സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാഭേദഗതി ശരിവെച്ച സുപ്രീംകോടതി വിധി അപ്രതീക്ഷിതമല്ലെന്നും കൂടുതൽ മുന്നേറ്റങ്ങൾക്ക് വഴിതുറക്കുമെന്നും വ്യക്തമാക്കുന്നു പിന്നാക്കവിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറും കേസിൽ കക്ഷിചേർന്ന ഓൾ ഇന്ത്യ ബാക് വേഡ് ക്ലാസസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ ലേഖകൻ
രാജ്യത്തെ സവർണ ജാതികൾക്ക് 103ാം ഭരണഘടന ഭേദഗതി നിയമത്തിലൂടെ ഏർപ്പെടുത്തിയ സംവരണത്തിന്റെ സാധുത സുപ്രീംകോടതി ഇന്നലെ ശരിവെച്ചിരിക്കുന്നു.
ഈ സംവരണം ഭരണഘടനയുടെ ധാർമികതയും അടിത്തറയും തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി റിട്ടയേഡ് ജസ്റ്റിസ് വി. ഈശ്വരയ്യ ദേശീയ ചെയർമാനും ഈ ലേഖകൻ സംസ്ഥാന പ്രസിഡന്റുമായ ഓൾ ഇന്ത്യ ബാക് വേഡ് ക്ലാസസ് ഫെഡറേഷനും കേസിൽ കക്ഷിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ഭരണഘടന വിദഗ്ധനും നാഷനൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറുമായ പ്രഫ. (ഡോ.) മോഹൻ ഗോപാൽ ആണ് ഫെഡറേഷനുവേണ്ടി സുപ്രീംകോടതിയിൽ വാദിച്ചത്. ഇന്നലെ പുറത്തുവന്ന വിധികേട്ട് സാമൂഹിക നീതിക്കായി വർഷങ്ങളായി വാദിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളാരും നടുങ്ങിയില്ല, ഹതാശരുമല്ല. ഭരണഘടനാ സ്ഥാപനങ്ങളുടെ നിലവിലെ നിലവാരവും നിലപാടുകളും വിലയിരുത്തുന്ന ആർക്കും സവർണസംവരണം റദ്ദാക്കപ്പെടും എന്ന് പ്രതീക്ഷിക്കാൻ വകയില്ലായിരുന്നു. എന്നാൽ, അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, ദിനേശ് മഹേശ്വരി, ജെ.ബി. പർദിവാല എന്നിവർ അനുകൂലിച്ചപ്പോൾ ചീഫ് ജസ്റ്റിസ് യു.യു. ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും സവർണ സംവരണത്തെ എതിർത്ത് വിധിയെഴുതി എന്നതുതന്നെ പിന്നാക്ക സമുദായങ്ങൾക്ക് ആവേശവും പ്രതീക്ഷയും നൽകുന്നു. 3:2 അനുപാതത്തിലുള്ള വിധി സർക്കാറിനും സവർണ മേൽക്കോയ്മാ വാദക്കാർക്കും അത്ര ദഹിച്ചിട്ടില്ല എന്നതും വസ്തുതയാണ്. എന്തായാലും ഈ വിധി പൊതുസമൂഹത്തിലും രാഷ്ട്രീയ മേഖലയിലും തുടർചലനങ്ങൾ ഉണ്ടാക്കും എന്ന് ഉറപ്പാണ്. ഒരു പുനഃപരിശോധന ഹരജിയിലൂടെ ഭൂരിപക്ഷ വിധി ചോദ്യം ചെയ്യാൻ ഞങ്ങളും ആലോചിക്കുന്നുണ്ട്. ഭൂരിപക്ഷ വിധിയിലെ അപാകതകളും പോരായ്മയും പൊതുസമൂഹം ചർച്ചചെയ്യുകതന്നെ വേണം.
സാമ്പത്തിക സംവരണം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന, പാവപ്പെട്ടവർക്ക് വേണ്ടി ഏർപ്പെടുത്തിയ സംവരണത്തിൽനിന്ന് എന്തുകൊണ്ട് പട്ടികജാതി-വർഗങ്ങളെയും മറ്റു പിന്നാക്ക സമുദായങ്ങളെയും ഒഴിവാക്കി എന്ന് വിശദീകരിക്കാൻ ഭരണകൂടത്തിനും സവർണസംവരണത്തെ പിന്തുണക്കുന്ന പാർട്ടികൾക്കും ബാധ്യതയുണ്ട്.
സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള, നാടിന്റെ സാമൂഹിക യാഥാർഥ്യങ്ങളെ തിരിച്ചറിയുന്ന ജഡ്ജിമാർ ഇന്ത്യയുടെ ഉന്നത നീതിപീഠങ്ങളിൽ ഉണ്ടാവേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്നുണ്ട് ഈ വിധി. ഇതുവരെ പങ്കാളിത്തം ഇല്ലാതിരുന്ന സമൂഹങ്ങളുടെ പ്രാതിനിധ്യം ഹൈകോടതികളിലും സുപ്രീംകോടതിയിലും ആവശ്യമായി വന്നിരിക്കുന്നു എന്ന യാഥാർഥ്യം ചർച്ചചെയ്യപ്പെടാൻ ഇന്നലത്തെ വിധി വഴിയൊരുക്കും.
നിയമസഭകളിലും പാർലമെന്റിലും പൊതുസമൂഹത്തെ ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ ഒരു ചർച്ചയും ഇല്ലാതെ തീരുമാനങ്ങൾ എടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ സമുദായങ്ങളോട് കൂറും കടപ്പാടും ഉള്ള വ്യക്തികളെ തെരഞ്ഞെടുക്കാനുള്ള സാധ്യതകളും ഉയർന്നുവരും. നിലവിൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ രാഷ്ട്രീയ പാർട്ടികളോടുള്ള കൂറാണ് പുലർത്തുന്നത്. പാർട്ടികളെല്ലാം സവർണ താൽപര്യത്തിനൊപ്പം ആണ്. ഈ സാഹചര്യത്തിൽ 'കമ്യൂണൽ അവാർഡ്' പോലുള്ള നിയമനിർമാണത്തെക്കുറിച്ചും ചർച്ചകൾ ഉണ്ടാവും.
വി.പി. സിങ് സർക്കാറിന്റെ കാലത്ത് മണ്ഡൽ ശിപാർശകൾ നടപ്പാക്കിയ ശേഷം ഉണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിന് സമാനമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കും സാധ്യത കാണുന്നു. ഈ വിധി എല്ലാ നിലയിലും ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും മുസ്ലിംകൾ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങൾക്കും പട്ടിക വിഭാഗങ്ങൾക്കും ഒരു വഴിത്തിരിവായിരിക്കും.
സാമൂഹിക നീതി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും കൂട്ടായ്മകളും കൂടുതൽ കരുത്തോടെ മുന്നോട്ടു കുതിക്കണമെന്നും ഭരണഘടനയേയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കാൻ ഒരുമിച്ചുനിൽക്കണമെന്നുമുള്ള ഓർമപ്പെടുത്തലാണ് സവർണ സംവരണ വിധി നമുക്ക് സമ്മാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.