1.ഡോണൾഡ് ട്രംപ്, ​2.ജോ ബൈഡൻഡ്

യു.എസ് തെരഞ്ഞെടുപ്പ്: ചിത്രം ആവർത്തിക്കുമോ?

അടുത്തകാലത്ത് കണ്ടതിനേക്കാളേറെ ചൂടുള്ള തെരഞ്ഞെടുപ്പാണ് 2024ൽ അമേരിക്കയിൽ വരാനിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇരുപാർട്ടികളിൽനിന്നും പല പേരുകളും കേൾക്കുന്നു. ഡെമോക്രാറ്റ് പാർട്ടിയിൽ വിഭിന്ന അഭിപ്രായങ്ങളാണ് ഉയർന്നുവരുന്നത്. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ സാധ്യതക്ക് പ്രായമാണ് വലിയൊരു വെല്ലുവിളി. യുക്രൈൻ-റഷ്യ യുദ്ധം ബൈഡൻ ഭരണകൂടത്തിന്റെ കഴിവുകേടിന്റെ ഉദാഹരണമായി ഉയർത്തിക്കാണിക്കപ്പെടുന്നു, ഒപ്പം ബൈഡന്റെ മകന് യുക്രൈൻ എണ്ണക്കമ്പനിയുമായുള്ള ഇടപാടുകളും വീണ്ടും കേട്ടുതുടങ്ങുന്നു.

അഫ്‌ഗാനിസ്താനിൽ നിന്നുള്ള സൈനിക പിന്മാറ്റവും ഉദ്ദേശിച്ച ഗുണഫലമല്ല സൃഷ്ടിച്ചത്. എന്നാൽ, ബൈഡൻ അല്ലെങ്കിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ വേറെയാര് എന്ന ചോദ്യം ബാക്കിയാകുന്നു.

ബൈഡനിൽ യു.എസ് ജനത മാത്രമല്ല, മുഴുലോകവും വളരെയേറെ പ്രതീക്ഷകളാണ് വെച്ചുപുലർത്തിയിരുന്നത്. എന്നാൽ, നവ വോട്ടർമാരെ ആകർഷിച്ച വാഗ്ദാനങ്ങളിൽ പ്രധാനമായ വിദ്യാർഥികളുടെ ഫെഡറൽ വിദ്യാഭ്യാസ ലോൺ റദ്ദാക്കുമെന്ന പ്രഖ്യാപനംപോലും നടപ്പാക്കാനായിട്ടില്ല. മാത്രമല്ല, അതിലേക്ക് ചേർക്കപ്പെട്ട നിബന്ധനകൾ വിദ്യാർഥികളുടെ പ്രതീക്ഷകളെ തകിടംമറിക്കുകയും ചെയ്തു. പൊലീസ് സേനക്ക് നൽകുന്ന ഫണ്ട് വലിയ രീതിയിൽ വെട്ടിക്കുറക്കുകയെന്നതിനെ ബൈഡൻ പിന്തുണച്ചെങ്കിലും അധികാരത്തിൽ വന്നശേഷം അതേക്കുറിച്ച് മൗനമാണ്. ന്യൂയോർക്കിലും മറ്റു ചില ഡെമോക്രാറ്റ് സംസ്ഥാനങ്ങളിലും കഞ്ചാവ് നിയമവിധേയമാക്കിയതിലൂടെയും അതുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കുറ്റകൃത്യങ്ങളിൽ പെട്ടവരെ ജയിൽ മോചിതരാക്കിയതിലൂടെയും പല നഗരങ്ങളും ക്രൈം സിറ്റികളായി മാറിയിരിക്കുന്നു. തോക്കുപയോഗിച്ചുള്ള കൂട്ടക്കൊലകൾ വീണ്ടും വീണ്ടും രാജ്യത്തെ നാണംകെടുത്തി. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡോണൾഡ് ട്രംപിന് അനുകൂലാവസ്ഥയാണ്. അടുത്ത ദിവസങ്ങളിൽ അദ്ദേഹം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, രാജ്യത്തെ പൊതുജനവികാരം ട്രംപ് വീണ്ടും മത്സരിക്കുന്നതിന് എതിരാണ്. ജനങ്ങളെ കൂടുതൽ വിഭജിക്കുമെന്നാണ് ചില സർവേകൾ പറയുന്നത്. ട്രംപ് ഉയർത്തിപ്പിടിക്കുന്ന വലതുപക്ഷ അതിദേശീയത വാദം രാജ്യത്ത് വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിക്കുമെന്നത് തീർച്ച. ഭരണഘടനയെയും ജനാധിപത്യ വ്യവസ്ഥിതിയെയും തകിടംമറിക്കുന്ന ഭരണം വീണ്ടും വരാൻ രാഷ്ട്രീയ അടിമകളല്ലാത്ത ജനങ്ങളാരും തന്നെ ആഗ്രഹിക്കില്ല. വൈറ്റ് ഹൗസ് കൈയേറിയ ട്രംപ് അനുകൂല തീവ്രവലതുപക്ഷ സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും നടക്കുകയാണ്. അതിനോടനുബന്ധിച്ച് ട്രംപ് നടത്തിയ പ്രസംഗങ്ങളും തുടർന്നുണ്ടായ തെരഞ്ഞെടുപ്പിലെ തോൽവിയും അത്രയും മോശമായൊരു അവസ്ഥയാണ് സാമൂഹികമായി സൃഷ്ടിച്ചത്. അബോർഷൻ നിയമഭേദഗതിയും തുടർന്നുണ്ടായ പ്രതിഷേധങ്ങളുമെല്ലാം റിപ്പബ്ലിക്കൻ പാർട്ടിയെ ചുഴിയിലേക്കെറിയുന്നുണ്ട്. ഇതിൽനിന്നെല്ലാം കരകയറുക എളുപ്പവുമല്ല. ബൈഡൻ പ്രസിഡന്റ് പദമേറവെ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ പിൻഗാമിയായി പ്രവചിച്ച കമല ഹാരിസന്റെ ജനപ്രീതി അങ്ങേയറ്റം താഴെയാണ്. മുൻ ഫ്ലോറിഡ ഗവർണർ ഡിസാന്റിസ്, ടെക്സാസ് ഗവർണർ ഗ്രെഗ് അബട്ട് എന്നിവരാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ സ്വാധീനമുള്ളവർ, അവരുടെ പേരുകളും വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയിൽ എടുത്തുപറയത്തക്കവിധം ആരുമില്ല എന്നത് ഒരു കുറവുതന്നെയാണ്. ആ കുറവ് മറികടന്നുകൊണ്ട് അവർ പുതിയൊരാളെ കൊണ്ടുവരുമോയെന്നും കണ്ടറിയണം.

സ്വതന്ത്രസ്ഥാനാർഥികളെക്കുറിച്ചും ജനം ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ബൈഡനോ ട്രംപോ, ആര് തുടർന്നാലും എല്ലാം പഴയതുപോലെത്തന്നെയെന്ന് എല്ലാവരും മനസ്സിലാക്കുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രസക്തി ഇപ്പോൾ ഏറെ തെളിയുന്നു. ജനാധിപത്യ സോഷ്യലിസമോ, സോഷ്യലിസ്റ്റ് അനുഭാവമുള്ള സ്വതന്ത്രസ്ഥാനാർഥിയോ മത്സരിക്കുമെങ്കിൽ ജയിക്കാനുള്ള സാധ്യത കൂടുതലാണിപ്പോൾ. അതൊരു വൻ മാറ്റത്തിനും തുടക്കംകുറിക്കും. എന്നാൽ, ഇപ്പോഴുള്ള വ്യവസ്ഥിതിക്ക് അത്തരം മാറ്റത്തെ കടപുഴക്കാനുള്ള ശക്തിയുമുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും ഉണ്ടാകുന്നവിധം നികുതി, ഇൻഷുറൻസ്, ലിംഗനീതി തുടങ്ങിയവയെല്ലാം വരുന്ന തെരഞ്ഞെടുപ്പിലും നമുക്ക് കേൾക്കാം. അതൊരു വഴിപാട് ചർച്ച എന്നതിൽക്കവിഞ്ഞ് മാറ്റങ്ങളൊന്നുമുണ്ടാക്കില്ലെന്ന് മാത്രം.

റിപ്പബ്ലിക്കനോ, ഡെമോക്രാറ്റോ, സ്വതന്ത്ര സ്ഥാനാർഥിയോ ആരുമാകട്ടെ, ഒരു പുതിയ മുഖത്തെ, ജനങ്ങളെ ഒരുമിപ്പിക്കാൻ ശേഷിയുള്ള ഒരു നേതൃത്വത്തെ അമേരിക്കൻ ജനത അങ്ങേയറ്റം ആഗ്രഹിക്കുന്നുണ്ട്. 2024ലെ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യമർഹിക്കുന്നു, അമേരിക്കയെന്ന രാജ്യം മാത്രമല്ല ലോകവും മുമ്പത്തേക്കാളുപരി അതുറ്റുനോക്കുന്നുമുണ്ട്.

Tags:    
News Summary - 2024 US election Does the image repeat itself?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.