ഒന്നരപ്പതിറ്റാണ്ട് ഭരിച്ച് ഓടിത്തളർന്ന കുതിരയായി മാറിയ മുൻമുഖ്യമന്ത്രി രമൺസിങ്ങിനോ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പ്രചാരണ സന്നാഹങ്ങൾക്കോ ബി.ജെ.പിക്കാരിൽ ആവേശം നിറക്കാൻ കഴിയുന്നില്ല. മതപരിവർത്തനം അടക്കം, ബി.ജെ.പിയുടെ പതിവ് വിഭാഗീയ വിഷയങ്ങൾ ഛത്തിസ്ഗഢിൽ ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ല
അഞ്ച് ഘട്ടങ്ങളിലായി ഈമാസം 30ന് വോട്ടെടുപ്പ് പൂർത്തിയാകുന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ആദ്യഘട്ടത്തിന്റെ പ്രചാരണം ഞായറാഴ്ച സമാപിക്കുമ്പോൾ, കോൺഗ്രസിനും അതുവഴി ഇൻഡ്യ മുന്നണിക്കും പ്രതീക്ഷ നൽകുന്നവിധം കാറ്റ് ബി.ജെ.പിക്ക് എതിരാണ്. നിലനിൽപുതന്നെ ചോദ്യം ചെയ്യപ്പെടുന്നതുകൊണ്ട്, ജയിക്കണമെന്ന ലക്ഷ്യവും അതിനൊത്ത നീക്കങ്ങളും കോൺഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കളുടെ പ്രവർത്തനങ്ങളിൽ പ്രകടം. അഞ്ചും കൈയടക്കണമെന്ന വാശി ബി.ജെ.പി കേന്ദ്ര നേതാക്കൾക്കുണ്ടെങ്കിലും, കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന പ്രതികൂല സാഹചര്യങ്ങളാണ് അവർക്ക് മുന്നിൽ. രാജസ്ഥാൻ, ഛത്തിസ്ഗഢ് മുഖ്യമന്ത്രിമാരെ അഴിമതി കേസുകളിൽ കെട്ടിയിടാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കുന്ന വ്യഗ്രത മുതൽ ജാതി സെൻസസിന് ബി.ജെ.പി എതിരല്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞതുവരെ, ബി.ജെ.പി പ്രതിരോധത്തിലായതിന്റെ ലക്ഷണങ്ങൾ പലത് കാണാനുണ്ട്. എന്തൊക്കെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ?
ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട്, പ്രാദേശിക പ്രതിയോഗി സൊറം പീപിൾസ് മൂവ്മെന്റ് എന്നിവ തമ്മിൽ പ്രധാന മത്സരം നടക്കുന്ന മിസോറമിൽ ബി.ജെ.പിക്ക് കാര്യമായ റോളൊന്നുമില്ല. ഇതിൽ ആര് ജയിച്ചാലും അവർക്കൊപ്പം കൂടാൻ തയാർ. പറഞ്ഞുവരുമ്പോൾ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുടെ സഖ്യകക്ഷിയാണ് മിസോ നാഷനൽ ഫ്രണ്ട്. എന്നാൽ ബി.ജെ.പിയെ സുഹൃത്തോ, ശത്രുവോ ആയി കാണുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി സൊറംതാങ്ഗ ആണയിടുന്നത്. സംസ്ഥാന താൽപര്യങ്ങൾ നേടിയെടുക്കുന്നതിന് കേന്ദ്രഭരണത്തിന് പ്രശ്നാധിഷ്ഠിത പിന്തുണ നൽകുന്ന അഡ്ജസ്റ്റ്മെന്റ് മാത്രമത്രേ അത്. മണിപ്പൂർ, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിൽ ബി.ജെ.പിക്കെതിരാണ് എം.എൻ.എഫ്. 40 നിയമസഭ സീറ്റുകളിൽ 23 ഇടത്ത് രണ്ടുകൂട്ടർക്കും വെവ്വേറെ സ്ഥാനാർഥികളുമുണ്ട്. ഇങ്ങനെ അകലം പാലിക്കാൻ കാരണം തൊട്ടടുത്ത മണിപ്പൂരിൽ ആളുന്ന തീയാണ്. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമാണ് മണിപ്പൂർ. ജനസംഖ്യയിൽ 90 ശതമാനവും ക്രൈസ്തവർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിയമസഭയിലെ 40ൽ 27 സീറ്റാണ് എം.എൻ.എഫിന് കിട്ടിയത്. മണിപ്പൂർ സാഹചര്യങ്ങൾ ആ സീറ്റ് കുറക്കുമെന്നും തങ്ങളുടെ സാധ്യതകൾ വർധിപ്പിക്കുമെന്നുമാണ്, 10 വർഷം മുമ്പുവരെ മിസോറമിൽ തുടർച്ചയായി അധികാരത്തിലിരുന്ന കോൺഗ്രസിന്റെ പ്രതീക്ഷ.
രണ്ടാമൂഴത്തിന് വേണ്ടിയുള്ള കോൺഗ്രസിന്റെ പരിശ്രമം ഫലം ചെയ്യുന്നുവെന്ന സൂചനയാണ് ഛത്തിസ്ഗഢിൽനിന്ന് വരുന്നത്. ഭൂപേഷ്സിങ് ബാഘേൽ നയിച്ച സർക്കാർ ഭരണവിരുദ്ധ വികാരം നേരിടുന്നില്ല. തെരഞ്ഞെടുപ്പ് വിദഗ്ധൻ കനഗൊലുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ സർവേയും അതിനൊത്ത നീക്കങ്ങളും സ്ഥാനാർഥി നിർണയവും ഗുണപരമായ ഫലങ്ങളാണ് നൽകുന്നത്. കാർഷിക മേഖലയിലെ സമാശ്വാസം അടക്കം സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്രീകരിച്ച് നിൽക്കുകയാണ് പ്രചാരണ സംവിധാനം. ടി.എസ്. സിങ്ദേവിനെ ഉപമുഖ്യമന്ത്രിയാക്കി ഉൾപ്പോര് നേരത്തെ ഒതുക്കാൻ കഴിഞ്ഞതോടെ, പാർട്ടിക്കാർ ഒന്നിച്ചുനീങ്ങുന്നു. നക്സൽ സ്വാധീന മേഖലകളെ പിണക്കാതെ മുന്നോട്ടുനീങ്ങാൻ ബാഘേൽ ശ്രദ്ധിച്ചത് മറ്റൊരു നേട്ടം. നക്സൽ വേട്ടയിൽ ബി.ജെ.പിയോട് ക്ഷുഭിതരുമാണ് ചുകപ്പ് ഇടനാഴിയിലുള്ളവർ. അതേസമയം, പാർട്ടി വിട്ട ആദിവാസി നേതാവ് അരവിന്ദ് നേതം രൂപവത്കരിച്ച ഹമർ രാജ് പാർട്ടി ബസ്തർ മേഖലയിൽ ഒരു ഡസൻ സീറ്റുകളിൽ കോൺഗ്രസിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഒന്നരപ്പതിറ്റാണ്ട് ഭരിച്ച് ഓടിത്തളർന്ന കുതിരയായി മാറിയ മുൻമുഖ്യമന്ത്രി രമൺസിങ്ങിനോ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പ്രചാരണ സന്നാഹങ്ങൾക്കോ ബി.ജെ.പിക്കാരിൽ ആവേശം നിറക്കാൻ കഴിയുന്നില്ല. മതപരിവർത്തനം അടക്കം, ബി.ജെ.പിയുടെ പതിവ് വിഭാഗീയ വിഷയങ്ങൾ ഛത്തിസ്ഗഢിൽ ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ല. അഴിമതി പ്രധാന വിഷയമാക്കി ഉയർത്തിക്കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. വാതുവെപ്പുകാരിൽനിന്ന് 508 കോടി രൂപ പലപ്പോഴായി മുഖ്യമന്ത്രി ബാഘേൽ കൈപ്പറ്റിയിട്ടുണ്ടെന്ന കള്ളപ്പണ കേസ് പ്രതിയുടെ മൊഴി തെളിവ് സമാഹരണത്തിനുമുന്നേ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് പ്രസ്താവന രൂപത്തിൽ പുറത്തുവിട്ടതും, പ്രധാനമന്ത്രി അടക്കം ബി.ജെ.പി നേതാക്കൾ തൊട്ടുപിന്നാലെ അത് ഏറ്റുപിടിച്ചതും ഈ വഴിക്കുള്ള പോക്കാണ് സൂചിപ്പിക്കുന്നത്.
18 വർഷം മുഖ്യമന്ത്രി കസേരയിലിരുന്ന ശിവരാജ്സിങ് ചൗഹാനും കേന്ദ്ര ഭരണവും വരുത്തിവെച്ച ഭരണവിരുദ്ധ വികാരവും പാർട്ടിയിലെ പോരും ഒരുപോലെ നേരിടേണ്ട സ്ഥിതിയാണ് ബി.ജെ.പിക്ക് മധ്യപ്രദേശിൽ. കോൺഗ്രസിൽനിന്ന് വീണുകിട്ടിയ ജ്യോതിരാദിത്യ സിന്ധ്യ പുതിയ സമ്പത്തായി മാറിയിട്ടും മധ്യപ്രദേശിൽ അധികാരം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷ ബി.ജെ.പിക്കാരിൽ കുറഞ്ഞതിന്റെ കാരണവും അതുതന്നെ. ചൗഹാനല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മറ്റിടങ്ങളിലെന്ന പോലെ മധ്യപ്രദേശിലും പ്രചാരണം നയിക്കുന്നത്. പരിക്ഷീണനായ ചൗഹാന് ബദലായി മൂന്ന് കേന്ദ്രമന്ത്രിമാർ അടക്കം ഏഴ് എം.പിമാരെ കേന്ദ്ര നേതൃത്വം മധ്യപ്രദേശിൽ മത്സരിപ്പിക്കുന്നു. തെലങ്കാനയിൽ പാർട്ടി അധികാരത്തിൽ വന്നാൽ പിന്നാക്ക വിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി അമിത് ഷായോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മധ്യപ്രദേശിൽ തുടർഭരണം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാകുമെന്ന് പറയുന്നില്ല. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ അമിത് ഷാക്ക് കൂടുതൽ സമയം നീക്കിവെക്കേണ്ടിവന്നത് ഭിന്നതകൾ പറഞ്ഞൊതുക്കാനാണ്. രാമക്ഷേത്ര നിർമാണം ഉറക്കെയുറക്കെ പറഞ്ഞ് വോട്ടാക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ, രാമക്ഷേത്രത്തിന് തങ്ങൾ എതിരല്ലെന്ന് സ്ഥാപിച്ചു കൊണ്ടേയിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസിൽ പ്രശ്നങ്ങളില്ലാത്തതല്ല. പട നയിക്കുന്ന കമൽനാഥും മറ്റൊരു മുൻ മുഖ്യമന്ത്രിയായ ദിഗ്വിജയ്സിങ്ങും മാനസിക അടുപ്പമുള്ളവരല്ല. എന്നാൽ കഴിഞ്ഞതവണ കിട്ടിയിട്ടും കൈവിട്ടുപോയ ഭരണം എങ്ങനെയും തിരിച്ചുപിടിക്കണമെന്ന പൊതുലക്ഷ്യം അവർക്കിടയിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ പോയതുകൊണ്ട് മധ്യപ്രദേശിൽ ഒന്നും സംഭവിച്ചില്ലെന്ന് തെളിയിക്കാനുള്ള വ്യഗ്രതയും. ഇൻഡ്യ മുന്നണിയിൽ പെട്ടവരെ സീറ്റ് പങ്കിടലിൽ വെറുപ്പിക്കേണ്ടിവന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിഫലനമുണ്ടാക്കില്ലെന്ന് കോൺഗ്രസ് കരുതുന്നു.
തുടർഭരണം രാജസ്ഥാന്റെ പതിവല്ല. ഇക്കുറി അത് തിരുത്തി വീണ്ടും അധികാരം പിടിക്കാമെന്ന പ്രതീക്ഷ കോൺഗ്രസിൽ വർധിച്ചിട്ടുണ്ട്. കാരണങ്ങൾ പലതാണ്. മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും കോൺഗ്രസിലെ പ്രതിയോഗി സചിൻ പൈലറ്റുമായുള്ള പ്രശ്നങ്ങൾ ഒതുക്കി, അഥവാ സചിനെ ഗെഹ് ലോട്ട് ഒതുക്കി. കേന്ദ്രനേതൃത്വവും മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുമായുള്ള ഉടക്കും, അതിനൊത്ത് സംസ്ഥാന നേതാക്കൾക്കിടയിലെ ചേരിതിരിവും സൃഷ്ടിച്ച തണുപ്പ് മാറ്റിയെടുക്കാൻ പാടുപെടുകയാണ് ബി.ജെ.പി. ഏഴ് ഗാരന്റി അടക്കം വാഗ്ദാന പെരുമഴയിലൂടെ, തുടർഭരണം നടപ്പില്ലെന്ന കാഴ്ചപ്പാട് മാറ്റിയെടുക്കുന്നതിൽ വിജയിച്ചിരിക്കുക കൂടിയാണ് ഗെഹ് ലോട്ട്. ജാട്ട് സമുദായത്തിൽ നല്ല സ്വാധീനമുള്ള ബി.ജെ.പിയുടെ ഹരിയാന സഖ്യകക്ഷിയായ ദുഷ്യന്ത് ചൗതാലയുടെ ജനനായക് ജനത പാർട്ടി (ജെ.ജെ.പി) രാജസ്ഥാനിൽ മത്സരിക്കാൻ ഇറങ്ങിയതോടെ പലേടത്തും വോട്ട് ഭിന്നിച്ചേക്കുമെന്നായി. അതിന് ആക്കംപകരുന്നതാണ് മുൻ ബി.ജെ.പി നേതാവ് ഹനുമാൻ ബനിവാൾ നയിക്കുന്ന രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയുടെ മത്സരം. കഴിഞ്ഞതവണ 58 സീറ്റിൽ മത്സരിച്ച് മൂന്ന് സീറ്റും 2.4 ശതമാനം വോട്ടും പിടിച്ച ബനിവാൾ, ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായി ചേർന്നാണ് ഇക്കുറി കളത്തിലിറങ്ങുന്നത്. അസദുദ്ദീൻ ഉവൈസി നയിക്കുന്ന എ.ഐ.എം.ഐ.എം, ആം ആദ്മി പാർട്ടി, ബി.എസ്.പി എന്നിവ സ്ഥാനാർഥികളെ നിർത്തുന്നതാണ് കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നത്.
ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിക്കും ബി.ജെ.പിക്കും എതിരായ പോരാട്ടത്തിൽ ചെറുകക്ഷികളെ കൂടെ ചേർക്കാനുള്ള ശ്രമവും മറ്റു രാഷ്ട്രീയ സാഹചര്യങ്ങളും തെലങ്കാനയിൽ കോൺഗ്രസിന് അപ്രതീക്ഷിതവും നിർണായകവുമായ മുന്നേറ്റം നൽകിയിട്ടുണ്ട്. ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന തെലുങ്കു ദേശം പാർട്ടി ഇക്കുറി ചിത്രത്തിലില്ല. കോൺഗ്രസിനെ നിലംപരിശാക്കി ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിൽ കൊടിനാട്ടിയ ടി.ഡി.പി 40 വർഷത്തിനിടയിൽ ആദ്യമായാണ് തെരഞ്ഞെടുപ്പിൽനിന്ന് മാറി നിൽക്കുന്നത്. തെലങ്കാനയിൽ ശോഷിച്ചുപോയതിന് പുറമെ, ആന്ധ്രപ്രദേശ് നൈപുണ്യ വികസന കോർപറേഷൻ കേസിൽ നായിഡു അറസ്റ്റ് ചെയ്യപ്പെട്ടതോടെ നായകനും പ്രതിച്ഛായയും നഷ്ടപ്പെട്ടു നിൽക്കുകയാണ് ടി.ഡി.പി. നായിഡുവിന്റെ അറസ്റ്റിനെ അപലപിക്കാൻ മടിച്ചുനിന്ന ടി.ആർ.എസി നോ ബി.ജെ.പിക്കോ വോട്ട് ചെയ്യുന്ന ടി.ഡി.പിക്കാർ വിരളമായിരിക്കും. തെലങ്കാന സംസ്ഥാന രൂപവത്കരണത്തിൽ ചന്ദ്രശേഖര റാവുവിനൊപ്പം സമരമുഖത്തുണ്ടായിരുന്ന, പിന്നീട് തെറ്റിപ്പിരിഞ്ഞ എം. കോടന്ദരം നയിക്കുന്ന തെലങ്കാന ജനസമിതിയുടെ പിന്തുണ നേടിയെടുക്കാൻ പി.സി.സി പ്രസിഡന്റ് എ. രേവന്ത് റെഡിക്ക് കഴിഞ്ഞതും ശ്രദ്ധേയം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്.ആർ തെലങ്കാന പാർട്ടി അധ്യക്ഷയുമായ വൈ.എസ്. ശർമിള കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, തന്റെ പാർട്ടി ഇത്തവണ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതും കോൺഗ്രസിന് വലിയ നേട്ടമാണ്. അതേസമയം, സീറ്റുചർച്ചയിൽ മെയ് വഴക്കം കാട്ടി ഇടത് പാർട്ടികളെ ഒപ്പം കൂട്ടാൻ സാധിക്കാതെപോയി. സീറ്റ് വിതരണത്തിലെ പ്രശ്നങ്ങൾ കൂടിയായതോടെ തെലങ്കാനയിലെ പോരാട്ടം മിക്കവാറും ബി.ജെ.പിക്ക് കൈവിട്ടു. ഭരണവിരുദ്ധ വികാരം കലശലായി നേരിടുന്ന ബി.ആർ.എസും, തിരിച്ചുവരവിന്റെ പാതയിലെത്തിയ കോൺഗ്രസും തമ്മിലാണിപ്പോൾ പ്രധാന മത്സരം.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.