രാജ്യത്ത് ആദ്യമായി ഒരു വിമാനത്താവളത്തിൽ കുടുംബശ്രീക്ക് അവസരം ലഭിക്കുന്നത് കോഴിക്കോടാണ്. സ്വാശ്രയ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച ‘അവസർ’ പദ്ധതിക്ക് കീഴിലാണ് കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തിൽ കുടുംബശ്രീ സ്റ്റാൾ തുറന്നത്.
വിദേശത്തേക്ക് പോകുന്നവർക്ക് പ്രാദേശിക ഉൽപന്നങ്ങൾ കൊണ്ടുപോകാനുള്ള അവസരം ഒരുക്കുകയാണ് ഇതിലൂടെ. സ്റ്റാൾ ആരംഭിച്ച സമയത്ത് 5,000 രൂപയായിരുന്നു പ്രതിദിന വരുമാനം. ഇത് പിന്നീട് 10,000, 15,000 രൂപ വരെ ഉയർന്നു. കരിപ്പൂരിൽ റീകാർപറ്റിങ് പ്രവൃത്തി നടക്കുന്നതിനാൽ പകൽ സമയങ്ങളിൽ ഇപ്പോൾ സ്റ്റാൾ പ്രവർത്തിക്കുന്നില്ല. അതിനാൽ വരുമാനത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും സംരംഭം വിജയകരമായി മുന്നോട്ട് പോകുന്നു.
കുടുംബശ്രീയുടെ വിവിധ യൂനിറ്റുകളിൽ ഉൽപാദിപ്പിക്കുന്ന കരകൗശല വസ്തുക്കൾ, ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങൾ, മിനിയേച്ചർ മോഡലുകൾ, ഭക്ഷണ പാക്കറ്റുകൾ, ഖാദി വസ്ത്രങ്ങൾ തുടങ്ങിയവയാണ് ഇവിടെ ലഭിക്കുന്നത്. കുടുംബശ്രീ ജില്ല മിഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തനം. അന്താരാഷ്ട്ര പുറപ്പെടല്‍ ഹാളില്‍ 80 ചതുരശ്ര അടിയിലാണ് സ്റ്റോർ പ്രവർത്തിക്കുന്നത്.
പ്രതിമാസം 12,000 രൂപയാണ് വാടകയായി വിമാനത്താവള അതോറിറ്റിക്ക് നൽകേണ്ടത്. ആറ് മാസത്തേക്കുള്ള വാടകയും ജീവനക്കാരുടെ ശമ്പളവും കുടുംബശ്രീ അനുവദിച്ചിട്ടുണ്ട്. കരകൗശല ഉൽപന്നങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. പാക്കറ്റുകളിൽ തയാറാക്കിയ ഭക്ഷണപദാർഥങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.