വീണ്ടും വി.എസ്?

ഇന്ത്യയിലെ സി.പി.എം നേതാക്കളില്‍ ഏറ്റവും തല മുതിര്‍ന്ന ആളാണ് വി.എസ്  അച്യുതാനന്ദന്‍.  1964ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  നാഷണല്‍കൌണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപവല്‍കരിച്ച  32 പേരില്‍ജീവിച്ചിരിക്കുന്ന രണ്ടേ രണ്ടില്‍ ഒരാള്‍. രണ്ടാമനായ തമിഴ്നാട് സ്വദേശി എന്‍. ശങ്കരയ്യ പ്രായാധിക്യം മൂലം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു രോഗഗ്രസ്തനായി കഴിയുന്നു. വി.എസ് ആകട്ടെ, ഈ 92ാം വയസ്സില്‍ അടുത്ത അങ്കത്തിന്‍െറ തയ്യറെടുപ്പിലും.
കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തിലെ  പ്രധാന ചര്‍ച്ചാ വിഷയം വി.എസ് ആയിരുന്നു. രണ്ടു തവണയും പാര്‍ട്ടി സംസ്ഥാന നേതൃത്വം അദ്ദഹേം മത്സരിക്കേണ്ടെന്നു തീരുമാനിച്ചു. കേന്ദ്ര നേതൃത്വം ഇടപെട്ട് തീരുമാനം  തിരുത്തി  മത്സരിപ്പിച്ചു. 2006ല്‍ വി.എസ് മത്സരിക്കേണ്ടെന്ന  തീരുമാനം സി.പി.എമ്മിനെ പിളര്‍പ്പിന്‍െറ വക്കില്‍വരെ എത്തിച്ചതാണ്. പാര്‍ട്ടി  അണികള്‍ അന്നു എ.കെ.ജി സെന്‍ററിനു മുന്നിലേക്ക് പ്രകടനം നടത്തുക വരെ ചെയ്തു. ഒടുവില്‍ പി.ബി ഇടപെട്ട് വി എസിനെ സ്ഥാനാര്‍ഥിയാക്കി. തെരഞ്ഞെടുപ്പില്‍ഭൂരിപക്ഷം കിട്ടിയപ്പോള്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിലും തര്‍ക്കം വന്നു. പാലോളി മുഹമ്മദ്കുട്ടിയെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചത്. പി.ബി ഇടപെട്ട് വി.എസിനെ മുഖ്യമന്ത്രിയാക്കി.

പാര്‍ട്ടിയും സര്‍ക്കാറും രണ്ടു ധ്രുവങ്ങളില്‍നിന്ന കാലമായിരുന്നു അത്. ഭരണത്തിന്‍െറ എല്ലാ തലങ്ങളെയും അതു ബാധിച്ചു. വി.എസ് പക്ഷം, പിണറായി പക്ഷം എന്നിങ്ങനെ സി.പി.എം രണ്ടു തട്ടുകളിലായി. മൂന്നാര്‍, ലോട്ടറി മാഫിയ, വ്യാജ സിഡി എന്നിങ്ങനെ വിവാദ വിഷയങ്ങളില്‍ വി.എസ് ജനപ്രീതി നേടിയെങ്കിലും ഉമ്മന്‍ചാണ്ടി ഇന്നു അവകാശപ്പെടുന്നതു പോലെ  സംസ്ഥാനത്തിന്‍െറ പൊതുവായ വികസനത്തില്‍കുതിച്ചുചാട്ടം നടത്താനൊന്നും  അദ്ദേഹത്തിന്‍െറ സര്‍ക്കാറിനു കഴിഞ്ഞില്ല.  പാര്‍ട്ടിക്ക് നിയന്ത്രണം ഇല്ലാത്ത മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്ക് നിയന്ത്രണം ഇല്ലാത്ത മന്ത്രിമാരും എന്നതായിരുന്നു അന്നത്തെ സ്ഥിതി. 1985 മുതല്‍ പി.ബി അംഗമായിരുന്ന വി.എസിനെ പാര്‍ട്ടി തരംതാഴ്ത്തിയത് ഈ കാലയളവിലാണ്. ലാവലിന്‍ കേസില്‍പിണറായി വിജയനെ കുരുക്കാന്‍ വി.എസ് ആസൂത്രിത ശ്രമം നടത്തിയത് പാര്‍ട്ടി അന്വേഷണത്തില്‍ബോധ്യപ്പെട്ട സാഹചര്യത്തിലായിരുന്നു നടപടി.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ചരിത്രം ആവര്‍ത്തിച്ചു. വി.എസ് മത്സരിക്കേണ്ടതില്ലന്നെ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇത്തവണ പക്ഷേ, സംഭവിച്ചത് കൌതുകകരമായ  ഒന്നാണ്. സെക്രട്ടറിയേറ്റ് യോഗത്തില്‍ വി.എസിനെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിനൊപ്പം  നിന്ന ചില കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ വി.എസ്  മത്സരിച്ചില്ലങ്കെില്‍പാര്‍ട്ടിക്ക് വലിയ പരാജയം സംഭവിക്കുമെന്ന് പി.ബി യെ രഹസ്യമായി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് ലഭിച്ചവരായിരുന്നു അവര്‍. വി.എസ് മത്സരിക്കാതിരുന്നാല്‍ തോറ്റു പോകുമോ എന്ന  ഭീതിയായിരുന്നു മനംമാറ്റത്തിന് കാരണം. തുടര്‍ന്ന് വി.എസ്  മത്സരിക്കണമെന്ന് പി.ബി തീരുമാനിക്കുകയും അദ്ദേഹം തൊട്ടു മുന്‍പത്തെ തെരഞ്ഞെടുപ്പിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.

കേരളത്തില്‍പൊതുവെ എല്ലാ  തെരഞ്ഞെടുപ്പുകളിലും കാണാറുള്ള  ഭരണവിരുദ്ധ വികാരം എല്‍.ഡി.എഫിനെതിരെ അലയടിച്ചില്ല എന്നതാണ് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്. 72-68 എന്ന നിലയില്‍ യു.ഡി.എഫും എല്‍.ഡി.എഫും കട്ടയ്ക്കു നിന്നു. കുറച്ചു കൂടി സൂക്ഷ്മതപുലര്‍ത്തിയിരുന്നുവെങ്കില്‍ ഭരണ തുടര്‍ച്ച ലഭിക്കുമായിരുന്നുവെന്ന തോന്നല്‍ സി.പി.എമ്മില്‍ അന്ന് ശക്തമായി ഉയര്‍ന്നിരുന്നു. താന്‍ വീണ്ടും മുഖ്യമന്ത്രി ആകുന്നതു തടയാന്‍ പാര്‍ട്ടി തോറ്റു കൊടുത്തതാണോ എന്ന ചിന്ത വി.എസിന് ഉണ്ടായതു സ്വാഭാവികം.
അഞ്ചു കൊല്ലം പിന്നിട്ട് വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പടിവാതില്‍ക്കല്‍ സംസ്ഥാനം എത്തിയപ്പോള്‍ സി.പി.എമ്മില്‍ പുകയുന്നത് അതേ വിഷയമാണ്. വി.എസ്  വീണ്ടും മത്സരിക്കണമോ എന്ന്. കേരള രാഷ്ട്രീയത്തിലും  വി.എസിന്‍െറ രാഷ്ട്രീയ ജീവിതത്തിലും ഈ കാലയളവില്‍ നിര്‍ണായകമായ ഒട്ടേറെ  സംഭവ വികാസങ്ങള്‍  ഉണ്ടായി. പാര്‍ട്ടിയുമായി  വളരെയേറെ അകന്ന വി.എസ്  അടുത്ത കാലത്ത് പാര്‍ട്ടിയുമായി അടുത്തു. ടി.പി ചന്ദ്രശേഖരന്‍െറ കൊലപാതകത്തെ തുടര്‍ന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പാര്‍ട്ടിക്കെതിരെ വി.എസ്  എടുത്തത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കുകയും ചെയ്തു. ആലപ്പുഴ സംസ്ഥാന സമ്മേളന തലേന്ന് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍വിശദീകരിച്ച പാര്‍ട്ടി  പ്രമേയത്തില്‍വി എസിനെ വിശേഷിപ്പിച്ചത്  പാര്‍ട്ടി വിരുദ്ധ മനോഭാവം ഉള്ളയാള്‍ എന്നായിരുന്നു. വി.എസ്  ബഹിഷ്കരിച്ച ആ സമ്മേളനം അദ്ദേഹത്തെ  കുറ്റവിചാരണ നടത്തി. എന്നാല്‍, അരുവിക്കര ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ അരയും തലയും മുറുക്കി സി.പി.എമ്മിനെ വിജയിപ്പിക്കാന്‍ അങ്കത്തട്ടില്‍ ഇറങ്ങിയ ചേകവരായാണ് വി.എസിനെ കാണുന്നത്. സി.പി.എമ്മിന്‍െറ ഈഴവ വോട്ടുബാങ്കില്‍വിള്ളല്‍വീഴ്ത്തി അതു ബി.ജെ.പി ക്ക് പതിച്ചു കൊടുക്കാന്‍ അച്ചാരം വാങ്ങി ഇറങ്ങിയ വെള്ളാപ്പള്ളി നടേശനെ പ്രതിരോധിക്കുക മാത്രമല്ല, മാളത്തില്‍കയറി ആക്രമിക്കുകയും ചെയ്തു വി.എസ്.  വി.എസിന്‍െറ കടന്നാക്രമണത്തിലാണ് വെള്ളാപ്പള്ളി പിടിച്ചു നില്‍ക്കാനാകാതെ വശംകെട്ടു പോയത്.
പ്രായം  92 പിന്നിട്ട ഈ കമ്യൂണിസ്റ്റ് കാരണവര്‍ വീണ്ടും മത്സരിക്കുന്നതിനോട് പാര്‍ട്ടിയില്‍ എതിര്‍പ്പുള്ളവര്‍ ഇപ്പോള്‍ തുലോം കുറവാണ്. എന്നു മാത്രമല്ല, വി.എസ്  മത്സരിച്ചില്ളെങ്കില്‍ ജയിക്കില്ളെന്ന ഭീതി  പലര്‍ക്കുമുണ്ട്. മത്സരിച്ചു ജയിച്ച് മന്ത്രിയാകാന്‍ കാത്തിരിക്കുന്നവര്‍ വി.എസ്  മത്സരിക്കണമെന്ന ആഗ്രഹക്കാരുമാണ്. ഇടതു മുന്നണി ഘടക കക്ഷികളാകട്ടെ, വി എസിനെ നേതാവാക്കി തെരഞ്ഞെടുപ്പു നേരിടണമെന്ന അഭിപ്രായക്കാരാണ്. സി.പി.ഐ അത് പലവട്ടം തുറന്നു പറയുകയും ചെയ്തു.

കാഴ്ചയില്‍കൃശഗാത്രന്‍. നീട്ടി കുറുക്കിയ പ്രസംഗ ശൈലി. രൂപത്തിലും ഭാവത്തിലും സംഭാഷണത്തിലും ഒറ്റ നോട്ടത്തില്‍ആകര്‍ഷണീയമായി ഒന്നുമില്ല. എന്നിട്ടും ഈ മനുഷ്യന്‍ രാജ്യത്തു ഏറ്റവും ജനപ്രീതിയുള്ള കമ്മ്യൂണിസ്റ്റ് നേതാവാണ്. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മയും അഴിമതിയുടെ കറ പുരളാത്ത സംശുദ്ധ രാഷ്ട്രീയ ജീവിതവുമാണ് വി.എസ്  അച്യുതാനന്ദന്‍െറ ജനപ്രീതിക്ക് കാരണം. ഇതേ സമയം രാഷ്ട്രീയത്തില്‍പിടിച്ചു നില്‍ക്കാന്‍ അവശ്യം വേണ്ട വെട്ടും തടയുമൊക്കെ അദ്ദഹേം അഭ്യസിച്ചിട്ടുമുണ്ട്. 1980 മുതല്‍92 വരെ സംസ്ഥാന സെക്രട്ടറി പദത്തിലിരുന്നു സി പി എമ്മിനെ നയിച്ച  വി.എസ് വിഭാഗീയത രൂക്ഷമാകുന്നതിനു മുമ്പ് പാര്‍ട്ടിയില്‍അവസാന വാക്കായിരുന്നു. വെട്ടിനിരത്തല്‍സമര കാലത്ത് വെറുക്കപ്പെട്ട സഖാവായി പൊതുസമൂഹത്തില്‍ചിത്രീകരിക്കപ്പെട്ട വി.എസ്  പിന്നീട് ജനഹൃദയങ്ങളില്‍സ്ഥിര പ്രതിഷ്ഠ നേടിയ  നേതാവായി.
ഒളിവുജീവിതം, ജയില്‍വാസം, പൊലിസ് മര്‍ദ്ദനം എന്നിങ്ങനെ പാര്‍ട്ടിക്ക് വേണ്ടി ഒട്ടേറെ ത്യാഗം സഹിച്ച നേതാവാണ് വി.എസ്. അതിനുള്ള മുന്തിയ പരിഗണന പാര്‍ട്ടി അദ്ദഹത്തേിന് നല്‍കിയിട്ടുമുണ്ട്. 1967 മുതല്‍ 2011 വരെ ആറു തവണ അദ്ദഹേത്തെ നിയമസഭയിലേക്ക് അയച്ചു. മൂന്നു തവണ പ്രതിപക്ഷ നേതാവായി. ഒരു തവണ മുഖ്യമന്ത്രിയും. 1996ൽ മാരാരിക്കുളത്തെ വി.എസിൻെറ തോൽവിയാണ് സി.പി.എമ്മില്‍ ഇന്നും പൂര്‍ണമായി അണയാതെ കിടക്കുന്ന വിഭാഗീയതക്ക് വഴിമരുന്നിട്ടത്. പാടത്തെ വെട്ടിനിരത്തല്‍പിന്നീടു പാര്‍ട്ടിയില്‍ നടപ്പാക്കിയതും അതിന്‍െറ തുടര്‍ച്ച ആയിട്ടായിരുന്നു.

92ാം വയസ്സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക ഒരു പക്ഷേ ഇന്ത്യന്‍ പാര്‍ലമെണ്ടറി ചരിത്രത്തില്‍റിക്കാര്‍ഡ് ആയേക്കാം. വി  എസിന് മാത്രം കഴിയുന്ന ഒന്നാണത്. വി എസും പിണറായി വിജയനും മത്സരിക്കുന്നു എന്നത് സി.പി.എം അണികളെ ആവേശം കൊള്ളിക്കുമെങ്കിലും പാര്‍ട്ടി നേതൃത്വത്തിന് അതൊരു വെല്ലുവിളിയാണ്. ഇരുവരും മത്സരിച്ചു ജയിക്കുകയും ഭരണം കിട്ടുകയും ചെയ്താല്‍മുഖ്യമന്ത്രി ആരാണെന്നത് തര്‍ക്ക വിഷയമാകും. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനു മുമ്പ് എല്ലാത്തിനും വ്യക്തത വേണമെന്ന് വി.എസ്  യെച്ചൂരിയോട് ആവശ്യപ്പെട്ടു എന്ന  വാര്‍ത്ത വിശ്വസിക്കാമെങ്കില്‍ വി.എസ്  പാര്‍ട്ടിയുമായി വില പേശുന്നു എന്ന് വേണം കരുതാന്‍. വി.എസ്  മത്സരിക്കാതെ മാറി നിന്നാല്‍അതൊരു വിവാദ വിഷയം ആയി മാറുകയും സി പി എമ്മിന് ഭരണം ലഭിക്കുന്നതിനു പ്രതിബന്ധം ആവുകയും ചെയ്യം. പന്ത് തന്‍െറ കൈയില്‍ ആണെങ്കിലും ഈ സന്ദിഗ്ധ ഘട്ടത്തില്‍ ഗോളടിക്കാന്‍ വി.എസ്  ശ്രമിച്ചാല്‍ അത് അദ്ദേഹത്തിന്‍െറ പ്രതിശ്ചായക്ക് മങ്ങല്‍ ഏല്‍പ്പിക്കുകയാണ് ചെയ്യുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT