ഏറ്റുമുട്ടൽ നടക്കവേ നസ്റുല്ല ടി.വി ചാനലിലൂടെ, ഇസ്രായേലി സൈനിക ബാർജ് കടലിൽ മുങ്ങാൻ പോവുകയാണെന്ന് പ്രവചിച്ചു. അത് സംഭവിച്ചതോടെ ചെറുത്തുനിൽപിന്റെ ഐക്കണായി മാറി അദ്ദേഹം
അപ്രതീക്ഷിതമായിരുന്നില്ല ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുടെ വധം. ഇസ്രായേലിന്റെ ആ ഭീകര കലാപരിപാടി ഒരു തുടർക്കഥയുടെ കണ്ണി മാത്രമായിരുന്നു. ഓസ് ലോ കരാറിനുമുമ്പ് പി.എൽ.ഒ നേതാക്കളായിരുന്നു ഇസ്രായേൽ ഭീകരഹത്യയുടെ ഇരകൾ. അബൂ ഇയാദ്, കമാൽ നാസിർ, ഗസ്സാൻ കനഫാനി തുടങ്ങി എത്രയോ പി.എൽ.ഒ നേതാക്കളെ ഇസ്രായേൽ ഏജന്റുമാർ വധിച്ചു. അറഫാത്ത് എങ്ങനെയോ രക്ഷപ്പെട്ടതാണെന്നും ‘സ്ലോ പോയ്സൺ’ ഉപയോഗിച്ച് ചതിച്ചു കൊന്നതാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. അതിന് യു.എസ് ഒത്താശയും ലഭിക്കാറുണ്ട്.
ഓസ്ലോ അടിയറവിനുശേഷം ഈ കൊലപാതക പരമ്പര ഹമാസിലേക്കും ഹിസ്ബുല്ലയിലേക്കും തിരിഞ്ഞുവെന്നേയുള്ളൂ. ഹമാസ് സ്ഥാപകൻ അഹ്മദ് യാസീൻ കൊല്ലപ്പെട്ട് ഏറെ കഴിയും മുമ്പേ പിൻഗാമി അബ്ദുൽ അസീസ് റൻതീസിയെയും അവർ വധിച്ചു. ഹുസൈൻ രാജാവ് ഇടപെട്ട് ഇസ്രായേൽതന്നെ നിർബന്ധിതമായി നൽകിയ പ്രതിവിഷം മുഖേനയാണ് ഖാലിദ് മിശ്അൽ രക്ഷപ്പെട്ടത്. ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽവെച്ച് കൊല്ലപ്പെട്ടു. അടുത്ത ഉന്നം സ്വാഭാവികമായും യഹ് യാ സിൻവാറും ഹസൻ നസ്റുല്ലയുമായിരിക്കുമെന്ന് ഊഹിക്കാവുന്നതായിരുന്നു.
ഇസ്രായേലിന്റെ നിതാന്ത ശത്രു
ഇസ്രായേലി തൊണ്ടയെ കാലങ്ങളായി നീറ്റിക്കൊണ്ടിരിക്കുന്ന വലിയൊരു കയ്പായിരുന്നു ഹസൻ നസ്റുല്ല. 2000ാമാണ്ടിൽ ദക്ഷിണ ലബനാനിൽനിന്ന് ഇസ്രായേൽ അധിനിവേശപ്പടയെ തുരത്തിയോടിച്ചത് നസ്റുല്ലയുടെ ഹിസ്ബുല്ല ഭടന്മാരായിരുന്നു. ഗസ്സക്ക് സായുധ പിന്തുണ നൽകിയ ഹസൻ നസ്റുല്ല വിശ്വാസത്തിന്റെയും ധാർമികതയുടെയും പേരിലാണ് ഇസ്രായേലിനെതിരെ പോരിനിറങ്ങിയത്. ഇസ്രായേൽ വധവിജയം ആഘോഷിക്കുന്നതും വെറുതെയല്ല. എന്നാൽ, ചെറുത്തുനിൽപ് അവസാനിക്കാനിടയില്ല എന്നതാണ് ഫലസ്തീന്റെ ഇതഃപര്യന്ത ചരിത്രം. 1992ൽ അബ്ബാസ് മൂസവി ഹിസ്ബുല്ലയുടെ നേതൃത്വം ഏറ്റെടുത്ത് പത്തു മാസങ്ങൾക്കിടയിലാണ് കൊല്ലപ്പെടുന്നത്. 2004ൽ അഹ്മദ് യാസീൻ കൊല്ലപ്പെട്ട് ഒരു മാസത്തിനിടയിൽ റൻസീതിയും വധിക്കപ്പെട്ടു. എന്നാൽ, ഫലസ്തീൻ ചെറുത്തുനിൽപ് പ്രസ്ഥാനം ഒരിക്കലും വന്ധ്യയായിട്ടില്ല. 1995ൽ ഡോ. ഫത്ഹീ ശഖാഖി വധിക്കപ്പെട്ടശേഷം അൽജിഹാദുൽ ഇസ്ലാമിയുടെ സറായൽ ഖുദ്സ് നിശ്ചലമായിട്ടില്ല. ഒളിത്താവളങ്ങൾ മാറിമാറിക്കൊണ്ടായിരുന്നു ഇസ്രായേലിന്റെ കഴുകൻകണ്ണുകളെ നസ്റുല്ല ഇതുവരെ കബളിപ്പിച്ചു കഴിഞ്ഞത്. പൊതുരംഗത്തൊന്നും പ്രത്യക്ഷപ്പെടുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല.
നേതൃപദവിയിൽ
1960 ആഗസ്റ്റിൽ ജനിച്ച ഹസൻ നസ്റുല്ലക്ക് പതിനഞ്ച് വയസ്സായപ്പോൾ കാണുന്നത് ലബ്നാൻ ആഭ്യന്തര യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടുന്നതാണ്. യുവാവായ നസ്റുല്ല ഇറാഖിലെ നജ്റാനിലേക്ക് യാത്രയായി. അവിടെവെച്ചാണ് ഗുരുവായ അബ്ബാസ് മൂസവിയെ കണ്ടുമുട്ടുന്നത്. രണ്ട് വർഷത്തിനുശേഷം ലബനീസ് ശിയാ വിദ്യാർഥികളെ ഇറാഖ് പുറത്താക്കാൻ തീരുമാനിച്ചപ്പോൾ അതിൽ നസ്റുല്ലയും പെട്ടു. ലബനാനിൽ തിരിച്ചെത്തിയ അദ്ദേഹം ശിയാ മിലീഷ്യയായ ‘അമലി’ൽ ചേർന്നു. 1981ൽ ഇറാനിൽ ആയത്തുല്ല ഖുമൈനിയെ സന്ദർശിച്ച് ലബനാനിലെ ഇറാൻ താൽപര്യങ്ങളുടെ മേൽനോട്ട ചുമതല ഏറ്റെടുത്തു. തൊട്ടടുത്ത വർഷം ഫലാഞ്ചിസ്റ്റ് ക്രിസ്ത്യൻ മിലീഷ്യയുടെ സഹകരണത്തോടെ ഇസ്രായേൽ ദക്ഷിണ ഫലസ്തീനിൽ അധിനിവേശം നടത്തിയ ഉടനെ മൂസവി രൂപവത്കരിച്ച സായുധസേനയായ ഹിസ്ബുല്ലയിൽ അദ്ദേഹം ചേർന്നു.
1992ൽ മൂസവി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ 32ാം വയസ്സിൽ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലായി നിയമിതനായി. 2000ത്തിൽ ദക്ഷിണ ലബനാനിൽനിന്ന് ഇസ്രായേലി അധിനിവേശസേനയെ ഒരു സമാധാന സന്ധിയോ ഉപാധികളോ ഇല്ലാതെ കെട്ടുകെട്ടിച്ചതോടെ ഹിസ്ബുല്ല തിളങ്ങി. ശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഹിസ്ബുല്ലയുടെ സീറ്റുകൾ കൂടി. ലബനാനിൽ ഗണ്യമായ ജനസംഖ്യയുള്ള ശിയാക്കൾക്കിടയിൽ ഹിസ്ബുല്ല അവഗണിക്കാൻ കഴിയാത്ത രാഷ്ട്രീയശക്തിയായി. ഇതൊക്കെയാണെങ്കിലും അറബ് വസന്തകാലത്ത് സിറിയയിൽ ബശ്ശാറിന്റെ പിന്നിൽ ശക്തമായി നിലയുറപ്പിച്ചത് വിമർശനങ്ങൾക്കിടയാക്കി. അസദ് ഭരണകൂടം ദുർബലമാകുന്നത് ഇസ്രായേലിനാണ് ഗുണകരമാവുക എന്നായിരുന്നു ഹിസ്ബുല്ലയുടെ ന്യായം.
അചഞ്ചല നിലപാട്
2006ൽ ഇസ്രായേലുമായി ഏറ്റുമുട്ടലിന് ഉദ്യുക്തനായ നസ്റുല്ലയുടെ ഭടന്മാർ ഒരു സൈനികനെ വധിക്കുകയും രണ്ടുപേരെ ബന്ദികളാക്കുകയും ചെയ്തു. 33 ദിവസം നീണ്ട യുദ്ധമായിരുന്നു അനന്തരഫലം. ആയിരക്കണക്കിന് ലബനാനികളുടെ മരണത്തിനിടയാക്കിയ സംഘട്ടനം നടക്കവേ ടി.വി ചാനലിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത നസ്റുല്ല ഇസ്രായേലി സൈനിക ബാർജ് കടലിൽ മുങ്ങാൻ പോവുകയാണെന്ന് പ്രവചിച്ചു. അത് സംഭവിച്ചതോടെ ചെറുത്തുനിൽപിന്റെ ഐക്കണായി മാറി അദ്ദേഹം.
2003ൽ നസ്റുല്ലയെ ഒളിത്താവളത്തിൽവെച്ച് അഭിമുഖം നടത്തിയ യു.എസ് മാധ്യമ പ്രവർത്തകൻ ഡേവിഡ് ഇഗ്നേഷ്യസ് അദ്ദേഹത്തെ ഓർക്കുന്നത് പകരംവെക്കാനാവാത്ത അപൂർവ പോരാട്ട പ്രതീകമായാണ്. 1997ൽ മകൻ ഹാദി കൊല്ലപ്പെട്ടതിനെ വീരചരമമെന്നാണ് ആ അഭിമുഖത്തിൽ നസ്റുല്ല വിശേഷിപ്പിച്ചത്. ‘ഞങ്ങൾ മക്കളെ പാരിസിലും ലണ്ടനിലുമുള്ള യൂനിവേഴ്സിറ്റികളിൽ പഠിക്കാൻ പറഞ്ഞയക്കാറില്ല. ശത്രുവിനെ നേരിടാൻ നാട്ടുകാരോടൊപ്പം പോർമുഖങ്ങളിലേക്കാണ് അയക്കാറ്’- എന്നാണ് അദ്ദേഹം പറഞ്ഞത്. 2023 ഒക്ടോബർ എട്ടുമുതൽ ഗസ്സക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നസ്റുല്ല ഇസ്രായേൽ നഗരങ്ങളിലേക്ക് മിസൈലുകൾ അയച്ച് സയണിസ്റ്റുകളുടെ ഉറക്കം കെടുത്തി.
ഗസ്സയെയും ലബനാനെയും അദ്ദേഹം രണ്ടായിക്കണ്ടില്ല. യു.എസ് പ്രതിനിധി ആമോസ് ഹോക്സ്റ്റയ്നിന്റെ സമാധാന പദ്ധതിക്ക് വഴങ്ങിയിരുന്നുവെങ്കിൽ അദ്ദേഹത്തിന് സ്വന്തം ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് ഡേവിഡ് ഇഗ്നേഷ്യസ് പറയുന്നത്. അതിന് പക്ഷേ, ഹമാസിനെ കൈയൊഴിയണമായിരുന്നു; പൊരുതി ജീവിക്കാനും പൊരുതി മരിക്കാനും പ്രതിജ്ഞയെടുത്ത നസ്റുല്ലക്ക് സാധ്യമല്ലാത്ത ഉപാധി. അതിന് കൊടുത്ത വിലയായി ആ അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.