അഹ്മദാബാദ് സ്ഫോടനക്കേസിൽ വിധി പറയാനൊരുങ്ങുമ്പോൾ

രാജ്യത്ത് മുസ്‌ലിംയുവാക്കളുടെ കൂട്ട അറസ്റ്റുകൾക്കും പീഡനങ്ങൾക്കും കാരണമായ സിമി ബന്ധം ആരോപിച്ച കേസുകളിൽ പ്രമാദമായത് ഒന്നുകൂടി വിചാരണ കോടതിയുടെ അന്തിമ വിധി തീർപ്പിലെത്തുകയാണ്. 78 പേർ കുറ്റാരോപിതരായ അഹ്മദാബാദ് ബോംബ് സ്ഫോടന പരമ്പര കേസിലാണ് അഹ്മദാബാദിലെ പ്രത്യേക കോടതി വിധി പറയാനിരിക്കുന്നത്​. അഹ്മദാബാദിൽ ഇരുപതും സൂറത്തിൽ പത്തും ഉൾപ്പെടെ മൊത്തം 35 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. വിചാരണവേളയിൽ പ്രോസിക്യൂഷൻ 1,163 സാക്ഷികളെ വിസ്തരിക്കുകയും ഏകദേശം 6,000 ഡോക്യുമെന്ററി തെളിവുകൾ സമർപ്പിക്കുകയും ചെയ്തപ്പോൾ പ്രതിഭാഗം എട്ടു സാക്ഷികളെ വിസ്തരിച്ചു. 2020 ഡിസംബർ മുതൽ അതിവേഗ വിചാരണക്കായി ചുമതലയേറ്റ പ്രത്യേക ജഡ്ജി എ.ആർ. പട്ടേൽ പ്രോസിക്യൂഷൻ ഭാഗത്തി​െൻറ അന്തിമ വാദങ്ങൾകൂടി കേട്ട്​ ജനുവരി 15നും പിന്നെ ഫെബ്രുവരി ഒന്നിനും വിധി പ്രഖ്യാപനം നിശ്ചയിച്ചെങ്കിലും ജഡ്ജിക്ക് കോവിഡ് ബാധിച്ചതിനാൽ വീണ്ടും മാറ്റിവെക്കുകയായിരുന്നു.

കുറ്റാരോപിതരിൽ രണ്ടുപേർക്കു മാത്രമാണ് 14 വർഷത്തിനിടയിൽ ജാമ്യം ലഭിച്ചത്, മാപ്പുസാക്ഷിയാകാൻ സന്നദ്ധനായ ഒരാൾക്കും സിസോഫ്രീനിയ ചികിത്സയ്ക്കായി മറ്റൊരാൾക്കും. ബാക്കിയുള്ള 76 പേരും അന്നുമുതൽ 14 കൊല്ലമായി തടവറയിലാണ്. അടുത്തിടെ തീർപ്പിലെത്തുന്ന ഏറ്റവും ദൈർഘ്യമേറിയ ക്രിമിനൽ വിചാരണകളിലൊന്നായിരിക്കും ഈ കേസ്. അഹ്മദാബാദ് സ്‌ഫോടനം നടക്കുമ്പോള്‍ മറ്റു കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിഞ്ഞവരായിരുന്നു പ്രതിചേര്‍ക്കപ്പെട്ടവരില്‍ അധികവും. നിരോധനത്തിനു മുമ്പ് സിമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ആയിരുന്ന സഫ്ദർ നാഗോരി ഉൾപ്പെടെയുള്ളവർ കേസിൽ പ്രതി ചേർക്കപ്പെട്ടു. ഷിബിലി, ശാദുലി, അൻസാര്‍ നദ്‌വി, അബ്ദുസ്സത്താര്‍, സൈനുദ്ദീന്‍, ശറഫുദ്ദീന്‍, മംഗളൂരുകാരൻ നൗഷാദ് എന്നിവരാണ് പ്രതിപ്പട്ടികയിലെ മലയാളികള്‍.

2008 മാര്‍ച്ച് 27നാണ്​ മധ്യപ്രദേശിലെ ഇന്ദോറിൽ സഹോദരങ്ങളായ ഷിബിലിയും ശാദുലിയും സുഹൃത്ത് അൻസാറും അറസ്റ്റിലാകുന്നത്. പ്രമുഖ ഐ.ടി സ്ഥാപനമായ ടാറ്റ എലെക്‌സിയില്‍ എന്‍ജിനീയറായിരുന്നു ശിബിലി. മുംബൈയില്‍ ജോലിചെയ്യുന്ന കാലത്ത് സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടനത്തെ തുടർന്ന് സിമി ബന്ധമാരോപിച്ച് അന്വേഷണ ഏജന്‍സികള്‍ വേട്ടയാടാന്‍ തുടങ്ങിയപ്പോൾ ജോലി രാജിവെച്ച് സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അറസ്​റ്റ്​.

ഏകദേശം മൂന്നര വർഷവും പതിനഞ്ച് ദിവസവും നീണ്ട ദീർഘ വിചാരണ നടപടികൾക്കൊടുവിലാണ് വിധിയാവുന്നത്. ഗുജറാത്തിലെ പ്രശസ്ത അഭിഭാഷകരായ ആർ.കെ. ഷാ, എം.എം. ശൈഖ് , ഖാലിദ് ശൈഖ്, എൽ.ആർ. പത്താൻ എന്നിവരാണ് പ്രതിഭാഗത്തിനുവേണ്ടി ഹാജരായത്. 2008 ജൂലൈ 26ന് നടന്ന സ്ഫോടനത്തിന്റെ ഏകദേശം രണ്ടു വർഷത്തിനുശേഷം 2010 ഏപ്രിലിലാണ് സുരക്ഷാ കാരണം പറഞ്ഞ് സബർമതി സെൻട്രൽ ജയിലിനുള്ളിൽ കേസ്​ വിചാരണ ആരംഭിച്ചത്. പിന്നീട് കേസ് നടപടികൾ മിക്കവാറും വിഡിയോ കോൺഫറൻസിങ്ങിലൂടെയായി.

2001 സെപ്റ്റംബറിലാണ് 'സിമി'നിരോധിക്കപ്പെടുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധികാരം ഉറപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമായാണ് ഈ നിരോധനത്തെ നിരീക്ഷകർ വിലയിരുത്തിയത്. വിദ്യാസമ്പന്നരും പ്രഫഷനലുകളുമായ മുസ്‌ലിം യുവാക്കളെ വ്യാപകമായി വേട്ടയാടാനും അനന്തകാലത്തേക്ക് തടവറയിൽ തള്ളാനുമുള്ള, ഭരണകൂടത്തി​െൻറ മർദനോപാധിയായി സിമിനിരോധനത്തെ സംഘ്പരിവാറും തുടർന്നുവന്ന കോൺഗ്രസ് സർക്കാറും ഉപയോഗിച്ചു. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിരോധന നടപടിക്രമത്തെ, ട്രൈബ്യൂണലുകള്‍ക്കുമുന്നില്‍ ന്യായീകരിക്കണമെങ്കില്‍, വ്യാജമെങ്കിലും മതിയായ വിഭവങ്ങള്‍ അന്വേഷണഏജന്‍സികള്‍ക്ക് ആവശ്യമായിരുന്നു. അത്തരം തെളിവു നിർമാണത്തിന് ബലിയാകേണ്ടിവന്നത് നൂറുകണക്കിന് ചെറുപ്പക്കാരുടെ ജീവിതമായിരുന്നു. അത്തരം വേട്ടയാടലുകളുടെ ചരിത്രത്തിലെ സുപ്രധാന അധ്യായമാണ് അഹ്മദാബാദ് സ്‌ഫോടനം.

അഹ്മദാബാദിലെ സബർമതി ജയിലിൽകഴിഞ്ഞ സിമി തടവുകാർ ജയിൽ ചാടാൻ ശ്രമിച്ചു എന്നാരോപിച്ചു 2017 മേയിൽ സഫ്ദർ നാഗോരിയെയും ശിബ്‌ലി, ശാദുലി, അൻസാർ ഉൾപ്പെടെ സഹതടവുകാരെയും ഭോപാലിലേക്ക് മാറ്റി. 2008ൽ ഇതേ ജയിലിൽനിന്ന്​ ചാടിയെന്നാരോപിച്ച് എട്ട് സിമി തടവുകാരെ കൊലപ്പെടുത്തിയിരുന്നു. സാഗർ ജയിലിലേക്ക് മാറ്റിയ തടവുകാർ ശാരീരികവും മാനസികവുമായ ക്രൂരപീഡനങ്ങൾ നേരിടുന്നുണ്ടെന്ന് പരാതി ഉയർന്നു. പീഡനം വെളിപ്പെടുത്തി സഫ്ദർ നാഗോരി എഴുതിയ കത്ത് ജ്യേഷ്ഠൻ ഹൈദർ ഹുസൈൻ വഴി പുറത്ത് മാധ്യമങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും ലഭിച്ചതോടെയാണ് ജയിലധികൃതർ 'സിമി തടവുകാർ'എന്ന് തരംതിരിച്ച് നടത്തുന്ന കൊടുംക്രൂരതകൾ പുറംലോകമറിഞ്ഞത്. ചികിത്സ അടക്കം ജയിൽ മാന്വൽ അനുവദിക്കുന്ന മിക്കവാറും എല്ലാ മനുഷ്യാവകാശങ്ങളും അവർക്ക് നിഷേധിക്കപ്പെട്ടു. ദിവസം ഒരു മണിക്കൂർ മാത്രം സൂര്യപ്രകാശം അനുവദിച്ച ഏകാന്ത തടവ്, എയ്ഡ്സ് വൈറസ് കുത്തിവെക്കുമെന്നും വ്യാജ ഏറ്റുമുട്ടലിൽ കൊല്ലുമെന്നുമുള്ള നിരന്തര ഭീഷണി, ഗുണ്ടകളെ സെല്ലിൽ കടത്തിവിട്ടുള്ള മർദനം, സംഘടിത പ്രാർഥനക്കും വെള്ളിയാഴ്ച ജുമുഅക്കും അനുമതി നിഷേധിക്കൽ, വിശുദ്ധ ഖുർആനും നമസ്കാരപ്പായയും കേടുവരുത്തി പ്രകോപനമുണ്ടാക്കൽ തുടങ്ങി നീളുന്നു ഉപദ്രവങ്ങൾ.

വിവരം പുറത്തുവന്നപ്പോൾ 2017ൽ ദേശീയ മനുഷ്യാവകാശ കമീഷൻ രണ്ടു തവണ ജയിലിൽ അന്വേഷണം നടത്തി. 'സിമി തടവുകാർ'എന്ന് തരംതിരിക്കുന്ന തടവുകാർക്ക് ജയിലധികൃതർ ലഭ്യമാക്കുന്ന മോശമായ പരിചരണത്തെക്കുറിച്ച് റിപ്പോർട്ട് വിശദമായ വിവരണം നൽകുന്നുണ്ട്. ഏതാണ്ട് മൂന്നു വർഷത്തിനുശേഷവും മധ്യപ്രദേശ് സർക്കാർ ഈ കണ്ടെത്തലുകളിന്മേൽ നടപടി സ്വീകരിച്ചില്ല. സംസ്ഥാന സർക്കാറിന് കത്തെഴുതിയതല്ലാതെ എൻ.എച്ച്.ആർ.സിയുടെ ഭാഗത്തു നിന്നും ഈ വിഷയത്തിൽ ഒരു പിന്തുടർച്ചയുമുണ്ടായില്ല. ദേശീയ മനുഷ്യാവകാശ കമീഷന്റെ ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കക്ഷികൾ സുപ്രീം കോടതിയിലും ഹരജി സമർപ്പിച്ചിരുന്നു. അത് ജബൽപൂരിലെ മധ്യപ്രദേശ് ഹൈകോടതിയിലേക്ക് റഫർ ചെയ്തങ്കിലും ഒരു നടപടിയുമില്ലാതെ ഹൈകോടതി ഫയലുകളിൽ നിശ്ചലമായിക്കിടന്നു. പരാതികളും നിയമ നടപടികളും ജയിൽ ഭീകരതക്കുനേരെ മൗനം പാലിച്ചപ്പോൾ ജയിൽ പീഡനത്തിനെതിരെ അഹ്മദാബാദ് കേസിലെ തടവുകാർക്ക് മൂന്നു തവണ അനിശ്ചിതകാല നിരാഹാര സമരം നടത്തേണ്ടിവന്നു.

കൊറോണ വൈറസ് വ്യാപന ഭീതിയെത്തുടർന്ന് 2020 മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മറ്റെല്ലാ തടവുകാരുടെയും കുടുംബങ്ങൾക്ക് ആഴ്ചതോറും വിഡിയോ കോൺഫറൻസിങ്ങിലൂടെ സന്ദർശിക്കാൻ അനുവദിച്ചപ്പോഴും സിമി തടവുകാരുടെ കുടുംബങ്ങളെ കാണാൻ അനുവദിച്ചില്ല, അഭിഭാഷകരെ കാണുന്നതിനുപോലും തടസ്സവാദമുന്നയിച്ചു.

മതിയായ വിചാരണയോ മാന്യമായ നിയമസഹായമോ ലഭ്യമാക്കാതെ അനന്തകാലം ജയിലുകളില്‍ കഴിയേണ്ടിവരുന്ന ദുരനുഭവങ്ങളാണ് ഇത്തരം കേസുകള്‍ക്കുണ്ടായത്. അഹ്മദാബാദിലെ വിചാരണയുടെ അവസാന നാളുകളിലും വിചാരണക്കായി കോടതിയിൽ ഹാജരാക്കാനുള്ള ഇവരുടെ ആവശ്യം നിരസിക്കപ്പെട്ടു. കേസ് നടത്തിപ്പിന് നിയമസഹായം നൽകിയ ജംഇയ്യത്ത് ഉലമായെ ഹിന്ദും അഭിഭാഷകരും കുടുംബാംഗങ്ങളും മന​ുഷ്യാവകാശ പ്രവർത്തകരും 13 വർഷത്തെ നിരന്തരമായ നിയമപോരാട്ടത്തിന് അനുകൂലമായ വിധിപ്രഖ്യാപനത്തിനായി പ്രാർഥനകളോടെ കാത്തിരിക്കുകയാണ്.

Tags:    
News Summary - As the verdict in the Ahmedabad blast case approaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.