1.ജോൺ എഫ്. കെന്നഡി, 2.സൈറസ് ഏവ്റി

സോഷ്യലിസത്തിന്‍റെ തണൽ ഒഴിയാനാവാ​തെ

പ്രൗഢഗംഭീരമായൊരു കാലത്തിന്റെ തുല്യനീതി സമരങ്ങളിൽ അമേരിക്കയുടെ മണ്ണിലുറച്ചുനിന്ന സോഷ്യലിസത്തിന്റെ ശക്തമായ വേരുകൾക്ക് രാജ്യപുരോഗതിയുടെ യാത്രയിൽ സുപ്രധാനമായ സ്ഥാനമുണ്ട്. സാമൂഹികക്ഷേമം സോഷ്യലിസത്തിന്റെ ലക്ഷ്യമായിരിക്കെ, മുതലാളിത്ത വ്യവസ്ഥിതിക്ക് പ്രത്യക്ഷത്തിൽ സമ്മതിച്ചില്ലെങ്കിലും പ്രയോഗത്തിൽ അതിനെ പിന്തുണക്കേണ്ടിവരും എന്നതാണ്​ അമേരിക്കൻ അനുഭവം. സ്ത്രീകൾക്കുള്ള വോട്ടവകാശം, കൃത്യമായ വേതനം, തൊഴിൽ നിയമങ്ങൾ, പെൻഷൻ സമ്പ്രദായം തുടങ്ങി സാമൂഹികവ്യവസ്ഥിതിയുടെ അടിത്തറക്ക്​ വേണ്ടതെല്ലാം സോഷ്യലിസത്തിന്റെ മൂലകങ്ങളിൽ നിന്നാണ്​ ഉണ്ടായിത്തീരുക. ലോകത്തെ രണ്ടാമത്തെ ജനാധിപത്യരാജ്യവും ഏറ്റവും ശക്തമായ മുതലാളിത്ത രാജ്യവുമായ അമേരിക്കയുടെ സാമൂഹിക നിർമിതിയിലും ഏറ്റവും മാന്യമായ സ്ഥാനം സോഷ്യലിസത്തിനുണ്ട്.

സാമ്പത്തികതുല്യത മനുഷ്യാവകാശമാണെന്ന ജനാധിപത്യ-സോഷ്യലിസ്റ്റ് വാദങ്ങളും വ്യക്തി അവകാശങ്ങൾക്കായുള്ള പ്രതിഷേധക്കൂട്ടായ്മകളും തുടർന്നുണ്ടായ നിയമനിർമാണങ്ങളുമൊന്നും മുതലാളിത്തത്തിന്റേതായിരുന്നില്ല. 2017 ലെ തെരഞ്ഞെടുപ്പിലെ മുഖ്യ മുദ്രാവാക്യം 'മേക്ക്​ അമേരിക്ക ഗ്രേറ്റ് എഗൈൻ' എന്നായിത്തീർന്നതിന് വ്യക്തമായ കാരണമുണ്ട്. വെളുത്തവർഗക്കാരിലെ തൊഴിലാളികളുടെ വോട്ടുകൾ നേടുകയായിരുന്നു പ്രധാനലക്ഷ്യം. ഈ മുദ്രാവാക്യത്തിന് അമേരിക്കയുടെ സാമൂഹിക മാറ്റവുമായി ബന്ധമുള്ള ഒരു ചരിത്രം കൂടിയുണ്ട്. ഏതാണ്ട് അറുപത് വർഷങ്ങൾക്കു മുമ്പ്​ തൊഴിൽപരമായും സാമ്പത്തികമായും സാമൂഹികമായുമുണ്ടായ മുന്നേറ്റത്തെ തുടർന്നുണ്ടായ വൻ പുരോഗതി അമേരിക്കയുടെ സുവർണകാലഘട്ടമായി അറിയപ്പെട്ടിരുന്നു. 'അവിദഗ്​ധ നീലക്കോളർ വിഭാഗത്തിലായിരുന്ന ഒട്ടുമിക്ക തൊഴിലുകളേയും ഏറ്റവും കുറഞ്ഞ വേതനത്തിന്റെ പരിധിയിലാക്കുകയും തൊഴിൽ സമയങ്ങൾക്ക് വ്യക്തത വരുത്തുകയും അതിലൂടെ എല്ലാവരെയും മധ്യവർത്തി വിഭാഗത്തിലെത്തിക്കുകയും ചെയ്തതോടെ ദാരിദ്ര്യത്തിന്റെ പരിധിയിൽ നിന്നും അമേരിക്കൻ സമൂഹം കരകയറി. ഏതു തൊഴിലിനും മാന്യത ലഭിച്ചതോടെ ആത്മാഭിമാനമുള്ള തൊഴിലാളി സമൂഹവും ഉയർന്നുവന്നു. ആ ഒരു കാലത്തിന്റെ മഹത്ത്വത്തെ വീണ്ടും ഓർമിപ്പിക്കുകയായിരുന്നു വീണ്ടും അമേരിക്കയെ മഹത്തരമാക്കുക എന്ന 'മേക്ക്​ അമേരിക്ക ഗ്രേറ്റ് എഗൈൻ' കാമ്പയിൻ. എന്നാൽ, ദേശീയവാദത്തിന്റെ ദുരഭിമാനമായി യാഥാസ്ഥിതികർ അതിനെ മാറ്റിമറിച്ചു. സോഷ്യലിസത്തിന്റെ നീതിപൂർവമായ ഇടപെടലുകളെ നിർദയം മറച്ചുപിടിച്ചു. ജനാധിപത്യത്തിലെ രാഷ്ട്രീയ വാഗ്‌ദാനങ്ങളിൽ സോഷ്യലിസത്തിന് പ്രാധാന്യമില്ലെങ്കിൽ അവിടെ ദേശീയത ശക്തിപ്രാപിക്കും. കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കയിൽ സംഭവിച്ചതും അതുതന്നെ.

അട്ടിമറിക്കപ്പെട്ട നയങ്ങളും നാമങ്ങളും

വ്യവസായശാലകളിലെ അനാരോഗ്യ തൊഴിൽ പരിസരങ്ങൾക്കും കൂടിയ മരണനിരക്കുകൾക്കുമെതിരെ നടന്ന സമരങ്ങൾ, തൊഴിലിടങ്ങളിലെ വംശീയമായ വേർതിരിവുകൾക്കെതിരെ നടന്ന പ്രതിഷേധങ്ങൾ, തൊഴിലാളികളെ കൂട്ടി യോജിപ്പിച്ചു രൂപപ്പെട്ട തൊഴിലാളി സംഘടനകളുടെ പ്രവർത്തനങ്ങൾ, ബാലവേലക്കെതിരെയുള്ള നിയമം, സ്ത്രീമുന്നേറ്റം, ആരോഗ്യ പരിരക്ഷ, വാർധക്യ പെൻഷൻ എന്നീ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളെല്ലാം അമേരിക്കയെ സാമ്പത്തികമായും സാമൂഹികമായും മുന്നേറിയ ജനാധിപത്യരാജ്യമാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചെങ്കിലും അതിന്റെ സമ്പന്നത മുതലാളിത്ത വ്യവസ്ഥിതിയിലേയ്ക്ക് അട്ടിമറിക്കപ്പെട്ടു. 1930കളിൽ നിർമിക്കപ്പെട്ട, എട്ടു സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ഹൈവേ (റൂട്ട്​ 66) തൊഴിലാളികളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകം കൂടിയാണ്. അമേരിക്കൻ ജനതയുടെ ഏറ്റവും വൈകാരികമായ നേട്ടമായി ഇന്നും തുടരുന്ന ഈ ഹൈവേയുടെ പൂർത്തീകരണത്തോടെ ഓട്ടോമൊബൈൽ വിപ്ലവത്തിനാണ് അമേരിക്ക സാക്ഷ്യംവഹിച്ചത്. തദ്ദേശീയ ജനതയുടെയും മെക്സിക്കൻ കുടിയേറ്റക്കാരുടെയും ഉന്നമനത്തിനും ഈ പാതയ്ക്കിരുവശവും രൂപപ്പെട്ട വ്യാപാര സ്ഥാപനങ്ങൾ കാരണമായി. 1921ൽ ഓക്​ലഹോമയിലുണ്ടായ വംശീയകലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും വർണവെറി നിറഞ്ഞ സമൂഹത്തിൽ വീടും മണ്ണും വാങ്ങാൻ അവകാശമില്ലാത്തവർക്കും സ്വന്തം ഭൂമി വിട്ടുനൽകി അവരിൽ ഒരാളായി മാറുകയും ചെയ്ത തികഞ്ഞ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്ന സൈറസ് ഏവ്റി ആയിരുന്നു റൂട്ട്​ 66 ന്റെ അമരക്കാരൻ.

ലോകമൊട്ടുക്കും ഊർജം പകരുന്ന മേയ്ദിനം ഷികാഗോ നഗരത്തിൽ 1886ൽ നടന്ന തൊഴിലാളിസമരത്തിന്റെ ജ്വലിക്കുന്ന ഓർമയാണ്. എന്നാൽ, അമേരിക്കയിലെ തൊഴിലാളിദിനം സെപ്റ്റംബറിലേക്ക്​ തന്ത്രപരമായി മാറ്റപ്പെട്ടു. ഇന്നത് വേനൽക്കാലത്തിന്റെ അവസാന ആഘോഷങ്ങളുമായി ചെലവഴിക്കപ്പെടുന്ന ഒഴിവുദിനമെന്നതിലേക്ക്​ ചുരുങ്ങിയിരിക്കുന്നു. സോഷ്യലിസത്തിന്റെ തീക്ഷ്​ണമായ എല്ലാ ചരിത്രനേട്ടങ്ങളും സാമൂഹികക്ഷേമം എന്നതിലേക്ക്​ ബോധപൂർവം മാറ്റിമറിച്ചു. 1970 വരെ അമേരിക്കയിലെ വലിയൊരു വിഭാഗം ജനതയും സോഷ്യലിസ്റ്റ് നയങ്ങളെ ചേർത്തുപിടിച്ചിരുന്നു. അതിലൂടെ ഉയർന്നുവന്ന സാമൂഹിക-സാമ്പത്തിക പുരോഗതി കുടുംബ ബന്ധങ്ങളെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ തലമുറയെ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പൂർണമായും മുതലാളിത്തത്തിലേക്ക്​ അട്ടിമറിക്കപ്പെട്ടെങ്കിലും, സോഷ്യലിസ്റ്റ്​ വ്യവസ്ഥിതി നൽകിയ സമ്പത്തിനു മുകളിലാണ്​ അതിന്റെ നിലനിൽപ്​. ദേശീയവാദത്തിന് മുറവിളി കൂട്ടുന്ന യാഥാസ്ഥിതികവാദികൾപോലും ഇന്നനുഭവിക്കുന്ന വാർധക്യ ചികിത്സ സുരക്ഷയും പെൻഷൻ സമ്പ്രദായവും ജനാധിപത്യ സോഷ്യലിസത്തിന്റെ നേട്ടങ്ങളാണ്. എന്നാൽ, സോഷ്യലിസമല്ല മറിച്ച്, സാമൂഹിക ക്ഷേമമാണ് മുൻകാലങ്ങളിൽ നടന്നതെല്ലാം എന്നാണ് തീവ്രവലതുപക്ഷ നിലപാട്. സാമൂഹികക്ഷേമമല്ലാതെ മറ്റെന്താണ് സോഷ്യലിസം മുന്നോട്ടുവെക്കുന്നത്​ എന്ന ചോദ്യത്തിന്​ അവർക്കു മറുപടിയില്ല. കെന്നഡിയോടു കൂടി അമേരിക്കയിലെ സോഷ്യലിസ്റ്റ്-ഇടത് അനുഭാവമുള്ള നേതൃനിര ഏറക്കുറെ അവസാനിച്ചു.

കോവിഡ്​ കാലത്തെ സോഷ്യലിസ്റ്റ്​ പാഠങ്ങൾ

തുടക്കത്തിലേ അന്താരാഷ്ട്ര യാത്രാവിലക്കുകൾ ഏർപ്പെടുത്താത്തതുമൂലം അമേരിക്കയിൽ പടർന്നുപിടിച്ച കോവിഡ് പിന്നീട് എട്ടുലക്ഷത്തിന് മുകളിൽ മനുഷ്യരുടെ ജീവനാണെടുത്തത്. മുതലാളിത്തത്തിന്റെ അത്യാഡംബരമുള്ള അമേരിക്കയുടെ ഏറ്റവും വലിയ തോൽവി കൂടിയായിരുന്നു അത്. സ്വകാര്യ കമ്പനികൾക്കുമേൽ ഗവൺമെന്റിന് ഒരു പരിധിക്കപ്പുറം വിലക്കുകൾ ഏർപ്പെടുത്താൻ കഴിയാത്തതായിരുന്നു അതിന്റെ പ്രധാന കാരണം. മുതലാളിത്ത വ്യവസ്ഥിതിയിൽ സ്വകാര്യ മേഖലയുടെ സ്വാധീനം അത്രയും വലുതാണ്. എന്നാൽ, രണ്ടു വർഷത്തോളം നീണ്ട കോവിഡ് വ്യാപന സമയങ്ങളിലെല്ലാം സൗജന്യ വാക്സിൻ, ഭക്ഷണവിതരണം, നികുതിദായകർക്കെല്ലാം ധനസഹായം, തൊഴിലില്ലായ്മവേതനം, വീടുകളുടെ വാടകയിൽ ഇളവ്, ചെറുകിടവ്യാപാരസ്ഥാപനങ്ങൾക്ക് നികുതിയിൽ ഇളവ്, സൗജന്യ കോവിഡ് കിറ്റുകൾ തുടങ്ങി എല്ലാ ജനവിഭാഗങ്ങൾക്കും മനുഷ്യത്വപരമായ സഹായമെത്തിക്കാൻ കഴിഞ്ഞെങ്കിൽ അതിൽ സോഷ്യലിസത്തിന്റെ ശക്തമായ വശങ്ങളുണ്ട്.

മുതലാളിത്തവ്യവസ്ഥിതിക്ക്​ അമേരിക്കയുടെ സോഷ്യലിസ്റ്റ്​ സാമൂഹികവ്യവസ്ഥിതിയെ ഇനിയൊരിക്കലും മാറ്റിനിർത്താനും കഴിയില്ല. അത്രയേറെ ശക്തമായൊരു സാമൂഹിക വ്യവസ്ഥിതിയെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞകാലത്തെ തൊഴിലാളി സമരങ്ങൾക്കും അവകാശ സമരങ്ങൾക്കും സ്വാതന്ത്ര്യ സമത്വ പ്രതിഷേധങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ തീക്ഷ്ണമായ രണ്ടു വർഷങ്ങൾക്കുശേഷമുള്ള പല സർവേകളും യു.എസ് ഗാലപ് പോളും സൂചിപ്പിക്കുന്നത് അമേരിക്കൻ ജനതയിൽ സോഷ്യലിസത്തെ പിന്തുണക്കുന്നവരുടെ വർധനവാണ്. ദേശീയവാദത്തിനും വംശീയതക്കും നവലിബറൽ രാഷ്ട്രീയത്തിനുമപ്പുറം, ഭൂതകാലങ്ങളിൽ നവോത്ഥാനത്തിന്റെ ഊർജം നൽകിയ നേതൃനിരയെപ്പോലെ വരുംകാലങ്ങളിലും മറ്റൊരു നേതൃത്വം ഉണ്ടായേക്കാം. സോഷ്യലിസം അമേരിക്കയുടെ മണ്ണിൽ അലിഞ്ഞുചേർന്ന കനത്ത രാഷ്ട്രീയമാണ്. അതിന്റെ സമ്പന്നതയാണ് ഇന്നും അമേരിക്കയുടെ സാമൂഹികനിലനിൽപും. ഒരു യാഥാസ്ഥിതികവാദത്തിനും ആ ചരിത്രത്തെ തള്ളിക്കളയാനാകില്ല, ഇല്ലായ്മ ചെയ്യാനും.

Tags:    
News Summary - Articles on the impact of socialism in America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.