എണ്ണ ലോക രാഷ്ട്രീയത്തിന്‍റെ തന്നെ ഭൂപടം മാറ്റി വരച്ച ദശകങ്ങളാണ് കടന്നു പോയത്. ഒന്നര നൂറ്റാണ്ട് മുമ്പ് മാത്രമാണ് ഭൂമിക്കടിയില്‍ എണ്ണയുടെ നിക്ഷേപം കണ്ടത്തെിയത്. എന്നാല്‍ മൂന്നു ലക്ഷം വര്‍ഷമാണ് ഫോസിലുകളില്‍ നിന്ന് എണ്ണ രൂപം കൊള്ളുന്നതിന് വേണ്ട കാലയളവ്. ലക്ഷക്കണക്കിന് വര്‍ഷം എടുത്ത് ഭൂമിയില്‍ അടിഞ്ഞൂറിയ എണ്ണയുടെ പാതി ശേഖരവും കേവലം ഒന്നര നൂറ്റാണ്ടു കൊണ്ട് മനുഷ്യന്‍ ഉപയോഗിച്ചു തീര്‍ത്തിരിക്കുന്നു !! അഥവാ ഉപയോഗിച്ചു തീര്‍ത്ത അത്രയും എണ്ണ ഇനി ഉണ്ടാവണമെങ്കില്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എടുക്കുമെന്ന് സാരം. സാമ്പത്തിക വിശാരദര്‍ ‘പീക്ക് ഓയില്‍’ പ്രതിഭാസം എന്ന് വിശേഷിപ്പിക്കുന്ന ഈ ഘട്ടത്തില്‍ പരമാവധി എണ്ണയാണ് ഊറ്റിക്കൊണ്ടിരിക്കുന്നത്.
മുതലാളിത്തത്തിലധിഷ്ഠിതമായി ഉരുവം കൊണ്ട വ്യാവസായിക ലോകത്തിന്‍റെ ആര്‍ത്തിയും അനിയന്ത്രിതമായ ഉപഭോഗവും എണ്ണയെ പ്രകൃതിയുടെ സൂക്ഷിച്ചുപയോഗിക്കേണ്ട കനി എന്നതില്‍ കവിഞ്ഞ് വാഹനങ്ങളിലും മറ്റും കത്തിച്ചു തീര്‍ക്കാനുള്ള ഇന്ധനം എന്നതിലേക്ക് മാത്രം ചുരുക്കിക്കളഞ്ഞു. എണ്ണയുടെ പവറിലും പത്രാസിലും തിളങ്ങുന്ന രാജ്യങ്ങള്‍ പിറവി കൊണ്ടു. അവിടെ ചൂഷകരും ചൂഷിതരും എന്ന രണ്ട് വര്‍ഗ രാഷ്ട്രങ്ങളെ പുതിയ കാലം സംഭാവന ചെയ്തു. എണ്ണയുടെ മേലുള്ള ആധിപത്യത്തിനു വേണ്ടി യുദ്ധങ്ങളും കലാപങ്ങളും സൃഷ്ടിക്കപ്പെട്ടു. ഒരു ഭൂഖണ്ഡത്തിലെ തന്നെ എണ്ണയാല്‍ സമൃദ്ധമായ സിംഹ ദേശങ്ങളും (മറ്റു പല കാരണങ്ങളും പറഞ്ഞ്) ചവിട്ടിയരയ്ക്കപ്പെട്ടു.
എണ്ണയാല്‍ കൈവരിച്ച അമിത വേഗതയുടെ പാരമ്യതയില്‍ ആണ് ഇന്ന് മനുഷ്യലോകം. സെക്കന്‍റുകളെയും മിനിട്ടുകളെയും മണിക്കൂറുകളെയും കീഴടക്കി ചക്രത്തിലൂടെയും അല്ലാതെയും അവന്‍ കുതിച്ചുകൊണ്ടിരിക്കുന്നു. കയ്യും കണക്കുമില്ലാതെ വാഹനങ്ങള്‍ നിരത്തുകളിലൂടെ ചീറിപ്പായുന്നു. എണ്ണയില്ലാതാവുകയും പകരം ഇന്ധനങ്ങളോ സാങ്കേതിക സംവിധാനങ്ങളോ കണ്ടു പിടിക്കാതെ വരികയും ചെയ്താലുള്ള അവസ്ഥ എങ്ങനെയായിരിക്കും എന്നാലോചിച്ചിട്ടുണ്ടോ? വേഗത്തിന്‍റെ ഉത്തുംഗതയില്‍ നിന്ന് താഴോട്ട് ഒരു കുതിപ്പായിരിക്കും പിന്നീട് സംഭവിക്കുക. എണ്ണയിതര ഊര്‍ജ്ജത്തിന്‍റെ ഉറവിടങ്ങളെയും സാധ്യതകളെയും കുറിച്ചുള്ള അന്വേഷണങ്ങളും പരീക്ഷണങ്ങളും വൈകിയിട്ടാണെങ്കിലും ആരംഭിച്ചിരിക്കുന്നു എന്നത് നേരു തന്നെ. എങ്കില്‍ പോലും പ്രകൃതി പഥങ്ങളില്‍ നിന്നും ഏറെ അകലങ്ങളിലേക്ക് തെന്നിപ്പോയ ആധുനിക മനുഷ്യന്, കാലത്തിന്‍റെ ആ വീഴ്ച പഴയ കാളവണ്ടി യുഗത്തിലേക്കല്ളെങ്കില്‍ കൂടി അത് ഏല്‍പിക്കുന്ന ആഘാതം അത്ര നിസാരമായിരിക്കില്ല.
എണ്ണ ആയുധമായി മാറിയത് എങ്ങനെ?
അമേരിക്കന്‍ സാമ്യാജ്യത്വത്തിന്‍റെ ഉദയവും വളര്‍ച്ചയും അധിനിവേശങ്ങളുമാണ് പോയ നൂറ്റാണ്ടിലെ ലോക രാഷ്ട്രീയത്തിന്‍്റെ മര്‍മ ബിന്ദു. എണ്ണയൂറ്റിക്കൊണ്ടായിരുന്നു ആ സാമ്രാജ്യത്വ വികാസത്തിന്‍്റെ ഓരോ ചുവടും. 1900കളുടെ ആദ്യകാലത്ത് അമേരിക്ക ദിനംപ്രതി 90 ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിച്ചപ്പോള്‍ റഷ്യയുടെ ഉല്‍പാദനം 120 ലക്ഷം ബാരല്‍ എണ്ണ ആയിരുന്നു. അത് അങ്ങനെ തുടരാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ അമേരിക്കയേക്കാളും വലിയ സാമ്പത്തിക ശക്തിയായി റഷ്യ മാറിയിട്ടുണ്ടാവുമായിരുന്നു. ദാരിദ്ര്യവും അരക്ഷിതാവസ്ഥയും നിലനിന്നിരുന്നതാണ് റഷ്യന്‍ വിപ്ളവത്തിലേക്ക് നയിച്ചത് എന്നത് കെട്ടുകഥയാണെന്നും എണ്ണയുടെയും ബാങ്കിംങ്ങിന്‍റെയും കുത്തക കയ്യടക്കാന്‍ സാര്‍ ചക്രവര്‍ത്തിമാരെ ഭരണത്തില്‍ നിന്ന് ആട്ടിപ്പായിക്കുന്നതിന് ബോള്‍ഷെവിക് വിപ്ളവത്തിന് അമേരിക്ക സാമ്പത്തിക സഹായം നല്‍കിയെന്നും ചരിത്രത്തിന് ഒരു മറു വായനയുണ്ട്. അമേരിക്കന്‍ എണ്ണയുല്‍പാദക ഭീമനായ റോക്കഫെല്ലര്‍ ആയിരുന്നു ഇതിന്‍റെ പിന്നിലെന്നും റോക്കഫെല്ലറിന്‍റെ സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ റഷ്യന്‍ വിപ്ളവകാരികള്‍ക്ക് സാമ്പത്തിക സഹായത്തിനു പുറമെ വിപ്ളവത്തിനുള്ള സൈനിക പരിശീലനവും നല്‍കിയതായും പറയുന്നു.
എണ്ണയുടെ ആധിപത്യത്തിനുവേണ്ടി എന്തു കളികള്‍ക്കും അക്കാലത്ത് അമേരിക്ക ഒരുക്കമായിരുന്നു. 1934ല്‍ ജര്‍മനിയുടെ എണ്ണ ഉല്‍പാദനം മൂന്ന് ലക്ഷം ടണ്‍ സ്വാഭാവിക പെ¤്രടാളിയം ഉല്‍പന്നങ്ങളും എട്ടു ലക്ഷം ടണ്‍ കൃത്രിമ ഗാസൊലിനും ആയിരുന്നു. ന്യൂജേഴ്സിയിലെ സ്റ്റാന്‍റേര്‍ഡ് ഓയില്‍ കമ്പനി, കല്‍ക്കരിയില്‍ നിന്നും കൃത്രിമ ഗാസൊലില്‍ നിര്‍മിക്കുന്നതിനുള്ള ഹൈ¥്രഡാജനൈസേഷന്‍ സാങ്കേതികവിദ്യ ബെര്‍ലിനിലെ ഐ ജി ഫാര്‍ബന്‍ എന്ന കമ്പനിക്കു കൈമാറിയ ശേഷം ജര്‍മ്മനിയുടെ ഉല്‍പാദനം 65ലക്ഷം ടണ്‍ ആയി ഉയര്‍ന്നു. അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ കെമിക്കല്‍ കമ്പനിയായിരുന്നു ഐ.ജി ഫാര്‍ബന്‍. നാസി ചാരവൃത്തിയുടെ കേന്ദ്രവും കൂടിയായിരുന്നു അത്. അമേരിക്കന്‍ ബിസിനസ് ഭീമന്‍മാര്‍ അവര്‍ക്ക് നേട്ടമുള്ളിടത്തെല്ലാം നാസിസത്തെ സഹായിച്ചു എന്നതിന്‍റെ ഉദാഹരണമാണ് ഇത്.
വ്യാവസായിക ലോകത്തിന്‍റെ കുതിപ്പിനൊപ്പം എണ്ണയുടെ ആവശ്യകത ദിനംപ്രതി വര്‍ധിച്ചു. അതിനനുസരിച്ച് ഡോളറിന്‍റെ ആവശ്യകതയും. അമേരിക്കന്‍ സാമാജ്യത്വം അതിന്‍റെ തനി രൂപം പുറത്തെടുത്ത നാളുകള്‍ ആയിരുന്നു അത്. 2000-ാം ആണ്ടില്‍ സദ്ദാം ഹുസൈന്‍ എണ്ണയുടെ വില യൂറോയില്‍ നിശ്ചയിക്കാന്‍ തീരുമാനമെടുത്തതോടെ, ഇറാനും യൂറോയോട് ചായ്വ് കാട്ടിത്തുടങ്ങിയതോടെ വലിയൊരു അപകടം ആസന്നമായെന്ന് അമേരിക്കക്ക് മനസ്സിലായി. മനുഷ്യാവകാശ സംരക്ഷണമോ ആറ്റം ബോംബോ ഒന്നുമായിരുന്നില്ല അവിടെ പ്രശ്നം. ഡോളറിന്‍റെ സംരക്ഷണം മാത്രം ആയിരുന്നു. അതായത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ സംരക്ഷണം. ഇതോടൊപ്പം രാജ്യത്തെ എണ്ണക്കമ്പനികളെ ദേശസാല്‍ക്കരിക്കാനുള്ള സദ്ദാമിന്‍റെ നീക്കവും കൂടി ആയപ്പോള്‍ അവര്‍ ഇറാഖിനു മേല്‍ ആക്രമണമഴിച്ചുവിട്ടു. മറ്റു രാഷ്ട്രങ്ങള്‍ക്കുള്ള താക്കീതു കൂടിയായിരുന്നു അത്.
ഇറാന്‍ ഗവണ്‍മെന്‍റ് എണ്ണയുടെ വില യൂറോ അടിസ്ഥാനമാക്കുമെന്നത്, അവരുടെ കയ്യിലെ ന്യൂക്ളിയര്‍ ആയുധം എന്ന മട്ടില്‍ വ്യാഖ്യാനിക്കപ്പെട്ടു. അത് സദ്ദാം ചെലുത്തിയതിനേക്കാളും യു.എസിനുമേല്‍ ഭീതിയുളവാക്കി. റഷ്യ, ചൈന, ജപ്പാന്‍ എല്ലാം യൂറോ അടിസ്ഥാന വാണിജ്യത്തിലേക്കുള്ള ചുവട് മാറ്റം നടത്തുമോ എന്ന സംശയവും ബലപ്പെട്ടു. ഇതേഭയം മറ്റുള്ള അറബ് രാഷ്ട്രങ്ങളുടെ കാര്യത്തിലും അവര്‍ പുലര്‍ത്തി. അതുകൊണ്ട്തന്നെ പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഇടപെടലിന്‍റെ അടിസ്ഥാന കാരണം എണ്ണക്കുമേലുള്ള കണ്ണായി മാറി.
സാമ്പത്തിക വിദഗ്ധനായ ക്രാസിമിര്‍ പെട്രോവിന്‍റെ വാക്കുകള്‍ ഇതിന് കൂടുതല്‍ സാധുത നല്‍കുന്നു - ‘‘ഇറാനിലെ എണ്ണയുല്‍പാദനം അഭിവൃദ്ധി പ്രാപിക്കുകയാണെങ്കില്‍ അമേരിക്കന്‍ സാമ്രാജ്യം തകര്‍ന്നുവെന്നു വരാം. വാള്‍സ്ട്രീറ്റില്‍ പണം നിക്ഷേപിച്ചാല്‍ ഏതൊരു മനുഷ്യനും ശരീരമനങ്ങാതെ ധനികനാകാം എന്നത് തികച്ചും തെറ്റിദ്ധാരണയാണ്. ഡോളറിന്‍റെ മൂല്യം ദിനംപ്രതി കുറഞ്ഞു വരുന്നു. പ്രമുഖ രാഷ്ട്രങ്ങളില്‍ യൂറോയിലേക്കു മാറിയാല്‍ ഡോളര്‍ തകരുക തന്നെ ചെയ്യും. നികുതി ഈടാക്കുന്നതിനുള്ള സാമ്രാജ്യത്വത്തിന്‍റെ ശക്തി അതിന്‍റെ സമ്പദ് വ്യവസ്ഥയെയും സൈനിക ശക്തിയെയും ആശ്രയിച്ചിരിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വം ശക്തി പ്രാപിക്കണമെങ്കില്‍ ലോക രാഷ്ട്രങ്ങളെ കൊണ്ട് അധികം ഡോളര്‍ അമേരിക്കക്ക് പുറത്തു സൂക്ഷിക്കുന്നതിന് നിര്‍ബന്ധമാക്കണം. അതിനുള്ള സാമ്പത്തിക കാരണമായി അവര്‍ എണ്ണയെ മാറ്റി. എണ്ണ വ്യാപാരത്തിന് അടിസ്ഥാന നാണയമായി ഡോളര്‍ ഉപയോഗിക്കുന്നതിന് വേണ്ടി OPEC സ്ഥാപിക്കുന്നതിന് അമേരിക്ക സഹായിച്ചു. ഡോളറിന്‍റെ നിലനില്‍പിന് ,അമേരിക്ക ലോകത്തെ മുഴുവന്‍ അതിന്‍റെ കീഴില്‍ നിര്‍ത്തുന്നതിന് നിര്‍ബന്ധിതമായി. എണ്ണ ഉദ്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളില്‍ നിന്നും എണ്ണ വാങ്ങുന്നതിനു വേണ്ടി വിദേശ രാഷ്ട്രങ്ങള്‍ ഡോളര്‍ കൈവശം സൂക്ഷിക്കേണ്ടതായി വന്നു.’’ ഡോളറിനെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി അമേരിക്ക കളികള്‍ ഊര്‍ജ്ജിതമാക്കിയപ്പോള്‍ ഇപ്പുറത്ത് എണ്ണയുടെ ‘അക്ഷയയഖനികള്‍’ വറ്റിത്തുടങ്ങുകയായിരുന്നു.
തകരുന്ന ഗള്‍ഫ്...
ലോക എണ്ണ വിപണിക്ക് വന്‍ തിരിച്ചടിയേകി 2014 മുതല്‍ ക്രൂഡോയില്‍ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അമിതോല്‍പാദനവും അമിത വിതരണവും ആഗോള വിപണിയിലെ വിലത്തകര്‍ച്ചക്ക് ആക്കം കൂട്ടി. ഇതുവരെയായി 70 ശതമാനം വിലയിടിവ് സംഭവിച്ചുകഴിഞ്ഞു. 2014ല്‍ ബാരലിന് 100 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 30ഡോളറില്‍ എത്തി നില്‍ക്കുന്നു. എണ്ണയുല്‍പാദകര്‍ ഒന്നും തന്നെ നിലവിലെ വിലയില്‍ സംതൃപ്തരല്ല. ദീര്‍ഘ കാലത്തേക്ക് ഇത് അവരെ ദോഷകരമായി ബാധിക്കുമെന്നതിനാലാണത്. എന്നിട്ടും ആഗോള വിപണിയിലെ കടുത്ത സമ്മര്‍ദ്ദം മൂലം ‘ഒപക്’ രാജ്യങ്ങള്‍ എണ്ണ കൂടുതലായി ഉല്‍പാദിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ എണ്ണ വിലത്തകര്‍ച്ച അതിന്‍റെ നെല്ലിപ്പടി കണ്ടിട്ടും ഉല്‍പാദനം കുറച്ച് വില സ്ഥിരത കൈവരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഉല്‍പാദനത്തിലെ വേലിയേറ്റത്തിനിടയില്‍ അത് കുറച്ച് വിപണിക്കു വഴങ്ങാന്‍ ഒപക് രാജ്യങ്ങള്‍ കൂട്ടാക്കുന്നില്ളെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. മൂന്നു കോടി ബാരല്‍ എണ്ണയാണ് ഒപക് രാജ്യങ്ങള്‍ എല്ലാം കൂടി ചേര്‍ന്ന് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നത്.
എണ്ണയുടെ പകിട്ടില്‍ തിളങ്ങി നില്‍ക്കുന്ന സമ്പദ് വ്യവസ്ഥയിലധിഷ്ഠിതമായ അറബ് രാജ്യങ്ങളുടെ നില ഇതോടെ പരുങ്ങലിലായിരിക്കുകയാണ്. ബഹ്റൈന്‍,ഖത്തര്‍,യു.എ.ഇ,സൗദി അറേബ്യ,ഒമാന്‍,കുവൈത്ത് രാജ്യങ്ങള്‍ കൂടിച്ചേര്‍ന്നുള്ള ഗള്‍ഫ് കോപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് 2020ത്തോടെ ഈ രാജ്യങ്ങളുടെ പൊതു കടം ഇരട്ടിയായി വര്‍ധിക്കുമെന്നും ആസ്തി മൂന്നില്‍ ഒന്നായി ചുരുങ്ങുമെന്നുമാണ്. ഇതോടെ ഇവര്‍ ധനക്കമ്മിയെ അഭിമുഖീകരിക്കും. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക തകര്‍ച്ച ആരംഭിച്ചു കഴിഞ്ഞു എന്ന് കാണിക്കുന്നതാണ് കുവൈത്ത് ഫിനാന്‍ഷ്യല്‍ സെന്‍റര്‍ കഴിഞ്ഞ മാസം പുറത്തുവിട്ട റിപോര്‍ട്ടും. 2012ല്‍ ജി.സി.സി രാജ്യങ്ങള്‍ക്ക് 220 ബില്യണ്‍ ഡോളര്‍ മിച്ചമുണ്ടായിരുന്നിടത്ത് 2016ഓടെ 159 ബില്യണ്‍ ഡോളര്‍ കമ്മിയായി മാറുമെന്ന് ഇത് പറയുന്നു.
എണ്ണവിലത്തകര്‍ച്ചയുടെ സാമൂഹ്യ പ്രത്യാഘാതങ്ങളില്‍ ആദ്യത്തേത് കണ്‍മുന്നില്‍ വന്നുകഴിഞ്ഞു. ഒമാനാണ് ഇതു സംബന്ധിച്ച കടുത്ത നടപടികള്‍ ആരംഭിച്ചത്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നായ ഒമാന്‍ കര്‍ശനമായ സാമ്പത്തിക അച്ചടക്ക നടപടികള്‍ ആണ് കൈകൊള്ളുന്നത്. 50 ശതമാനത്തിലധികം സര്‍ക്കാര്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് അലവന്‍സ്, ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള കാര്‍ ഇന്‍ഷുറന്‍സ് അലവന്‍സ്, വായ്പകള്‍, ബോണസ്, റമദാന്‍, ഈദ് വേളകളില്‍ ലഭിക്കുന്ന ഇന്‍സെന്‍റിവുകള്‍ തുടങ്ങിയവ ഇനിയുണ്ടാവില്ല. ജീവനക്കാരുടെ മക്കളുടെ സ്കൂള്‍ ഫീസുകള്‍, മൊബൈല്‍, ഫോണ്‍ ബില്ലുകള്‍, ജീവനക്കാരുടെയും കുടുംബങ്ങളുടെയും വാര്‍ഷിക മെഡിക്കല്‍ പരിശോധനകള്‍, സീനിയര്‍ മാനേജര്‍മാര്‍ക്ക് നല്‍കുന്ന സ്വകാര്യ വാഹനങ്ങള്‍, ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വാര്‍ഷിക ടിക്കറ്റുകള്‍, വീട്ടുവേലക്കാരികളുടെ അലവന്‍സ്, വീട്ടുവാടക, ഫര്‍ണിച്ചര്‍ അലവന്‍സ്, കമ്പനിയുടെ സി.ഇ.ഒ മാര്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നീ ആനുകൂല്യങ്ങളും താല്‍ക്കാലികമായി പിന്‍വലിക്കും.
സ്വകാര്യ കമ്പനികളിലും ശക്തമായ സാമ്പത്തിക അച്ചടക്കം നടപ്പാക്കുന്നുണ്ട് ഒമാന്‍. വിവിധ കമ്പനികളില്‍ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചുകഴിഞ്ഞു. ജീവനക്കാരെ പിരിച്ചുവിടല്‍, ശമ്പളം വെട്ടിക്കുറക്കല്‍, ദീര്‍ഘകാല അവധി നല്‍കല്‍ തുടങ്ങിയവയും കമ്പനികള്‍ നടപ്പാക്കുന്നുണ്ട്. വിദേശികളടക്കം പലര്‍ക്കും പിരിച്ചു വിടല്‍ നോട്ടീസ് ലഭിച്ചു. ഒമാനില്‍ തുടങ്ങിയ അച്ചടക്ക നടപടികള്‍ മറ്റു അറബ് രാജ്യങ്ങളിലേക്കും വരും നാളുകളില്‍ പടരും. ഗള്‍ഫ് നാടുകള്‍ ഉപജീവനം തേടുന്നവര്‍ക്ക് അധിക നാള്‍ അവിടെ പിടിച്ചു നില്‍ക്കാനാവില്ളെന്നത് തിരിച്ചറിഞ്ഞ് സ്വന്തം ദേശങ്ങളിലെ ഭരണകൂടങ്ങള്‍ അവര്‍ക്ക് വേണ്ടി എന്തു ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും ഇനിയുള്ള കാര്യങ്ങള്‍.
എണ്ണവില സ്ഥിരതക്ക് പരിശ്രമിക്കുമെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇനിയും ഊറ്റാനുള്ള എണ്ണ ഭൂമിക്കടിയില്‍ ഉണ്ടോ എന്ന ചോദ്യമാണ് പരമമായത്. 15 വര്‍ഷത്തേക്കുള്ള എണ്ണ ശേഖരം മാത്രമാണ് ഒമാനിന്‍റെയും ബഹ്റൈനിന്‍റെയും കയ്യില്‍ ഇനി ഉള്ളത്. സൗദി, കുവൈത്ത്,ഖത്തര്‍ എന്നിവര്‍ ഈ രാജ്യങ്ങളേക്കാള്‍ മെച്ചമാണെങ്കിലും അധികമായ ഉല്‍പാദനത്തിനോ വിപണനത്തിനോ ഉള്ള ശേഖരം ഇവരുടെയും പക്കല്‍ ഇല്ല.
ഇറാന്‍റെ കടന്നു വരവ്
ഈ ഘട്ടത്തിലാണ് എണ്ണയുല്‍പാദന രംഗത്തേക്ക് ഇറാന്‍ കടന്നു വരുന്നത്. യൂറോപ്യന്‍ യൂണിയന്‍റെ പതിറ്റാണ്ടുകള്‍ നീണ്ട ഉപരോധം നീങ്ങിയതിനെ തുടര്‍ന്നാണ് അവര്‍ ഈ മേഖലയിലേക്ക് വീണ്ടും ഇറങ്ങിയത്. ഉപരോധകാലത്ത് ഇറാന്‍ അതിന്‍റെ എണ്ണ ശേഖരത്തില്‍ കൈവെച്ചില്ളെന്ന് മാത്രമല്ല, അവര്‍ മറ്റു പല മേഖലകളിലേക്ക് രാജ്യത്തിന്‍്റെ വ്യവസായത്തെ പറിച്ചു നടുകയും ചെയ്തു. ഉപരോധം കൊണ്ട് ഈ രാജ്യത്തെ മുട്ടുകുത്തിക്കാന്‍ സാധിക്കില്ളെന്ന തിരിച്ചറിവ് തന്നെയാണ് മേഖലയിലെ ഇനിയുള്ള ഏക എണ്ണ സമ്പന്ന രാജ്യമായ ഇറാനുമേലുള്ള ഉപരോധം ഇ.യു പിന്‍വലിച്ചതിന്‍്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇനി വരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത ഗള്‍ഫ് രാജ്യങ്ങളുടെ അത്ര ഇറാനെ ബാധിച്ചേക്കില്ല. മാത്രമല്ല, ആഗോള മാര്‍ക്കറ്റില്‍ എണ്ണ വില ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രശ്നം മേഖലയിലെ എണ്ണയുല്‍പാദകരായ സൗദിയടക്കമുള്ള ഒപെക് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയാറാണെന്ന് ഇറാന്‍ എണ്ണ മന്ത്രി ബൈജാന്‍ സനഗെ പ്രഖ്യാപിക്കുകയും ചെയ്തു. ചര്‍ച്ചക്ക് മാത്രമല്ല, സഹകരണത്തിനും തയ്യാറാണെന്നാണ് ഇറാന്‍റെ നിലപാട്.
പ്രതിദിനം അഞ്ചു ലക്ഷം ബാരല്‍ എണ്ണയുല്‍പാദനത്തിനാണ് ഇറാന്‍ ഒരുങ്ങുന്നത്. റഷ്യ, ഫ്രാന്‍സ്,സ്പെയ്ന്‍ അടക്കമുള്ള വിശാലമായ വിപണിയാണ് അവര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ മേഖലയില്‍ പുതിയ സഹകരണത്തിന്‍റെ വാതിലുകളും തുറന്നുവരുന്നതായി കാണം. ഒമാന്‍ തന്നെയാണ് ഇക്കാര്യത്തില്‍ ആദ്യം മുന്നോട്ടുവന്നത്. സാമ്പത്തിക-വ്യാപാര മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് ഇരു രാജ്യങ്ങളും ധാരണയിലത്തെുകയും ചെയ്തു. ചില രാജ്യങ്ങളുടെ അമിത എണ്ണ ഉല്‍പാദനം രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ളതാണെന്നും കരുത്തുറ്റ രാഷ്ട്രീയ ഇഛാശക്തിയുണ്ടെങ്കില്‍ ഒരാഴ്ചക്കകം എണ്ണ വിലയില്‍ സ്ഥിരത കൈവരിക്കാന്‍ സാധിക്കുമെന്നും ഇറാന്‍ മന്ത്രിയുടെ വാക്കുകള്‍ ഈ സാഹചര്യത്തില്‍ അത്ര നിസ്സാരമായി തള്ളാനാവില്ല. രാജ്യത്തിന്‍െറ പുതിയ രഷ്ട്രീയ കാലാവസ്ഥയില്‍ മേഖലയിലെ എന്നല്ല, ലോക രാഷ്ട്രീയത്തിന്‍റെ തന്നെ ഗതിവിഗതികള്‍ നിയന്ത്രിക്കാന്‍ തക്കവണ്ണം ഇറാന്‍റെ സ്ഥാനം (എണ്ണയിതര ഊര്‍ജ്ജ ഉറവിടങ്ങള്‍ സജീവമാവുന്നതു വരെയെങ്കിലും) മാറിയേക്കും എന്നുള്ളതിന്‍റെ സൂചനകള്‍ കൂടി ആണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.