ഉരുകുന്നു അകവും പുറവും....

കാടും നാടും കൊടും ചൂടില്‍ വരളുകയാണ്. പക്ഷി മൃഗാദികള്‍ പോലും വെള്ളംതേടി തളരുന്ന കാഴ്ച. കടുത്ത ചൂടില്‍ കാടുകള്‍ കത്തുന്നു, കൃഷി നിലങ്ങളും മരങ്ങളും കരിഞ്ഞുണങ്ങുന്നു, നഗരങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നു, സൂര്യാഘാതമേറ്റ് മനുഷ്യരുടെ തൊലി പൊള്ളിയടരുന്നു, കുടങ്ങളുമായി വെള്ളത്തിന് സ്ത്രീകള്‍ പരക്കം പായുന്നു, പകര്‍ച്ച വ്യാധികള്‍ പടരുന്നു, നഗരവും ഗ്രാമവും ഭാവഭേദമില്ലാതെ ഉച്ചനേരങ്ങളില്‍ തിളച്ചുമറിയുന്നു. എത്ര ആഞ്ഞു കറങ്ങിയിട്ടും ചൂടാറ്റാനറിയാത്ത ഫാനിനെ നോക്കി ശപിച്ച് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കകത്ത് പുഴുക്കാനിട്ട അവസ്ഥയില്‍ മനുഷ്യര്‍ നരകിക്കുന്നു.

ജലം ജീവന്‍റെ അടിസ്ഥാന ഘടകമാണെന്ന് കൊച്ചുന്നാള്‍ മുതലേ പഠിക്കുകയും പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. എന്നിട്ടും, നമ്മുടെ നാട് എങ്ങനെയാണ് ഈ അവസ്ഥയില്‍ എത്തിയത്? വര്‍ഷത്തില്‍ ആറു മാസം മഴ ലഭിക്കുന്ന, 44 നദികള്‍ ഉള്ള, നൂറു കണക്കിന് കുളങ്ങളാലും തോടുകളാലും അതിലേറെ കിണറുകളാലും സമൃദ്ധമായ നമ്മുടെ നാട് എങ്ങനെയാണ് ഇത്രമേല്‍ കഠിനമായ ചൂടിലേക്കും വരള്‍ച്ചയിലേക്കും പതിച്ചത്?

കഴിഞ്ഞ ദിവസം തൊട്ടടുത്ത വീട്ടുമുറ്റത്ത് ഒരു കാഴ്ച കണ്ടു. അയല്‍വീട്ടിലെ പത്തു വയസ്സുകാരി ചിരട്ടയില്‍ മുറ്റത്ത് വെള്ളം കൊണ്ട് വെയ്ക്കുന്നു. ദാഹിച്ചു വലഞ്ഞ ഒരു കാക്ക പൈപ്പിന്‍ ചോട്ടില്‍ ഒരിറ്റു നീരിനായി നടത്തിയ ശ്രമം പരാജയപ്പെട്ടത് അവള്‍ കണ്ടിരുന്നു. അതിന്‍റെ പ്രതികരണമായിരുന്നു ആ പെണ്‍കുട്ടിയുടെ നന്മയായി ചിരട്ടയില്‍ നിറഞ്ഞു തുളുമ്പിയത്.
ദാഹിച്ചു വലഞ്ഞ മനുഷ്യന് എങ്ങനെയെങ്കിലും വെള്ളം കിട്ടും. കാശുള്ളവന് കുപ്പിവെള്ളവും വാങ്ങാം!! എന്നാല്‍, പക്ഷി മൃഗാദികളുടെ കാര്യമോ? അവക്ക്  യഥേഷ്ടം വെള്ളം ലഭിച്ചുകൊണ്ടിരുന്ന ജലാശയങ്ങള്‍ വരണ്ടുണങ്ങി നെഞ്ചിന്‍കൂടു കാണിക്കാന്‍ തുടങ്ങിയതോടെ ആ മിണ്ടാപ്രാണികളുടെ കാര്യവും കഷ്ടത്തിലായി. സ്വന്തം ദാഹത്തെപോലെ പരിഗണിക്കേണ്ടതാണ്  പരിസരത്തെ ജന്തു ജാലങ്ങളുടെയും കാര്യം എന്ന് നമ്മളാരെങ്കിലും ആലോചിക്കാറുണ്ടോ? അവരുടെ ആവാസ വ്യവസ്ഥയിലേക്ക് കൂടി നമ്മള്‍ അതിക്രമിച്ചു കടന്നതിന്‍റെ ഭവിഷ്യത്താണ് എല്ലാവരും ഒരുപോലെ അനുഭവിക്കുന്നതെന്ന കാര്യം ഓര്‍ത്താല്‍ മതിയാവും അവയോടുള്ള കനിവുണരാന്‍.

ഉള്‍ക്കാടുകളില്‍ പോലും ചൂട് അസഹ്യമാവുകയാണ്. അതിന്‍റെ സൂചനകള്‍ ആണ് വന്യ മൃഗങ്ങള്‍ നാട്ടിലെ മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകള്‍. കണ്‍മുന്നില്‍പെടുന്നവരെ ഈ മൃഗങ്ങള്‍ ആക്രമിച്ചെന്നിരിക്കും. അപ്പോള്‍ ജീവഭയത്താല്‍ അവയെ നരഭോജികള്‍ എന്ന് വിളിച്ച് നിഷ്കരുണം നമ്മള്‍ വെടിവെച്ചിടും. സത്യത്തില്‍ നമ്മുടെ കൈക്കുറ്റത്തിന്‍റെ ബലിമൃഗങ്ങള്‍ ആയി മാറുകയാണ് ഈ ‘വന്യ’ജീവികള്‍. കാടും മഴയും പുഴയും വെള്ളവും ജീവജാലങ്ങളെ മാത്രമല്ല, ജീവനില്ലാത്ത കല്ലിന്‍റെയും പാറകളുടെയും നിലനില്‍പിനുപോലും അത്യന്താപേക്ഷിതമാണ്. എന്നാല്‍, ഇവയെയെല്ലാം ഉള്‍കൊള്ളുന്ന ആവാസ വ്യവസ്ഥ പാടെ തകര്‍ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കാടുകള്‍ വെട്ടി നശിപ്പിച്ച് റിസോര്‍ട്ടുകള്‍ പണിതും പശ്ചിമ ഘട്ടത്തിലെ മലകള്‍ തുരന്ന് തണ്ണീര്‍ത്തടങ്ങളിലും പാറക്കെട്ടുകള്‍ ഇടിച്ചെടുത്ത് കടലിലും കൊണ്ടിട്ട് മുന്നേറുന്ന നമ്മുടെ വികസന ബോധം നല്‍കുന്ന ഏറ്റവും വലിയ തിരിച്ചടി തന്നെയാണ് അസഹ്യമായ ഈ ചൂട്.

ആരോ അടയ്ക്കാതെ പോയ ഒരു ടാപ്പില്‍ നിന്ന് പാഴാവുന്ന വെള്ളത്തില്‍ നിന്ന് അല്‍പം കുടിച്ച് ദാഹം തീര്‍ത്ത് അത് അടച്ചിട്ട് വെള്ളം കാക്കുന്ന ഒരു കുരങ്ങന്‍റെ വിഡിയോ അടുത്തിടെ കണ്ടിരുന്നു. അത്രയും നേരം അതുവഴി കടന്നുപോയ ആര്‍ക്കും തോന്നാത്ത വിവേകവും കരുതലും ആണ് ആ  മൃഗം കാണിച്ചത് !! ജലവിനിയോഗത്തിന്‍റെ കാര്യത്തില്‍ നമ്മുടെ സൂക്ഷ്മതക്കുറവ് ഇങ്ങനെ പലയിടങ്ങളില്‍ കാണാം. കൈയ്യും മുഖവും കഴുകിയാല്‍ പൈപ്പ് നല്ലവണ്ണം പൂട്ടാതെ സ്ഥലം വിടുന്നവരെ എത്രയോ കണ്ടിട്ടുണ്ട്. വീടുകളില്‍ ഒരു കരുതലുമില്ലാതെ വെള്ളം ഉപയോഗിക്കുന്നവരും നിരവധിയുണ്ട്. നമ്മള്‍ പാഴാക്കുകയോ അധികമുപയോഗിക്കുകയോ ചെയ്യുന്ന വെള്ളം ഈ ഭൂമിയിലെ മറ്റാര്‍ക്കോ അവകാശപ്പെട്ടതാണെന്ന ബോധം മക്കളില്‍ ഉണ്ടാക്കാന്‍ മുതിര്‍ന്നവരില്‍ എത്രപേര്‍ മുതിരാറുണ്ട്? നമ്മുടെ പാഠ്യപദ്ധതിയില്‍ നല്ല ജല സംസ്കാരത്തെ കുറിച്ച് പഠിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ ജലത്തിന്‍റെ വിലയും അറിയില്ല. പുഴകളെയും കനാലുകളെയും അഴുക്കുചാലുകള്‍ ആയി കാണുന്നു. പ്ളാസ്റ്റിക് മാലിന്യം വലിച്ചെറിയാനും അഴുക്കുവെള്ളം ഒഴുക്കാനും ഉള്ള ഇടങ്ങള്‍. കേരളത്തിലെ 44 പുഴകളും ആരോഗ്യം നശിച്ച് മരിച്ചു കൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം നമ്മിലെത്രപേര്‍ക്കറിയാം?

ഓരോ പുഴക്കും അതിന്‍റേതായ ആവാസ വ്യവസ്ഥയുണ്ട്. പല പല ആവാസ വ്യവസ്ഥകളെ ബന്ധിപ്പിച്ചുകൊണ്ടാണ് അത് ഒഴുകുന്നത്. പശ്ചിമ ഘട്ടത്തിലെ ചോലപ്പുല്‍മേടുകളില്‍ നിന്ന് ഉല്‍ഭവിച്ച് ഇറങ്ങിവരുന്ന പുഴ ചെറിയ ചെറിയ നീര്‍ച്ചാലുകള്‍ ആയും പിന്നീട് കൈവഴികള്‍ ആയും നീര്‍മറികളിലൂടെയും താഴേക്കു പതിച്ച്, കാടിന്‍െറ ഊര്‍ജം വഹിച്ച് പുഴയോരക്കാടുകളെ തൊട്ട് കൊണ്ട്, കുറെ താഴെ എത്തുമ്പോള്‍ ജീവനുള്ള പാറക്കൂട്ടങ്ങളില്‍ തട്ടിത്തടഞ്ഞും, കുറച്ചുകൂടി താഴെയത്തെുമ്പോള്‍ സമതലങ്ങളിലൂടെയും മണല്‍ തിട്ടകലൂടെയും പരന്ന് ഒഴുകുമ്പോഴാണ് ഒരു പുഴ ആരോഗ്യമുള്ളതാവുന്നത്.

കേരളത്തിലെ 45 ശതമാനം കിണറുകളും വറ്റിക്കൊണ്ടിരിക്കുന്നുവെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ഡാറ്റ കാണിക്കുന്നത്. ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിന്‍റെ സര്‍വെ അനുസരിച്ച് ഭാരതപ്പുഴയുടെ ഇരു തീരത്തും  കിണറുകളിലെ വെള്ളത്തിന്‍െറ നില 56 ശതമാനത്തോളം താഴ്ന്നു കൊണ്ടിരിക്കുന്നു എന്നാണ്. ഇവിടെയുള്ള പുഴകളില്‍ വെള്ളം കുറയുന്നുവെന്ന് മാത്രമല്ല, എല്ലാ പുഴകളിലെയും 26-30 കിലോമീറ്ററോളം വേനല്‍ ആവുമ്പോഴേക്ക് ഉപ്പുവെള്ളം കയറുന്നു. മുകളില്‍ നിന്നും ശുദ്ധജലം താഴെ പുഴകളിലേക്ക് ഒഴുകി എത്തുന്നില്ല എന്നതിന്‍െറ അപകടകരമായ സൂചനയാണിത്. നമുക്ക് പുഴകളെ സംരക്ഷിക്കാന്‍ ഒരു നിയമവുമില്ല. സൗത്ത് ആഫ്രിക്കയില്‍പോലും നേരത്തെ തന്നെ അതുണ്ട്. ആസ്ത്രേലിയയിലും യു.എസിലും ഇപ്പോള്‍ ആയിക്കഴിഞ്ഞു.

ബംഗളൂവില്‍ തടാകങ്ങള്‍ക്ക് തീപിടിക്കുന്ന വാര്‍ത്തകള്‍ തുടരെ നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നു. ഇങ്ങനെ തീപിടിക്കാനുള്ള കാരണമന്വേഷിച്ചപ്പോള്‍ അറിഞ്ഞ വിവരം സത്യത്തില്‍ ആശങ്കയുണര്‍ന്നതാണ്. ഉയരമുള്ള കെട്ടിടങ്ങള്‍ ആണ് ഈ മെട്രോ നഗരത്തിന്‍റെ അഭിമാന സ്തംഭങ്ങള്‍. എന്നാല്‍, ഈ കെട്ടിടങ്ങള്‍ തന്നെയാണ് ഇവിടുത്തെ ജലാശയങ്ങളുടെ അന്തകനാവുന്നത്. കെട്ടിടങ്ങള്‍ വന്നതോടുകൂടി കാറ്റിന് സഞ്ചരിക്കാനുള്ള വഴികള്‍ അടഞ്ഞു. തടാകങ്ങളിലെ വായു ചൂടു പിടിക്കാന്‍ തുടങ്ങി. ജലത്തിനു മീതെ വായുപ്രവാഹം ഉണ്ടാവുമ്പോഴേ ഓക്സിജന്‍ വെള്ളത്തില്‍ കലരൂ. ഇതിലൂടെയാണ് ജലത്തിന്‍റെ ശുദ്ധീകരവും നടക്കുന്നത്. എന്നാല്‍, ബംഗളൂരുവിലെ തടകങ്ങള്‍ക്കു മുകളിലുള്ള വായു ചലനമറ്റു കിടക്കുന്നു. നഗരത്തിന്‍റെ താപനില കുറഞ്ഞ അവസ്ഥയില്‍പോലും തടാകങ്ങള്‍ കത്തുന്നതിലേക്ക് ഇത് നയിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. എങ്കില്‍ ഇതത്ര നിസ്സാര കാര്യമില്ല. ബംഗളൂരുപോലെ കെട്ടിടക്കൊടുമരങ്ങള്‍ ഉയരുന്ന നഗരങ്ങളിലെ ഏതു ജലാശയത്തിനും സംഭവിക്കാവുന്ന കാര്യമാണിത്. വായുവും വെള്ളവും മണ്ണും അശുദ്ധമാവുന്നിടത്ത് ജനങ്ങളുടെ ജീവിതാരോഗ്യവും നശിക്കുന്നു. ഇവ മൂന്നും ശുദ്ധമായിരിക്കുന്നിടത്തേ ഒരു ജനതക്ക് ആരോഗ്യത്തോടെ അധിവസിക്കാനാവൂ എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇവിടുത്തെ രോഗക്കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.  

ജീവജലം മൂന്ന് ദേശങ്ങളില്‍
അനാദിയായ ജല പ്രവാഹങ്ങള്‍ക്കൊപ്പം ഒരുപാട് ജീവിതങ്ങളും സംസ്കാരങ്ങളും ഒഴുകിവരും. അതില്‍ കാടും പുഴയും മഴയും എല്ലാം ഉണ്ടാവും. പ്രവാഹങ്ങള്‍ വറ്റുന്നിടത്ത് അവയെല്ലാം മരിക്കുന്നു. ഏതു കാലത്തിലും ഏതു ദേശത്തിലും മനുഷ്യനെ ആകുലനാക്കുന്ന ഒന്നാണ് ജീവജലം.  ഇതറിയാനായി മൂന്നു ദേശങ്ങളില്‍ മൂന്നു കാലാവസ്ഥകളില്‍ ചിത്രീകരിച്ച മൂന്നു സിനിമകള്‍ നമുക്കെടുത്തുനോക്കാം.
അതില്‍ ആദ്യത്തേത്  മാരിയന്‍ ഹാന്‍സലിന്‍റെ ‘സൗണ്ട്സ് ഓഫ് സാന്‍റ്സ്’ ആണ്. ആഫ്രിക്കയിലെ വരണ്ട കുഗ്രാമത്തില്‍ നിന്ന് തുടങ്ങുന്നു നെഞ്ചുപൊള്ളിക്കുന്ന ഈ കഥ. അവശേഷിക്കുന്ന കുടിവെള്ളം കൂടി വറ്റിക്കൊണ്ടിരിക്കുന്ന ഗ്രാമത്തില്‍ നിന്ന് ജീവന്‍ മുറുകെ പിടിച്ചുകൊണ്ട് പലായനം ചെയ്യുന്ന ഒരു അഞ്ചംഗ കുടുംബം. ആ കുടുംബത്തിനൊപ്പം ഒരു ഒട്ടകവും കുറേയെറെ ആടുകളുമുണ്ട്. അറ്റമില്ലാത്ത മരുഭൂമിയുടെ വന്യത പേടിപ്പെടുത്തുന്നതാണ്. പൊതുവെ വരണ്ട ആഫ്രിക്കന്‍ ദേശത്തുള്ളവര്‍ക്ക് പോലും താങ്ങാനാവാത്ത ഭീതി പടര്‍ത്തുന്ന രംഗങ്ങള്‍. കൂട്ടത്തിലുള്ളവര്‍ തുള്ളിവെള്ളത്തിനായി യാചിച്ച് വഴിയില്‍ പിടഞ്ഞൊടുങ്ങുമ്പോഴും അവരെ തിരിഞ്ഞു പോലും നോക്കാനാവാതെ മരണത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്നവര്‍. ഒരു ഗ്ളാസ് വെള്ളം കുടിക്കാനായി എടുക്കുമ്പോള്‍ പോലും കൈവിറച്ചുപോവുന്ന കാഴ്ചാനുഭവം. ചുട്ടുപൊള്ളുന്ന മണല്‍ക്കാട്ടില്‍ അവര്‍ ഓരോരുത്തരായി വെന്തുവീഴുന്നു. ഒടുവില്‍ ഒട്ടകവും പത്തു വയസ്സുകാരി മകളും അഛനും മാത്രമാണ്  ജീവന്‍റെ അവസാനത്തെ ശേഷിപ്പുമായി അത്യല്‍ഭുതകരമായി മരണത്തില്‍ നിന്ന് പിന്തിരിഞ്ഞു നടക്കുന്നത്.

ഹോളിവുഡിന്‍റെ പ്രിയതാരം ടോം ഹാങ്ക്സ് അവിസ്മരണീയമാക്കിയ ‘കാസ്റ്റ് എവേ’ എന്ന ചിത്രത്തില്‍ സമുദ്രത്തിനു നടുവില്‍ മനുഷ്യനും മൃഗങ്ങളുമൊന്നുമില്ലാത്ത വിജനമായ ദ്വീപില്‍ ഒറ്റപ്പെട്ടുപോവുന്ന ഒരു ആധുനിക മനുഷ്യന്‍റെ ജീവിതമാണ് ചിത്രീകരിച്ചത്. വിമാനം തകര്‍ന്ന് കടലില്‍ പതിച്ച അയാളും ആ കരയില്‍ അടിഞ്ഞപ്പോള്‍ ആദ്യം തേടിയത് ഒരിറ്റുവെള്ളമായിരുന്നു. പെയ്യുന്ന മഴവെള്ളം തങ്ങിനില്‍ക്കുന്ന ഇലയുടെ അറ്റം, അവിടെ നിന്നു കിട്ടിയ നാളികേരം പൊളിച്ച് അതിന്‍റെ ദ്വാരത്തിലേക്ക് ഇറക്കിവെച്ച്  ശേഖരിച്ചാണ് കുടിനീരു തേടുന്നത്. പരന്നു കിടക്കുന്ന പാരാവാരത്തിന്‍്റെ  നടുവില്‍ പോലും കുടിവെള്ളത്തിനായി ഒരു മനുഷ്യന്‍ നടത്തുന്ന പരീക്ഷണം!

ലിയാനാഡോ ഡികാപ്രിയോ ഒസ്കാര്‍ പുരസ്കാരം വാങ്ങിയ ‘ദ റെവനന്‍റി’ലും കാണാം ഹൃദയത്തെ ഉലച്ചു കളയുന്ന സമാന രംഗങ്ങള്‍. കൊടുംമഞ്ഞില്‍ ആണ് ഈ സിനിമ ചിത്രീകരിച്ചത്. ശരീരം മുഴുവന്‍ മുറിവുമായി ഇഴഞ്ഞിഴഞ്ഞ് ഒരു നദിക്കരയില്‍ എത്തി കയ്യിലുള്ള പാത്രത്തില്‍ വെള്ളം ശേഖരിച്ച് കുടിക്കാന്‍ ശ്രമിക്കുമ്പോഴും, മഞ്ഞുമഴ പെയ്യുമ്പോള്‍ നാക്കു നീട്ടി അതില്‍ ഉറ്റിവീഴുന്ന വെള്ളം ഇറക്കുമ്പോഴും ആ കൊടും മഞ്ഞിന്‍്റെ കാഴ്ച കണ്ടിരിക്കുന്ന നമ്മുടെ തൊണ്ടയും വറ്റി വരളും. ഭൂമിയുടെ ഏതു കോണിലാണെങ്കിലും ജലത്തിനുവേണ്ടിയുള്ള  നിസ്സഹാരായ മനുഷ്യന്‍്റെ തേട്ടങ്ങള്‍ ഈ രംഗങ്ങളിലെല്ലാം മുദ്ര കുത്തപ്പെട്ടിരിക്കുന്നു.

പുരസ്കാരം വാങ്ങിക്കൊണ്ട് ലിയാനാഡോ ഡികാപ്രിയോ നടത്തിയ പ്രസംഗം തന്നെയാണ് ഈ ചിത്രം ബാക്കിവെച്ച ഏറ്റവും വലിയ പാഠം. കാലാവസ്ഥാ വ്യതിയാനം ഒരു യാഥാര്‍ത്ഥ്യമാണ്. അത് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു, ആര്‍ത്തിയുടെ രാഷ്ട്രീയത്തില്‍ മുങ്ങിപ്പോയ ശബ്ദങ്ങള്‍ക്കും നമ്മുടെ പുതുതലമുറയ്ക്കും വേണ്ടി പരിഹാരം നീട്ടിവെക്കല്‍ അവസാനിപ്പിക്കണമെന്ന് പ്രേക്ഷകരോട് അപേക്ഷിച്ച അദ്ദേഹം മഞ്ഞു കാണാനായി അര്‍ജന്‍റീനയുടെ അറ്റം വരെ തങ്ങളുടെ സിനിമാ സംഘത്തിനു പോകേണ്ടി വന്നുവെന്ന നടുക്കുന്ന വസ്തുതയും പങ്കുവെച്ചു. 'നമുക്കീ ഭൂമിയെ വിലമതിക്കാം. ഞാന്‍ ഈ രാത്രിയേയും വിലമതിക്കുന്നു' എന്നു പറഞ്ഞുകൊണ്ടാണ് ഡികാപ്രിയോ വാക്കുകള്‍ അവസാനിപ്പിച്ചത്. നമുക്കു കൂടിയുള്ള മുന്നറിയിപ്പും ഓര്‍മപ്പെടുത്തലും കൂടിയാണ് പ്രിയോയുടെ വാക്കുകള്‍.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.