അഹദ സനറ്റിയുടെ ബുര്‍ഖിനിയും ഫ്രാന്‍സിന്‍റെ മതേതരഭ്രാന്തും

ആ രംഗം നിരാർദ്രവും അശ്ളീലകരവുമായിരുന്നു. കടലോരത്ത് രണ്ടുമക്കളോടൊപ്പം കാറ്റ് കൊള്ളുകയായിരുന്ന സ്ത്രീയുടെ അടുത്തത്തെിയ സായുധരായ നാല് പൊലിസുകാര്‍ അവര്‍ ധരിച്ച മേല്‍ക്കുപ്പായം അഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. ചുറ്റുമിരിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും കണ്‍മുമ്പില്‍വെച്ച് കുപ്പായം അഴിച്ചുമാറ്റിയ സ്ത്രീ ചകിതയായി,  മക്കളുടെ കൈപിടിച്ച് നടന്നുനീങ്ങാന്‍ ഒരുങ്ങിയപ്പോള്‍ പൊലിസുകാരില്‍ ഒരാള്‍ അവരോട് പിഴ ആവശ്യപ്പെടുകയാണ്.  സമീപത്ത് എല്ലാം കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്ന ആള്‍ക്കൂട്ടം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു;  ‘വീട്ടിലേക്ക് പോ; ഫ്രാന്‍സ് കത്തോലിക്കരുടെ രാജ്യമാണ്; ഇവിടെ നിങ്ങളെ പോലുള്ളവരെ ആവശ്യമില്ല.’ പൊലിസ് അഴിച്ചുമാറ്റിയ കുപ്പായം നെഞ്ചോട് ചേര്‍ത്തുവെച്ച് മക്കളെയും കൂട്ടി സ്ത്രീ ഖിന്നയായി  നടന്നകലുന്നു. ഫ്രാന്‍സിലെ നീസിലാണ് ഈ സംഭവം അരങ്ങേറിയത്.  കാന്‍ ബീച്ചിലും  (അതെ, രാഷ്ട്രാന്തരീയ ഫിലിം ഫെസ്റ്റിവലിനു പേരുകേട്ട നഗരം)  സമാനമായ പൊലിസ് വേട്ടയും സ്ത്രീ അവഹേളനവും നടന്നതിന്‍റെ റിപ്പോര്‍ട്ട് പിറ്റേന്ന് പുറത്ത് വന്നു.  

അഹദ സനറ്റി ബുർഖിനി ധരിടച്ച സ്ത്രീയോടൊപ്പം
 

ബുർഖിനി എന്ന സ്വിംസ്യൂട്ടിനോടുള്ള വിരോധം മൂത്ത് രാജ്യത്തെ 15നഗരസഭകള്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ അത് നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു പൊലിസ്. ഒന്നുകില്‍ പിഴ, അല്ലെങ്കില്‍ പിഴയും അവഹേളനവും. ആധുനിക ലോകത്തെ ‘സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും’ പഠിപ്പിച്ച, ഫ്രഞ്ച് വിപ്ളവത്തിന്‍റെ യാഗശാലയിലാണ് ഒരു വേഷത്തിന്‍റെ പേരില്‍ പീഡനങ്ങള്‍ നടക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നാം. പക്ഷേ, നാഗരികതയെ കുറിച്ചുള്ള നമ്മുടെ സകല സങ്കല്‍പങ്ങളെയും അട്ടിമറിച്ച് കൊണ്ട്, ഒരു സ്പോര്‍ട്സ് വസ്ത്രത്തിന്‍റെ പേരില്‍ സാംസ്കാരിക ഭ്രാന്ത് പടര്‍ത്തുകയാണ് അധികാരികളും രാഷ്ട്രീയനേതാക്കളും. ഒടുവില്‍ നീതിപീഠത്തിനു ഇടപെടേണ്ടിവന്നു, നിങ്ങള്‍ ചെയ്യുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് വിധിയെഴുതാന്‍. ആ വിധിയെ യു.എന്‍ സെക്രട്ടറി ജനറല്‍ അകമഴിഞ്ഞ് അഭിനന്ദിച്ചു. കാരണം, ബുര്‍ഖിനി അത്രമാത്രം ആഗോളശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്.

2004തൊട്ട്  ബുർഖിനി നീന്തല്‍വസ്ത്രമായി സ്ത്രീകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ആ സംജ്ഞ സമീപകാലത്താണ് ആഗോളമീഡിയക്ക് സുപരിചിതമായത്. യാഥാസ്ഥിതിക മുസ്ലിം വേഷമായ ബുര്‍ഖയും പാശ്ചാത്യ സ്വിംസ്യൂട്ടായ ബിക്നിയും സംയോജിച്ചുണ്ടായ ഒരു വസ്ത്രമായാണ് വ്യാഖ്യാനിക്കപ്പെടുന്നതെങ്കിലും ഇതിന്‍റെ  ഉപജ്ഞാതാവായ അഹദ സനറ്റിയില്‍നിന്ന് കഥ മുഴുവനും കേള്‍ക്കുമ്പോള്‍ കൂടുതല്‍ വ്യക്തത കൈവരും. രണ്ടാം വയസ്സില്‍ ആസ്ട്രേലിയയില്‍ കുടിയേറിയ ലബനാന്‍കാരിയാണിവര്‍. തന്‍റെ സഹോദരി പുത്രി പരമ്പരാഗത ഹിജാബ് ധരിച്ച് , പ്രയാസപ്പെട്ട് നെറ്റ്ബോള്‍ കളിക്കുന്നത് കണ്ട് അവര്‍ക്ക് തൃപ്തികരമായ ഒരു സ്പോര്‍ട്സ് വെയറിന് രൂപകല്‍പന നല്‍കാന്‍ പരീക്ഷണത്തിലേര്‍പ്പെടുകയായിരുന്നു ആ ഫാഷന്‍ ഡിസൈനര്‍. ആസ്ട്രേലിയന്‍ ലൈഫ്സൈറ്റലിനോട് ഇണങ്ങുന്നതാവണമെന്നായിരുന്നു നിര്‍ബന്ധം. അതേസമയം, കായികവിനോദങ്ങളില്‍നിന്ന് വേഷത്തിന്‍റെ പേരില്‍ മാറിനില്‍ക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പ്രയോജനപ്പെടണമെന്നും ആഗ്രഹിച്ചു. 2007ല്‍ സിഡ്നി ബീച്ചിലുണ്ടായ വംശീയകലാപത്തിനു ശേഷം Surf Lifesaving Australia എന്ന സന്നദ്ധസംഘടന കൂടുതല്‍ സൗകര്യപ്രദമായ വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത് കൂടുതല്‍ പ്രചോദനമായി. ചുവപ്പ്, മഞ്ഞ വര്‍ണങ്ങളില്‍ തലയും ഉടലും കൈകാലുകളും മറക്കുന്ന, മുഖം തുറന്നിടുകയും ഫാഷന്‍ തോന്നിപ്പിക്കുകയും ചെയ്യുന്ന,  സ്പോര്‍ട്സ് ഡ്രസ് പുറത്തിറക്കിയപ്പോള്‍ അതുവരെ കളിക്കളത്തിൽ നിന്നും സ്വിമ്മിങ് പൂളില്‍നിന്നും മാറിനിന്ന സ്ത്രീകളെ ഹഠാദാകര്‍ഷിച്ചു. ഈ വേഷം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമാണ് നല്‍കിയത്; അത് പിടിച്ചുവാങ്ങുകയല്ല ചെയ്തത്. -അഹ്ദ സനറ്റി തറപ്പിച്ചുപറയുന്നു.

അത്രമാത്രം സ്വീകാര്യത ലഭിച്ചതോടെ ഇവരുടെ ബ്രാന്‍ഡ് ആഗോളവിപണിയില്‍ കത്തിക്കയറി. റിയോ ഒളിമ്പിക്സില്‍ വരെ എത്തി ബുർഖിനി. ബ്രിട്ടന്‍, അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളില്‍നിന്നൊന്നും ഒരെതിര്‍പ്പും ഉയര്‍ന്നില്ല എന്നല്ല, ചര്‍മരോഗം പിടിപെട്ടവരും ബിക്നി ധരിക്കാന്‍ ഇഷ്ടപ്പെടാത്തവരും മതമോ വംശമോ നോക്കാതെ പുതിയ ഈ വേഷം സ്വീകരിക്കാന്‍ മുന്നോട്ട് വന്നു. വിവാദം കൊടുമ്പിരിക്കൊണ്ടതോടെ, അഹദക്ക് പറയാനുള്ളത് ഇത്രമാത്രം: ‘The burkini does not symbolise Islam, it symbolises leisure and happiness and fitness and fun and health’. പക്ഷേ, അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ മതേതരഭ്രാന്ത് (അതോ മതഭ്രാന്തോ? ) പിടിപെട്ട രാഷ്ട്രീയക്കാര്‍ തയാറായില്ല. വലിയൊരു സാംസ്കാരിക പ്രശ്നമായും രാഷ്ട്രീയസമസ്യയായും വളര്‍ത്തിക്കൊണ്ടുവരാന്‍ ചിലര്‍ ഒരുമ്പെട്ടപ്പോള്‍ ഫ്രാന്‍സിലേക്ക് ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും തിരിഞ്ഞു എന്നല്ല, ഇത്ര കപടമാണോ ലോകം കൊണ്ടാടുന്ന ഫ്രഞ്ച് മതനിരപേക്ഷമൂല്യങ്ങള്‍ എന്ന് ചിലര്‍ക്കെങ്കിലും ചോദിക്കേണ്ടിവന്നു.

സ്ത്രീ മോചനത്തിന്‍റെ പുതിയ കാവലാളുകള്‍
 ബുര്‍ഖിനി ഫ്രഞ്ച് മൂല്യങ്ങള്‍ക്ക് എതിരാണെന്നാണ് പ്രധാനമന്ത്രി മാന്വല്‍ വാള്‍സ് തുറന്നടിച്ചത്. ‘ഫാഷന്‍ ട്രെന്‍ഡിനോട് ഇണങ്ങുന്ന പുതിയൊരു സ്വിംസ്യൂട്ട് അല്ല ബുര്‍ഖിനി. സ്ത്രീയുടെ അടിമത്വത്തില്‍ അധിഷ്ഠിതമായ എതിര്‍സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള രാഷ്ട്രീയ പദ്ധതിയുടെ പരാവര്‍ത്തനമാണ്.’ നോക്കണം ചിന്തയുടെ പോക്ക്! കാന്‍ മേയര്‍ ഡാവിഡ് ലിസ്നാഡിന്‍റെ ചിന്ത പോയത് മറ്റൊരു വഴിക്കാണ്: ‘ബുര്‍ഖിനി തീവ്രവാദ ഇസ്ലാമിന്‍റെ യൂനിഫോമാണ്. യഥാര്‍ഥ ഇസ്ലാമിന്‍റേതല്ല. ’മുന്‍ പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസി ബുര്‍ഖിനിയില്‍ വായിച്ചെടുക്കുന്നത് ‘പ്രകോപനമാണ്’. തീവ്രഇസ്ലാമിനെ അത് പിന്തുണക്കുന്നുണ്ടത്രെ. ന്യൂനപക്ഷങ്ങളും കുടിയേറ്റക്കാരും ഫ്രഞ്ച് സ്വത്വത്തിനു ഭീഷണി ഉയര്‍ത്തുന്നുവെന്ന മുന്നറിയിപ്പ് നല്‍കിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു സര്‍ക്കോസി തുടക്കം കുറിച്ചിരിക്കുന്നത്. കാന്‍ നഗരസഭ ഡെപ്യൂട്ടി മേയര്‍ റൂഡി സാലസ് ബി.ബി.സിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്, ബുര്‍ഖിനി നിരോധം സ്ത്രീകളുടെ സ്വാതന്ത്ര്യം കാത്തുസുക്ഷിക്കാനാണെന്നാണ്. ഫ്രഞ്ച് സമൂഹവുമായുള്ള ഉദ്ഗ്രഥനം സാധ്യമാക്കാന്‍ ഇത്തരം വിലക്കുകള്‍ അനിവാര്യമാണത്രെ. ബുര്‍ഖിനി പൊതുഇടങ്ങളില്‍ സുരക്ഷാപ്രശ്നം ഉയര്‍ത്തുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭകള്‍ വിലക്കേര്‍പ്പെടുത്തിയത്. സ്ത്രീ ശരീരം മറക്കുമ്പോള്‍ എങ്ങനെയാണ് ക്രമസമാധാനം തകരുന്നതെന്ന് വിശദീകരിക്കപ്പെട്ടില്ല.

‘സെക്കുലറിസം, ലിബര്‍ട്ടി എന്നിത്യാദി സംജ്ഞകള്‍ കൊണ്ട് എന്താണ് ഇവര്‍ വിവക്ഷിക്കുന്നത്? സ്ത്രീക്ക് അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആര് വകവെച്ച് നല്‍കും? ശരീരം മുഴുവന്‍ തുറന്നിടുമ്പോള്‍ അത് സെക്കുലറിസം. അത് മറക്കാന്‍ ശ്രമിക്കുമ്പോഴേക്കും ടെററിസം! മേല്‍ക്കുപ്പായമിട്ട് ബീച്ചില്‍ കാറ്റുകൊള്ളാനിരിക്കുന്ന മങ്കമാരെ ആയുധം കാട്ടി പേടിപ്പിക്കുന്നതും പിഴ ഈടാക്കുന്നതും സ്വാതന്ത്ര്യത്തിന്‍റെ ഉദാത്ത മാര്‍ഗം! വസ്ത്രത്തെ മുന്നില്‍നിര്‍ത്തി ദേശീയമൂല്യങ്ങളെ നിര്‍വചിക്കുന്ന യുക്തരഹിതമായ ഈ കാഴ്ചപ്പാടിനെതിരെ ലോകത്താകമാനം പ്രതിഷേധം അലയടിക്കുന്നുണ്ട് എന്നതാണ് ഈ വിവാദത്തിലെ ക്രിയാത്കമവശം.

ഫ്രാന്‍സില്‍ ജനിച്ചുവളര്‍ന്ന പുതു തലമുറയിലെ പെണ്‍കുട്ടികള്‍ ഹിജാബിന്‍െറയും നിക്കാബിന്‍റെയും മഫ്തയുടെയും സ്കാഫിന്‍റെയും രാഷ്ട്രീയം സൂക്ഷ്മമായ സംവാദത്തിനു വിധേയമാക്കുകയും  ചില സത്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ആര്‍ജവം കാട്ടുകയും ചെയ്യുന്നുണ്ട് എന്നതാണ് ബുര്‍ഖിനികാലത്തെ നല്ല കാഴ്ചകളിലൊന്ന് ‘സെക്കുലറിസത്തിന്‍റെ മറക്കുപിന്നില്‍ ഫ്രാന്‍സ് ഒളിക്കുകയാണ്. കാരണം, ഇസ്ലാം ഇവിടെ പുതിയൊരു മതമാണ്. അത് അവരെ പേടിപ്പെടുത്തുന്നു. ഞാനൊരു ഫ്രഞ്ച്പൗരയാണ്. ഫ്രാന്‍സിലാണ് ജനിച്ചത്. എന്നാല്‍, ഒരുഫ്രഞ്ചുകാരിയാവാന്‍ എന്താണ് മാനദണ്ഡം? കത്തോലിക്ക വിശ്വാസമാണോ? ഞങ്ങള്‍ മുസ്ലിം ആവുന്നതോടെ ഈ രാജ്യത്തിന്‍റെ പൗരന്മാര്‍ അല്ലാതാകുമോ?  ’ ലൈല എന്ന കോളജ് വിദ്യാര്‍ഥിനി ‘ദി ഇകണോമിസ്റ്റ്’ വാരികയുമായുള്ള അഭിമുഖത്തില്‍ ചോദിക്കുന്നു. ഫ്രഞ്ച് മതേതതരത്വത്തിന്‍െറ മുഖമുദ്ര  അസഹിഷ്ണുതയാണെന്ന് വരുന്നത് എന്തുമാത്രം ലജ്ജാവഹമാണ്.

ഫ്രാന്‍സില്‍ അഞ്ച്ദശലക്ഷത്തോളം കുടിയേറ്റക്കാര്‍ വന്നുചേര്‍ന്നത് പഴയ കോളനിയായ അള്‍ജീരിയയില്‍നിന്നാണ്. കോളനിവാഴ്ചക്കാലത്ത് അധിനിവേശത്തെ ന്യായീകരിക്കാന്‍ തങ്ങളുടെ ‘നാഗരിക ദൗത്യത്തെ’ ( mission civilisatrice) കുറിച്ച് അധിനിവേശകര്‍ വാചാലമാവാറുണ്ട്. അള്‍ജീരിയയില്‍ ഇസ്ലാമിന്‍റെ അടിച്ചമര്‍ത്തലില്‍നിന്ന് സ്ത്രീകളെ തങ്ങള്‍ എങ്ങനെ മോചിപ്പിച്ചു എന്ന് ലോകത്തിന് കാട്ടിക്കൊടുത്തത് സ്ത്രീശരീരം എത്ര കണ്ട് അനാവൃതമാക്കാന്‍ കഴിഞ്ഞു എന്ന അളവുകോല്‍ വെച്ചാണ്. സ്ത്രീശരീരത്തിന്മേല്‍ ആധിപത്യം നിലനിര്‍ത്താനും ഉപഭോഗവസ്തുവില്‍നിന്ന് സ്ത്രീ സ്വന്തം സ്വത്വം തേടുന്നത് തടയാനും ഉപാധികള്‍ കണ്ടത്തെിയ മുതലാളിത്ത ക്രമത്തിലേക്ക് മതാധിപത്യത്തിന്‍റെ അംശം കൂടി കടത്തിവിടുമ്പോഴാണ് ബുര്‍ഖിനി ശരീരം മറക്കുന്ന വസ്ത്രങ്ങളില്‍ തീവ്രവാദവും രാജ്യഭീഷണിയും ദര്‍ശിക്കുന്നത്. ഇത് സ്ത്രീയെ രക്ഷിക്കാനല്ല. ചൂഷണം ചെയ്യാനാണ്. അവളുടെ മേനിയഴകിന്മേല്‍ കെട്ടിപ്പൊക്കിയ ലാഭകരമായ വിപണിക്ക് കോട്ടം തട്ടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ഇക്കുട്ടര്‍ക്ക് സാധിക്കുന്നില്ല. പക്ഷേ, ഇവര്‍ വിസ്മരിക്കുന്നത് ഒരു വിഭാഗം പൗരന്മാരുടെ മൗലികാവകാശത്തെ കുറിച്ചാണ്. ഇക്കാണുന്ന ഫ്രാന്‍സിനെ കെട്ടിപ്പൊക്കുന്നതില്‍ ചോരയും നീരും വീഴ്ത്തിയ ആഫ്രിക്കന്‍ വംശജരോട് കാണിക്കുന്ന അനീതി അശാന്ത പടര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല.

ഭീകരവാദികളുടെ ചങ്ങാതിമാര്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം ഭീകരവാദ ഭീഷണി നേരിടുന്നത് ഫ്രാന്‍സാണ്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചു. ഭീകരവാദത്തിന്‍റെ അടിവേരുകള്‍ തേടേണ്ടത് സ്ത്രീകളുടെ ശരീരത്തിലല്ല; മറിച്ച് അവര്‍ ജീവിക്കുന്ന ജീവിതപരിസരങ്ങളിലാണ്. കൊടിയ വിവേചനമാണ് അന്യവത്കരണത്തിന്‍റെ ഗതിവേഗം വര്‍ധിപ്പിക്കുന്നത്.  ഇനി മേലുടുപ്പിന്‍റെ പേരിലുള്ള വിവേചനപരമായ പെരുമാറ്റം എത്ര ഭീകരവാദികളെ സൃഷ്ടിക്കുമെന്ന് കണ്ടറിയണം. തങ്ങളുടെ സംസ്കാരത്തെ വ്യവസ്ഥിതി അവജ്ഞയോടെ കാണുന്നുവെന്ന വിചാരഗതിയില്‍ നിന്നാണ് തീവ്രചിന്തകള്‍ മുളച്ചുപൊങ്ങുന്നതും  ഹിംസയുടെ വഴിയെ പോകുന്നതും. ബ്രിട്ടനിലെയും ജര്‍മനിയുടെയും അമേരിക്കയുടെയും സെക്കുലറിസം ഹിജാബിന്‍റെ മൂടുപടം കൊണ്ട് മറക്കപ്പെടുന്നില്ലെങ്കില്‍ എന്തേയ് ഫ്രാന്‍സിനു മാത്രം ഇത്ര ഭീതി? ബുർഖ്നി കാണുമ്പോള്‍ പേപിടിക്കുന്ന ഇവര്‍ മനസ്സിലാക്കേണ്ട ഏഴ് വാസ്തവങ്ങള്‍ ആദം ടെയലര്‍ (ദി വാഷിങ്ടണ്‍ പോസ്റ്റ് ) നിരത്തുന്നതിങ്ങനെ:

1. നിരോധിക്കപ്പെടുന്നത് വരെ ബുര്‍ഖ ഫ്രാന്‍സില്‍ അപൂര്‍വ കാഴ്ചയായിരുന്നു.
2. പിഴ കൊണ്ട് ഒരു വിലക്കും നടപ്പാക്കാനാവില്ല. ഇപ്പോഴും ഫ്രാന്‍സില്‍ നിഖാബ് ധരിച്ച് സ്ത്രീകള്‍ പുറത്തിറങ്ങുന്നു. 2015നു ശേഷം 1546പേര്‍ പിഴ ഒടുക്കി.
3.ഒരാളാണ് പിഴ മുഴുവനും അടച്ചുതീര്‍ത്തത്. മുഖം മറക്കുന്ന വസ്ത്രം ധരിച്ചാല്‍ 150യൂറോ (167യു.എസ് ഡോളര്‍ ) ആണ് ചുമത്തപ്പെടുക. റഷീദ് നക്കാസ് എന്ന വര്‍ത്തകപ്രമാണി 1,165പേരുടെ പിഴ ഒടുക്കി.
4. തങ്ങള്‍ എന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഭരണകൂടമോ രാഷ്ട്രീയമേലാളന്മാരോ അല്ല എന്ന വാദിച്ച് കൂടുതല്‍ സ്ത്രീകള്‍ രംഗത്തുവന്നത് നിരോധത്തിനു ശേഷമാണ്.
5. ബുര്‍ഖിനി ബുര്‍ഖയുടെ നാടായ അഫ്ഗാനില്‍നിന്നല്ല, പരിഷ്കൃത ലോകത്തിന്‍റെ ഭാഗമായ ആസ്ട്രേലിയയില്‍നിന്നാണ് വരുന്നത് 6.ജൂതരും ഹിന്ദുക്കളും ക്രൈസ്തവരും വിവിധ കാരണങ്ങളാല്‍ ബുര്‍ഖിനി ധരിക്കുന്നുണ്ട്. സനെറ്റിയുടെ അവകാശവാദമനുസരിച്ച് 40ശതമാനം ബുര്‍ഖിനി ഉപഭോക്താക്കള്‍ മുസ്ലിമിതര വിഭാഗമാണ്.
7. ജിഹാദിസ്റ്റുകള്‍ ബുര്‍ഖയുടെ മറവില്‍ ധ്രുവീകരണത്തിനു ശ്രമിക്കാറുണ്ട്.

സ്ത്രീവേഷം ചരിത്രത്തിലുടനീളം കലാപം കൂട്ടിയിട്ടുണ്ട്. മാറ് മറക്കാനുള്ള അവകാശത്തിനു വേണ്ടി നാടന്‍മങ്കമാര്‍ പ്രക്ഷോഭമുഖത്ത് തീജ്വാലകളുയര്‍ത്തിയ നാടാണല്ലോ നമ്മുടേത്. പടിഞ്ഞാട്ട് ‘വിപ്ളവം’ നടന്നുനീങ്ങിയത് നേരെ വിപരീതദിശയിലൂടെയായിരുന്നു. മാറ് തുറന്നിടാനുള്ള സ്വാതന്ത്ര്യമാണ് ഉദാത്തമെന്ന് കരുതിയ ഒരു ജനതയുടെ മുന്നില്‍ ബിക്നി എന്ന് വിളിക്കുന്ന നാമമാത്ര വസ്ത്രംല 1950ല്‍ പരീക്ഷിച്ചപ്പോള്‍ 1907ല്‍ റിക്കോര്‍ഡ് ഭേദിച്ച നീന്തല്‍ താരം അന്നറ്റ് കെല്ലര്‍മാന്‍ പറഞ്ഞു, അതൊരു ‘മിസ്റ്റേക്’ ആണെന്ന്. ബുര്‍ഖിനിയോട് സാമ്യമുള്ള ഒരു നീന്തല്‍വേഷവുമായി ബോസ്റ്റണ്‍ തീരത്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ അറസ്റ്റിലായി. അശ്ലീലകരം എന്നായിരുന്നു കമന്‍റ്. പത്തുലക്ഷത്തില്‍ രണ്ടാള്‍ ധരിച്ചെങ്കിലായി എന്നായിരുന്നു ബിക്നിയെ കുറിച്ച് അന്ന് കെല്ലര്‍മാന്‍ പറഞ്ഞത്. വടിവൊത്ത ശരീരം പോലും രണ്ട് കഷ്ണം തുണിയില്‍ വികൃതമായിത്തോന്നുന്നുവെന്നായിരുന്നു അവരുടെ പരാതി. ആ ശീലക്കഷണങ്ങളെ പോപ്പും ആശീര്‍വദിച്ചില്ല. വേഷത്തെ കുറിച്ചുള്ള പേടി പ്രതിപാദിക്കുന്ന നല്ലൊരു പുസ്തകമുണ്ട്: Hooliganism: A History of Respectable Fears (Geoffrey Pearson) . നാളെ ബുര്‍ഖിനിക്കു വേണ്ടി ക്യൂനിന്ന് മടുക്കുമ്പോള്‍ സര്‍ക്കോസിയുടെ പുത്രി ഈ പുസ്തകം വായിച്ചുകൂടായ്കയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.