അരവിന്ദ് കെജ്രിവാളും ആപ്പും ആവേശംകൊള്ളിച്ചതിന്റെ 11 വർഷത്തെ ചരിത്രം ഡൽഹിക്കാർക്കു മുന്നിലുണ്ട്. നിത്യജീവിത പ്രശ്നങ്ങൾ മുതൽ ഡൽഹിക്ക് ! പൂർണ സംസ്ഥാന പദവി വരെയുള്ള വിഷയങ്ങളിൽ ജനം കെജ്രിവാളിനു പിന്നിൽ ആവേശപൂർവം തെരുവിലിറങ്ങി. എന്നാൽ, കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്ന് തെരുവുകളിൽ ആപ് നടത്തുന്ന പ്രതിഷേധങ്ങളിൽ മുൻകാലങ്ങളിലെയത്ര ജനപങ്കാളിത്തമില്ല, മാധ്യമങ്ങളാവട്ടെ അങ്ങനെയൊരു സംഗതി നടക്കുന്ന വിവരം അറിഞ്ഞ മട്ട് കാണിക്കുന്നുമില്ല
അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്നൊന്നുമില്ല. അതിന്റെ അനുഭൂതി ജനങ്ങൾ അനുഭവിക്കുകയേ വേണ്ടൂ. അങ്ങനെ നോക്കിയാൽ സ്വതന്ത്ര ഇന്ത്യയിൽ രണ്ട് അടിയന്തരാവസ്ഥകൾ ഉണ്ടായി. ആദ്യത്തേത് ഇന്ദിര ഗാന്ധിയുടെ സംഭാവന. 1975 ജൂൺ 25 മുതൽ 21 മാസം അടിയന്തരാവസ്ഥ നീണ്ടു. ആഭ്യന്തരമായ അസ്വസ്ഥതകളുടെ പേരു പറഞ്ഞായിരുന്നു അത്. ഔപചാരികമായി പ്രഖ്യാപിക്കുന്ന രീതിയൊന്നും രണ്ടാമത്തെ അടിയന്തരാവസ്ഥയുടെ കാര്യത്തിൽ ഉണ്ടായില്ല. നേരിട്ടങ്ങ് നടപ്പാക്കുകയാണ് നരേന്ദ്ര മോദി ചെയ്തത്. കൂടുതൽ കാലത്തേക്ക് നീളുന്നത് രണ്ടാമത്തെ അടിയന്തരാവസ്ഥയാണ്. വ്യാപ്തിയും കൂടി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനം തെരഞ്ഞെടുത്ത ഭരണാധികാരികൾതന്നെ വ്യത്യസ്ത രീതിയിലുള്ള രണ്ട് അടിയന്തരാവസ്ഥകൾ ജനങ്ങൾക്കുമേൽ അടിച്ചേൽപിച്ചു എന്നതാണ് ജനാധിപത്യ വിരുദ്ധം; ഭയാനകവും.
ആദ്യ അടിയന്തരാവസ്ഥയുടെ ഓർമകളിലേക്ക് ആദ്യം കടന്നുവരുന്ന മായാത്ത ചിത്രങ്ങളിലൊന്ന് ജോർജ് ഫെർണാണ്ടസിന്റേതാവും. ആഭ്യന്തര സുരക്ഷ പരിപാലന നിയമമായ ‘മിസ’ പ്രകാരം അറസ്റ്റിലായി കൂച്ചുവിലങ്ങിൽ ഫെർണാണ്ടസ് നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. ഇന്നാണെങ്കിൽ അറസ്റ്റായാലും കൊലപാതകമായാലും സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിലെത്തിക്കാൻ ഓരോരുത്തരുടെയും കൈവശമുണ്ട്, മൂന്നും നാലും കാമറയുള്ള മൊബൈൽ ഫോണുകൾ. അക്കാലത്ത് ഒന്നു ഫോൺ വിളിക്കാൻതന്നെ പ്രയാസം. അതിനിടയിലും സ്വാതന്ത്ര്യത്തിലെ അവകാശങ്ങളെക്കുറിച്ച് ജനം ബോധവാന്മാരായിരുന്നു. അവരെ സംഘടിപ്പിക്കാനും തെരുവിലിറക്കാനും ഭരിക്കുന്നവരെ പ്രതിഷേധച്ചൂട് അറിയിക്കാനും പോന്ന നേതാക്കളും ഉണ്ടായിരുന്നു. അതുകൊണ്ട് അടിയന്തരാവസ്ഥ 21 മാസത്തിൽ അവസാനിപ്പിച്ച് പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഇന്ദിര ഗാന്ധി നിർബന്ധിതയായി. വിദ്യാഭ്യാസാവസരമില്ലാതെ അക്ഷരാഭ്യാസം ലഭിച്ചിട്ടില്ലാത്തവരെങ്കിലും, ഹിന്ദി ഹൃദയഭൂമിയെന്നോ തെന്നിന്ത്യയെന്നോ ഭേദമില്ലാതെ, കുഗ്രാമ ജനതയുടെ രാഷ്ട്രീയബോധം ഉയിർത്തെഴുന്നേറ്റ അസാധാരണ ജനകീയ പ്രതിഷേധത്തിൽ ഇന്ദിര അടിതെറ്റി വീണു.
ഇന്ന്, ഡൽഹിയെ വലിയ രാഷ്ട്രീയമാറ്റങ്ങളിലേക്ക് വഴിനടത്തിയ ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. അനിശ്ചിതമെന്നു പറയാവുന്ന കാലത്തോളം പുറത്തേക്കു വരില്ലെന്ന് മിക്കവാറും ഉറപ്പിക്കാം. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടശേഷമാണ് രാജ്യത്തെ ദേശീയ പാർട്ടികളിലൊന്നിന്റെ നേതാവ് അകത്തായത്. ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ അകത്തേക്കു പോയിട്ട് മാസം 13 കഴിഞ്ഞു. മുഖ്യമന്ത്രിപദവി കസ്റ്റഡിക്കാലം മുഴുവൻ കൊണ്ടുനടക്കാൻ കെജ്രിവാളിന് കഴിയില്ല. പകരമൊരാളെ നിശ്ചയിച്ച് പദവി കൈമാറിയില്ലെങ്കിൽ രാഷ്ട്രപതിഭരണത്തിലേക്ക് കേന്ദ്രസർക്കാർ ഡൽഹിയെ കൂട്ടിക്കൊണ്ടുപോകും. പ്രതിപക്ഷത്തെ നേതാക്കളിൽ മറ്റൊരാളായ ഝാർഖണ്ഡ് മുക്തിമോർച്ചയുടെ ഹേമന്ദ് സോറൻ ഇന്ന് മുഖ്യമന്ത്രിപദവി തെറിച്ച് ജയിലിലാണ്. മൂന്നാം മുന്നണി മോഹവുമായി നടന്ന ഭാരത് രാഷ്ട്രസമിതി സ്ഥാപക നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിതയെയും അനിശ്ചിതകാല കസ്റ്റഡിവാസത്തിലേക്ക് എടുത്തെറിഞ്ഞു. ഇന്ദിരക്ക് അന്ന് മിസയെങ്കിൽ, മോദിക്ക് ഇന്ന് കള്ളപ്പണ നിരോധനമാണ് മറ. പട്ടിക ഇവരിൽ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല. അവരൊക്കെയും അഴിമതിയിൽ പങ്കു വഹിച്ചവരാണെന്നും വരാം. എന്നാൽ, വ്യവസ്ഥാപിത മാർഗങ്ങളിലൂടെ നടപടികൾ മുന്നോട്ടുപോകുന്നതിനേക്കാൾ, പ്രതികാരരാഷ്ട്രീയത്തിലൂടെയാണ് കുരുക്ക് മുറുക്കുന്നതെന്ന് പകൽപോലെ വ്യക്തം. ആ പ്രതികാരരാഷ്ട്രീയത്തിന്റെ ചട്ടുകമായി കേന്ദ്ര അന്വേഷണ ഏജൻസികൾ പല സംസ്ഥാനങ്ങളിലേക്കും കടന്നുചെന്ന് പ്രതിപക്ഷനിരയെ വേട്ടയാടുന്നു. അറസ്റ്റിനുശേഷമാണ് തെളിവുതേടൽ. ഇന്ദിര ഗാന്ധിയുടെ ആയുധം മിസ, കോഫെപോസ തുടങ്ങിയവ ആയിരുന്നെങ്കിൽ, കള്ളപ്പണ നിരോധന നിയമമായ പി.എം.എൽ.എക്ക് കൂർത്ത പല്ലും നഖവും നൽകിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ നിർബാധം ഇറക്കിവിട്ടിരിക്കുന്നത്. സുതാര്യവും സ്വതന്ത്രവുമായ അന്വേഷണമോ അഴിമതിക്കെതിരായ പോരാട്ടമോ ഒന്നുമല്ല നടക്കുന്നത്. കർമഫലം അനുഭവിക്കുന്ന കെജ്രിവാളിന് ‘കിട്ടേണ്ടതു കിട്ടി’യത് ആസ്വദിക്കുന്നതല്ലാതെ, അവിഹിത സംഭാവന വാരിക്കൂട്ടാൻ ബി.ജെ.പി വഴിയാക്കിയ ഇലക്ടറൽ ബോണ്ടിനെക്കുറിച്ച് പറയാൻ അണ്ണാ ഹസാരെമാർക്ക് വാക്കുകളില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷക പ്രതിസന്ധി, മാധ്യമവിലക്ക് തുടങ്ങിയ ദുരവസ്ഥകളും ഭരണഘടന സ്ഥാപനങ്ങളുടെ പക്ഷപാതം മുതൽ പ്രതിപക്ഷ പ്രവർത്തനം തച്ചുടക്കുന്നതുവരെയുള്ള ലക്ഷണമൊത്ത അടിയന്തരാവസ്ഥ സാഹചര്യങ്ങളും വിഷയമല്ല.
അരവിന്ദ് കെജ്രിവാളും ആപ്പും ആവേശംകൊള്ളിച്ചതിന്റെ 11 വർഷത്തെ ചരിത്രം ഡൽഹിക്കാർക്കു മുന്നിലുണ്ട്. നിത്യജീവിതപ്രശ്നങ്ങൾ മുതൽ ഡൽഹിക്ക് പൂർണ സംസ്ഥാന പദവി വരെയുള്ള വിഷയങ്ങളിൽ ജനം കെജ്രിവാളിനു പിന്നിൽ ആവേശപൂർവം തെരുവിലിറങ്ങി. എന്നാൽ, കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്ന് തെരുവുകളിൽ ആപ് നടത്തുന്ന പ്രതിഷേധങ്ങളിൽ മുൻകാലങ്ങളിലെയത്ര ജനപങ്കാളിത്തമില്ല, മാധ്യമങ്ങളാവട്ടെ അങ്ങനെയൊരു സംഗതി നടക്കുന്ന വിവരം അറിഞ്ഞ മട്ട് കാണിക്കുന്നില്ല. അത് ആപ്പിനോടുള്ള കാഴ്ചപ്പാടിൽ വന്ന മാറ്റമാണോ? നേതൃശൂന്യതയിൽ ജനങ്ങളെ സംഘടിപ്പിക്കാനുള്ള കെൽപ് ആപ്പിന് നഷ്ടപ്പെട്ടതാണോ? ബി.ജെ.പിയുടെയും കേന്ദ്ര സർക്കാറിന്റെയും ശൈലികൾക്കുള്ള പിന്തുണയാണോ? വോട്ടു ചെയ്യാൻതന്നെ താൽപര്യം കുറഞ്ഞുവരുന്ന നഗരവാസിയുടെ അരാഷ്ട്രീയ ബോധം വർധിക്കുന്നതാണോ? ചോദ്യം പ്രസക്തമാവുന്നത് കെജ്രിവാളിന്റെ അറസ്റ്റിൽ മാത്രമല്ല. കോർപറേറ്റ്-വർഗീയ വാഴ്ചയുടെ ഭ്രമയുഗത്തിൽ അടിയന്തരാവസ്ഥയോടും പൊരുത്തപ്പെട്ടുപോകുന്ന അടിമത്തവും, ഒപ്പം വിഭാഗീയ മനസ്സും ഒരുപോലെ വളരുകയാണ്. ഇന്ദിരയുടെ അടിയന്തരാവസ്ഥയെ ചെറുത്തുതോൽപിച്ച ജനതയുടെ രാഷ്ട്രീയബോധവും പാർട്ടികളുടെ സംഘാടനശേഷിയും അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ ഞെരിഞ്ഞമർന്നുനിൽക്കുന്നു. 5ജി നമുക്ക് വിവര-സന്ദേശങ്ങൾ ഞൊടിയിടയിൽ വാരിയെടുക്കാൻ സൗകര്യം തരും. പൗരബോധത്തിന്റെ ഫ്രീ ഡേറ്റ ആ സംവിധാനം സംഭാവന ചെയ്യില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.