കവിതയും സാഹിത്യവും തുളുമ്പിനിൽക്കുന്ന വീട്ടിലാണ് അമിതാഭ് ബച്ചെൻറ ജനനം. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് അഞ്ചുവർഷം മുമ്പ്,1942 ഒക്ടോബർ 11ന് ഉത്തർപ്രദേശിലെ അലഹബ ാദിൽ ജനിച്ച ബാലൻ പിന്നീട് ഹിന്ദി സിനിമയുടെ നെടുന്തൂണാകുമെന്ന് ആരും കരുതിയിരിക് കില്ല. പക്ഷേ, യു.പിയിൽനിന്ന് മുംബൈയിലെത്തി ലോകമെമ്പാടുമുള്ള സിനിമാസ്വാദകരുടെ ഉൾക്കുളിരാകാനായിരുന്നു ബച്ചെൻറ യോഗം.
സ്വാതന്ത്ര്യത്തിെൻറ ആവേശം അലയടിച്ച കാല ത്ത് ജനിച്ച മകന് കവി ഹരിവൻഷ് റായ് ബച്ചൻ കരുതിവെച്ച പേര് ‘ഇൻക്വിലാബ്’ എന്നായി രുന്നു. അത് മയപ്പെടുത്താമെന്ന് പറഞ്ഞത് മറ്റൊരു കവിയായ സുമിത്രാനന്ദൻ പന്ത് ആണ്. ഹരിവൻഷ് റായ് നിർദേശം സ്വീകരിച്ച് മകെൻറ പേര് അമിതാഭ് എന്നാക്കി. ‘അണയാ ജ്വാല’ എന്നാണ് അമിതാഭ് എന്ന വാക്കിന് അർഥം. ശ്രീവാസ്തവ എന്ന ജാതിപ്പേര് മാറ്റി പിതാവ് സ്വീകരിച്ച ‘ബച്ചൻ’ എന്ന തൂലികാനാമമാണ് അമിതാഭും പേരിനൊപ്പം ചേർത്തത്. അത് പിന്നീട് ഇന്ത്യൻ സിനിമയുടെ പര്യായമായി മാറിയത് ചരിത്രം. മാതാവ് തേജി നാടകത്തിൽ അതീവ തൽപരയായിരുന്നു. അവർക്ക് സിനിമയിൽ അഭിനയിക്കാൻ അവസരവും ലഭിച്ചിരുന്നു. എന്നാൽ, കുടുംബകാര്യങ്ങൾ നോക്കിയിരിക്കാനാണ് അവർ കൂടുതൽ താൽപര്യപ്പെട്ടത്. തനിക്ക് നഷ്ടമായത് അവർ മകനിലൂടെ ആയിരമിരട്ടിയായി തിരിച്ചുപിടിച്ചു.
നൈനിത്താളിലെ ഷേർവുഡ് കോളജിലും ഡൽഹി യൂനിവേഴ്സിറ്റിയിലെ കിരോരി മാൽ കോളജിലും പഠനം പൂർത്തിയാക്കിയാണ് അമിതാഭ് ബച്ചൻ അന്നത്തെ ബോംബെയിൽ എത്തുന്നത്. 1969ൽ ആദ്യമായി അഭിനയിച്ചത് മലയാളത്തിെൻറ സ്വന്തം നടൻ മധു ഉൾപ്പെടെ വേഷമിട്ട കെ.എ. അബ്ബാസിെൻറ ‘സാത് ഹിന്ദുസ്ഥാനി’യിലാണ്. അക്കാലത്തെ സൂപ്പർ സ്റ്റാർ ആയിരുന്ന രാജേഷ് ഖന്നക്കൊപ്പം 1971ൽ ‘ആനന്ദി’ൽ വേഷമിട്ടു. ഇതിൽ മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു.
ആദ്യകാലത്തെ പല സിനിമകളും ബോക്സ് ഓഫിസിൽ വലിയ വിജയമായിരുന്നില്ല. പക്ഷേ, അത് വൻ വിജയങ്ങളിലേക്കുള്ള ഒരുക്കം മാത്രമായിരുന്നു എന്ന് പിന്നീട് കാലം തെളിയിച്ചു. 70കളുടെ തുടക്കത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിൽ ബച്ചൻ അതിഥിതാരമായി മുഖം കാണിക്കുന്നുണ്ട്. ഈ ചിത്രത്തിൽ നായികവേഷത്തിൽ അഭിനയിച്ച പ്രശസ്ത നടി ജയ ഭാദുരി പിന്നീട് ബച്ചെൻറ ഭാര്യയായി. 30 വയസ്സാകുേമ്പാൾ ബച്ചെൻറ ലിസ്റ്റിൽ 12 പൊട്ടിയ പടങ്ങളും രണ്ടു ഹിറ്റുകളുമാണുണ്ടായിരുന്നത്. വലിയ രാശിയൊന്നുമില്ലാത്ത നടൻ എന്ന നിലക്ക് അദ്ദേഹം വിലയിരുത്തപ്പെട്ടു. എന്നാൽ, അക്കാലത്തെ കഥ-തിരക്കഥ രംഗത്തെ മികച്ച കൂട്ടുകെട്ടായിരുന്ന സലീം ജാവേദ്, ജാവേദ് അക്തർ കൂട്ടുകെട്ട് ബച്ചനെ കണ്ടെടുത്തു.
ഇന്ത്യൻ മധ്യവർഗത്തിെൻറ രോഷവും പ്രതികരണവും ആവാഹിച്ച വേഷങ്ങൾ ഇന്ത്യയുടെ ‘രോഷാകുലനായ ചെറുപ്പക്കാരൻ’ എന്ന പദവി നേടിക്കൊടുത്തു. 73ൽ പുറത്തിറങ്ങിയ പ്രകാശ് മെഹ്റയുടെ ‘സഞ്ചീർ’ എന്ന സിനിമ ഈ ഗണത്തിലുള്ളതാണ്. ഇന്ത്യൻ സിനിമയിലെ പരമ്പരാഗത കാൽപനിക ഭാവുകത്വങ്ങളെ പൊളിച്ചടുക്കിയാണ് ഈ കാലത്തെ ബച്ചൻ സിനിമകൾ പുറത്തിറങ്ങിയത്. 75ൽ റിലീസ് ചെയ്ത ‘ദീവാർ’, ‘ഷോലെ’ തുടങ്ങിയ സിനിമകൾ ബച്ചനെ മുടിചൂടാമന്നനാക്കി. അക്കാലത്തെ ഇന്ത്യൻ യുവതയുടെ വ്യവസ്ഥിതിക്കെതിരായ പൊതുരോഷങ്ങളാണ് ബച്ചൻ സിനിമകൾ ആവിഷ്കരിച്ചത്.
സ്വാഭാവികമായും യുവത്വം ബച്ചനിൽ തങ്ങളുെട ജീവിതത്തിെൻറ നേർ ആഖ്യാനം കണ്ടു. 1990ൽ ‘അഗ്നിപഥി’ലെ വേഷത്തിന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ബച്ചൻ ‘ബ്ലാക്ക്’ (2005), പാ (2009), പികു (2015) എന്നീ വർഷങ്ങളിലും ദേശീയ പുരസ്കാരത്തിന് അർഹനായി. ഭാവാഭിനയം, ഹാസ്യം, നൃത്തം തുടങ്ങി അഭിനയലോകത്ത് ബച്ചൻ കൈവെക്കാത്തതും തിളങ്ങാത്തതുമായ മേഖലകളില്ല. ഗാനരംഗത്തും ബച്ചൻ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
രാഷ്ട്രീയത്തിൽ രാജീവ് ഗാന്ധിയുടെ അടുപ്പക്കാരനായിരുന്നു. 84-87 കാലഘട്ടത്തിൽ രാഷ്ട്രീയത്തിൽ സജീവമായി. എം.പിയുമായിരുന്നു. 88ൽ ‘ഷഹൻഷാ’യിലൂടെ സിനിമയിൽ തിരിച്ചെത്തിയെങ്കിലും തുടർചിത്രങ്ങൾ സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് നിർമാണത്തിലും മറ്റും സ്വന്തം സ്ഥാപനമായ ‘എ.ബി.സി.എൽ’ വഴി പരീക്ഷണങ്ങൾ നടത്തിയെങ്കിലും വൻ നഷ്ടങ്ങളുണ്ടായി. ഇതോടെ അമിതാഭ് ബച്ചൻ കാലം ഹിന്ദി സിനിമയിൽ കഴിഞ്ഞെന്ന് കരുതിയവർക്ക് ശക്തമായ മറുപടിയുമായി 2000ത്തോടെ അദ്ദേഹം തിരിച്ചെത്തി. ടെലിവിഷനിലും സിനിമയിലും ഒരുപോലെ തിളങ്ങിയായിരുന്നു രണ്ടാം വരവ്. അത് ഇന്നും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.