വർഷം 2009. വൃക്ക രോഗികളുടെ എണ്ണത്തിൽ അന്നും കേരളം ഒന്നാം സ്ഥാനത്തുതന്നെ. ഇതിലെ ലാഭസാധ്യത കണ്ട് ഇതര സംസ്ഥാനങ്ങളിൽനിന്നുപോലും വൃക്ക മാഫിയ കേരളത്തിൽ തമ്പടിച്ചിരുന്ന ആ കാലത്താണ് തൃശൂർ വാടാനപ്പള്ളിയിലെ ഗോപിനാഥൻ എന്ന ചെറുപ്പക്കാരൻ രോഗിയായത്. നിർധന കുടുംബത്തിെൻറ അത്താണിയായ ഗോപിനാഥെൻറ ചികിത്സക്ക് വഴിതേടി നാട്ടിലെ ചെറുപ്പക്കാർ ഒരുമിച്ചു. ചികിത്സ സഹായസമിതി രൂപവത്കരിക്കുന്നതിന് യോഗം ചേരാൻ പള്ളി കോമ്പൗണ്ട് അനുവദിച്ചുകിട്ടാൻ അവർ വാടാനപ്പള്ളി സെൻറ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ഡേവിസ് ചിറമ്മേലിനെ ചെന്നുകണ്ടു. സ്ഥലം അനുവദിച്ചുവെന്നു മാത്രമല്ല, ചികിത്സാ സഹായ പിരിവിനായി അദ്ദേഹവും ഒപ്പം ചേർന്നു. ആറുമാസംകൊണ്ട് അവർ സമാഹരിച്ചത് 12 ലക്ഷം രൂപ.
അപ്പോഴും ഫാ. ഡേവിസ് ചിറമ്മേൽ അറിഞ്ഞിരുന്നില്ല, വിശുദ്ധ പുസ്തകത്തിൽ നിരവധി തവണ വായിച്ചുപോയ ‘വഴിയും സത്യവും ജീവനും ഞാനാകുന്നു’ എന്ന തിരുവചനത്തിന് സ്വജീവിതംകൊണ്ട് സാക്ഷ്യം പൂർത്തീകരിക്കുന്നതിനുള്ള വഴിത്തിരിവാകും ഇതെന്ന്. പിരിച്ചെടുത്ത 12 ലക്ഷവും കൊണ്ട് നാട്ടുനടപ്പനുസരിച്ച് കോയമ്പത്തൂരിൽ വൃക്ക തേടിപ്പോകാൻ സഹായസമിതി ഭാരവാഹികൾ ഇറങ്ങി. പക്ഷേ, വഞ്ചനയിൽപെട്ട് പണംപോയാലോ എന്ന് ഉൾവിളി തോന്നിയ ഫാദർ അവരുടെ യാത്ര തടഞ്ഞു. പകരം എന്ത് എന്ന് ഒരു രൂപവും ഉണ്ടായതുമില്ല. അന്ന് രാത്രി ഉറക്കംവരാതെ കിടന്ന ഫാദറിെൻറ മനസ്സിൽ പിന്നെയും തെളിഞ്ഞ ആ തിരുവചനത്തിന് തെൻറ ജീവിതംകൊണ്ട് അടിവരയിടുന്ന തീരുമാനമെടുക്കാൻ ഫാദറിന് ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല; സ്വന്തം വൃക്കകളിലൊന്ന് ഗോപിനാഥന് ദാനം ചെയ്യാൻ. ഇന്നേക്ക് കൃത്യം ഒമ്പത് വർഷം മുമ്പ്, 2009 സെപ്റ്റംബർ 30ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഒാപറേഷൻ തിയറ്ററിൽ ഫാ. ഡേവിസിെൻറ വൃക്കകളിലൊന്നു ഗോപിനാഥെൻറ ശരീരത്തിനു ദാനമായി.
കേരളത്തിെൻറ കാരുണ്യവഴിയിൽ കൊളുത്തിവെച്ച ഒരു കെടാവിളക്കായി ആ സംഭവം. ഫാ. ഡേവിസിെൻറ പാത പിന്തുടർന്ന്, ജാതിയും മതവും നോക്കാെത വൃക്ക ദാനം ചെയ്യാൻ നിരവധി ക്രിസ്ത്യൻ പുരോഹിതന്മാർ രംഗത്തുവന്നു. പാലക്കാട് രൂപതക്ക് കീഴിലുള്ള വള്ളിയോട് സെൻറ് മേരീസ് േപാളിടെക്നിക് കോളജ് ഡയറക്ടർ ഫാ. ബെറ്റ്സൺ തൂക്കുപറമ്പിൽ വൃക്കകളിലൊന്ന് ദാനം ചെയ്തത് മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അലവിക്ക്. വയനാട് ചിങ്ങേരി സെൻറ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. ഷിബു വൃക്ക നൽകിയത് തൃശൂർ ചാവക്കാട് അകലാട് സ്വദേശിനി ഖൈറുന്നിസക്ക്.
കപ്പുച്ചിന് സഭാംഗമായിരുന്ന കണ്ണൂര് സ്വദേശി ഫാ. ജിന്സന് മുട്ടത്തിക്കുന്നേലിന്, തെൻറ വൃക്ക ആരുടെ ശരീരത്തിലാണ് പ്രവർത്തിക്കുന്നത് എന്നുപോലും അറിയില്ല, ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയേണ്ടതില്ലാത്ത, ദാന രീതിയിലെ അത്യുന്നതി.കത്തോലിക്കാസഭയിൽ ജീവിച്ചിരിക്കവെ വൃക്ക നൽകിയ ആദ്യ ബിഷപ്പും കേരളത്തിൽനിന്നാണ്. പാലാ രൂപത സഹായ മെത്രാൻ ബിഷപ്പ് ജേക്കബ് മാര് മുരിക്കൻമാര്പാപ്പ കാരുണ്യവര്ഷമായി പ്രഖ്യാപിച്ച 2016 ൽതന്നെ തെൻറ വൃക്കകളിലൊന്ന് അദ്ദേഹം തൃശ്ശൂര് സ്വദേശി സൂരജിന് ദാനം ചെയ്തു. വൃക്കദാനത്തിൽ സമൂഹത്തിന് മാതൃക കാണിച്ച ഏക പുരോഹിതവിഭാഗവും ക്രൈസ്തവരിൽ നിന്നാണ്.
വൈദികർ മാത്രമല്ല, കന്യാസ്ത്രീകളും കാരുണ്യപാതയിൽ ഏറെ ദൂരം സഞ്ചരിച്ചു. എറണാകുളം നഗരത്തിൽ അലഞ്ഞുതിരിയുന്ന തെരുവ് ബാല്യങ്ങളെ കണ്ടെത്തി കുളിപ്പിച്ച് പുത്തനുടുപ്പിടുവിച്ച് ഭക്ഷണം നൽകുന്നതിനും കുഷ്ഠരോഗ ആശുപത്രികളിലെ രോഗികളുടെ ഇൗച്ചയാർക്കുന്ന വ്രണങ്ങൾ മടിയേതുമില്ലാതെ, കഴുകി വൃത്തിയാക്കി മരുന്നുവെച്ചു കെട്ടുന്നതിലുമെല്ലാം മുമ്പന്തിയിൽ നിൽക്കുന്നത് ജീവിതം ദൈവവേലക്കായി ഉഴിഞ്ഞുവെച്ച കന്യാസ്ത്രീകൾതന്നെ. സഭയെ പിടിച്ചുകുലുക്കുന്ന പീഡന ആരോപണങ്ങൾ പുറത്തുവരുേമ്പാഴും, തങ്ങൾ അനുഷ്ഠിക്കുന്ന ജീവകാരുണ്യവ്രതത്തിൽനിന്ന് സമൂഹത്തിെൻറ ശ്രദ്ധ തിരിഞ്ഞുപോകുമോ എന്ന ആശങ്കയിലാണവർ. വിവാദങ്ങളും കേസുകളും ഉയർത്തുന്ന പുകപടലത്തിൽ നാം കാണാതെ പോകരുത്, നിസ്വാർഥത മുഖമുദ്രയാക്കിയ ഇൗ മഹാഭൂരിപക്ഷത്തിെൻറ കാരുണ്യകരങ്ങൾ.
നായകനായും പ്രതിനായകനായും സമൂഹമാധ്യമം
കന്യാസ്ത്രീ പീഡനക്കേസിൽ ജലന്ധധർ രൂപത ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ സമരം ആരംഭിച്ച നാളുകൾ. ആദ്യം ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന സമരം സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. പിന്നെ, സമരവേദിയിൽ എത്താനുള്ള ആഹ്വാനം പറന്നുനടന്നത് സോഷ്യൽ മീഡിയയിൽ. ആരൊക്കെ എപ്പോഴൊക്കെ സമരവേദിയിൽ എത്തണമെന്നതിെൻറ നിർദേശങ്ങൾപോലും അതു വഴിയായിരുന്നു. മഠങ്ങളിൽ തങ്ങൾ അനുഭവിക്കുന്ന വേദനകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാൻ പലരും തയാറായി. സമരം സംഘടിപ്പിക്കുന്നതിൽ മാത്രമല്ല, ചർച്ചുകളുമായി ബന്ധപ്പെട്ടുള്ള യുവജന കൂട്ടായ്മകളുടെ പ്രവർത്തനം ഏകോപിപ്പിക്കൽ, വിവിധ പരിപാടികളുടെ സംഘാടനം എന്നിവയും സമൂഹ മാധ്യമങ്ങളുടെ വേദികൾ ഉപയോഗിച്ചാണ്. ഇതിനായി വികാരിമാരും അസി. വികാരിമാരുമൊക്കെ അഡ്മിൻ പാനലായി, ചർച്ച് അടിസ്ഥാനത്തിൽ വാട്സ്ആപ് കൂട്ടായ്മകൾ തന്നെയുണ്ട്. ഇൗ കൂട്ടായ്മയിൽ സന്ദേശങ്ങൾ അയക്കുേമ്പാൾ യുവതി യുവാക്കൾ സമയവും കാലവും പാലിക്കണമെന്നും വികാരിമാരെ, ഇടയെൻറ സ്ഥാനത്ത് കണ്ടുകൊണ്ടുതന്നെയുള്ള മാന്യമായ സന്ദേശങ്ങളേ ആകാവൂ, അതിരുവിടരുത് തുടങ്ങിയ നിർദേശങ്ങളും അഡ്മിൻ പാനലിൽനിന്ന് നൽകാറുണ്ട്.
ഇതോടൊപ്പം, പ്രതിനായക റോളുകളിലും ഇതേ സമൂഹ മാധ്യമങ്ങൾ ഉണ്ടെന്നതും സഭയെ കുഴക്കുന്നു. ചെറുപ്പക്കാരായ പല വൈദികരും വിശുദ്ധ പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ അധികം സമയം ‘മുഖപുസ്തകം’ വായിക്കുന്നതിന് ചെലവഴിക്കുന്നു എന്ന കുറ്റപ്പെടുത്തലുകൾ മുതിർന്ന ൈവദികരിൽനിന്നുതന്നെയുണ്ടാകുന്നു. ഇത് തെറ്റായ ബന്ധങ്ങളിലേക്ക് നയിക്കുന്നതിനും ഉദാഹരണങ്ങൾ ഏറെ. ബംഗ്ലാദേശ് വംശജയായ ബ്രിട്ടീഷുകാരിയെ വൈദികൻ പീഡിപ്പിച്ചുവെന്ന കേസിലും പ്രതിനായകനായി എത്തിയത് സോഷ്യൽ മീഡിയ.
ഫേസ്ബുക്ക് ചാറ്റിലൂടെയാണ് ഇരുവരും അടുത്തത്. തൃശൂരിൽ വീട്ടമ്മയായ യുവതി വൈദികനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ വില്ലനായത് വാട്സ്ആപ്. കുടുംബപ്രശ്നം ചർച്ചചെയ്യാൻ വൈദികന് മുമ്പിലെത്തിയ വിദേശ മലയാളി നഴ്സായ യുവതി വൈദികനുമായി പിന്നീട് അടുത്തതും ഒടുവിൽ വൈദികൻ തിരുവസ്ത്രം ഉപേക്ഷിച്ച് യുവതിക്കൊപ്പം വിദേശത്തേക്ക് കടന്നതിലും സമൂഹ മാധ്യമത്തിന് നിർണായക പങ്കായിരുന്നു. കന്യാസ്ത്രീകളുടെ കാര്യത്തിൽ, അവർക്ക് ആദ്യമൊന്നും മൊബൈൽ ഫോൺ അനുവദിച്ചിരുന്നില്ല. പിന്നീട്, മൊബൈൽ അനുവദിച്ചപ്പോഴാകെട്ട, അതിൽ നെറ്റ് ഉപയോഗിക്കരുതെന്ന് കർശന നിർദേശവും നൽകി. പക്ഷേ, ഇപ്പോൾ നിർദേശങ്ങളിലേറെയും കാറ്റിൽ പറന്നു. സ്മാർട് ഫോണിലൂടെ ഫേസ്ബുക്കിലും വാട്സ്ആപ്പിലും സജീവ സാന്നിധ്യമായ കന്യാസ്ത്രീകൾ ഒേട്ടറെ.
ഹൈകോടതി ജങ്ഷനിൽ നടന്ന കന്യാസ്ത്രീ സമരത്തിൽ പെങ്കടുത്ത സിസ്റ്റർക്കെതിരെ നടപടിയെടുത്തതിന് ന്യായീകരണമായി പറഞ്ഞ കാരണങ്ങളിലൊന്ന്, അവർ വ്യാജ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി, അതിലൂടെ സഭയെ അപമാനിച്ചു എന്നായിരുന്നു.
അവസാനിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.