്ഷേ ശാസ്ത്രത്തെ സംബന്ധിച്ച് ഗാന്ധിജി പറഞ്ഞതുകൊണ്ടുമാത്രം അത് ശരിയാണെന്ന് അംഗീകരിക്കാനാവില്ല. പരീക്ഷണ-നിരീക്ഷണ നിഗമനങ്ങളിലൂടെയുള്ള കൃത്യമായ തെളിവ് അത് ആവശ്യപ്പെടുന്നു.

നേച്ച്വറോപ്പതിയുടെ അടിസ്ഥാന പ്രമാണങ്ങള്‍ പ്രകാരം പഞ്ചഭൂതങ്ങള്‍( മണ്ണ്, ജലം,വായു, അഗ്നി,ആകാശം) കൊണ്ടാണ് മനുഷ്യശരീരം നിര്‍മ്മിച്ചിരിക്കുന്നത്. ജീവന്‍െറ നിദാനം പ്രാണശക്തിയാണ്. ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതുകൊണ്ടാണ് രോഗങ്ങള്‍ ഉണ്ടാകുന്നത്. ഫലപ്രദമായി മാലിന്യങ്ങളെ പുറന്തള്ളുകയാണ് രോഗശമനത്തിന് പരിഹാരം. രോഗാണുക്കള്‍ ഉണ്ടെന്നുപോലും പ്രകൃതി ചികില്‍കരും അംഗീകരിക്കുന്നില്ല! ജലചികില്‍സകനായ വിന്‍സെന്‍റ് പ്രസ്നിറ്റ്സും(1780-1851),ഒൗഷധമില്ലാ ചികല്‍സയായ ഓര്‍ത്തോപ്പതിയുടെ ആചാര്യന്‍ ജന്നിങ്ങ്സും,പ്രകൃതി ഭക്ഷണത്തിന്‍െറ ഉപജ്ഞാതാതവായ ഫാദര്‍ ഗ്രഹാമും (1794-1851,ഒൗഷധരഹിതമായ ഹൈജിയോ തെറാപ്പിയുടെ ഉപജ്ഞാതാവ് റസല്‍ ത്രാളും (1812-1897)  കുളിചികില്‍സകൊണ്ടുവന്ന ഫാദര്‍ നീപ്പും (1821-1897) ഗാന്ധിജിയെ സ്വാധീനിച്ച അഡോള്‍ഫ് ജസ്റ്റും(1838-1936) ലൂയി കൂനിയും (1844-1904), വിഷസങ്കലനം അഥവാ ടോക്സ്മിയ എന്ന ആശയംകൊണ്ടുവന്ന ജോണ്‍ ടില്‍ഡനും (1851-1940), വിവിധ ആശയങ്ങളെ കൂട്ടിയണക്കി നാച്ച്വറോപ്പതിയെന്ന പേരിട്ട ബെനിഡിക്റ്റ് ലസ്റ്റും(1872-1945) അടക്കമുള്ള പൂര്‍വസൂരികള്‍ മുകളില്‍ പറഞ്ഞ ആശയങ്ങളെയാണ് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും അടിസ്ഥാന പ്രമാണങ്ങളായി എടുത്തിട്ടുള്ളത്.

ശാസ്ത്രം അത്രയൊന്നും വികസിക്കാത്ത കാലഘട്ടത്തില്‍ ഈ പ്രമാണങ്ങള്‍ ഉണ്ടാക്കിയവരെ വല്ലാതെ കുറ്റം പറയാനാവില്ല.  എന്നാല്‍ പക്ഷേ മൈക്രോബയോളജിയും,ജീന്‍തൊറാപ്പിയുമായി സയന്‍സ് എറെ മുന്നോട്ടുപോയിട്ടും,പഞ്ചഭൂതങ്ങള്‍കൊണ്ടാണ് ശരീരം നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞാല്‍, നിങ്ങള്‍ അഞ്ചാക്ളാസ് വിദ്യാര്‍ഥിയേക്കാള്‍ പിന്നിലാണെന്നല്ളേ പറയാന്‍ കഴിയൂ. ശരീരം, കോശങ്ങള്‍കൊണ്ടാണ് ഉണ്ടാക്കിയതെന്നും ആ കോശത്തിന്‍െറ ഘടനയെന്താണെന്നും ഇന്ന് എല്‍.പി ക്ളാസ് തൊട്ട് പഠിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ വൃക്കയും, കരളും നന്നായി പ്രവര്‍ത്തിക്കുന്ന മനുഷ്യശരീരത്തില്‍ ഒരിടത്തും മാലിന്യങ്ങള്‍ അടിഞ്ഞു കിടക്കുന്നില്ല. പിന്നെന്തിനാണ് ആവികൊള്ളിച്ചും മറ്റും വിയര്‍ത്ത് ‘മാലിന്യങ്ങളെ’ പുറന്തള്ളുന്നത്.

ഉപവാസവും ഭക്ഷണനിയന്ത്രണവും- ചില മൗലികവാദങ്ങള്‍

ഏത് പ്രകൃതി ചികില്‍സകനെയും എടുത്താല്‍ അവര്‍ അടിസ്ഥാനമായി പറയുന്ന ഒന്നാണ് ഉപവാസവും ഭക്ഷണ നിയന്ത്രണവും. അനിനിയന്ത്രിതമായ ജങ്കുഫുഡ്ഡുകളുടെയും ഫാസ്റ്റുഫുഡ്ഡുകളുടെയും ഇക്കാലത്ത് ഇതില്‍ കഴമ്പുണ്ട്.  (ഒരു ശാരാശരി കേരളീയന്‍ സദ്യയെന്ന് പറഞ്ഞ് 18കറിയും പപ്പടവും അച്ചാറും കൂടി തട്ടിവിടുന്നത് കണ്ട് അന്തം വിട്ടുപോയ വിദേശികള്‍ അത് സരസമായി എഴുതിയിട്ടുണ്ട്. അവരുടെ നാട്ടില്‍ മൂന്നുപേര്‍ കഴിക്കുന്ന ഭക്ഷണമാണത്രേ ഇത്!) ഇങ്ങനെ ജീവിക്കുന്ന ഒരാള്‍ക്ക് ഒരു പ്രകൃതി ചികില്‍സാലയത്തിലത്തെി ഉപവാസവുമായി കഴിഞ്ഞാല്‍ സൗഖ്യം തോന്നുക സ്വാഭാവികമാണ്. ദുര്‍മേദസ്സ് കുറയും. ഷുഗര്‍, പ്രഷര്‍ നിലകളിലും മാറ്റമുണ്ടാവും. പക്ഷേ ഉപവാസംകൊണ്ടും ഫലവര്‍ഗ്ഗങ്ങള്‍ മാത്രം കഴിച്ചും (ഫ്രൂട്ടേറിയന്‍) കാന്‍സര്‍വരെ മാറ്റുമെന്ന് പറയുന്നതിലാണ് പ്രകൃതിക്കാര്‍ക്ക് പിഴക്കുന്നത്. കടുത്ത പ്രമേഹത്താല്‍ ഇന്‍സുലിന്‍ കുത്തിവെക്കുന്നവര്‍ക്കുപോലും അതൊക്കെ നിര്‍ത്തി പാവക്കാ ജ്യുസില്‍ എല്ലാം മാറ്റിത്തരാമെന്ന് പറഞ്ഞ് ആരേഗ്യം മോശമായ എത്രയോ അനുഭവങ്ങള്‍ ഇവിടെയുണ്ട്.

പക്ഷേ ഭക്ഷണത്തിലും പ്രകൃതി ചികില്‍സകര്‍ക്ക്  ചില മൗലികവാദങ്ങളുണ്ട്. അതിലൊന്നാണ് വേവിച്ച ഭക്ഷണം കഴിക്കരുത് എന്നത്. മാനവ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കണ്ടുപിടുത്തമായിരുന്നു തീയുടേതെന്നും, വേവിക്കാനുള്ള കഴിവ് കണ്ടത്തെിയതോടെയാണ് ആദിമ മനുഷ്യന്‍െറ ഭക്ഷ്യക്ഷാമത്തിന് പരിഹാരമായതെന്നുമാണ് യാഥാര്‍ഥ്യം. മൃഗങ്ങളെപ്പോലെ പച്ചഇറച്ചി തിന്നാല്‍ കഴിയാത്ത, ഇലകള്‍ ഭക്ഷിക്കാന്‍ കഴിയാത്ത മനുഷ്യന്‍ ആ പരിമിതി മറികടന്നത് അഗ്നിയുടെ ആവിര്‍ഭാവത്തോടെയയായിരുന്നു. ശരിയാണ് വേവിക്കുമ്പോള്‍ അല്‍പ്പം പോഷകാശം നഷ്ടപ്പെടും. പക്ഷേ പച്ചക്ക് തിന്നാല്‍ അത് കൃത്യമായി ദഹിക്കില്ല.

ഏറ്റവും രസാവഹം ഇലകള്‍ നേരാവണ്ണം ദഹിപ്പിക്കാനുള്ള എന്‍സൈമുകള്‍ മനുഷ്യശരീരത്തില്‍ ഇല്ളെന്നതാണ്. ചീര അടക്കമുള്ള ദഹിക്കാന്‍ ഏറെ സമയം എടുക്കുയാണ് പതിവ്. അതുവഴി പോഷകമൂല്യം ആഗിരണം ചെയ്യുന്നതിലും നഷ്ടമുണ്ടാവുന്നു.  പ്രകൃതി ചികില്‍സകര്‍ക്ക്  കൃത്യമായി മനുഷ്യന്‍െറ ദഹനേന്ദ്രിയ വ്യവസ്ഥയെക്കുറിച്ച് അറിവില്ളെന്ന് വ്യക്തം. വേവിക്കാതെ കഴിക്കുമമ്പോള്‍ മറ്റൊരു അപകടം കൂടിയുണ്ട്. എത്ര കഴുകി വൃത്തിയാക്കിയാലും പച്ചക്ക് കഴിക്കുമ്പോള്‍  ചില ബാക്ടീരിയകളും ഫംഗസുകളും പച്ചക്കറികളിലടക്കം ഉണ്ടാവാന്‍ ഇടയുണ്ട്. ഇവ ശരീരത്തിന് ഹാനികരമാണെന്ന് പ്രത്യകേം പറയേണ്ടതില്ലല്ളോ.

മാസാംഹാരം ഇത്തരം ചികില്‍സകരില്‍ പലര്‍ക്കും വിഷമാണ്. ഈ കാഴ്ചപ്പാടും അശാസ്ത്രീയമാണ്. എല്ലാപോഷകങ്ങളും കിട്ടത്തക്കരീതിയിലും സമീകൃത ആഹാരമാണ്( ബാലന്‍സ്ഡ് ഡയറ്റ്) ആധുനിക ശാസ്ത്രം പ്രോല്‍സാഹിപ്പിക്കുന്നത്. ബീഫ് തിന്നാല്‍ അക്രമാസക്തി കൂടുമെന്നും, പച്ചക്കറിക്കാര്‍ ശാന്തരും സൗമ്യരുമാണെന്ന സിദ്ധാന്തങ്ങള്‍ക്കൊന്നും ആധുനികശാസ്ത്രത്തില്‍ കടലാസുവിലയില്ല. ചീരപോലുള്ളവ ദഹിക്കുന്നതിനേക്കാര്‍ പെട്ടെന്ന് വെന്തമാസം ദഹിക്കുകയും ചെയ്യം. പക്ഷേ മാംസാഹാരം അമിതമാകരുത് എന്നേയുള്ളൂ.

അധികമായാന്‍ അമൃതും വിഷം എന്നപോലെ, പ്രകൃതി ചികില്‍സകര്‍ സ്ഥിരമായി കൊടുക്കുന്ന കാരറ്റ് ജ്യൂസ് അമിതമായാലും  വൃക്കക്ക് തകരാറുവരാമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ബീറ്റാ കരോട്ടിന്‍ രൂപത്തിലുള്ള വിറ്റാമിന്‍ എയുടെ സമൃദ്ധമായ ശേഖരമാണ് കാരറ്റ്. വിറ്റാമിന്‍ എ അമിതമായി ഉള്ളിലത്തെിയാല്‍ അത് ശരീരത്തിന് ഹാനികരമാണ്. ഹൈപ്പര്‍ വിറ്റാമിനോസിസ് എന്ന ഈ അവസ്ഥയില്‍ രക്തത്തിലെ കാല്‍സ്യത്തിന്‍െറ അളവ് വല്ലാതെ വര്‍ധിക്കും. ചിലരില്‍ ഇത് വൃക്കയെ ബാധിച്ച് മാരകാവസ്ഥ വന്നുചേരും!

അതുപോയെതന്നെ ശ്രദ്ധവേണ്ടുന്ന ഒന്നാണ് ഉപവാസവും. ഷുഗര്‍ ലെവല്‍ കുറയുന്ന രോഗികള്‍  ഉപവാസത്തിലേക്ക് പോയാല്‍ വിപരീത ഫലമാവും. ഭക്ഷണമില്ലാത്ത അവസ്ഥയില്‍ വെള്ളം ധാരാളം കുടിച്ചില്ളെങ്കില്‍ ദഹനരസങ്ങള്‍ ആമാശയ ഭിത്തിയെ കരണ്ടുതിന്ന് അള്‍സര്‍ ഉണ്ടാക്കും. വയറിനകത്ത് ഭക്ഷണമുള്ളപ്പോള്‍ മാത്രമാണ് പിത്താശയത്തിലെയും ആഗ്നേയ ഗ്രന്ഥിയിലെയും സ്രവങ്ങള്‍ പുറത്തുവന്ന് അതിലേക്ക്് കലരുക. അല്ളെങ്കില്‍ സ്രവം കെട്ടിക്കിടന്ന് കല്ലുകള്‍ രൂപപ്പെടാനും ഇടയുണ്ട്.

രോഗം എന്ന ഒന്നില്ല വിഷ സങ്കലനം മാത്രമേയുള്ളൂവെന്നാണ് ടില്‍ഡണ്‍ എന്ന ആചാര്യന്‍െറ വാക്കുകളിലൂടെ പ്രകൃതി ചികില്‍സകര്‍ പറയുന്നത്. കരളും വൃക്കയും ചേര്‍ന്ന് മാലിന്യങ്ങളെ പുറന്തള്ളുന്നതിനാല്‍ നമ്മുടെ ശരീരത്തില്‍ എവിടെയും വിഷം അടിഞ്ഞു കിടക്കുകയില്ല. അതിനാല്‍തന്നെ വെള്ളംകുടിപ്പിക്കല്‍, എനിമയെടുക്കല്‍, വിയര്‍പ്പിക്കല്‍ എന്നിവയൊക്കെ തീര്‍ത്തും അനാവശ്യവുമാണ്. ധാരാളം വെള്ളംകുടിച്ചാല്‍ അത് ആന്തരാവയങ്ങളിലേക്ക് ഇറങ്ങി ശരീരത്തെ ശുദ്ധീകരിക്കുമെന്നൊക്കെയാണ് പ്രകൃതിക്കാര്‍ തട്ടിവിടുന്നത്. പക്ഷേ ശരീരകോശങ്ങളിലേക്ക്  ജലം നിയന്ത്രിതമായ രീതിയിലേ ആഗിരണം ചെയ്യപ്പെടുവെന്നും അല്ലാത്തവ മൂത്രമായി പോവുകയാണെന്നും ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. ഇടക്കിടെ എനിമയെടുക്കുന്നതുകൊണ്ടും പ്രത്യേകിച്ചൊരു ഗുണ ഫലവുമില്ല. വിയര്‍പ്പിലൂടെ അല്‍പ്പം ലവണാംശവും നേരിയ തോതില്‍ യൂറിയയും പുറത്തുവരും എന്നാല്ലാതെ യാതൊരു വിഷവും പുറത്തുവുന്നില്ല. പക്ഷേ നമ്മുടെ പ്രകൃതി ചികിസാലയങ്ങളില്‍ വിയര്‍പ്പിക്കലാണ് പ്രധാന രീതി. ഉഷ്ണ രക്തജീവിയായ മനുഷ്യനെ ആവിയും വെയിലും കൊള്ളിച്ച് വിയര്‍പ്പിക്കുന്നത് പ്രകൃതിവിരുദ്ധമല്ളേയെന്ന് ഗവേഷകനും എഴുത്തുകാരനുമായ ഡോ.മനോജ് കോമത്ത് എഴുതിയതാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നത്.

എന്തുകൊണ്ടാണ് കപട വൈദ്യവും ‘ഫലിക്കുന്നത്?’

ഇങ്ങനെയാക്കെയാണങ്കിലും ഇത്തരം ‘ചികില്‍സകള്‍’കൊണ്ട് രോഗം മാറുന്നിലേയെന്ന് ചോദിക്കുന്നവരും നിരവധിയാണ്. പക്ഷേ  കപട ശാസ്ത്രങ്ങളുടെ ഗുണം കൊണ്ട് ഒരു അസുഖവും മാറുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ചിലത് താനെ മാറുന്നതാണ്. മറ്റുചിലത് മാറിയതായി രോഗിക്ക് തോന്നുകയുമാണ്.
അണുബാധകള്‍ കൊണ്ടുണ്ടാവുന്ന ചില രോഗങ്ങള്‍ പ്രത്യേകിച്ചൊരു ചികില്‍സയുമില്ലാതെ മാറുമെന്നത് ശാസ്ത്ര സത്യമാണ്. പനി, ജലദോഷം, മഞ്ഞപ്പിത്തം തുടങ്ങിയവ ഉദാഹരണം. ( മഞ്ഞപ്പിത്തത്തിന് ആയുര്‍വേദത്തിലെ കീഴാര്‍ നെല്ലി ചികില്‍സ ഫലിക്കുന്നതും ഇങ്ങനെയാണ്.അല്ലാതെ കീഴാര്‍നെല്ലിക്ക് മഞ്ഞപ്പിത്തം മാറ്റാനുള്ള കഴിവുണ്ടെന്നതിന് യാതൊരു തെളിവുകളുമില്ല!) ഇവ അല്‍പ്പം വിശ്രമവും ശുചിത്വപൂര്‍ണമായ അന്തരീക്ഷവുമുണ്ടെങ്കില്‍ താനെ മാറും.

പക്ഷേ ഇവിടെയും പ്രശ്നമുണ്ട്. ആധുനിക കാലത്ത് പനിയും മഞ്ഞപ്പിത്തവുമൊക്കെ ഏത് തരത്തിലുള്ളതാണെന്ന് പറയാനാവില്ല. എലിപ്പനിയോ ഡെങ്കിപ്പനിയോ ആണെങ്കില്‍ ഉടനടി ചികില്‍സവേണം. ഹെപ്പറ്ററ്റെിസ് ബി പോലുള്ളവക്കും വേണം അടിയന്തര ചികില്‍സ. സമാന്തര വൈദ്യക്കാരില്‍ ഇത് മനസ്സിലാക്കാനുള്ള സംവിധാനം കുറവാണ്. രോഗാണുവുണ്ടെന്ന് പോലും വിശ്വസിക്കാത്ത അവര്‍ രോഗനിര്‍ണ്ണയ ടെസ്റ്റുകള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ വഴിയില്ലല്ളോ.
ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന പ്രമേഹവും,ചില അലര്‍ജികളുമൊക്കെ ഈ വകുപ്പില്‍ പെടുത്താവുന്നതാണ്. പൂമ്പൊടി,വൈക്കോല്‍ കൊണ്ടുണ്ടാവുന്ന അലര്‍ജിയാക്കെ ആ പ്രദേശത്തുനിന്ന് വിട്ടുനിന്നാല്‍ താനെ മാറുന്നതാണ്. ഇതാണ് പ്രകൃതി ചികില്‍സാലയങ്ങളില്‍പോയി മോശമല്ലാത്ത തുക കൊടുത്ത് മാറ്റിയെടുക്കുന്നത്!രോഗി തിരിച്ച് പഴയ സാഹചര്യത്തില്‍ എത്തുമ്പോള്‍ അലര്‍ജി തിരിച്ചുവരികയും ചെയ്യും. അപ്പോള്‍ പതിവുപോലെ പഥ്യം തെറ്റിച്ചുവെന്നും, മുമ്പ് കഴിച്ച അലോപ്പതി മരുന്നിന്‍െറ വിഷം കയറിയതാണെന്നുമൊക്കെ പറഞ്ഞ് ഇവര്‍ തടിയെടുക്കും.

ഇത്തരം അസുഖങ്ങള്‍ താനെ മാറുന്നവയാണെങ്കില്‍ മോഡേണ്‍ മെഡിസിനിലും എന്തിനാണ് മരുന്നുകൊടുക്കുന്നത് എന്ന ചോദ്യമുണ്ടാവാം.വേഗത്തിലുള്ള രോഗശാന്തിയാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. ഒരുമാസത്തോളം വിശ്രമിച്ച് മഞ്ഞപ്പിത്തം മാറ്റിയെടുക്കാന്‍ ഇന്ന് ആര്‍ക്കാണ് സമയം. മാത്രമല്ല, രോഗി ഏറെനാള്‍ കിടപ്പിലായാല്‍ പ്രതിരോധശേഷി കുറയും. സെക്കന്‍ഡിറി കോംപ്ളിക്കേഷന്‍ എന്ന് പറയുന്ന മറ്റ് കുഴപ്പങ്ങളും ഉണ്ടാവും. ഉദാഹരണമായി ടൈഫോയിഡ് സ്വയം മാറുന്ന ഒന്നാണ്. പക്ഷേ അതിനു തുനിഞ്ഞാല്‍ രോഗി ഏറെക്കാലം അനാരോഗ്യത്തില്‍ തുടരും. ആയിരത്തിന് 4-5 എന്നതോതില്‍ മരണ സാധ്യതയുമുണ്ട്.

പ്രകൃതി ചികില്‍സകരുടെയടക്കം മറ്റൊരു പ്രധാന അവകാശവാദം കാന്‍സര്‍ അടക്കമുള്ള ഗുരുതര രോഗങ്ങള്‍ തങ്ങള്‍ ഭേദമാക്കുന്നുവെന്നതാണ്. ഇത്തരം രോഗങ്ങളില്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന രോഗിപോലും ചില സമയങ്ങളില്‍ താനേ വന്‍ പുരോഗതി കാട്ടുമെന്നത് സത്യമാണ്. അതാത് കാലത്തെ ചികില്‍സകനാണ് ഇതിന്‍െറ ഗുണം ലഭിക്കുക. അല്‍പ്പകാലം കഴിയുമ്പോള്‍ ഇത് പഴയ പടിയുമാവും. റേഡിയേഷനും കീമോതെറാപ്പിയുമടക്കം ചെയ്ത ഒരു കാന്‍സര്‍ രോഗിക്ക് ഉടനടി അതിന്‍െറ പാര്‍ശ്വഫലങ്ങളായി മുടികൊഴിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകും. ആ സമയത്ത് പ്രകൃതിചികില്‍സയിലേക്കും മറ്റും മാറുന്ന രോഗിക്ക് അല്‍പ്പകാലം കഴിഞ്ഞാല്‍ ആശ്വാസം തോന്നും. ഇത് നേരത്തെ കുടിച്ച മരുന്നിന്‍െറ ഫലമാണ്.കീമോ കഴിഞ്ഞ് ഒരു നിശ്ചിതകാലത്തിനുള്ളില്‍ മുടി താനേ വളരും. പക്ഷേ അതിന്‍െറ ക്രഡിറ്റ് കിട്ടുന്നതോ, ഇത്തരം മുറി ചികില്‍സകര്‍ക്കും!

മറ്റൊന്ന് പ്ളസീബോ ഇഫക്ട് എന്ന് ശാസ്ത്രം വിളിക്കുന്ന, പച്ചവെള്ളം കൊടുത്താലും രോഗം മാറുന്ന അവസ്ഥയാണ്.മാനസികമായ പല ഭയങ്ങളുടെയും ഭാഗമായുണ്ടായി ചിലര്‍ക്കുണ്ടാവുന്ന അസുഖങ്ങള്‍ക്ക് ഇത് മതി. മരുന്നു അകത്തുചെന്നുവെന്ന തോന്നല്‍ ഉണ്ടായാല്‍ തന്നെ ഇത്തരക്കാര്‍ക്ക് രോഗം മാറും. നൂറ് ആവര്‍ത്തിയൊക്കെ നേര്‍പ്പിച്ച് ഒരു തുള്ളി മരുന്നപോലും ഇല്ലാത്ത ഹോമിയോ മരുന്നുകള്‍ ഫലിക്കുന്നതും ഇങ്ങനെയാണ്.
മറ്റൊന്ന് ജഗതിശ്രീകുമാര്‍ ഒരു സിനിമയില്‍ കാണിച്ചതുപോലെ, ആധുനിക വൈദ്യശാസ്ത്ത്രിലെ മരുന്നുകള്‍ അരച്ചുകലക്കിയുള്ള ക്രോസിനാദി വടകവും,ജെലൂസിലാദി ലേഹ്യവുമൊക്കെയാണ്! പ്രകൃതിയും, സിദ്ധവൈദ്യക്കാരും, യുനാനിക്കാരും,ഹോമിയോക്കാരുമൊക്കെ ഈ പരിപാടി നന്നായി ഉപയോഗിക്കുന്നുണ്ട്. അതവര്‍ സമ്മതിച്ച് തരുന്നില്ളെങ്കിലും.

കപട ചികില്‍സകരെക്കൊണ്ടുള്ള ദ്രോഹങ്ങള്‍

ചികില്‍സാരീതികളും നിലനിന്നോട്ടെ, എന്തിനാണതിനെ എതിര്‍ക്കുന്നതെന്ന് ചോദിക്കുന്ന ശുദ്ധാത്മാക്കളും നമുക്കിടയിലുണ്ട്. പക്ഷേ ഇവ പൊതുജനാരോഗ്യത്തിനും മനുഷ്യ ജീവനും ഭീഷണിയായി വരികയാണെന്ന് മറന്നുപോകരുത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ച കാലിക്കറ്റ് വാഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിനി നിര്‍മ്മലയുടെ മരണം ഇത്തരത്തില്‍ ഒന്നായിരുന്നു. ബ്രസ്റ്റ് കാന്‍സര്‍ രോഗിയായ നിര്‍മ്മലയെ വാഴ്സിറ്റിയിലെ തന്നെ സൈക്കോജി പ്രൊഫസര്‍ നടത്തുന്ന പ്രകൃതിചികില്‍സാ കേന്ദ്രത്തിലത്തെിച്ച്, എല്ലാ മരുന്നുകളും നിര്‍ത്തി ഫ്രൂട്ടേറിയന്‍ തെറാപ്പി നല്‍കി കൊല്ലാക്കൊല ചെയ്തത് പിന്നീട് നിര്‍മ്മലതന്നെ എഴുതിയിട്ടുണ്ട്. ഒടുവില്‍ നിര്‍മ്മല മോഡേണ്‍ മെഡിസിനിലേക്ക് മടങ്ങിയത്തെിപ്പോഴേക്കും കാന്‍സര്‍ പടര്‍ന്നിരുന്നു.

ലക്ഷ്മിതരുവും മുള്ളാത്തയും വഴി കാന്‍സര്‍ ചികില്‍സിക്കാമെന്ന് പറഞ്ഞ് വന്‍തുകയും ജീവിതവും പോയവര്‍ നിരവധിയാണ്. ഈ സാഹചര്യത്തിലാണ് കപട വൈദ്യം കുറ്റകരമാവുന്നത്. മാത്രമല്ല പത്താംക്ളാസും ഗുസ്തിയുമായി എത്തുന്നുവരൊക്കെ എന്തെങ്കിലും ഒരു ബിരുദവും തട്ടിക്കൂട്ടി പ്രകൃതി ചികില്‍സകനായി ജനങ്ങളുടെ ആരോഗ്യത്തെ പന്താടുകയാണ്. മാത്രമല്ല ആധുനിക ചികില്‍സയെ ഏതു സമയത്തും താഴ്ത്തിക്കെട്ടാനും അനാവശ്യമായ ഭീതി വിതക്കാനും ഇത്തരക്കാര്‍ സദാ ശ്രമിക്കുന്നുണ്ട്.

ബദല്‍ സൂപ്പര്‍ സെപ്ഷ്യാലിറ്റി കൊള്ളയോ?

ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ ഹോമിയോക്കാരും പ്രകൃതിക്കാരും സാധാരണ പറയുക, തങ്ങള്‍ക്കുനേരെ ഉയരുന്ന ആരോപണങ്ങളൊക്കെയും അലോപ്പതി മരുന്നുലോബിയും സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രിക്കാരും ചേര്‍ന്ന് സ്പോണ്‍സര്‍ ചെയ്യിക്കുന്നതാണെന്നാണ്.ആധുനിക ചികില്‍സയുടെ പേരില്‍ ആശുപത്രിയും മരുന്നു കുത്തകകളും രോഗികളെ ചൂഷണം ചെയ്യന്നുവെന്നതില്‍ തര്‍ക്കമില്ല. അത് എങ്ങനെ ഇല്ലാതാക്കണം എന്ന് ചിന്തിക്കുന്നതിനുപകരം, തീര്‍ത്തും അശാസ്ത്രീയമായ ചികില്‍സാരീതി കൊണ്ടാണോ അതിന് ബദല്‍ ഒരുക്കേണ്ടത്. (ആധുനിക ചികില്‍സാരംഗത്തെ ചൂഷണത്തെക്കുറിച്ചും മരുന്നുമാഫിയയുടെ തന്ത്രങ്ങളെക്കുറിച്ചുമൊക്കെ നമ്മെ നിരന്തരം ബോധവത്ക്കരിച്ചുകൊണ്ടിരിക്കുന്നതും പ്രകൃതി ചികില്‍സകരൊന്നുമല്ല, ആധുനിക ചികില്‍സയില്‍ വിശ്വസിക്കുന്ന ജനകീയആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ്)
പതിനെട്ടാം നൂറ്റാണ്ടിന്‍െറ അന്ത്യത്തില്‍ അന്നത്തെ പ്രാകൃതമായ അലോപ്പതിയോടു കലഹിച്ചാണ് ഡോ.സാമുവല്‍ ഹാനിമാന്‍ ഹോമിയോപ്പതിയുമായി ഉയര്‍ന്നുവന്നതെന്ന് നേരത്തെ നാം കണ്ടു. മറ്റൊരു രീതിയില്‍ അതിന് സമാനമായ അവസ്ഥയാണ് കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് നിലവിലുള്ളത്. അന്നത്തെ അലോപ്പതി രോഗിയെ കൊല്ലുന്ന പ്രാകൃതാവസ്ഥയിലായിരുന്നെങ്കില്‍ ഇന്ന് അത് അങ്ങയേറ്റം കച്ചവടവത്ക്കരിക്കപ്പെട്ടിരിക്കുന്നു. ഇന്നാട്ടിലെ ഏറ്റവും ലാഭമുള്ള ബിസിനസുകളില്‍ ഒന്നായി ആശുപത്രി വ്യവസായം മാറുന്നു. നിസ്സാര രോഗങ്ങള്‍ക്കുപോലും അമിതമായി മരുന്നെഴുതിയും സ്കാനിങ്ങ് അടക്കമുള്ള സകല ടെസ്റ്റുകളും നടത്തി രോഗികളെ പോക്കറ്റടിക്കുന്നത് നമ്മുടെയൊക്കെ അനുഭവസാക്ഷ്യമാണ്. മരിച്ചരോഗിയെ ഒരു ദിവസംകൂടി  ഐ.സി.യുവില്‍ കിടത്തി കാശു പിടുങ്ങുന്ന വീരന്‍മ്മാര്‍വരെ ഇക്കൂട്ടത്തിലുണ്ട്. ഇങ്ങനെ നിരന്തരം തട്ടിപ്പിനു ചൂഷണത്തിനും വിധേയമാവുകുന്ന ജനം കപട ചികില്‍സകരുടെ വാചിക വിരേചനത്തില്‍ വീണുപോയില്ളെങ്കിലേ അത്ഭുതമുള്ളൂ.

അതായത് കപട ചികില്‍സകര്‍ക്ക് ഇവിടെ വ്യാപകമാവാനുള്ള അവസ്ഥ ഒരുക്കിക്കൊടുക്കുന്നത് അനുദിനം വാണിജ്യവത്ക്കരിക്കപ്പെടുന്ന നമ്മുടെ ചികില്‍സാ മേഖലയാണ്. നമ്മുടെ ഡോക്ടര്‍മാര്‍ അടങ്ങുന്ന അക്കാദമിക്ക് സമൂഹം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.സര്‍ക്കാറിനു തന്നെയാണ് ഇക്കാര്യത്തില്‍ കാര്യമായ റോളുള്ളത്. സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാനുള്ള ബില്‍ നിയസഭയില്‍ അവതരിപ്പിക്കുമെന്നൊക്കെ എത്രകാലമായി പറഞ്ഞുകേള്‍ക്കുന്നു. ഡ്രഗ് കണ്‍ട്രോള്‍ സംവിധാനങ്ങളും ഇവിടെ കുറേക്കൂടി കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു.

ഇനി മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങുടെ അവസ്ഥയെന്താണ്. ആരോഗ്യരംഗത്തെ കേരളാമോഡല്‍ എന്ന് നാം അഭിമാനത്തോടെ പറയുന്ന നേട്ടങ്ങള്‍ ഇല്ലാതാവുന്നതിലെ പ്രധാന പങ്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ അടക്കമുള്ള സംവിധാനങ്ങളുടെ ശോച്യാവസ്ഥയാണ്. സ്വകാര്യ ആശുപത്രിയില്‍ പോയാല്‍ കഴുത്തറക്കും, സര്‍ക്കാര്‍ ആശുപത്രിയില്‍പോയാല്‍ കഷ്ടപ്പെടും എന്ന അവസ്ഥ വന്നാല്‍,ജനം മറ്റുവഴികള്‍ അന്വേഷിക്കുമെന്നതിന്‍െറ തെളിവുകൂടിയാണ് കപട ചികില്‍സകര്‍ക്ക് കേരളത്തില്‍ കിട്ടുന്ന അംഗീകാരം.
മൂന്ന് ദശകം മുമ്പ് കുടുംബ ഡോക്ടര്‍ സംവിധാനത്തില്‍ കെട്ടിപ്പടുത്ത ആരോഗ്യ ശൃംഖലയിലേക്ക് നമ്മുടെ നാട് വളരാന്‍ തുടങ്ങിയിരുന്നു.സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രികളൊന്നും ഇല്ലാത്ത അക്കാലത്ത്, ആരോഗ്യതത്വങ്ങളെക്കുറിച്ച് പ്രചാരണം നടത്തിയും, കുത്തിവെപ്പുകള്‍ നടപ്പാക്കിയും,സാമൂഹിക ആരാഗ്യത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തിയും , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വികസിപ്പിച്ചും വികസിത രാജ്യങ്ങളോട് കിടപിടക്കുന്ന രീതിയില്‍ നമ്മുടെ ആരോഗ്യമേഖലയെ മാറ്റിയെടുക്കാന്‍ കഴിഞ്ഞിരുന്നു. അതിലേക്കുള്ള തരിച്ചുപോക്കാണ് നമുക്ക് വേണ്ടത്. അസുഖത്തിന് സൂപ്പര്‍ സെപഷ്യാലിറ്റികളേക്കാള്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ജനം വരുന്ന രീതിയില്‍ കാര്യങ്ങളെ മാറ്റിയെടുക്കാന്‍ സര്‍ക്കാറിന് ആവണം. സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ സൗകര്യങ്ങള്‍ ഒരുക്കി സാമൂഹികമായ ഇടപെടലിലൂടെ വീണ്ടും കേരളാമോഡലിനെ തിരച്ചുകൊണ്ടുവരാനാണ് പൊതുജനാരോഗ്യത്തില്‍ ആശങ്കയുള്ളവര്‍ ശ്രദ്ധിക്കേണ്ടത്.

ഒന്നാം ഭാഗം വായിക്കാന്‍

ചികില്‍സയുടെ പ്രകൃതി പാഠങ്ങള്‍- ഡോ.മനോജ് കോമത്ത്
ശാസ്ത്രവും കപടശാസ്ത്രവും-ശാസ്ത്ര സാഹിത്യ പരിഷത്ത്
ശാസ്ത്രഗതി ലേഖനങ്ങള്‍
 ഹോമിയോപ്പതി എകസ്പോസ്ഡ്- ഡോ.ജെയിംസ് റാന്‍ഡി
ജെയിംസ് റാന്‍ഡിയുടെ പ്രഭാഷണങ്ങള്‍
സി. രവിചന്ദ്രന്‍െറ പ്രഭാഷണങ്ങള്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT