ദോഹ: യുദ്ധം നൂറു നാൾ പിന്നിടുമ്പോൾ, അന്താരാഷ്ട്രതലത്തിൽ ഫലസ്തീൻ ദേശത്തിന്റെ കായിക മുഖമായ ഫുട്ബാൾ ടീം ഇന്ന് ദോഹയിൽ ബൂട്ട് കെട്ടുകയാണ്. ഇറാനെയും തുടർന്ന് ഹോങ്കോങ്ങിനെയും യു.എ.ഇയെയും നേരിടാനിറങ്ങുമ്പോൾ ഫലസ്തീൻ ടീമിന്റെ മനസ്സിൽ തീർച്ചയായും ഗസ്സയുടെ സ്വന്തം യർമൂഖ് സ്റ്റേഡിയവും ഉണ്ടാവും. പല തലമുറകളായി ആയിരക്കണക്കിന് ഫുട്ബാൾ താരങ്ങളെയും അത്ലറ്റുകളെയും സമ്മാനിച്ച ചരിത്രമുള്ള, പശ്ചിമേഷ്യയിലെതന്നെ ആദ്യകാല സ്റ്റേഡിയങ്ങളിലൊന്നായ യർമൂഖിലെ കളിമുറ്റത്ത് ഇസ്രായേൽ അധിനിവേശത്തിൽ ചോര വീണിരിക്കുന്നു.
ഇസ്രായേൽ പീരങ്കിപ്പട ഗസ്സയിൽ പ്രവേശിച്ചതിനു പിന്നാലെ യർമൂഖ് അധിനിവേശ സേനയുടെ തുറന്ന ജയിലായി മാറി. ഹിറ്റ്ലറുടെ സൈന്യം ഫുട്ബാൾ മൈതാനങ്ങളെ ജയിലുകളാക്കി മാറ്റിയ കാഴ്ചകളാണ് ഇവിടെനിന്നുള്ള ചിത്രങ്ങൾ ഓർമിപ്പിക്കുന്നത്. കൈകാലുകൾ ബന്ധിപ്പിച്ച്, അർധനഗ്നരാക്കിയ ഫലസ്തീനികളെ തടവുകാരാക്കിയെത്തിക്കുന്നത് ഇപ്പോർ യർമൂഖിലെ കളിമൈതാനത്തേക്കാണ്. പച്ചപ്പുല്ലിൽ സുന്ദരമായിരുന്ന കളിമുറ്റം, അധിനിവേശ സേനയുടെ ടാങ്കറുകൾക്കടിയിൽ ചതുപ്പുനിലങ്ങളായി മാറി. ഗസ്സ സ്പോർട്സ് ക്ലബിന്റെ ഹോം ഗ്രൗണ്ടായിരുന്ന യർമൂഖ് സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, ഫലസ്തീനിലെ കായിക ലോകത്തിന്റെ കൂടി പ്രതീകമാണ്.
ഒക്ടോബർ ഏഴിന് തുടങ്ങിയ വ്യോമ, കര ആക്രമണത്തിലായി ഫുട്ബാളിലെയും അത്ലറ്റിക്സിലെയും ഭാവി താരങ്ങൾ ഉൾപ്പെടെ ആയിരത്തോളം കായിക പ്രതിഭകളാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ ഏതാനും ദിവസം മുമ്പാണ് വെളിപ്പെടുത്തിയത്. അവരിൽ, ഏറ്റവും ഒടുവിലെ രക്തസാക്ഷ്യമായിരുന്നു ഒരാഴ്ച മുമ്പ് കൊല്ലപ്പെട്ട ഒളിമ്പിക്സ് ഫുട്ബാൾ ടീം പരിശീലകൻ ഹാനി അൽ മസ്ദർ. തുടർച്ചയായി മൂന്നാംതവണയാണ് ഫലസ്തീൻ ടീം ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത്. 2022 ജൂണിൽ യോഗ്യത നേടിയപ്പോൾ ഗസ്സ തെരുവുകളിൽ വൻ ആഘോഷമായിരുന്നു. എന്നാൽ, ചോര കൊടുത്ത് ചെറുത്തുനിൽക്കുന്ന ഫലസ്തീനികൾക്ക് ഇന്ന് തങ്ങളുടെ പ്രിയ ടീമിന്റെ കളി കാണാൻ ടി.വിക്ക് മുന്നിലിരിക്കാൻ കഴിയില്ല.
ഇറ്റുവീഴുന്ന സഹായം
സഹായവസ്തുക്കളുമായി ദിവസവും പത്തു ട്രക്കുകളാണ് ഒക്ടോബറിൽ എത്തിയത്. നവംബറിൽ 85 ആയും ഡിസംബറിൽ 104 ആയും വർധിച്ചു. എന്നാൽ, യുദ്ധത്തിനുമുമ്പ് പ്രതിദിനം 500 ട്രക്കുകൾ എത്തിയിരുന്നു. മൊത്തം ജനങ്ങളും പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്നു. കുടിവെള്ളക്ഷാമം രൂക്ഷം. ജലശുദ്ധീകരണം യുദ്ധത്തിനു മുമ്പുള്ളതിന്റെ ഏഴു ശതമാനം മാത്രം. പരിക്കേറ്റവർക്ക് ചികിത്സ നൽകാനുള്ള മരുന്നോ വേദനസംഹാരികളോപോലും ഇല്ല. അനസ്തീഷ്യ നൽകാതെ ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യം. പകർച്ചവ്യാധികൾ വ്യാപിക്കുകയാണ്. 4500 പേർക്ക് ഒരു കുളിമുറിയും 220 പേർക്ക് ഒരു കക്കൂസും മാത്രമാണ് ഇപ്പോഴുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.