രാജീവ്​ ത്യാഗി

രാജീവ് ത്യാഗിയുടെ വിയോഗം: ചാനൽ ചർച്ചകളുടെ സ്വഭാവത്തിന്​ പങ്കില്ലേ?

ബുധനാഴ്ച രാത്രി, ഒരു ടെലിവിഷൻ ചാനലിൽ ചൂടുപിടിച്ച വാഗ്വാദം തുടരുന്നതിനിടെയാണ് സുഹൃത്തും സഹപ്രവർത്തകനുമായ രാജീവ് ത്യാഗിയുടെ അപ്രതീക്ഷിത വിയോഗ സന്ദേശമെത്തുന്നത്. വൈകീട്ട് അഞ്ചു മുതൽ ആറുവരെ ഒരു ദേശീയ ചാനലിൽ ചൂടേറിയ മറ്റൊരു ചർച്ച പൂർത്തിയാക്കിയ ഉടനായിരുന്നു അദ്ദേഹത്തിെൻറ സമയം തെറ്റിയ മടക്കം. മരണസന്ദേശവും അതുകഴിഞ്ഞ് വീട്ടിൽ പ്രാണനറ്റുകിടന്ന അദ്ദേഹത്തിെൻറ ഭൗതിക ശരീരവും എെന്ന വല്ലാതെ ഉലച്ചു.

2013ലാണ് ആദ്യമായി ഞാൻ ത്യാഗി ഭായിയെ കണ്ടുമുട്ടുന്നത്. അന്നുമുതൽ പരസ്പരം പങ്കിട്ടിരുന്നത് സ്നേഹവും ആദരവും മാത്രം. 'വിധി മാറ്റാനാകില്ല'എന്ന് ഇടക്കിടെഅദ്ദേഹം പറയാറുണ്ടായിരുന്നു, ആ വാക്കുകൾ എെൻറ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു. എന്നാലും, ടെലിവിഷൻ ചർച്ചകളുടെ സ്വഭാവവും രൂപവും സംബന്ധിച്ച് ഒരു പുനരാലോചന അനുപേക്ഷ്യമായില്ലേയെന്ന് ബന്ധപ്പെട്ടവരുടെ മനഃസാക്ഷിയെ ഉണർത്തേണ്ടതുണ്ടെന്ന് സുഹൃത്തും സഹപ്രവർത്തകനുമെന്ന നിലക്ക് ആവശ്യമാണെന്ന് തോന്നുന്നു.


ടെലിവിഷൻ ചർച്ചകൾ (മുഴുവനുമല്ലെങ്കിലും) വാർത്തക്കു പകരം കോലാഹലങ്ങളും വസ്തുതകൾക്കു പകരം ഒാരിയിടലും യാഥാർഥ്യങ്ങൾക്കു പകരം അടിതടവുകളുമായെന്ന് വക്താവെന്ന നിലക്കുള്ള എെൻറ ചെറിയ കാലയളവ് േബാധ്യപ്പെടുത്തിയിട്ടുണ്ട്. ചർച്ചക്കു പകരം വാക്കുകൾകൊണ്ട് ചോരപ്പുഴ വീഴ്ത്തുന്നതിലാണ് മത്സരം. ദേശീയ ചാനലുകളിലെ വാർത്താധിഷ്ഠിത സംവാദങ്ങൾ, വിശിഷ്യാ ശ്രോതാക്കളുള്ളവ, വസ്തുതകളെ അരികിൽ നിർത്തി ഉച്ചത്തിലുള്ള ആക്രോശങ്ങളും ബഹളങ്ങളുടെയും വേദികളാണ്. 'വിവരമുള്ള പൗരന്മാരെ' സൃഷ്ടിക്കുന്ന, ലക്ഷ്യം മറന്ന് ഭ്രാന്ത് തിളക്കുന്ന മനസ്സാണ് അപനിർമിച്ചുകൊണ്ടിരിക്കുന്നത്.

ബഹളമയമായ പോരിൽ വാർത്തക്ക് ഇടം പോയിരിക്കുന്നു. പ്രൈം ടൈം ചർച്ചകൾ അവതാരകരുടെ മാത്രമല്ല, വക്താക്കളുടെയും ശ്രോതാക്കളുടെയും മാനസിക നില തെറ്റിക്കുന്നു. മാധ്യമ സ്ഥാപനങ്ങൾ മുതൽ അവതാരകരും വക്താക്കളും കേൾവിക്കാരുമുൾപ്പെടെ എല്ലാവർക്കും ഇൗ തിന്മയിൽ പങ്കുണ്ടെന്ന് ഞാൻ ചിന്തിക്കുന്നു.

മരണം ടെലിവിഷൻ ചർച്ച കഴിഞ്ഞ ഉടൻ. എന്നിട്ടും നാം മിണ്ടാതിരിക്കുന്നോ?

റേറ്റിങ്ങും പരമമായി പരസ്യങ്ങളും മാത്രമാണ് മാധ്യമങ്ങൾ ഇപ്പോൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. കൂടുതൽ പേർ കാഴ്ചക്കാരായുണ്ടെങ്കിൽ റേറ്റിങ് ഉയരും. റേറ്റിങ് കൂടുന്തോറും പരസ്യവും വർധിക്കും. ഒരേ കാണികളെ വളഞ്ഞിട്ടുപിടിക്കാൻ മത്സരിച്ചുകൊണ്ടിരിക്കുന്നത് 400 ഒാളം വാർത്താ ചാനലുകൾ. അപ്പോൾ, ടെലിവിഷൻ ചർച്ചകളിൽ സ്വാഭാവികമായും സെൻസേഷനലിസം പുതിയ ശരിയായി മാറുന്നു. വസ്തുതകൾ പതിയെ ചിത്രത്തിനുപുറത്തും. കാഴ്ചക്കാരും റേറ്റിങ്ങും വരുമാനവും ചേരുന്ന ഇൗ ത്രിസത്യങ്ങളിൽ ചുറ്റുന്ന ന്യൂസ്റൂമുകൾ (അപൂർവം ചിലത് മാറ്റിനിർത്തിയാൽ) കൂടുതലായി ഉടമകളുടെ ഇംഗിതങ്ങൾക്ക് വശംവദമാകുന്നുവെന്ന് പറയാതെവയ്യ.

വാർത്താ റിപ്പോർട്ടിങ് വിവരം നൽകാനാകണം, പ്രേരണാത്കമാകരുത് - അങ്ങനെയാണ് വെപ്പ്. അനുഗുണവും ശാന്തവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് പകരം, കടുത്ത ശത്രുത മുറ്റിനിൽക്കുന്ന ബോക്സിങ് റിങ്ങിനു സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഒാരോരുത്തരുമായും സംസാരിക്കുന്നതിന് പകരം ഒാരോരുത്തർക്കുമെതിരെയാണ് ഇവിടെ വാക്കുകൾ പ്രവഹിക്കുന്നത്. ചെളിവാരിയെറിഞ്ഞും പേരുവിളിച്ചും വ്യക്തിഗത ആക്രമണമാണ് സ്വഭാവം. അവതാരകർ അതിഥികൾക്കെതിരെ ആക്രോശിക്കും, പ​ങ്കെടുക്കുന്നവർക്ക് സംസാരിക്കാൻ അവസരം നൽകില്ല. നിഷ്പക്ഷരായ റഫറിമാരാകേണ്ട അവതാരകിൽ ഏറിയ കൂറും പ്രകോപിപ്പിച്ചും തടസ്സപ്പെടുത്തിയും ഇളക്കിവിട്ടും സെൻസേഷനലിസമെന്ന ഭീകരന് വളംവെക്കുന്നു. ലൈവ് ചർച്ചകൾക്ക് നാഷനൽ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേഡ് അതോറിറ്റി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഒരിക്കൽ പോലും പാലിക്കാതെ കാലഹരണപ്പെട്ടുപോകുന്നു. അതുവഴി സ്പോൺസർമാരുടെ അനുഗ്രഹാശിസ്സുകളോടെ വാഗ്​യുദ്ധങ്ങളുടെ വേദികളായി ഇവക്ക് വേഷപ്പകർച്ച സംഭവിക്കും. സുപ്രധാന വിഷയങ്ങളായ തൊഴിൽ, സമ്പദ് വ്യവസ്ഥ, വിദേശനയം, ഭരണം എന്നിവ വിസ്മൃതവുമാകുകയും ചെയ്യും.


ടെലിവിഷൻ സ്ക്രീനിൽ മുഴങ്ങുന്ന ശബ്ദത്തിെൻറ മൂർച്ചയിലാണ് മാധ്യമവക്താക്കൾ അളക്കപ്പെടുന്നത്, അവർ മുന്നോട്ടുവെക്കുന്ന വസ്തുതകളില്ല. കാണികളിൽ നിന്ന് കൈയടിയും അനുമോദനവും ലഭിക്കുന്നത് വാചാടോപം മാറ്റിനിർത്തി വസ്തുതകൾ പറയുേമ്പാഴാകില്ല, പകരം, എതിരാളിക്കു മേൽ ചാടിവീണ് ഒച്ചയിട്ട് ഒതുക്കുേമ്പാഴാണ്. ഒൗദ്യോഗിക വക്താക്കൾക്ക് പേരും പെരുമയും ടെലിവിഷനിൽ ലഭിക്കുന്നുണ്ടെന്നത് നേര്. സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നവരും ലൈക് നൽകുന്നവരും കൂടുമെന്നതും ശരി. പക്ഷേ, അതേൽപിക്കുന്ന വിഷം, ചിതൽ മരത്തെയെന്ന േപാലെ അവനെ പതിയെ ഇല്ലാതാക്കും. പല ചർച്ചകളുടെയും സ്വഭാവമാണ്, ഇന്ത്യൻ ജനാധിപത്യത്തി​െൻറ മൂലതത്വങ്ങളെയാണ് ഇല്ലാതെയാക്കുന്നതെന്ന് അറിഞ്ഞിട്ടും അതിരുവിട്ടും അപമാനിച്ചും ബഹളമയമായ അന്തരീക്ഷ നിർമിതിയിലേക്ക് വക്താക്കളെ തള്ളിവിടുന്നത്. 2013 മുതൽ ആയിരക്കണക്കിന് ടെലിവിഷൻ ചർച്ചകളിൽ ഭാഗമായിട്ടുണ്ട്. സത്യസന്ധമായി പറഞ്ഞാൽ, ടെലിവിഷനിൽ ഭീകരരൂപം പൂണ്ട തീർത്തും ഭിന്നനായ ഒരാളായാണ് ഞാൻ എത്തുന്നത്.

ടെലിവിഷൻ ചാനലുകളിലെ പൊതു സംവാദങ്ങളിൽ നിറയുന്ന വാഗ്വാദം അവസാനിക്കണം. സമൂഹ മാധ്യമങ്ങളിലെ വ്യക്തിഗത ആക്രമണവും നിർത്തണം. ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താക്കളുടെ ചക്രവ്യൂഹങ്ങൾ ഇനിമേൽ ഉണ്ടാകരുത്. കൈയടി മാത്രം കാത്ത് സ്വന്തത്തെ പരിധി വിട്ട് ഉയർത്തിക്കാണിക്കരുത്. രാജീവ് ഭായിയുടെ വേദനനിറഞ്ഞ വേർപാട് ടെലിവിഷനിലെ പൊതുസംവാദങ്ങൾ മാറ്റുന്നില്ലെങ്കിൽ രാഷ്ട്രീയ കക്ഷികളും വക്താക്കളും തങ്ങളുടെ മാധ്യമ നയങ്ങൾ പുനരാലോചിക്കണം. പുഴ സ്വയം ഗതിമാറുന്നില്ലെങ്കിൽ വെള്ളംകയറി നശിക്കാതിരിക്കാൻ സ്വയം അരികുഭിത്തി കെ​​ട്ടേണ്ട ബാധ്യത നമുക്കാണ്. വിഷംവമിക്കുന്ന വാർത്ത ചാനലുകൾക്കെതിരെ രാഷ്ട്രീയ കക്ഷികൾ സ്വയം കോട്ട പണിയണം. പ്രകൃതിയുടെ അടിസ്ഥാന സ്വഭാവം അങ്ങനെയായതുകൊണ്ടാകണം, ജീവിതം ഇനിയും മുന്നോട്ടുപോകും. പക്ഷേ, ടെലിവിഷൻ ചർച്ചകളെന്ന ഇൗ ഭീകരനെ പിടിച്ചുകെട്ടാനാകണം.


(ജയ്​വീർ ​ഷെർഗിൽ ndtv.comൽ എഴുതിയ ലേഖനത്തിൻെറ സ്വതന്ത്ര വിവർത്തനം)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.