അംബേദ്കർ നീതിയുടെ ദാർശനികൻ

ഹിന്ദുത്വബ്രാഹ്മണ്യ വ്യവസ്ഥ സർവഗ്രാഹകമായി ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ ആഴത്തിൽ പിടിമുറുക്കുന്ന ഘട്ടത്തിലാണ് അംബേദ്കർ ചിന്തകൾ മുഴുവൻ ജനാധിപത്യവാദികളെയും സംബന്ധിച്ച് അതിപ്രാധാന്യമുള്ള ഒന്നായി മാറിത്തീരുന്നത്. സാംസ്കാരിക ദേശീയതയിലൂന്നുന്ന ഹിന്ദുത്വ തീവ്ര വ്യവസ്ഥയുടെ അപകടത്തെയും അത് ഛിന്നഭിന്നമാക്കുന്ന സാമൂഹിക ജീവിതത്തെയും ദീർഘദർശനം ചെയ്ത അംബേദ്കറുടെ നിതാന്ത ജാഗ്രത പുലർത്തുന്ന എഴുത്തുകൾ പുനഃസന്ദർശനം ചെയ്യേണ്ടത് ജനാധിപത്യ ഇന്ത്യയുടെ നിലനിൽപിന് തീർത്തും അനിവാര്യമാണ്. സർവ മേഖലകളിലും പടർന്നുപന്തലിച്ചു നിൽക്കുന്ന, രാഷ്ട്രശരീരത്തെ സദാ കാർന്നെടുക്കുന്ന ജനാധിപത്യ വ്യവസ്ഥക്ക് എതിരായി നിലകൊള്ളുന്ന ചാതുർവർണ്യ ബ്രാഹ്മണ്യ വർണാശ്രമ വ്യവസ്ഥയുടെ സാംസ്കാരിക മേൽക്കോയ്മയെ അഗാധമായി ചരിത്ര ദർശനം ചെയ്ത അംബേദ്കറുടെ ചിന്താപഥം സാംസ്കാരിക ഹിന്ദുത്വത്തെ അഭിമുഖീകരിക്കാനും നിർവീര്യമാക്കാനുമുള്ള പ്രധാനപ്പെട്ട നിർണയോപാധിയാണ്. അസഹിഷ്ണുതയിലും അന്യവത്കരണത്തിലും നിലയുറപ്പിച്ചുകൊണ്ട് ഭയരാഷ്ട്രീയത്തിലൂടെ ബ്രാഹ്മണ്യ ഹിന്ദുത്വം അധികാര ഹിംസ പ്രയോഗിക്കുമ്പോൾ ആപത്തിൽ എത്തിപ്പിടിക്കേണ്ട നീതിയുടെ തത്ത്വവാക്യമായി അംബേദ്കർ ഓർമിക്കപ്പെടുന്നു.

ബ്രാഹ്മണ്യം സർവ ഭക്ഷകമായി സമൂഹത്തെ പിടിമുറുക്കുന്നത് അതിന്റെ സാംസ്കാരിക കാര്യപരിപാടികളിലൂടെയാെണന്ന് തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് അദ്ദേഹം ബ്രാഹ്മണ്യത്തിന്റെ ഗ്രന്ഥപാഠങ്ങളെ സൂക്ഷ്മ വിമർശനത്തിന് വിധേയമാക്കുന്നത്. ഇതിഹാസപുരാണ പാഠങ്ങളെയും ഗീതയെയും ധർമശാസ്ത്രങ്ങളെയും ആഴത്തിൽ വിശകലനം ചെയ്യുന്നതിലൂടെ ഇന്ത്യയിൽ നിലനിന്ന മേൽക്കോയ്മ രാഷ്ട്രീയത്തെ തുറന്നു കാട്ടി. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യമായ സാഹോദര്യവും സമത്വവും സമസ്ത തലങ്ങളിലും പ്രകാശിക്കണമെങ്കിൽ ബ്രാഹ്മണ്യ വ്യവസ്ഥ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിൽനിന്ന് നീങ്ങിപ്പോകേണ്ടത് അനിവാര്യമായിരുന്നു. എന്തുകൊണ്ടെന്നാൽ, ഇന്ത്യയിൽ സാഹോദര്യത്തിനെതിരായ പ്രധാനപ്പെട്ട ഒരു വേലിക്കെട്ട് ബ്രാഹ്മണ്യ ചാതുർവർണ്യ ജാതിവ്യവസ്ഥയായിരുന്നു. അത് ബ്രാഹ്മണരെ തന്നെയും പിടിമുറുക്കി മനുഷ്യപദവിയിൽനിന്ന് അകറ്റുന്നു. മനുഷ്യർ തമ്മിൽ ഹീനമായ അകലം പാലിക്കാനും അക്രമിക്കാനും സ്വാഭാവികമായി പരിശീലിപ്പിക്കപ്പെട്ട ഈ വ്യവസ്ഥയുടെ തകർച്ചയിലൂടെ മാത്രമേ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി മാറിത്തീരുമായിരുന്നുള്ളൂ. 'സാഹോദര്യത്തിന്റെ മറ്റൊരു പേര് മാത്രമാണ് ജനാധിപത്യം' എന്ന് അംബേദ്കർ ആഴത്തിൽ നീതിയുടെ ദർശനം അവതരിപ്പിക്കുന്നതിന്റെ ചരിത്ര പശ്ചാത്തലം അത്രമേൽ മുഖ്യമാണ്. മനുഷ്യരെ പരസ്പരം വെറുക്കാൻ പരിശീലിപ്പിക്കുന്ന വ്യവസ്ഥയുടെ അന്ത്യം സാഹോദര്യ ഭാവനയിലൂടെ മാത്രമേ മറികടക്കാൻ കഴിയൂ എന്നതാണ് ആ സാഹോദര്യ നീതി ദർശനത്തിന്റെ കാതൽ. 'സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം' എന്ന് പരിചിന്തനം ചെയ്ത നാരായണ ഗുരുവിലും തിരതള്ളിയത് നീതിയുടെ ഈ സാരാംശമായിരുന്നു.

സമൂഹത്തിൽ ചിലർ കൂടുതൽ ശ്രേഷ്ഠരായും മറ്റു ചിലർ കൂടുതൽ ഹീനരായും അടയാളപ്പെടുത്തപ്പെടുന്നത് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും അഭാവത്തിലാണ്. ഇതിനിടയാക്കുന്ന വ്യവസ്ഥിതിയുടെ സമൂല പരിഷ്കരണത്തിന് രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ബഹുവിധ പദ്ധതികളാണ് അംബേദ്കറുടെ ചിന്താമണ്ഡലത്തിലുണ്ടായിരുന്നത്. അധികാരഭരണ രംഗങ്ങളിലുള്ള പാർശ്വവത്കൃത ജനവിഭാഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നത് ഈ പദ്ധതിയുടെ ഒരു പ്രകാശന സ്ഥാനമാണ്. കൂടാതെ, സമൂഹത്തെ സമത്വ വിരുദ്ധമായി ചിന്തിപ്പിക്കുന്ന ബ്രാഹ്മണ്യ വിചാര മണ്ഡലങ്ങളുടെ വിമർശചിന്തകളും ഇതിൽ പ്രധാനപ്പെട്ടതാണ്. ഭരണഘടന നിർമാണ പ്രക്രിയയിലൂടെയും ബ്രാഹ്മണ്യ ഗ്രന്ഥപാഠങ്ങളുടെ സാമൂഹിക സാംസ്കാരിക വിമർശനങ്ങളിലൂടെയും അംബേദ്കർ സ്വയം ഇവിടെ സൂചിപ്പിച്ച ബ്രാഹ്മണ്യ വിരുദ്ധ ജനാധിപത്യത്തിനനുസൃതമായ ഒരു വിപ്ലവ മാതൃക സൃഷ്ടിക്കുകയായിരുന്നു. നിയമനിർമാണത്തിലൂടെ അസമത്വ വ്യവസ്ഥയെ കർക്കശമായി പുറത്തുനിർത്തുന്നതിനും അതേസമയം, ബ്രാഹ്മണ്യ പാഠങ്ങളുടെ സാമൂഹിക ചരിത്ര പഠനങ്ങളിലൂടെ ഇന്ത്യൻ മനസ്സിന്‍റെ സമൂല പരിവർത്തനവുമായിരുന്നു അംബേദ്കർ ലക്ഷ്യമാക്കിയത്. ബ്രാഹ്മണ്യത്തിന്‍റെ അസമത്വശ്രേണീ വ്യവസ്ഥയെ സാംസ്കാരികമായും സാമൂഹികമായും കൈയൊഴിഞ്ഞുകൊണ്ടും രാഷ്ട്രീയ അധികാര സ്ഥാനങ്ങളിൽ ഭരണഘടന ജനാധിപത്യത്തിനനുസൃതമായ പ്രാതിനിധ്യ രാഷ്ട്രീയം പുലർത്താനും കഴിയുംവിധത്തിലുള്ള നീതിയുടെ ദർശനമാണ് അംബേദ്കർ ഉയർത്തികാട്ടിയത്. മാംസം കഴിക്കുന്നവർ കൊല്ലപ്പെടുകയും ഹീനമായി ആക്രമിക്കപ്പെടുകയും രാമന്റെ പേരിൽ മുസ്ലിം ന്യൂനപക്ഷം അതിക്രൂരമായി അന്യവത്കരിക്കപ്പെടുകയും ചെയ്യുമ്പോൾ ഹിന്ദുരാഷ്ട്രഭാവന അധികാരത്തിൽ വന്നാലുള്ള ഭവിഷ്യത്തുക്കളെ മുൻനിർത്തിയുള്ള അംബേദ്കറുടെ വാക്കുകൾ ചരിത്രത്തിൽ വീണ്ടും ഉയിർക്കൊള്ളുകയാണ്.

അയോധ്യയും രാമനും രാമനവമിയും ഗീതയും എല്ലാം അപരവത്കരണത്തിനുള്ള ആയുധങ്ങളായി മാറിത്തീരുമ്പോൾ ചരിത്രത്തിൽ ഇവ പ്രവർത്തിച്ചതെങ്ങനെയെന്നും സത്യത്തിൽ അവ എന്താണെന്നും ബ്രാഹ്മണ്യത്തിൽ നിലീനമായിക്കിടക്കുന്ന സമൂഹമനസ്സിനെ ബോധ്യപ്പെടുത്തിക്കൊണ്ട് മാത്രമേ ജനാധിപത്യം സാർഥകമാക്കാൻ സാധിക്കൂ. അതിനാലാണ് ഒരേസമയം ഭരണഘടന നിർമാണ പ്രക്രിയയിലും ഇതിഹാസ പുരാണ വിമർശ ചിന്തകളിലും അംബേദ്കർ ഇടപെട്ടത്. 'ഏതൊരു യുക്തിചിന്തയെയും നിഷേധിക്കുന്ന ധാർമികതയുടെ ഏതൊരു ഭാഗവും നിഷേധിക്കുന്ന വേദങ്ങളും ശാസ്ത്രങ്ങളും ഡൈനാമിറ്റ് െവച്ച് തകർക്കണം' എന്ന് അനിഹിലേഷൻ ഓഫ് കാസ്റ്റിൽ അംബേദ്കർ എഴുതുന്നത് അത്രയും ആഴത്തിലുള്ള സാമൂഹിക ചരിത്ര ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ വിമർശബോധ്യത്തിൽ ഊന്നിയുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ നൂറ്റാണ്ടുകളോളം തുടരേണ്ട ഒരു പ്രക്രിയയാണെന്ന ഉത്തമ ബോധ്യവും ജാതിനിർമൂലനത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്. ആത്യന്തികമായി സാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും വൈരിയാണ് ചാതുർവർണ്യ മൂല്യബോധം. അതിനെ സമ്പൂർണമായി കൈയൊഴിഞ്ഞു കൊണ്ടു മാത്രമേ സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു ദേശരാഷ്ട്രത്തെ ഭാവനചെയ്യാൻപോലും കഴിയുകയുള്ളൂ. ഇന്ത്യയിൽ നിലനിന്ന, പല നിലകളിൽ ഇന്നും തുടരുന്ന അസമത്വ വ്യവസ്ഥയുടെ സാമൂഹിക മാനങ്ങൾ വെളിവാക്കിക്കൊണ്ട് ഇന്ത്യയെ ഉൾക്കൊള്ളൽ ജനാധിപത്യത്തിന്‍റെ തുറവിയായി മാറ്റിത്തീർക്കാൻ അക്ഷീണം യത്നിച്ച ഡോ. ബി.ആർ. അംബേദ്കർ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നീതിയുടെ മഹത്തായ തത്ത്വവാക്യമാണ്.

'അംബേദ്കർ' എന്ന നാമത്തെ ചതുരക്ഷരിയായി, നീതിയുടെ തത്ത്വവാക്യമായി സഹോദരൻ അയ്യപ്പൻ ഭാവന ചെയ്തതിന്‍റെ രാഷ്ട്രീയവും മറ്റൊന്നല്ല. അതുകൊണ്ടുതന്നെ, അംബേദ്കർ എന്നത് ഇന്ന് നീതിക്കുവേണ്ടിയുള്ള സമരങ്ങളിൽ പിന്തുടരേണ്ട ഉജ്ജ്വലമായ സാഹോദര്യ സമത്വ നീതിയുടെ സാരഗർഭമായ ജീവിതമൂല്യം കൂടിയാണ്.


Tags:    
News Summary - Ambedkar was a philosopher of justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.