മതേതര യോഗയെന്ന അസംബന്ധം !

ഒരു ഇന്ത്യക്കാരനും അമേരിക്കക്കാരനും തമ്മില്‍ വിമാനത്തില്‍ വെച്ച് സ്വന്തം രാജ്യത്തെ പൊക്കിപ്പറാന്‍ ഉപയോഗിച്ച ഒരു ബഡായിക്കഥ നാം എസ്.എം.എസ് ഫലിതമായൊക്കെ പലതവണ കേട്ടു പഴകിയതാണ്. അമേരിക്കക്കാരന്‍ പറഞ്ഞു ‘ഞങ്ങളുടെ നാട്ടില്‍ ഈയിടെ ഖനനം നടത്തിയപ്പോള്‍, 2000വര്‍ഷം മുമ്പ് ഒരു ഗ്രാമത്തില്‍ നിന്ന്  ചെമ്പുകമ്പികള്‍ കിട്ടി. 2000 വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഞങ്ങളുടെ നാട്ടില്‍ കമ്പിത്തപ്പാല്‍ നിലവിലുണ്ടായിരുന്നെതിന്‍െറ സൂചനയാണത്. ’ഇന്ത്യാക്കാരന്‍ ഉടന്‍തന്നെ തിരച്ചടിച്ചു. ‘ഞങ്ങളുടെ നാട്ടില്‍ ഖനനം ചെയ്തപ്പോള്‍ ചെമ്പുകമ്പികളൊന്നും കിട്ടിയില്ല. 2000വര്‍ഷം മുമ്പുതന്നെ കമ്പിയില്ലാക്കമ്പി നിലവില്‍വന്ന നാടാണ് ഇതെന്നാണ് ഇതില്‍നിന്ന് അനുമാനിക്കാവുന്നത്! യോഗയുടെ പേരില്‍ പെരുപ്പിച്ച്കാട്ടിയ ബഡായികള്‍ കേള്‍ക്കുകള്‍ പെട്ടന്ന് ഓര്‍മ്മവന്നത് ഈ കഥയാണ്.

ബ്രിട്ടീഷുകാര്‍ വരുന്നകാലത്തുപോലും ശരാശരി ആയുര്‍ദൈര്‍ഘ്യം വെറും 35 വയസ്സ് മാത്രമുണ്ടായിരുന്ന ഒരു ജനത പൗരാണികമായ യോഗയിലൂടെ അത്ഭുതങ്ങള്‍ കാട്ടിയിരുന്നതത്രേ! പൗരാണികതിയില്‍ അഭിരമിക്കാനും കാലത്തിന്‍െറ മാറ്റം ഉള്‍ക്കൊള്ളനാവതെ അതിനത്തന്നെ കെട്ടിപ്പിടിച്ച് കഴിയാനും നാം പണ്ടേ മിടുക്കരാണ്. നമ്മുടെ യഥാര്‍ഥ പരിമിതിയും അതുതന്നെയാണ്.കമ്പിയില്ലാക്കമ്പി രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് നാം കണ്ടുപിടിച്ചപോലെ മറ്റെന്തെല്ലാം കണ്ടുപിടുത്തങ്ങള്‍. റൈറ്റ് സഹോദരന്‍മാര്‍ കണ്ടുപിടിക്കുന്നതിന് എത്രയോ മുമ്പ് നാം പുഷ്പക വിമാനമിറക്കി. ഇനി ഹൈഡ്രജന്‍ ബോംബും ന്യൂക്ളിയാര്‍ ബോംബുമൊക്കെ എന്ത്, ബ്രഹ്മാസ്ത്രമായും പാശുപതാസ്ത്രമായും എത്രയെത്ര കിടക്കുന്നു. ഗാന്ധാരിക്ക് നൂറ്റൊന്നു മക്കളുണ്ടായത് ക്ളോണിങ്ങിന്‍െറ തെളിവാണെന്നുവരെ ഒരിക്കല്‍ ആര്‍.എസ്.എസ് മുന്‍ മേധാവി സുദര്‍ശന്‍ എഴുതിയിരുന്നു. പരിണാമ സിദ്ധാന്തത്തിനുള്ള തെളിവാണ് മഹാവിഷ്ണുവിന്‍െറ  ദശാവതാരമെന്ന് വിചാരകേന്ദ്രം ബുദ്ധിജീവി പി.പരമേശ്വര്‍ ജി തൊട്ട് നമ്മുടെ ശശികല ടീച്ചറും ന്യൂജന്‍ രാഹുല്‍ ഈശ്വറും വരെ പ്രസംഗിച്ചത് കേട്ടിരുന്നു. ഇവരൊക്കെ വലിയൊരു ഋഷി പരമ്പരയിലെ ചെറിയ അംഗങ്ങള്‍ മാത്രമാണ്. വേദിക്ക് സയന്‍സ്, വേദിക്ക് അഗ്രികള്‍ച്ചര്‍ എന്നൊക്കെ പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് ഇത്തരം കാര്യങ്ങളില്‍ ‘ഗവേഷണം’ നടത്തിക്കൊണ്ടിരിക്കയാണ്!

നാളിതുവരെ മനുഷ്യന്‍ ആര്‍ജ്ജിച്ചിട്ടുള്ള ശാസ്ത്രനേട്ടങ്ങള്‍ എല്ലാം തന്നെ പുരാണ പുസ്തകങ്ങള്‍ തര്‍ജ്ജമ ചെയ്താല്‍ കിട്ടാവുന്നതാണെന്ന വാചകമടി ഈയിടെയായി സംഘ ബുദ്ധിജീവികള്‍ സജീവമാക്കിയിട്ടുണ്ട്. അതിലെ അവസാനത്തെ കണ്ണിയാണ് യോഗ.

ലോകത്ത് എവിടെയും യോഗയെ ഒരു ശാസ്ത്രായി അംഗീകരിച്ചിട്ടില്ല. ഹോമിയോപ്പതിയും, നാച്ച്വറോപ്പതിയും പോലെ അതൊരു കപട ശാസ്ത്രം മാത്രമാണ്.  ഇത് കൃത്യമായൊരു കെണിയാണ്. ഖേദകരമെന്ന്, പറയട്ടെ ശാസ്ത്രീയതയെക്കുറച്ചും, പുരോഗമനത്തെക്കുറിച്ചും പറയുന്ന ഇടതുപാര്‍ട്ടികള്‍പോലും ഇത്തവണ ഈ കെണിയില്‍ തലവെച്ചുകൊടുത്തു. പ്രാര്‍ഥന ഒഴിവാക്കിക്കൊണ്ട് യോഗ നടത്താമെന്നും, അമ്പാടിമുക്ക് സഖാക്കള്‍ മതേതര ശ്രീകൃഷ്ണ ജയന്തി നടത്തിയതുപോലെ, യോഗയും മതേതരമായാല്‍ മതിയെന്നുമാണ് അവരുടെ നിലപാട്. പക്ഷേ യോഗക്ക് മതേതരമാകാന്‍ കഴിയില്ല. തീര്‍ത്തും ഹൈന്ദവമായ ഒരു വിശ്വാസ പദ്ധതിയുടെ ഭാഗമായാണ് യോഗ ഉണ്ടായതെന്ന് അതിന്‍െറ ചരിത്രം തെളിയിക്കുന്നു. അതോടൊപ്പം മോദി സര്‍ക്കാറിന്‍െറ ആര്‍ഷഭാരത സംസ്കൃതിയില്‍ അധിഷ്ഠിതമായ കാവിവല്‍ക്കരണ പദ്ധതികള്‍ കൂടിയാവുന്നയോടെ യോഗ കൃത്യമായ ഒരു രാഷ്ട്രീയ പ്രശ്നമാവുകയാണ്. അവിടെയാണ് സി.പി.എമ്മിനടക്കം പിഴച്ചുപോവുന്നത്.  

സന്യാസികളുടെ മോക്ഷ പ്രാപ്തിക്കായുള്ള  ചിട്ടകള്‍

സത്യത്തില്‍ യോഗയെന്ന പേരുപോലും ആധുനികമാണ്. യോഗം എന്നാണ് ശരിക്കുള്ള പേര്. വേദകാലം വരെ നീളുന്നതാണ് യോഗയുടെ വേരുകള്‍ എന്നത് അതുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ഷഡ്ദര്‍ശനങ്ങള്‍ എന്ന് അറിയപ്പെടുന്ന സുപ്രദാനമായ ആറു പൗരാണിക ദര്‍ശനങ്ങളില്‍ ഒന്നാണ് യോഗം.ആത്മീയമാര്‍ഗം സ്വീകരിച്ചവര്‍ക്കായി ചിട്ടപ്പെടുത്തപ്പെട്ട ചര്യകളാണ് അതിലുള്ളത്. ഹിന്ദുമതം രൂപംകൊണ്ടതുതൊട്ടുള്ള കാലത്ത് സന്യാസിമാര്‍ അത് പിന്‍തുടര്‍ന്നു. ബി.സി.300കാലഘട്ടത്തില്‍ ഉടലെടുത്ത ബുദ്ധമതവും ജൈനമതവും ഹൈന്ദവതയുമായി പോരടിച്ചങ്കെിലും യോഗത്തെ കൈവെടിഞ്ഞില്ല. അല്ളെങ്കില്‍ അതിന് സമാനമായ രീതികള്‍ അവരും ഉള്‍ക്കൊണ്ടു.

ബി.സി രണ്ടാം നൂറ്റാണ്ടിലെ പതഞ്ജലിയെയാണ് യോഗയുടെ ആചാര്യനായി അംഗീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍െറ യോഗസൂത്രം ഇന്നും പ്രാമാണികഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പത്ഞ്ജലിയുടെ ഭാഷയില്‍ സന്യാസിമാര്‍ക്ക് ആത്മീയോന്നമനവും മോക്ഷപ്രാപ്തിയും  കൈവരിക്കാനുള്ള ചിട്ടകളാണ് യോഗ. അദ്ദേഹത്തേിന്‍െറ ഭാഷയില്‍ ‘ചിത്തവൃത്തി നിരോധം’.യമം,നിയമം, ആസനം,പ്രാണായാമം,പ്രത്യാഹാരം,ധരണം,ധ്യാനം,സമാധി എന്നിങ്ങനെ പടിപടിയായി അനുഷ്ഠിക്കേണ്ട അഷ്ടാംഗയോഗത്തെക്കുറിച്ച് നാല് അധ്യായങ്ങളിലായി 195 സൂക്തങ്ങളിലായി പത്ഞ്ജലി പ്രതിപ്രാദിക്കുന്നു.  സനാസിമാരുടെ എല്ലാ കര്‍മ്മങ്ങളും തീര്‍ത്ത് പ്രകൃതിയില്‍ ലയിപ്പിക്കലാണ് പത്ഞ്ജലിയുടെ ധാരണയില്‍ യോഗയുടെ ലക്ഷ്യം.

യമം എന്ന അംഗത്തില്‍ അഹിംസ, സത്യസദ്ധത,ബ്രഹ്മചര്യം,ഭൗതിക വസ്തുക്കള്‍ സ്വന്തമാക്കാനുള്ള ഇച്ഛയെ നിയന്ത്രിക്കല്‍ എന്നിവയൊക്കെയാണ്. വ്യക്തിശുദ്ധി,മനോതൃപ്തി, അച്ചടക്കം, അഭ്യസനം, ഈശ്വരസമര്‍പ്പണം ഇവയനുശാസിക്കുന്ന അംഗമാണ് നിയമം. ശരീരത്തെ രോഗവിമുക്തമാക്കി കാര്യക്ഷമമാക്കുന്നതിനുള്ള വ്യായാമ മുറകളാണ് ആസനം. തുടര്‍ന്നുള്ള പ്രാണായാമത്തില്‍ ശരീരത്തിലെ ജീവശക്തിയെ നിയന്ത്രിക്കാനുള്ള ക്രിയകളാണ്. പ്രത്യാഹാരത്തില്‍ ഇന്ദ്രിയങ്ങള്‍ക്ക് ബാഹ്യലോകവുമായുള്ള സമ്പര്‍ക്കം നിഷേധിച്ച് തന്നിലേക്ക് തിരയാനുള്ള പരിശീലനമാണ്. ധരണത്തിലാവട്ടെ മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്താന്‍ പഠിപ്പിക്കുന്നു.അതുകഴിഞ്ഞുവരുന്ന ധ്യാനത്തിന്‍െറ അത്യുന്നതയില്‍ ആത്മാവും ബ്രഹ്മവുമായുള്ള ഏകോപനം സാധിക്കുമെന്നാണ് പത്ഞ്ജലി പറയുന്നത്. ഇതാണ് സമാധി. ഇത്രയും ഘട്ടങ്ങളിലൂടെ കടന്നുപോവുന്നതാണ് പത്ഞ്ജലിയുടെ യോഗം.

ഇതിന്‍െറ ഓരോഘട്ടങ്ങളും തീര്‍ത്തും മതപരവും ആത്മീയവും തന്നെയാണ്. പത്ഞ്ജലിയോഗത്തിന്‍െറ അടിസ്ഥാനം അത്മാവും ബ്രഹ്മവുമായുള്ള ഏകോപനമാണ്. അത് ബ്രഹ്മചര്യത്തില്‍ അധിഷ്ഠിതവുമാണ്. ഈശ്വര സമര്‍പ്പണം അതില്‍ പ്രധാമാണ്. (സഗൗരവം സത്യപ്രതിഞ്ജ ചെയ്തവരൊക്കെ ഈ പണിക്ക് പോവാതിരക്കയാണ് നല്ലത്!) ബ്രഹ്മത്തെ ജീവ ശക്തിയായി പ്രാര്‍ഥിച്ചുകൊണ്ട് ചെയ്യണ്ട കര്‍മ്മം തന്നെയാണിത്. പിന്നെ അതില്‍നിന്ന് പ്രാര്‍ഥനയെ വെട്ടിമാറ്റണമെന്ന് പറയുന്നത് എന്തൊരു ഭോഷ്ക്കാണ്! ഈ കണ്ണികളില്‍ ഏതെങ്കിലും ഒന്നുമുറഞ്ഞാല്‍ പിന്നെ ഫലസിദ്ധിയില്ല.  വ്യായമത്തിനായുള്ള ആസനം മാത്രം ചെയ്താല്‍ അത് യോഗയാവില്ല.

യോഗ: ആധ്യാത്മികതയില്‍ നിന്ന് ഭൗതികയിലേക്ക്

പതഞ്ജലിയുടെ യോഗത്തില്‍ എവിടെയും, ലൗകികജീവിതവും വ്യായാമക്കച്ചവടവും കടന്നുവരുന്നില്ല എന്ന് ഓര്‍ക്കണം. അത് തീര്‍ത്തും സന്യാസിമാര്‍ക്ക് വേണ്ടിയുള്ള പദ്ധതിയായിരുന്നു. ഈ കാലഘട്ടത്തില്‍നിന്ന് ഏതാണ്ട് ആയിരം വര്‍ഷക്ക്ശേഷം എ.ഡി.800 കാലഘട്ടത്തിലാണ് ഹഠയോഗം എന്ന പുതിയ രീതി ഉരുത്തിരിഞ്ഞത്. യോഗ ആധ്യാത്മകതയില്‍ നിന്ന് ഭൗതികതയിലേക്ക് മാറുന്നതിന്‍െറ തുടക്കം ഇവിടെയാണ്. യോഗയുടെ കച്ചവടവത്ക്കരണവും ഇവിടെ തുടങ്ങുന്നു.
ചരിത്രം നോക്കിയാല്‍ ഇന്ത്യയിലെ സാധാരണക്കാരെ പോയിട്ട്, രാജാക്കന്‍മ്മാരെപോലും പൗരാണികകാലത്ത് യോഗ ‘ബാധിച്ചി’ട്ടുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളോളം അത് സന്യാസമഠങ്ങളില്‍ കെട്ടിത്തിരിഞ്ഞു. യോഗക്ക് ഈ രീതിയിലുള്ള പ്രാധാന്യവും വാണിജ്യവ്യാപാര സാധ്യതകും വന്നിട്ട് കഷ്ടിച്ച് ഒരു നൂറ്റാണ്ടേ അയിട്ടുള്ളൂ.1888 ല്‍ കര്‍ണാടകയില്‍ ജനിച്ച ടി.കൃഷ്ണമാചാരിയാണ് യോഗയെ ഉയര്‍ത്തെഴുനേല്‍പ്പിച്ചത്. മൈസൂര്‍ രാജാവായ കൃഷ്ണദേവ വോഡയാര്‍ കാശിയില്‍വെച്ച്, കൃഷ്ണമാചാരിയെ പരിചയപ്പെടുകയും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. യോഗക്ക് ഒരു ഒൗദ്യോഗിക സ്വരം വരുന്നത് അന്നുതൊട്ടാണ്.

കൃഷ്ണമാചാര്യയുടെ മരണശേഷം സഹോദരന്‍ ബി.കെ.എസ് അയ്യാര്‍, മകന്‍ ടി.വി.കെ ദേശികാചാര്‍, കെ.പട്ടാഭി എന്നിവരാണ് യോഗയെ വിദേശത്ത് എത്തിച്ചത്. സാധാരണക്കാര്‍ക്ക് ചെയ്തുനോക്കാന്‍ ഉതകുന്ന യോഗാസനമുറകളും, ധ്യാനവുമൊക്കെ വികസിച്ചത് ഇക്കാലത്താണ്. ഇതില്‍ ബി.എസ് അയ്യാര്‍ പ്രശസ്ത വയലിനിസ്റ്റ് യഹൂദി മെനൂഹിനെ പരിചയപ്പെട്ടത് യോഗയുടെ കാര്യത്തിലും വഴിത്തിരിവായി. തന്‍െറ പരിപാടി നടക്കുന്ന വിദേശരാജ്യങ്ങളില്‍ മെനൂഹിന്‍ അയ്യാറുടെ യോഗാഭ്യാസംകൂടി വെച്ചതോടെയാണ് ഇത് വിദേശത്ത് പ്രചരിക്കുന്നത്. അല്ലാതെ, ഇന്ന് പ്രചരിപ്പിക്കപ്പെടുന്നതു  പോലെ, യോഗ പഠിക്കാനായി വിദേശികള്‍കൂട്ടമായി ഹിമാലയ സാനുക്കളിലേക്ക് വന്നതല്ല. രണ്ടാലോക മഹായുദ്ധം സൃഷ്ടിച്ച ശാരീരികവും, മാനസികവും സാമ്പത്തികവുമായ തകര്‍ച്ചയും അയ്യാര്‍ക്കും ഇന്ത്യന്‍ യോഗക്കും തുണയായി! കടല്‍ കടന്ന് വിദേശ രാജ്യങ്ങില്‍ പ്രചരിച്ചപ്പോഴാണ് യോഗം യോഗയായി മാറിയതും.

പിന്നീടിങ്ങോട്ട് യോഗഗുരുക്കളുടെ അയ്യരുകളിയാണ്. സ്വാമി സച്ചിതാനന്ദതൊട്ട് നമ്മുടെ ബാബാ രാംദേവും, ശ്രീശ്രീ രവിശങ്കറും അടക്കമുള്ള നീണ്ട നിര, എങ്ങനെ ശ്വസിക്കണമെന്നും എങ്ങനെ ആനന്ദിക്കണമെന്നും വന്‍തുക ഫീസ് വാങ്ങി കോഴ്സുകളായി നമ്മെ പഠിപ്പിക്കുന്നു. പത്ഞ്ജലിയുടെ യോഗയുമായി ഇവക്കൊന്നും യാതൊരു ബന്ധവുമില്ല. ജഗതീശ്രീകുമാറിന്‍െറ പച്ചാളം ഭാസി താന്‍ സ്വന്തമായുണ്ടാക്കിയ പുതിയൊരു രസം, നവരസത്തിനുശേഷം കാണിക്കുന്നപോലെ ഇന്ന് കാണുന്ന പല ആസനങ്ങളും അവര്‍ സ്വന്തമായുണ്ടാക്കിയതാണ്. ഇവയില്‍ പലതും ശരീരത്തിന് ഹാനികരവുമാണ്.

മതേതര യോഗ-ശാസ്ത്രീയത ആരുടെ അജണ്ട?

മതേതരം,ശാസ്ത്രീയം തുടങ്ങിയവാക്കുകള്‍ക്ക് മധ്യവര്‍ഗത്തിനിടയില്‍ പ്രത്യേകമായ ഒരു പരിഗണനയുണ്ടെന്ന് പറയേണ്ടതില്ലല്ളോ. പ്രത്യേകിച്ചും കേരളം പോലെരു സംസ്ഥാനത്ത്. അപ്പര്‍ മിഡില്‍ ക്ളാസ് എന്ന വിഭാഗമാണ് തങ്ങളുടെ കസ്റ്റമേഴ്സ് എന്ന് യോഗാചാര്യന്‍മ്മാര്‍ക്കും നന്നായി അറിയാം. വേനലും കാര്‍ഷിക വിലത്തകര്‍ച്ചയും മൂലം പാപ്പരായിപ്പോയി ഉത്തരേന്ത്യയിലെ കര്‍ഷകരൊന്നും വന്‍തുക ഫീസ്കൊടുത്ത്, ശ്വസിച്ച് ആനന്ദിക്കാനുള്ള ഉല്‍സവങ്ങളില്‍ എത്തില്ലല്ളോ. അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ മധ്യവര്‍ഗത്തെ ലക്ഷ്യമട്ട് ശാസ്ത്രീയം -മതേതരം എന്ന വാക്ക് യോഗക്കുള്ളില്‍ കുത്തിത്തിരുകുന്നത്. ഇത് ഭാരതത്തിന്‍െറതാണ് എന്ന് പ്രചരിപ്പിക്കുമ്പോഴാണല്ളോ, ഏതൊരു ഉല്‍പ്പന്നത്തിന്‍െറയും വിപണി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. അപ്പോള്‍ യോഗ ശാസ്ത്രീയവും-മതേതരവും ആകേണ്ടത് ബാബാ രാംദേവിന്‍െറയും ശ്രീശ്രീ രവിശങ്കറിന്‍െറയുമൊക്കെകൂടി ആവശ്യമാണ്. ഇതിലേക്കുള്ള ഒരു എണ്ണ പകരലായിപ്പോയി സി.പി.എമ്മിന്‍െറ പോലും നിലപാട്.

എത്ര ചുരുങ്ങിയ കാലം കൊണ്ടാണ് രാംദേവും രവിശങ്കറുമൊക്കെ കോടികളുടെ സാമ്രാജ്യം പടുത്തുയര്‍ത്തിയത് എന്ന് നോക്കുക. രാംദേവിന്‍െറ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമുണ്ട്  5000കോടിയുടെ മാര്‍ക്കറ്റ്! ഗൗതം അദാനി കഴിഞ്ഞാല്‍ മോദിഭരണത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടായത് രാംദേവിനാണ്. മുമ്പ് മൃഗക്കൊഴുപ്പുകളും, മനുഷ്യാസ്ഥിയും  സ്റ്റിറോയിഡുകളും ചേര്‍ത്ത് ലേഹ്യമുണ്ടായതിന് പൊലീസ് നടപടിയുണ്ടായതൊക്കെ രാംദേവിന്‍െറ അനുയായികള്‍ ഇപ്പോള്‍ മറന്നുപോയിരുക്കുന്നു. സി.പി.എം പി.ബി അംഗമായ വൃന്ദാകാരാട്ടായിരുന്നു രാംദേവിന്‍െറ ഉല്‍പ്പന്നങ്ങളിലെ മായംകാട്ടി പരാതി നല്‍കിയതും സമരം നടത്തിയതും. എന്നാല്‍ ആയുര്‍വേദ ആചാര്യനില്‍നിന്ന് യോഗാ ഗുരുവായി ഉയര്‍ത്തപ്പെട്ടതോടെ രാംദേവിനെതിരായ കേസുകളും ഇല്ലാതായി. ഇപ്പോള്‍ തന്‍െറ ഉല്‍പ്പന്നങ്ങളെ ഒരുകാലത്ത് മറ്റുള്ളവര്‍ പിടിപ്പിച്ചപോലെ, പേസ്റ്റിലും പല്‍പ്പൊടിയിലും സോപ്പിലുമൊക്കെ മായമുണ്ടെന്ന് പറഞ്ഞ് രാംദേവും കളിക്കുന്നുണ്ട്. പകരം അവിടെ വരുന്നതോ,ബാബയുടെ പത്ഞ്ജലി ഉല്‍പ്പന്നങ്ങളും!

ഒരു കുടുസുമുറിയില്‍ തുടങ്ങിയ രവിശങ്കറിന്‍െറ ശ്വസനക്രിയ ഇന്ന്  എത്രകോടിയുടെ ബിസിനസായി വളര്‍ന്നുവെന്ന് അദ്ദഹത്തേിനുപോലും അറിയാന്‍ വഴിയില്ല. ശ്വസന ക്രിയകള്‍കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ല, ദോഷം ഉണ്ടെന്നുമായ യാഥാര്‍ഥ്യം പക്ഷേ എവിടെയും ചര്‍ച്ചയാവുന്നില്ല.

ഇത്തരം ഗ്രൂപ്പുകള്‍ക്ക് മാത്രമല്ല, സംഘപരിവാര്‍ അടക്കമളള സകല റിവൈവലിസ്റ്റ് ശക്തികള്‍ക്കും യോഗ പകര്‍ന്ന ഊര്‍ജം ചെറുതല്ല.  ഹൈന്ദവതയുടെ ശക്തിയായിട്ടുതന്നെയാണ് അവര്‍ ഇതിനെ വിലയിരുത്തുന്നത്. പാഠപുസ്തകങ്ങളിലും, ചരിത്രത്തിലും കയറിവന്ന കാവ അജണ്ടകള്‍ മറനീക്കി വൈദ്യശാസ്ത്ര രംഗത്തുമത്തെിയിരക്കയാണ്. പ്രണായാമവും, സുദര്‍ശനക്രിയയുമൊക്കെ ചെയ്താല്‍ ഷുഗറും പ്രഷറും മാത്രമല്ല കാന്‍സര്‍തൊട്ടുള്ള സകലരോഗങ്ങളും മാറുമെന്നാണ് അവരുടെ വീരവാദം. ലോകത്തിലെ ഒരു ഭാഗത്തുനിന്നും ഇതിനൊന്നും തെളിവ് കിട്ടിയിട്ടില്ളെങ്കിലും.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ പിണറായി സര്‍ക്കാറിന്‍െറ യോഗാ ദിനാചരണ വിവാദവും ഇക്കൂട്ടര്‍ക്ക് നല്ല കൊയ്ത്തായി. മതാചാരമായതിന്‍െറ പേരില്‍ മാത്രമല്ല, അശാസ്ത്രീയയുടെ പേരിലും അതിനെ എതിര്‍ക്കാനുള്ള ചങ്കുറപ്പ് ഇടതുസര്‍ക്കാറിന് ഇല്ലാതെപോയി. നടത്തവും ഓട്ടവുംതൊട്ട് കരാട്ടെയും കുങ്ങ്ഫൂവുംപോലുള്ള എത്രയോ വ്യായമങ്ങള്‍  പതിവായ നമ്മുടെ നാട്ടില്‍, വ്യായമത്തിനായി ഇത്രയും വലിയ ബഹളത്തിന്‍െറ ആവശ്യമില്ലല്ളോ? മാത്രമല്ല യഥാര്‍ഥ രാഷ്ട്രീയ പ്രശ്നങ്ങളെ മയക്കിക്കിടത്താനും ഇതുമൂലം കഴിയുന്നു. നാണയപ്പെരുപ്പവും വിലക്കയറ്റവും തടയാന്‍ യോഗകൊണ്ട് ആവുമോയെന്ന് മോദിയോട് ചോദിക്കാന്‍ ശിവസേന വേണ്ടിവന്നു എന്നതുതന്നെ, എത്ര അരാഷ്ട്രീയമായ കാലത്താണ് നാം ജീവിക്കുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്നു.


വിവരങ്ങള്‍ക്ക് കടപ്പാട്
Yoga: the mith and reality - ഡോ. സോമശേഖര്‍
ദിവ്യാത്ഭുദങ്ങള്‍ ശാസ്ത്ര ദൃഷ്ടിയില്‍- ബി.പ്രോമാനന്ദ്
ചികില്‍സയുടെ പ്രകൃതി പാഠങ്ങള്‍- ഡോ.മനോജ് കോമത്ത്
ശാസ്ത്രവും കപട ശാസ്ത്രവും- ശാസ്ത്ര സാഹിത്യ പരിഷത്ത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT