പത്രപ്രവർത്തന ചരിത്രത്തിലെ ‘അല്‍അമീന്‍’

സ്വാതന്ത്ര്യ സമര പോരാട്ടത്തിന് ഏറെ സംഭാവനകൾ നൽകിയ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ‘അൽഅമീൻ’ പത്രത്തിന് നൂറ്റാണ്ട് തികയുന്നു

‘‘അൽഅമീന്‍ എന്ന നാമധേയത്തില്‍ ഒരു വര്‍ത്തമാനക്കടലാസ്സു നടത്തേണ്ട പ്രധാന ഉദ്ദേശ്യത്തോടുകൂടി ഒരു കമ്പനി രജിസ്റ്റര്‍ ചെയ്ത് അതിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്ന വിവരം പൊതുജനങ്ങള്‍ അറിഞ്ഞിട്ടുണ്ടായിരിക്കുമല്ലോ. ഞങ്ങളുടെ പ്രസ്സും ആപ്പീസും കോര്‍ട്ട് റോഡിലാണ് സ്ഥിതിചെയ്യുന്നത്. ഖിലാഫത്ത്, കോണ്‍ഗ്രസ് സംബന്ധമായ വര്‍ത്തമാനങ്ങള്‍ അറിയുന്നതിനും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനും അല്‍അമീന്‍ പ്രത്യേകം സഹായകമായിത്തീരുന്നതാണ്.

വ്യാഴാഴ്ച പ്രസിദ്ധം ചെയ്യുന്ന അൽഅമീനില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ടായിരിക്കും. രണ്ടു കാര്യങ്ങളെപ്പറ്റിയോ, മുസ്‌ലിംലോക ചരിത്ര സംബന്ധിയായോ, ഹിന്ദു-മുസ്‌ലിം മൈത്രിക്കുതകുന്ന വിഷങ്ങളെക്കുറിച്ചോ ലേഖനങ്ങള്‍ ഉണ്ടാകും’’ -1924 സെപ്റ്റംബര്‍ 16ാം തീയതി മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച അൽഅമീന്‍ കമ്പനിയുടെ പ്രഥമ മാനേജിങ് ഡയറക്ടർ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ പ്രസ്താവനയില്‍നിന്നുള്ള ഭാഗമാണിത്. സാഹിബ്, പത്രത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് പൊതുസമൂഹത്തോട് വ്യക്തമാക്കുകയായിരുന്നു ഈ പ്രസ്താവനയിലൂടെ.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മലബാര്‍ സിംഹം (മലബാര്‍ ഷേര്‍) എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം വലിയൊരു പോരാട്ടത്തിലൂടെയാണ് അൽഅമീന്‍ പത്രം വര്‍ഷങ്ങളോളം നടത്തിക്കൊണ്ടു പോയത്.

സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ക്ക് സഹായകമായ രീതിയില്‍ പ്രവര്‍ത്തിക്കുക, സമൂഹത്തിൽ ശാസ്ത്രീയാവബോധം വളര്‍ത്തുക, പൊതുജനക്ഷേമം വളര്‍ത്തുക, സമുദായത്തില്‍ നിലനിന്നിരുന്ന സ്ത്രീധനമടക്കമുള്ള ദുരാചാരങ്ങള്‍, ആര്‍ഭാടങ്ങള്‍ എന്നിവക്കെതിരെ ബോധവത്കരണ ജിഹ്വയായി മാറുക തുടങ്ങിയ ലക്ഷ്യങ്ങള്‍ തുടക്കത്തില്‍തന്നെ അല്‍അമീന് ഏറെ ശത്രുക്കളെ സൃഷ്ടിച്ചിരുന്നു. കേസുകള്‍, വാറന്റുകള്‍, ജപ്തികള്‍ തുടങ്ങി നിരന്തര ഭീഷണികളെ അവഗണിച്ചാണ് അൽഅമീന്‍ മുന്നോട്ടു കുതിച്ചത്.

നൂറുകൊല്ലം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1924 ഒക്ടോബര്‍ 12നാണ് മഹാകവി വള്ളത്തോളിന്റെ ആശംസയോടെ ആദ്യ പ്രതി പുറത്തിറങ്ങിയത്. അന്ന് നിലവിലുണ്ടായിരുന്ന പത്രങ്ങളെല്ലാം ബ്രിട്ടീഷുകാരുടെ തിരുവായ്ക്ക് എതിര്‍വാ മൂളാന്‍ പേടി ഉള്ളവരായിരുന്നെങ്കില്‍, അൽഅമീന്‍ തീര്‍ത്തും വിപരീതമായിരുന്നു. ആ സമയത്ത് പത്രങ്ങളില്‍ കാണാതിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളും ലഘുലേഖകളുമടക്കം അൽഅമീന്റെ താളുകളില്‍ പ്രത്യക്ഷപ്പെട്ടു.

കോഴിക്കോട്ടെ ഒരു ചെറിയ മുറിയില്‍നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കിലും കേരളമൊട്ടാകെ ഇടിമുഴക്കം സൃഷ്ടിക്കാന്‍ പത്രത്തിന് സാധിച്ചു. ഇ. മൊയ്തു മൗലവി, ടി.കെ. മുഹമ്മദ്, ഹിദായത്ത് എന്ന അഹമ്മദ്, ഇംഗ്ലീഷ് ബിരുദധാരിയായ മുഹമ്മദ് കണ്ണ് സാഹിബ്, വിദ്വാന്‍ ടി.കെ. രാമന്‍ മേനോന്‍ എന്നിവരടങ്ങുന്നതായിരുന്നു പത്രാധിപ സമിതി. ആലപ്പുഴയിൽനിന്നുള്ള വാസുവിനായിരുന്നു മാനേജിങ് ചുമതല. മൊയ്തു മൗലവി തന്റെ അറബി, ഉർദു പാണ്ഡിത്യം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് അൽഅമീൻ കാലത്തായിരുന്നുവെന്നു പറയാം.

തിരക്കിട്ട പൊതുപ്രവര്‍ത്തനവുമായി ഓടിനടന്ന അബ്ദുറഹ്മാന്‍ സാഹിബിനുവേണ്ടി മുഹമ്മദ് കണ്ണ് സാഹിബാണ് ലേഖനങ്ങളും മുഖപ്രസംഗങ്ങളും മറ്റും തയാറാക്കിയിരുന്നത്. സർക്കാർ ജോലി സ്വീകരിക്കാതെ പത്രപ്രവര്‍ത്തന താല്‍പര്യംകൊണ്ട് മാത്രം അൽഅമീനില്‍ എത്തിയ വിദ്വാന്‍ ടി.കെ. രാമന്‍ മേനോൻ പത്രത്തെ ഭാഷാപരമായ തെറ്റുകളിൽനിന്ന് മുക്തമാക്കുകയും പുസ്തക നിരൂപണം, രാഷ്ട്രീയ ചായ്‌വ് ഇല്ലാത്ത കവിതകള്‍ എന്നിവ തയാറാക്കുകയും ചെയ്തു. പത്രവില്‍പനക്കാരെ വരെ കുടുംബത്തിന്റെ ഭാഗമായാണ് അബ്ദുറഹ്മാന്‍ സാഹിബ് കണ്ടിരുന്നത്.

പലരും ശമ്പളംപോലും കൈപ്പറ്റാതെയാണ് പലപ്പോഴും ജോലി ചെയ്തിരുന്നത്. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ലക്കങ്ങളായാണ് പ്രസിദ്ധീകരണമെങ്കിലും 1930 ജൂണ്‍ 25 മുതല്‍ ദിനപത്രമായി. 1930 ആഗസ്റ്റ് 4ന് പത്രം നിരോധിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ 2000 രൂപ പിഴയിട്ടു. ഈ തുക അടക്കാൻ കഴിയാതെ തൽക്കാലം പ്രസിദ്ധീകരണം നിര്‍ത്തിയ പത്രം നവംബര്‍ 20ന് വീണ്ടും തുടങ്ങിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ത്രൈവാരികയാക്കി. പിന്നീട് 1939 മാര്‍ച്ച് 15ന് വീണ്ടും ദിനപത്രംതന്നെയാക്കി. എന്നാല്‍, അതേവര്‍ഷം സെപ്റ്റംബര്‍ 26ന് ഡിഫന്‍സ് ഓഫ് ഇന്ത്യ ഓര്‍ഡിനന്‍സ് പ്രകാരം ഗവണ്‍മെന്റ് പ്രസ് പിടിച്ചെടുത്തതോടെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു.

മലബാര്‍ കലാപം സമൂഹത്തെ ഏറെ സാമ്പത്തികമായി തളര്‍ത്തിയിരുന്ന കാലത്താണ് അൽഅമീന്റെ പിറവിയും യൗവനവും. കോണ്‍ഗ്രസുകാര്‍ക്കിടയില്‍പോലും ജാതിമതഭേദമന്യേ മാതൃഭൂമിക്ക് കിട്ടിയ സ്വീകാര്യത അല്‍അമീന് ലഭിച്ചിരുന്നില്ല. മുസ്‌ലിം സമുദായത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നതിനാൽ കോണ്‍ഗ്രസ് അനുഭാവികളല്ലാത്ത മുസ്‌ലിംകളും പത്രത്തെ തള്ളിക്കളഞ്ഞു. ഹൈന്ദവ സമൂഹത്തിലെ ഒരു വിഭാഗം മറ്റൊരു നിലക്ക് അവഗണിച്ചു. തിരുവിതാംകൂർ- കൊച്ചി വാസികൾക്കിടയിലാകട്ടെ മലബാറി പത്രം എന്ന ലേബലായിരുന്നു. കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് എന്ന നിലക്ക് സമൂഹത്തിലുണ്ടായിരുന്ന സ്വാധീനം പത്രത്തിനുവേണ്ടി ഉപയോഗപ്പെടുത്താന്‍ ആദര്‍ശവാദിയായ അബ്ദുറഹ്മാന്‍ സാഹിബ് തയാറായതുമില്ല.

ഇടക്ക് പത്രത്തിന്റെ ഓഹരി എടുക്കാനായി പല ഹിന്ദു-മുസ്‍ലിം പ്രമാണിമാരെയും അദ്ദേഹം സമീപിച്ചിരുന്നെങ്കിലും പലരും തയാറായില്ല. എന്നാല്‍, സാഹിബിനെ അത്രമേൽ ഇഷ്ടപ്പെട്ട ബേപ്പൂര്‍ വലിയകത്ത് മൊയ്തീന്‍കുട്ടി ഹാജി, പി.എം. അബ്ദുല്ലക്കോയ, എച്ച്. മഞ്ചുനാഥ് റാവു, എ. ബാലഗോപാല്‍, കോഴിപ്പുറത്ത് അപ്പു മേനോന്‍, ഒറ്റയില്‍ ആലിക്കോയ ഹാജി തുടങ്ങിയവർ അല്‍അമീന്റെ പ്രയാണത്തില്‍ കൈത്താങ്ങായി നിന്നു. എന്തിനധികം, ഗവണ്‍മെന്റ് എതിരാകുമെന്നറിഞ്ഞിട്ടും ചില മുന്‍സിഫുമാര്‍ പരസ്യം പോലും അൽഅമീന് നല്‍കിയിരുന്നു.

കേരളത്തെപ്പോലെത്തന്നെ ലക്ഷദ്വീപിനെയും പ്രാധാന്യത്തോടെ കണ്ടിരുന്ന ഒരു പത്രമായിരുന്നു അൽഅമീന്‍. ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥ അഴിമതികൾ പത്രം പുറത്തുകൊണ്ടു വരുകയും അഴിമതിക്കാർ പിന്നീട് ഗവണ്‍മെന്റിന്റെ ശിക്ഷാനടപടികള്‍ക്ക് വിധേയരാവുകയും ചെയ്തു. ഇങ്ങനെ വഴിതെറ്റി സഞ്ചരിക്കുന്ന സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവരുടെയെല്ലാം പേടിപ്പെടുത്തുന്ന പേരായി മാറി അൽഅമീന്‍.

1940-45 കാലത്ത് വെല്ലൂര്‍ രാജമുന്ദ്രി ജയിലുകളില്‍ തടവുകാരനായി കഴിയുമ്പോഴും നിന്നുപോയ പത്രത്തിന്റെ പുനഃപ്രസിദ്ധീകരണം എന്നതുതന്നെയായിരുന്നു അബ്ദുറഹ്മാന്‍ സാഹിബിന്റെ പ്രധാന ചിന്താവിഷയങ്ങളിലൊന്ന്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഉടനെ തന്റെ അടുത്ത സഹപ്രവര്‍ത്തകരുമായി സാഹിബ് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന്റെ അകാല വിയോഗത്തോടെ എല്ലാം അസ്തമിച്ചു.

1964ൽ ഇ. മൊയ്തു മൗലവിയുടെ മകൻ വി. സുബൈറിന്റെ പത്രാധിപത്യത്തിൽ പുനഃപ്രസിദ്ധീകരണം നടത്തിയെങ്കിലും 1988 ജൂണിൽ അതും നിലച്ചു.

തന്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടെന്നതുപോലെ പത്രത്തിനും സമൂഹത്തിനും ചുറ്റുപാടിലും ചെയ്തുതീര്‍ക്കേണ്ട പല കാര്യങ്ങളുമുണ്ടെന്ന് അബ്ദുറഹ്മാൻ സാഹിബ് വിശ്വസിച്ചിരുന്നു. ശരിയെന്നു തോന്നുന്ന അഭിപ്രായം ആരുടെ മുന്നിലും ലവലേശം ഭയമില്ലാതെ തുറന്നുപറഞ്ഞിരുന്ന അദ്ദേഹം പത്രപ്രവര്‍ത്തകരുടെ തൂലിക ആരുടെ മുന്നിലും അടിയറവ് വെക്കാന്‍ പാടില്ലാത്ത പവിത്രമായ ഉപകരണമാണെന്ന് അൽഅമീനിലൂടെ സമൂഹത്തെ ഓർമിപ്പിച്ചു.

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ സംബന്ധിച്ചിടത്തോളം സർവവിധ പിന്തുണയുമായി വക്കം മൗലവി എന്ന ഒരു പത്ര ഉടമ ഉണ്ടായിരുന്നെങ്കില്‍, പത്രാധിപരുടെയും പത്ര ഉടമയുടെയും വേഷം ഒന്നിച്ചണിയേണ്ടിവന്ന വ്യക്തിയായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. അൽഅമീന്‍ എന്ന പത്രത്തിലൂടെ അദ്ദേഹം മലയാള വൃത്താന്തപത്രപ്രവര്‍ത്തന ലോകത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ച് എത്രത്തോളം നാം അന്വേഷിച്ചുചെന്നു, അത് എത്രത്തോളം വരുംകാലത്തിന് ഉപയോഗപ്പെടുന്ന രീതിയില്‍ അവതരിക്കപ്പെട്ടു എന്നതിന് ഉത്തരം തേടുമ്പോഴാണ് അത്തരം അന്വേഷണങ്ങളുണ്ടായിട്ടില്ലെന്ന സങ്കടകരമായ യാഥാര്‍ഥ്യത്തിലേക്ക് നാം എത്തിച്ചേരുന്നത്.

Tags:    
News Summary - Al Ameen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.