മൂന്നാംവട്ടവും തെരഞ്ഞെടുപ്പിലേക്ക് പോയ നെഹ്റുവിന്റെ പ്രസംഗങ്ങളും ഇപ്പോൾ മോദി ചെയ്യുന്ന പ്രസംഗങ്ങളും പരിശോധിക്കുക: ഇന്ത്യയുടെ സാര്‍വദേശീയ നയങ്ങള്‍ മുതല്‍ ദേശീയ-പ്രാദേശിക വികസന അജണ്ടകള്‍ വരെ, തന്റെ നേതൃത്വത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത് കൃത്യമായി വിവരിച്ചുകൊണ്ടുള്ള പ്രചാരണമായിരുന്നു നെഹ്റു നടത്തിയത്
2024ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കുമെതിരെ നടത്തുന്ന ആരോപണങ്ങൾ അദ്ദേഹം എത്ര പരിഭ്രാന്തനായിരിക്കുന്നു എന്നതിന്റെ സൂചകമാണ്. തുടര്‍ച്ചയായി മൂന്നാംവട്ടവും തെരഞ്ഞെടുപ്പിലേക്ക് പോയ നെഹ്റുവിന്റെ പ്രസംഗങ്ങളും ഇപ്പോൾ മോദി ചെയ്യുന്ന പ്രസംഗങ്ങളും പരിശോധിച്ചു നോക്കുക: ഇന്ത്യയുടെ സാര്‍വദേശീയ നയങ്ങള്‍ മുതല്‍ ദേശീയ-പ്രാദേശിക വികസന അജണ്ടകള്‍ വരെ, രണ്ട് പഞ്ചവത്സര പദ്ധതികള്‍ തന്റെ നേതൃത്വത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത് കൃത്യമായി വിവരിച്ചുകൊണ്ടുള്ള പ്രചാരണമായിരുന്നു നെഹ്റു നടത്തിയത്. പ്രതിപക്ഷത്തിന്റെ വിജയസാധ്യതകളില്‍ സംഭീതനായ മോദി ഇപ്പോള്‍ നടത്തുന്ന പ്രസംഗങ്ങളെ നിലവാരമില്ലായ്മയും ചരിത്രവിരുദ്ധതയും കൊണ്ട് മാത്രമല്ല, കടുത്ത ദുസ്സൂചനകളുടെ പേരിലും അപലപിക്കേണ്ടതുണ്ട്.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ദേശീയ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും വിതരണംചെയ്യുമെന്ന ആരോപണം പല റാലികളിലും മോദി ആവർത്തിച്ചു. ഉത്തരേന്ത്യക്കും ദക്ഷിണേന്ത്യക്കുമിടയിൽ ഭാഷാപരമായും പ്രാദേശികമായും വിഭജനം സൃഷ്ടിക്കുകയും ദാരിദ്ര്യം വർധിക്കുന്നതിനെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നും മോദി ആരോപിക്കുന്നു. സ്ത്രീകളുടെ മംഗല്യസൂത്രം കണ്ടുകെട്ടാൻ ഇടയാക്കുന്ന നയങ്ങൾ അവതരിപ്പിക്കാൻ അവർ പദ്ധതിയിടുന്നതായും സമ്പത്ത് പുനർവിതരണം ചെയ്ത് രാജ്യത്ത് സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിക്കുന്നതായും കോൺഗ്രസ് അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രം നശിപ്പിക്കുമെന്നും വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. സ്വന്തം വാക്കുകളിലേക്ക് ഒരു നിമിഷംപോലും തിരിഞ്ഞുനോക്കാതെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന നയങ്ങൾ ആവിഷ്കരിക്കുമെന്ന് പറഞ്ഞ് മോദി കോൺഗ്രസിനെ പ്രതിക്കൂട്ടില്‍ കയറ്റുന്നു.
‘മാവോയിസ്റ്റ് ഭാഷ’എന്നൊരു ഭാഷയും മോദി കണ്ടുപിടിച്ചു-കോൺഗ്രസിന്റെ മാവോയിസ്റ്റ് ഭാഷയിൽ ഭയന്ന് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്താൻ ഇന്ത്യന്‍ മുതലാളിമാര്‍ മടിക്കുന്നുവെന്നും വ്യവസായ വിരുദ്ധവും വ്യവസായി വിരുദ്ധവുമാണ് കോൺഗ്രസ് എന്നും മോദി റാലികള്തോറും വിളിച്ചുപറയുന്നു. എസ്.സി-എസ്.ടി-ഒ.ബി.സി സമൂഹങ്ങളുടെ സംവരണം തട്ടിയെടുക്കാൻ കോൺഗ്രസ് ശ്രമിക്കുമെന്ന് ദലിത് വോട്ടര്‍മാരെ മോദി ബോധവത്കരിക്കുന്നു. എന്ത് ചരിത്ര സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ഈ ആരോപണങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നത്?
1947 മുതല്‍ 1977 വരെ മൂന്നു ദശാബ്ദക്കാലം ജവഹർലാൽ നെഹ്റുവും ലാൽ ബഹദൂർ ശാസ്ത്രിയും ഇന്ദിര ഗാന്ധിയും നയിച്ച കോൺഗ്രസ് സര്‍ക്കാറുകള്‍ ഇടവേളകളില്ലാതെ ഇന്ത്യയില്‍ ഭരണം നടത്തിയിരുന്നു. എഴുപതുകളില്‍ സ്വന്തം അജണ്ടക്കുവേണ്ടി പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം തെരുവിലിറക്കി കലാപങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തുന്നതിൽ ആര്.എസ്എസിന് കഴിഞ്ഞതിന്റെ പേരില്‍ 19 മാസക്കാലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതൊഴിച്ചാല്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരുന്നതുപോലെ പട്ടാള വിപ്ലവങ്ങളോ പ്രതിപക്ഷത്തെ ഇല്ലായ്മചെയ്യലോ, കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തുടച്ചുനീക്കലോ ഭരണഘടന ഇല്ലാതാക്കലോ ഒന്നും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.
അക്കാലത്ത് അമേരിക്കയുമായല്ല, സോവിയറ്റ് യൂനിയനുമായാണ് ഇന്ത്യ ഊഷ്മളമായ സാര്‍വദേശീയ ബന്ധം സ്ഥാപിച്ചത്. അമേരിക്കയുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുകയും ഫലസ്തീനുവേണ്ടി ആഗോളതലത്തില്‍ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്തു. ഇന്ദിര ഗാന്ധിതന്നെയും, 1977 ജനുവരിയിൽ, തെരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടക്കുമെന്ന് പ്രഖ്യാപിക്കുകയും അതോടൊപ്പം അടിയന്തരാവസ്ഥ പിൻവലിക്കുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ടും (മിസ) മറ്റ് വ്യവസ്ഥകളും പ്രകാരം അറസ്റ്റുചെയ്ത ജയപ്രകാശ് നാരായൺ, വാജ്പേയി, മൊറാർജി ദേശായി, ചരൺസിങ്, അദ്വാനി എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് മോചിപ്പിച്ചു.
തുടര്‍ന്ന് ജനതാ പാര്‍ട്ടി നേതാവ് മൊറാർജി ദേശായി 28 മാസക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായി, ജനതാ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ചരൺസിങ് ഏകദേശം ആറു മാസം പ്രധാനമന്ത്രിയായി ഭരിച്ചിരുന്നു. 1980ൽ ഇന്ദിര ഗാന്ധി അധികാരത്തിൽ തിരിച്ചെത്തി. 1984ൽ ഇന്ദിരയുടെ രക്തസാക്ഷിത്വത്തിനുശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. ആ ദശകത്തില്‍ വി.പി. സിങ് 11 മാസവും ചന്ദ്രശേഖർ ഏകദേശം ഏഴു മാസവും ഇന്ത്യ ഭരിച്ചിരുന്നു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വശേഷം 1996 വരെ നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ കോൺഗ്രസാണ് ഇന്ത്യ ഭരിച്ചത്. ആ ദശകത്തില്‍ മൂന്ന് കോൺഗ്രസിതര പ്രധാനമന്ത്രിമാര്‍, വാജ്പേയി ആദ്യം ഒരു മാസവും ദേവഗൗഡ ഏകദേശം 10 മാസവും ഐ.കെ. ഗുജ്റാൾ ഏകദേശം 11 മാസവും വാജ്പേയി രണ്ടാമത് 19 മാസവും ഇന്ത്യ ഭരിച്ചു. അതിന്റെ അടുത്ത ദശകത്തിന്റെ തുടക്കത്തിൽ (2004 മേയ് വരെ) പ്രധാനമന്ത്രിയായത് വാജ്പേയി ആയിരുന്നു. ഈ കാലയളവുകളില്‍ ഉത്തവാദിത്തമുള്ള പ്രതിപക്ഷമായാണ് കോൺഗ്രസ് പ്രവര്‍ത്തിച്ചിട്ടുള്ളത്.
ചെറിയ ഇടവേളകള്‍ ഒഴിച്ചാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള 77 വര്‍ഷങ്ങളില്‍ 67 വര്‍ഷവും ഇന്ത്യ ഭരിച്ച കോൺഗ്രസിനെതിരെ തൊഴിലാളികളും പാര്‍ശ്വവത്കൃതരും മറ്റു ജനവിഭാഗങ്ങളും നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. എഴുപതുകളിലെ ആർ.എസ്.എസ് ഫാഷിസത്തിനെതിരെ മാത്രമേ കോൺഗ്രസ് കടുത്ത പ്രത്യാക്രമണം നടത്തിയിട്ടുള്ളൂ. ഒരുപക്ഷേ, മോദിയുടെയും ഷായുടെയും ശത്രുതക്കുള്ള കാരണവും അതാകാം. മോദി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഏതെങ്കിലുമൊന്ന് നീതിമത്കരിക്കാന് കഴിയുന്ന എന്തെങ്കിലും നയങ്ങള്‍ ഈ കാലയളവില്‍ കോൺഗ്രസ് സര്‍ക്കാറുകള്‍ അനുവര്ത്തിച്ചിട്ടുണ്ടോ? ജനാധിപത്യ ധ്വംസനത്തിന്റെ, ക്രോണിമുതലാളിത്ത പ്രീണനത്തിന്റെ , പ്രതിപക്ഷ പീഡനത്തിന്റെ, ദാരിദ്ര്യവും പണപ്പെരുപ്പവും തൊഴിലില്ലായ്മയും പൊതുമേഖലയുടെ തകര്‍ച്ചയും അടക്കമുള്ള പ്രവണതകളുടെ ക്രമാതീതമായ വർധനയുടെ ചരിത്രം മാത്രം ബാക്കിയുള്ള മോദിയുടെ പത്തു വര്‍ഷത്തിനുശേഷം കോൺഗ്രസ് ഭരണത്തിന്റെ തിരിച്ചുവരവ് ചൂണ്ടിക്കാട്ടി വോട്ടര്‍മാരെ ഭയപ്പെടുത്തുന്നതിലും വലിയ തുച്ഛത വേറെ കാണില്ല.
നെഹ്റു, ഇന്ദിര ഗാന്ധി മൻമോഹൻ സിങ് തുടങ്ങി പത്തുവര്ഷമോ അതിലധികമോ ഇന്ത്യ ഭരിച്ച കോൺഗ്രസ് പ്രധാനമന്ത്രിമാര്‍ വിശാലമായ കാഴ്ചപ്പാടില്‍ ഇന്ത്യയില്‍ നടപ്പാക്കിയ പദ്ധതികളാണ് രാജ്യത്തിന്റെ വികസനത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനം. അത് പൂര്‍ണമായും വിസ്മരിച്ചുകൊണ്ട് പ്രതിമകളും അമ്പലങ്ങളും സ്ഥാപിച്ചുനടക്കുകയും തൊലിപ്പുറമെയുള്ള പരിഷ്കാരങ്ങള്മാത്രം ജനകീയപദ്ധതികളായി അവതരിപ്പിക്കുകയും, ക്രോണി മുതലാളിത്തത്തിന്റെ തന്പ്രമാണിത്തത്തിന് രാഷ്ട്രത്തെ വിട്ടുനല്‍കുകയും, അതിനു വഴങ്ങിക്കൊടുക്കാന്‍ ചില പ്രതിപക്ഷ മുഖ്യമന്ത്രിമാരെയെങ്കിലും പ്രേരിപ്പിക്കുകയുംചെയ്ത മോദിയുടെ പത്തുവര്ഷങ്ങള് കോൺഗ്രസ് ഭരണത്തിന്റെ ഏതെങ്കിലും രണ്ട് വര്ഷങ്ങളോടുപോലും- എന്തിന് അടിയന്തരാവസ്ഥയുടെ മാസങ്ങളോടുപോലും- താരതമ്യംചെയ്താല്‍ ഭേദപ്പെട്ടതാണ് എന്നുപറയാന്‍ കഴിയില്ല.
ഇന്ത്യയുടെ രാഷ്ട്രചരിത്രം ആരോ തുപ്പല്തൊട്ട് മായ്ക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്, മോദിയുടെ വാക്കുകള്‍ അനുഭവപ്പെടുന്നത്. എന്നാലിത് കുട്ടിക്കളിയല്ല. ഇന്നുപറയുന്ന പോഴത്തങ്ങള്‍ നാളെ ഔദ്യോഗിക ചരിത്രമാക്കി മാറ്റാനുള്ള ബോധപൂര്‍വമായ ഇടപെടലാണ്. ഒരിക്കല്‍ക്കൂടി മോദി വിജയിച്ചാല്‍ നാം പഠിക്കേണ്ട നാളത്തെ ചരിത്രപുസ്തകമാണ് ഈ വേദികളില്‍ ഇപ്പോള്‍ എഴുതി നിറക്കുന്നത് എന്നത് കേവലമായ ഒരു യാഥാർഥ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.