ഇത്രകാലം അമേരിക്കയായിരുന്നു സൗദി അറേബ്യ പോലുള്ള രാജ്യങ്ങളുടെ ഏക വിശ്വസ്ത പങ്കാളി. ഇപ്പോൾ അവർക്ക് വേറെയും ഒാപ്ഷനുകൾ ലഭിച്ചിരിക്കുന്നു. സാമ്പത്തിക, രാഷ്ട്രീയ, സൈനിക ബന്ധങ്ങളിൽ ഒട്ടേറെ സഹായങ്ങൾ അവർക്കു ലഭ്യമാക്കാൻ ചൈനക്കു കഴിയും. ഇതേ തുറന്ന സമീപനത്തോടെ റഷ്യയും കാത്തിരിക്കുന്നു. ചൈനയോട് എന്താണിത്ര താൽപര്യം എന്നതിലേറെ, അമേരിക്കയോട് എന്തുകൊണ്ട് അനിഷ്ടം എന്ന ചോദ്യമാണ് നിരീക്ഷകരുയർത്തുന്നത്....
2022 മാർച്ച് മൂന്നിന് അമേരിക്കൻ പ്രസിദ്ധീകരണമായ ‘ദി അറ്റ്ലാന്റിക്’ മാഗസിൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായുള്ള സുദീർഘമായ അഭിമുഖവുമായാണ് പുറത്തിറങ്ങിയത്. ആ അഭിമുഖത്തിൽ ഇറാനുമായുള്ള ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. ഖത്തർ വിഷയത്തിൽ നേരത്തേയുള്ള നിലപാട് മാറിയോ എന്ന ചോദ്യത്തിന്, അതൊരു കുടുംബത്തിനകത്തെ വഴക്കുപോലെയാണ് എന്നായിരുന്നു മറുപടി. വഴക്കു തീർന്നോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം തീർത്തു പറഞ്ഞു; തീർച്ചയായും. ‘‘അതു സഹോദരങ്ങൾക്കിടയിലെ വക്കാണമായിരുന്നു. അതൊക്കെ മാറിക്കോളും, ഞങ്ങൾ ബെസ്റ്റ് ബെസ്റ്റ് കൂട്ടുകാരാകാൻ പോകുന്നു’’. തുടർന്ന് ഇറാനായി വിഷയം. ജി.സി.സിക്കു പുറത്താണ് ഇറാൻ. അതു കുടുംബകാര്യമല്ല. ഇറാനുമായി ക്രിയാത്മക ബന്ധം പ്രതീക്ഷിക്കാമോ എന്നു ചോദിച്ചപ്പോഴും വ്യക്തമായിരുന്നു മുഹമ്മദ് ബിൻ സൽമാന്റെ മറുപടി. ‘‘അവർ എന്നെന്നും ഞങ്ങളുടെ അയൽക്കാരാണ്. ഞങ്ങൾക്ക് അവരെയും അവർക്കു ഞങ്ങളെയും കൈയൊഴിയാനാവില്ല. അതുകൊണ്ട് നിലനിൽപിന്റെ വഴികളാരായുകയും അതിനുവേണ്ടി ശ്രമിക്കുകയുമാണ് ഇരുകൂട്ടർക്കും അഭികാമ്യം. ഞങ്ങൾ തമ്മിൽ നാലുവട്ടം ചർച്ചകൾ നടന്നുകഴിഞ്ഞു. ഇറാൻ നേതാക്കളുടെ പ്രസ്താവനകൾ സൗദി സ്വാഗതം ചെയ്തു. ചർച്ചയുടെ വിശദാംശങ്ങൾ വിശകലനം ചെയ്യും. ഇരുരാജ്യങ്ങൾക്കും ശ്രേയസ്കരമായ ഒരുനില പ്രാപിക്കാനും സൗദിക്കും ഇറാനും ശോഭനമായ ഭാവി പടുത്തുയർത്താനും കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ’’.
സൗദി കിരീടാവകാശിയുടെ ഈ പ്രതീക്ഷയുടെ സാക്ഷാത്കാരമാണ് ഒരുവർഷവും ഒരാഴ്ചയും കഴിഞ്ഞ് മാർച്ച് മൂന്നിനു വെള്ളിയാഴ്ച ബെയ്ജിങ്ങിൽ ചൈനയുടെ മാധ്യസ്ഥ്യത്തിൽ സമാധാനത്തിലേക്കു കൈകോർത്തുകയറാൻ സൗദിയും ഇറാനും തമ്മിലുണ്ടാക്കിയ ധാരണ.
ആകസ്മികമായുണ്ടായ ഒരു വഴിതിരിച്ചിലായിരുന്നില്ല ബെയ്ജിങ്ങിൽ നടന്നത് എന്നതിനു ‘അറ്റ്ലാന്റിക്’ അഭിമുഖം തെളിവ്. അന്ന് അമീർ മുഹമ്മദ് പറഞ്ഞതാണ് ശരി. പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷത്തിൽനിന്ന് ഇരുരാജ്യങ്ങളും ഒന്നും നേടിയില്ല എന്നു മാത്രമല്ല, ഒട്ടേറെ നഷ്ടപ്പെടുത്തുകയും ചെയ്തു. പശ്ചിമേഷ്യയിലെ പല സംഘർഷമുഖങ്ങളിലും മുഖാമുഖംനിന്നു സൗദിയും ഇറാനും. 1980 സെപ്റ്റംബറിൽ ഇറാഖ് ഇറാനെ കയറിയടിച്ചതിനെത്തുടർന്നുനടന്ന എട്ടുകൊല്ലത്തെ യുദ്ധത്തിൽ നിന്നാരംഭിക്കുന്നു ഗൾഫിലെ ഈ ശീതസമരാന്തരീക്ഷം. അന്ന് സൗദി നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെങ്കിലും അവർ മറുപക്ഷത്താണെന്നായിരുന്നു ഇറാൻ പ്രചാരണം. 1987 ജൂലൈയിൽ ഹജ്ജിനിടെ ഇറാൻ തീർഥാടകർ അമേരിക്ക വിരുദ്ധ പ്രതിഷേധത്തിനു മുതിർന്നത് സൗദി അടിച്ചമർത്തി. ഇതിൽ പ്രതിഷേധിച്ച് തെഹ്റാനിലെ സൗദി എംബസിക്കുനേരെ ആക്രമണം നടന്നു. തുടർന്ന് ഇറാനിൽനിന്നുള്ള തീർഥാടകരുടെ എണ്ണം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഇറാൻ മൂന്നുവർഷം ഹജ്ജ് ബഹിഷ്കരിച്ചു. 1991ൽ ഇരുരാജ്യങ്ങളും യോജിപ്പിലെത്തി. 1997ൽ ഇറാനിൽ മുഹമ്മദ് ഖാതമി പ്രസിഡന്റായതോടെ സൗദിയുമായുള്ള ബന്ധം ബലപ്പെടുത്താൻ ശ്രമമുണ്ടായി. ആ വർഷം ഡിസംബറിൽ അന്നത്തെ കിരീടാവകാശി അബ്ദുല്ല രാജാവ് ഇറാൻ സന്ദർശിച്ചു. രണ്ടുവർഷം കഴിഞ്ഞ് ഖാതമി സൗദിയും. എന്നാൽ, 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശവും സദ്ദാം വധവും ഇറാഖിൽ ശിയ ആധിപത്യത്തിനിടയാക്കിയതിൽപ്പിന്നെ ഈ ബന്ധം പിന്നെയും ഉലഞ്ഞു. 2005ൽ ഇറാനിൽ അഹ്മദി നെജാദ് ഭരണത്തിലേറിയശേഷം ആണവ പദ്ധതിയുമായി മുന്നോട്ടുപോകാൻ നടത്തിയ ശ്രമം സൗദിയിൽ സംശയങ്ങളുണർത്തി. 2011ൽ അമേരിക്കയിൽ, സൗദി അംബാസഡർക്കെതിരായ വധശ്രമക്കുറ്റം ചുമത്തി രണ്ടു ഇറാൻ പൗരന്മാരെ പിടികൂടി. അറബ് മുസ്ലിം നാടുകളെ 2011ൽ പിടിച്ചുകുലുക്കിയ ബഹുജന പ്രതിഷേധങ്ങളിൽ ഇരുരാജ്യങ്ങളും ഭിന്നധ്രുവങ്ങളിലായിരുന്നു. അതിനു പിറകെയാണ് യമനിലെ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നത്. സൗദിക്ക് നിരന്തരം അസ്വാസ്ഥ്യമുണ്ടാക്കിയ യമനിലെ ഹൂതി വിമതരെ അമർച്ചചെയ്യാൻ
വ്യവസ്ഥാപിത ഭരണകൂടത്തെ പിന്തുണച്ച് സൗദി സൈനികമായി ഇടപെട്ടു. എട്ടുവർഷം കഴിഞ്ഞിട്ടും പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല. ഇറാൻ നൽകുന്ന പിന്തുണയാണ് ഹൂതികളുടെ ആകെ ബലം. ആ ബലപരീക്ഷയുടെ ഒരു ഘട്ടത്തിൽ 2019ൽ ഹൂതികൾ സൗദിയിലെ എണ്ണ നിക്ഷേപങ്ങൾക്കുനേരെ ആക്രമണം നടത്തിയപ്പോൾ അത് ആ ദശകത്തിലെ ഏറ്റവും വലിയ എണ്ണ വിലക്കയറ്റത്തിനു നിമിത്തമായി. ആഗോള എണ്ണവിപണിയിൽ അന്ന് 14 ശതമാനമാണ് വില വർധിച്ചത്. സൗദിയിലെ ശിയ മതവിഭാഗങ്ങളുടെ വിഷയങ്ങളിൽ ഇറാന്റെ കൈകടത്തൽ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകളിൽ ഉടലെടുക്കാറുള്ള അസ്വസ്ഥതകൾ ഇറാന്റെ സൃഷ്ടിയാണെന്നാണ് സൗദിയുടെ ആരോപണം. ശിയ വിമതരെ കൈകാര്യം ചെയ്യുന്നതിന്റെ പേരിൽ പ്രതിഷേധമുയർത്താൻ ഇറാൻ പ്രേരണ ചെലുത്തുന്നതിനെതിരെ സൗദി പലപ്പോഴും പ്രതിഷേധിക്കാറുണ്ട്. ഏറ്റവുമൊടുവിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാക്കിയതുതന്നെ സൗദിയിൽ ഒരു ശിയ മതപണ്ഡിതനെതിരെ വധശിക്ഷ നടപ്പാക്കിയതും അതേത്തുടർന്ന് ഇറാനിൽ നടന്ന പ്രതിഷേധത്തിൽ അവർ സൗദി നയതന്ത്ര കാര്യാലയങ്ങളെ ആക്രമിച്ചതുമായിരുന്നു. ഇതോടെയാണ് ഇരുവിഭാഗവും ഉഭയകക്ഷിബന്ധം പൂർണമായും വിച്ഛേദിച്ചത്.
വാഷിങ്ടൺ ഡി.സിയിലെ സെന്റർ ഫോർ ഇന്റർനാഷനൽ പോളിസിയിലെ സീനിയർ ഫെലോ സീന തൂസി ‘അൽജസീറ’യോട് അഭിപ്രായപ്പെട്ടപോലെ, സൗദി-ഇറാൻ ധാരണ ഇരുരാജ്യങ്ങൾക്കിടയിലെ വഴക്ക് അവസാനിപ്പിച്ചതിലൊതുങ്ങുന്നതല്ല. അമേരിക്കയുടെ അജയ്യമായ ആഗോള മേധാശക്തിയുടെ കാലം കഴിഞ്ഞു, ലോകക്രമം മാറുകയാണെന്നതിന്റെ സൂചനയാണത്. ഇത്രകാലം അമേരിക്കയായിരുന്നു സൗദി അറേബ്യ പോലുള്ള രാജ്യങ്ങളുടെ ഏക വിശ്വസ്ത പങ്കാളി. ഇപ്പോൾ അവർക്ക് വേറെയും ഒാപ്ഷനുകൾ ലഭിച്ചിരിക്കുന്നു. സാമ്പത്തിക, രാഷ്ട്രീയ, സൈനികബന്ധങ്ങളിൽ ഒട്ടേറെ സഹായങ്ങൾ അവർക്കു ലഭ്യമാക്കാൻ ചൈനക്കു കഴിയും. ഇതേ തുറന്ന സമീപനത്തോടെ റഷ്യയും കാത്തിരിക്കുന്നു.
ചൈനയോട് എന്താണിത്ര താൽപര്യം എന്നതിലേറെ അമേരിക്കയോട് എന്തുകൊണ്ട് അനിഷ്ടം എന്ന ചോദ്യമാണ് നിരീക്ഷകരുയർത്തുന്നത്. അതിന് അമീർ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ വർഷം നൽകിയ മറുപടി കൃത്യമാണ്. ഓരോ നാടും അവരുടെ സാമ്പത്തിക, വാണിജ്യ, സുരക്ഷരംഗത്തെ പുരോഗതിക്കു വേണ്ടിയാണ് മറ്റു രാജ്യങ്ങളുമായി കൈകോർക്കുന്നത്. അന്യോന്യം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക ഉഭയകക്ഷി ബന്ധങ്ങളുടെ സാമാന്യ മര്യാദയാണ്. അമേരിക്കക്ക് അവരുദ്ഘോഷിക്കുന്ന നല്ല മൂല്യങ്ങളും മാതൃകകളും ആരുടെ മുന്നിലും പ്രകടിപ്പിക്കാം. അതു നന്നെങ്കിൽ അതിന്റെ സ്വാധീനം ബന്ധപ്പെട്ട നാടുകളിലുണ്ടാകും. എന്നാൽ, ആശയങ്ങളും ചിന്താഗതികളും മൂല്യവിചാരങ്ങളും സമ്മർദങ്ങളിലൂടെ അടിച്ചേൽപിക്കേണ്ടതല്ല എന്നാണ് അമേരിക്കയെക്കുറിച്ച ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി. ജി20 രാജ്യങ്ങളുടെ കൂട്ടത്തിൽ അഞ്ചുകൊല്ലം മുമ്പുവരെ സൗദിയുടെ സ്ഥാനം ഏതാണ്ട് 20 ആയിരുന്നു. അതിപ്പോൾ 17ലെത്തി. 2030 ആകുമ്പോൾ 15ലും ഭേദപ്പെട്ട അവസ്ഥയിലെത്തണം. ജി20 രാജ്യങ്ങളിൽ വളർച്ചയിലേക്ക് കുതിക്കുന്നതിൽ മുന്നിൽനിൽക്കുന്നത് സൗദിയാണെന്നും അത് അമേരിക്ക തിരിച്ചറിഞ്ഞില്ലെങ്കിൽ കിഴക്കുനിന്നുള്ളവരുടേതാകും അവസാനത്തെ ചിരിയെന്നും അദ്ദേഹം ഓർമിപ്പിച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ 10 ആഗോള ഫണ്ടുകളിൽ രണ്ടെണ്ണവും ആഗോള പണ റിസർവുകളിൽ ഒന്നും കൈവശം, ലോകത്തെ എണ്ണയുടെ 12 ശതമാനം ഉടമാവകാശം, ലോകവ്യാപാരത്തിന്റെ 27 ശതമാനം കടന്നുപോകുന്ന ചെങ്കടലിന്റെയും അറേബ്യൻ ഗൾഫിന്റെയും മേൽനോട്ടം. സൂയസ്, ഹോർമുസ്, ബാബുൽ മൻദബ് കടലിടുക്കുകൾക്കിടയിലെ നിർണായക സ്ഥാനം-ഇതെല്ലാം കണ്ടറിഞ്ഞു തന്നെയാണ് ആഗോളശക്തികൾ സൗദിയെ വലംവെക്കുന്നത്. ഇപ്പോൾ സ്വന്തം ശക്തിയെക്കുറിച്ച് സൗദിക്കും ബോധ്യമുണ്ട്. അമേരിക്കയിൽ ഇതുവരെയായി 800 ബില്യൺ ഡോളറിന്റെ നിക്ഷേപമുണ്ട് സൗദിക്ക്. ചൈനയിൽ അത് നൂറിൽ കുറഞ്ഞ ബില്യണേയുള്ളൂ. മൂന്നുലക്ഷം അമേരിക്കക്കാർ സൗദിയിലുണ്ട്. ഇതെല്ലാം വെച്ചുകൊണ്ട് സൗദി കിരീടാവകാശി അമേരിക്കയോട് അന്നു തുറന്നുചോദിച്ചു, സൗദിയിൽ നേടണോ തുലക്കണോ എന്നു നിങ്ങളാണ് തീരുമാനിക്കേണ്ടത് എന്ന്. സ്വന്തം ശക്തിവെച്ചുള്ള വിലപേശൽ മാത്രമായിരുന്നില്ല. അമേരിക്കയുടെ ഇത്രകാലം വരെയുള്ള ഇടപാടുകളിലും ഇടപെടലുകളിലുമുള്ള അസ്വസ്ഥതയും അത് അവസാനിപ്പിച്ച് മറ്റു ഒപ്ഷനുകൾ തേടാനുള്ള താൽപര്യവും കൂടി അതിലുണ്ടായിരുന്നു. ആ വഴിക്ക് ചുവടുവെച്ചിരിക്കുന്നു സൗദി എന്നുകൂടി വെളിപ്പെടുത്തുന്നുണ്ട്, ചൈന കരാർ. ഒന്നേ മുക്കാൽ ദശലക്ഷം ബാരൽ പ്രതിദിനം എണ്ണ വാങ്ങുന്ന സൗദിയുടെ മുഖ്യ ഉപഭോക്താവാണ് ചൈന.
സൗദി സർക്കാറിന്റെ ശബ്ദം പ്രതിഫലിപ്പിക്കുന്ന ‘അറബ് ന്യൂസ്’ പത്രത്തിന്റെ ചീഫ് എഡിറ്റർ ഫൈസൽ ജെ. അബ്ബാസിന്റെ വാക്കുകളിലും പുതിയ ദിശാമാറ്റത്തിന്റെ സൂചനയുണ്ട്. ‘‘അമേരിക്കയിലെയും യൂറോപ്പിലെയും ചാരുകസേര വിദഗ്ധർ, യു.എസിനെ വിട്ടു ചൈനയെ പിടിച്ചതെന്ത് എന്നാണ് ചോദിക്കുന്നത്. ഇരുപക്ഷത്തിനും സ്വീകാര്യരായ മാധ്യസ്ഥ്യരുടെ മുൻകൈയിൽ മുൻവിധികളും വിരുദ്ധതാൽപര്യങ്ങളുമില്ലാതെ സ്വകാര്യമായി പരസ്പരം വിശ്വാസത്തിലെടുത്തുനടത്തുന്ന ചർച്ചകളാണ് വിജയിക്കുക. അക്കാര്യത്തിൽ ചൈന പെർഫെക്ട് ആയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധമാണവർക്ക്. യു.എസിനെയും യൂറോപ്പിനെയും പോലെ മേഖലയിൽ ആക്രമണത്തിന്റെയോ അധിനിവേശത്തിന്റെയോ പാരമ്പര്യം അവർക്കില്ല’’.
മേഖലയിൽ പുതിയ സാമ്പത്തിക ശക്തിയായി മാറുന്നതിനു സൗദിക്കും സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളിൽനിന്നു കരകയറാൻ ഇറാനും സമാധാനം അനിവാര്യം. ചൈനക്കോ, മെലിയുന്ന അമേരിക്കക്കും കുടുംബവഴക്കിൽ ഉലയുന്ന യൂറോപ്പിനും ബദൽ തിരയുന്ന പശ്ചിമേഷ്യയിൽ കുറഞ്ഞ നഷ്ടത്തിൽ കൂടുതൽ ലാഭം നേടാനുള്ള അവസരവും. കരാർ പങ്കാളികൾക്കെല്ലാം ഉടൻ നേട്ടങ്ങളുണ്ടാക്കിയ ബെയ്ജിങ് ധാരണ ലോകരാഷ്ട്രീയ ഭൂപടത്തിൽ ദൂരവ്യാപക ഫലങ്ങൾ സൃഷ്ടിക്കുമെന്നുറപ്പിക്കുകയാണ് ഈ നിരീക്ഷണങ്ങളത്രയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.