മാലേഗാവ് കേസിന്‍റെ രാഷ്ട്രീയം

ഇന്ത്യന്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആഴ്ന്നിറങ്ങിയ കാഴ്ചപാട് തിരുത്തിയ ഒന്നായിരുന്നു 2008 സെപ്തംബര്‍ 29ലെ മാലേഗാവ് സ്ഫോടന കേസ്. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര എ.ടി.എസ് അന്വേഷിച്ച ഈ കേസിലൂടെയാണ് രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനത്തനങ്ങളില്‍ സംഘ് പരിവാര്‍ സംഘടനകള്‍ക്കുള്ള പങ്ക് വെളിപ്പെടുന്നത്. തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള രാജ്യത്തെ രാഷ്ട്രീയ, സൈനിക, പൊലീസ്, ഇന്‍റലിജന്‍സ് മേഖലകളിലെ ഉന്നതരും സന്യാസിമാരും അടങ്ങിയ വലിയൊരു ശൃംഖലയിലേക്കാണ് അത് വെളിച്ചം വീശിയത്. തുടക്കത്തില്‍ മുസ്ലിം യുവാക്കള്‍ അറസ്റ്റിലായ 2006ലെ മാലേഗാവ് (ആദ്യത്തെ സ്ഫോടനം), 2007 ഫെബ്രുവരിയിലെ സംജോത എക്സ് പ്രസ് ട്രെയിന്‍, മെയിലെ മക്കാ മസ്ജിദ്, ഒക്ടോബറിലെ അജ്മീര്‍ സ്ഫോടനങ്ങള്‍ക്കു പിന്നിലും തീവ്ര ഹിന്ദുത്വ സംഘടനകളാണെന്ന് അതോടെ വ്യക്തമാകുകയും ചെയ്തു. സംഘ് ബന്ധമുള്ള തീവ്ര ഹിന്ദുത്വ സംഘടനകളുടെ സമ്മിശ്രമായിരുന്നു ഈ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെന്ന കണ്ടത്തെലായിരുന്നു അത്.

ആര്‍.എസ്.എസുകാര്‍, എ.ബി.വി.പി, ബി.ജെ.പി, വി.എച്ച്.പി, സവര്‍ക്കറുടെ സഹോദര പുത്രന്‍െറ ഭാര്യയും ഗോപാല്‍ ഗോഡ്സെയുടെ മകളുമായ ഹിമാനി സവര്‍ക്കറുടെ നേതൃത്വത്തിലായിരുന്ന അഭിനവ് ഭാരത്, ഇന്‍ഡോറിലെ ഹിന്ദു ജാഗരണ്‍ മഞ്ച് തുടങ്ങിയവയുടെ കൂട്ടായ്മയാണ് അതെന്നായിരുന്നു എ.ടി.എസിന്‍െറ കണ്ടത്തെല്‍. സന്യാസിനിയും മുന്‍ എ.ബി.വി.പി നേതാവുമായ പ്രജ്ഞാ സിങ് ഠാക്കൂര്‍, സന്യാസി ധയാനന്ദ് പാണ്ഡെ, ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ് എന്നിവരടക്കം 14 പേരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്. രാംചന്ദ്ര കല്‍സങ്കര അടക്കം രണ്ട് പേരെ പിടികിട്ടാപ്പുള്ളികളുമായി പ്രഖ്യാപിച്ചു. സ്ഫോടന കേസുകളിലെ മുഖ്യ ആസൂത്രകനാണെന്ന് സംശയിക്കുന്ന ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി മധ്യപ്രദേശിലെ ദേവാസില്‍ കൊല്ലപ്പെട്ടതായും കണ്ടത്തെുകയുണ്ടായി.

കേസിലെ പ്രതികൾ: ലഫ്. കേണൽ എസ്.കെ പുരോഹിത്, രാകേഷ് ദാവഡെ, റിട്ട. മേജർ രമേശ് ഉപാധ്യായ, പ്രജ്ഞാ സിങ് ടാക്കൂർ, ദയാനന്ദ് പാണ്ഡെ
 


ഹിന്ദു രാഷ്ട്ര ലക്ഷ്യവുമായി രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും അതിന് തടസം നില്‍ക്കുകയും മുസ്ലിം വിരോധത്തില്‍ അയവുവരുത്തുകയും ചെയ്ത ആര്‍.എസ്.എസ് നേതാക്കളെ വരെ വകവരുത്താനും നടന്ന ഗൂഡാലോചനകളുടെ കെട്ടാണ് അഴിഞ്ഞത്. വീഡിയൊ-ഓഡിയൊ ക്ളിപ്പിങുകള്‍, രേഖകള്‍, ടെലിഫോണ്‍ സംഭാഷണങ്ങള്‍, സാക്ഷി മൊഴികള്‍ തുടങ്ങിയവ കണ്ടത്തെുകയും എ.ടി.എസ് ചെയ്തു. അറസ്റ്റിലായവര്‍ക്ക് അപ്പുറത്തേക്ക് അന്വേഷണം നീങ്ങുകയും ഉന്നതരുടെ അറസ്റ്റുകള്‍ക്ക് സാധ്യത തെളിയുകയും ചെയ്യുമ്പോഴാണ് 2008 നവമ്പര്‍ 26ന് പത്ത് പാക് ഭീകരര്‍ മുംബൈ നഗരത്തില്‍ നുഴഞ്ഞു കയറി നരനായാട്ട് നടത്തുന്നതും അതിനിടെ മറ്റ് പൊലീസ്, സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെടുന്നതും.

കര്‍ക്കരെ കൊല്ലപ്പെട്ടതോടെ അദ്ദേഹത്തിന്‍െറ കണ്ടത്തെലുകളെല്ലാം മാഞ്ഞു തുടങ്ങുന്നതാണ് കണ്ടത്. കേസില്‍ പിന്നീട് പുരോഗതിയൊന്നുമുണ്ടായില്ല. 2009ല്‍ പ്രതികള്‍ക്ക് എതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമ (മക്കോക ) പ്രകാരം എ.ടി.എസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതീക്ഷിക്കപ്പെട്ട അനക്കങ്ങളൊന്നുമുണ്ടായില്ല. 2011ലാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മാലേഗാവ് സ്ഫോടന കേസിന്‍െറ അന്വേഷണം ഏറ്റെടുക്കുന്നത്.


കേസ് അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ മക്കോക നിയമം ചുമത്തിയതിന് എതിരെ പ്രതികള്‍ കോടതികളില്‍ നല്‍കിയ ഹരജികളിലും ജാമ്യാപേക്ഷകളിലും ശക്തമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, 2014 ലെ ലോക്സഭാ തെരഞ്ഞെപ്പില്‍ തലസ്ഥാനത്ത് രാഷ്ട്രീയ മാറ്റമുണ്ടായതോടെ എന്‍.ഐ.എ അയയുന്നതാണ് കണ്ടത്. സംഘ് പരിവാറില്‍പ്പെട്ട പ്രതികളോട് കോടതികളില്‍ മൃദു സമീപനം കൈക്കൊള്ളണം എന്ന സന്ദേശവുമായി എന്‍.ഐ.എയുടെ ഉന്നത ഉദ്യോഗസ്ഥന്‍ കേസിലെ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടറായ രോഹിണി സാലിയാനെ നേരില്‍ കണ്ടത് വിവാദമായി. കേന്ദ്ര സര്‍ക്കാറിന്‍െറ സന്ദേശവുമായാണ് ഉദ്യോഗസ്ഥന്‍ തന്നെ കണ്ടതെന്നാണ് രോഹിണി സാലിയാന്‍െറ വെളിപ്പെടുത്തല്‍. ഇതിനു പിന്നാലെ എന്‍.ഐ.എ പ്രതികളെ മക്കോക നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഉപദേശം തേടുന്നതാണ് കണ്ടത്.

പിന്നീട്, കേസില്‍ എ.ടി.എസ് രേഖപ്പെടുത്തിയ പ്രധാന സാക്ഷികളുടെ മൊഴി കാണാതാവുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ യശ്പാല്‍ ഭദന, ഡോ. ആര്‍.പി സിങ് എന്നിവരുടെ സുപ്രധാന മൊഴിയാണ് കാണാതാകുന്നത്. 2008 ജനുവരിയില്‍ ഫരീദാബാദിലും ഏപ്രിലില്‍ ഭോപ്പാലിലും നടന്ന ഗൂഡാലോചനകളെ കുറിച്ചുള്ള മൊഴിയായിരുന്നു ഇവരുടെത്. ഗൂഢാലോചനാ യോഗത്തില്‍ ധയാനന്ദ് പാണ്ഡെ, സ്വാമി അസീമാനന്ദ, പ്രജ്ഞാ സിങ്് ഠാക്കൂര്‍, ശ്രീകാന്ത് പുരോഹിത്, മേജര്‍ രമേശ് ഉപാധ്യായ്, ഹിമാനി സവര്‍ക്കര്‍ എന്നിവര്‍ പങ്കെടുത്തെന്നും മാലേഗാവില്‍ സ്ഫോടനം നടത്തുന്നതടക്കം ചര്‍ച്ച ചെയ്തെന്നുമാണ് സാക്ഷിമൊഴി. മൊഴി കാണാതായതോടെ ഇവരെ ഡല്‍ഹി കോടതിയില്‍ എത്തിച്ച് മൊഴി മാറ്റി രേഖപ്പെടുത്തുകയാണ് എന്‍.ഐ.എ ചെയ്തത്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രോഹിണി സാലിയാൻ
 


ഗൂഡാലോചനാ യോഗത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെന്നായിരുന്നു ഡല്‍ഹി കോടതിയില്‍ വെച്ച് ഇവര്‍ മൊഴി നല്‍കിയത്. ധയാനന്ദ് പാണ്ഡെയെ മുമ്പ് കണ്ടിട്ടില്ളെന്നും എ.ടി.എസിന്‍െറ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മുമ്പ് സാക്ഷി മൊഴി നല്‍കിയതെന്നും അവര്‍ ആരോപിച്ചു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച പ്രജ്ഞാ സിങ് ഠാക്കൂറടക്കം ആറ് പേര്‍ക്കെതിരെ തെളിവില്ളെന്നും പുരോഹിത് അടക്കം ശേഷിക്കുന്നവര്‍ക്കെതിരെ മക്കോക നിയമം ചുമത്താന്‍ വകുപ്പില്ളെന്നും പറഞ്ഞ് എന്‍.ഐ.എ മുംബൈയിലെ പ്രത്യേക കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്‍കുന്നത്.

പ്രഞ്ജയെ കുറ്റമുക്തമാക്കിയ എന്‍.ഐ.എ കുറ്റപത്രം എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെയുടെ വിശ്വാസ്യതയെ ചോദ്യംചെയ്തതാണ് ഏറെ ശ്രദ്ധേയമായത്. 2006ലെ മാലേഗാവ് സ്ഫോടന കേസില്‍ മുമ്പ് അറസ്റ്റിലായ സിമി പ്രവര്‍ത്തകര്‍ക്കെതിരെ തെളിവില്ളെന്ന് വ്യക്തമാക്കി ഒരു മാസം മുമ്പ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എ.ടി.എസിന്‍െറ അന്വേഷണത്തെ കുറിച്ച് മൗനമാണ് എന്‍.ഐ.എ പാലിച്ചത്. കെ.പി രഘുവംശിയുടെ നേതൃത്വത്തിലുള്ള എ.ടി.എസായിരുന്നു ആദ്യ മാലേഗാവ് സ്ഫോടന കേസില്‍ സിമി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത്. എന്നാല്‍, ഈ കേസില്‍ എന്‍.ഐ.എ എ.ടി.എസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത് ഏറെ ശ്രദ്ധേയമായി. സംഘ് പരിവാറിനെതിരെ തെളിവു കണ്ടത്തെുകയും ജനശ്രദ്ധ നേടുകയും ചെയ്ത കര്‍ക്കരെയെ കരിപൂശുന്ന രാഷ്ട്രീയ തന്ത്രമാണ് ഇവിടെ കണ്ടത്.


കര്‍ക്കരെയുടെ കണ്ടത്തെലുകള്‍ മാലേഗാവ്, മക്ക മസ്ജിദ് പോലുള്ള സ്ഫോടനങ്ങളില്‍ ഒതുങ്ങുന്നതായിരുന്നില്ല. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള കൊലപാതകങ്ങളും ഹിന്ദു രാഷ്ട്ര ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ക്ക് ഇസ്രായേലിന്‍െറ സഹായവും ഒക്കെ ഇതിലുണ്ട്. അതുകൊണ്ട് ഹേമന്ത് കര്‍ക്കരെയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തേണ്ടത് അവരുടെ ആവശ്യമാണ്. ശ്രീകാന്ത് പുരോഹിതിന്‍െറ സൈനിക ക്വാട്ടേഴ്സില്‍ നിന്ന് കണ്ടെടുത്ത ആര്‍.ഡി.എക്സ് എ.ടി.എസ് തന്നെ കൊണ്ടുവെച്ചതാണെന്നാണ് എന്‍.ഐ.എയുടെ അവകാശ വാദം. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതിന് അപ്പുറം കര്‍ക്കരെയെന്ന ജനശ്രദ്ധയും സഹതാപവും പിടിച്ചുപ്പറ്റിയ ഉദ്യോഗസ്ഥന്‍െറ വിശ്വാസ്യത തകര്‍ക്കുകയാണ് എന്‍.ഐ.എ ചെയ്തത്. സര്‍ക്കാരിന്‍െറ ചട്ടുകം മാത്രമാണ് അവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.