സൗകര്യത്തിന് നമുക്കവനെ വിഷ്ണു എന്നു വിളിക്കാം. ആറുവയസ്സു കഴിഞ്ഞതേയുള്ളൂ കക്ഷിക്ക്. പക്ഷേ, വികൃതിത്തരം പിഎച്ച്.ഡിക്കാണ് പഠിക്കുന്നതെന്ന് അവെൻറ അമ്മ പറയും. ദിനചര്യ, പഠനം ഇത്യാദി കാര്യങ്ങളിലൊന്നും മൂപ്പര്‍ക്ക് വലിയ താല്പര്യമില്ല. കളിയില്പോലും താല്പര്യമില്ലെന്നാണ് അമ്മയുടെ പരാതി. സംഗതി ശരിയുമായിരുന്നു. അവന് അവെൻറ ലോകത്തിലെ മറ്റാരും കാണാത്ത ഏതോ ഒരു കോണില്‍പോയി നില്‍ക്കുകയായിരുന്നു.
അക്ഷരങ്ങള്‍ ഒന്നും അവനറിയില്ല. ആരുടെയും മുഖത്തുനോക്കി ചിരിക്കുന്നുപോലുമില്ല. എല്ലാവരില്‍നിന്നും അകന്നുനില്‍ക്കാനാണ് ആഗ്രഹം. അക്ഷരങ്ങള്‍ അവെൻറ മുന്നില്‍ അജ്ഞാതമായി നിന്നു. അപ്പോഴാണ് ഇലക്ട്രോണിക്സ് പിയാനോയുടെ കീബോര്‍ഡില്‍ വിരലുകളമര്‍ത്തി ഒരാള്‍ ഒരു ഈണം വായിച്ചത്. അതുവരെ ഒന്നിലും ശ്രദ്ധിക്കാതെ നിന്ന വിഷ്ണുവിെൻറ കാതില്‍ ആ ശബ്ദം എത്തി. അവന് കീബോര്‍ഡിലേക്ക് തുറന്നുപിടിച്ച കണ്ണുകളുമായി തറപ്പിച്ചുനോക്കി. ഒരിക്കല്‍കൂടി കീബോര്‍ഡില്‍ ആ ഈണം അയാള്‍ വായിച്ചു. അവന് മെല്ലെ കീബോര്ഡിനടുത്തുവന്നു. അതിെൻറ കട്ടകളില്‍ വിരലമര്‍ത്തി അയാള്‍ വായിച്ച അതേ ഈണം വരവണ്ണം തെറ്റാതെ വായിച്ചു.
ഇത്രകാലം അവനൊപ്പം രാപ്പകല്‍ കഴിഞ്ഞ അച്ഛനമ്മമാര്ക്കുപോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല വിഷ്ണുവിന് അതെങ്ങനെ കഴിഞ്ഞുവെന്ന്. അതിനുമുമ്പ് ഒരിക്കല്‍പോലും വിഷ്ണു ഒരു കീബോര്‍ഡ് കൈകൊണ്ട് തൊട്ടിരുന്നില്ല. ബുദ്ധിമാന്ദ്യത്തിെൻറ കണക്കില്‍ കൊള്ളിച്ച് അവനെ മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. എന്നിട്ടും ആദ്യ ശ്രവണമാത്രയില്‍, ആദ്യ കാഴ്ചയില്‍ അവെൻറ വിരലുകളിലേക്ക് എവിടെനിന്നാണ് സംഗീതം ഒഴുകിവന്നത്...?
അതുകണ്ട് അമ്പരന്നുനിന്ന വിഷ്ണുവിെൻറ മാതാപിതാക്കളോട് തെറപ്പിസ്റ്റ് പറഞ്ഞു: ‘‘നിങ്ങള്‍ വിശ്വസിക്കണം, നിങ്ങളുടെ മകന് ഒരു ജീനിയസ് ആണ്...’’ അതുവരെ അവനൊരു മണ്ടനും തലയില്‍ കയറാത്തവനും മേനാവൈകല്യമുള്ളവനുമാണെന്ന് കരുതി സ്പെഷല്‍ സ്കൂളിലേക്ക് അയക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്ന മാതാപിതാക്കള്‍ക്ക് ആ വാക്കുകള്‍ തങ്ങളെ ആശ്വസിപ്പിക്കാന്‍ പറഞ്ഞ നുണയായാണ് ആദ്യം തോന്നിയത്. പക്ഷേ, കാലം അതു തെളിയിച്ചു. അവെൻറ പ്രശ്നം മനോരോഗമൊന്നുമായിരുന്നില്ല. ഓട്ടിസം എന്ന അവസ്ഥയായിരുന്നു. അതിന് പരിഹാരവുമുണ്ട്. ഏതാണ്ട് ആറുമാസത്തെ തെറപ്പികൊണ്ട് വിഷ്ണു ഏതൊരു കുട്ടിയെക്കാളും മിടുമിടുക്കനായാണ് സെൻറർ വിട്ട് പൊതുവിദ്യാലയത്തിലേക്ക് പോയത്.
കോട്ടയം കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡിന് പിന്‍വശം എം.എല്‍ റോഡിലെ ‘ജ്യുവല്‍ ഓട്ടിസം സെൻററി’ലിരുന്ന് ഈ സംഭവം പറയുമ്പോള്‍ ഡയറക്ടര്‍ ഡോ. ജെയിംസണ് സാമുവലിന് ഓട്ടിസത്തെക്കുറിച്ച് ഓര്മപ്പെടുത്താന് നൂറുനൂറു കാര്യങ്ങളുണ്ട്. ഓട്ടിസം ഒരു രോഗമല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറയുന്നു.
എന്താണ് ഓട്ടിസം?
2017ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 13 ദശലക്ഷം കുട്ടികള്‍ ഓട്ടിസം ബാധിച്ചവരാണത്രെ. ശരാശരി 68 കുട്ടികളില്‍ ഒരാള്‍ ഓട്ടിസത്തിെൻറ പിടിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
തലച്ചോറിലുണ്ടാകുന്ന അതീവ സങ്കീര്‍ണമായ ഒരു അവസ്ഥയാണിത്. പലതരത്തിലുള്ള ലക്ഷണങ്ങളോടെ ഇത് കുട്ടികളില്‍ അനുഭവപ്പെടുന്നു. പ്രധാനമായും കുട്ടിയുടെ ജീവിതത്തി
െൻറ മൂന്നു മേഖലകളെയാണ് ഇത് ബാധിക്കുന്നത്. ആശയവിനിമയം, സാമൂഹിക ബന്ധം, സ്വഭാവം അഥവാ പെരുമാറ്റം.
പ്രധാനമായും ഓട്ടിസം ജനിതകമായ സവിശേഷതയാല്‍ ഉണ്ടാകുന്നതാകാമെന്നാണ് നിഗമനം. ആധുനിക ജീവിതശൈലി മാതാപിതാക്കളില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷവും മറ്റും ജനിതകമായി കുട്ടിയിലേക്ക് കൈമാറ്റം ചെയ്യപ്പെടാം. ഗര്‍ഭകാലത്ത് മാതാവ് കഴിക്കുന്ന മരുന്നും പ്രസവഘട്ടത്തിലെ അവസ്ഥാമാറ്റങ്ങളും തുടങ്ങി ഏതും ഇതിനു കാരണമായിത്തീരാം. പെണ്കുട്ടികളെക്കാള് നാല് മടങ്ങ് ആണ്‍കുട്ടികളിൽ ഓട്ടിസം കൂടുതലായി കണ്ടുവരുന്നുവെന്ന് ഡോ. ജെയിംസണ് പറയുന്നു.
എങ്ങനെയാണ് തിരിച്ചറിയുക?
ഒന്നരവയസ്സിനും രണ്ടു വയസ്സിനുമിടയിലെ പ്രായത്തിലാണ് ഓട്ടിസത്തിെൻറ ലക്ഷണങ്ങള്‍ കുട്ടിയില്‍ പ്രകടമാവുക. അപൂര്‍വം ചിലരില്‍ അത് ജനിച്ച് ഏറെ വൈകാതെ കെണ്ടത്താൻ കഴിഞ്ഞേക്കും.
ആളുകളുടെ മുഖത്തുനോക്കി സംസാരിക്കുക എന്നത് കുട്ടികളില്‍ രൂപപ്പെടേണ്ട ഒരു സവിശേഷതയാണ്. മുഖത്തുനോക്കുകയോ അതിനനുസൃതമായ ആശയവിനിമയത്തില്‍ പിന്നാക്കമാവുകയോ ചെയ്യുകയാണ് ഓട്ടിസത്തിെൻറ ഒരു ലക്ഷണം. അവര്‍ ചിരിക്കില്ല. നിരന്തരം ഒരേ ചേഷ്ടകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഉദാഹരണമായി, വിരലുകള്‍ ഒരേരീതിയില്‍ ചലിപ്പിച്ചുകൊണ്ടിരിക്കുക, കൈയടിച്ചുകൊണ്ടിരിക്കുക, കാലിെൻറ ഉപ്പൂറ്റി പൊക്കിനടക്കുക, വട്ടം കറങ്ങുക, ഒരാവശ്യവുമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരിക്കുക, ചെയ്യുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക, കതകടക്കുക, തുറക്കുക, കളിപ്പാട്ടങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ അതുപയോഗിച്ച് കളിക്കുന്നതിനുപകരം അത് അടിച്ച് ശബ്ദമുണ്ടാക്കുക തുടങ്ങിയവ ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ കുഞ്ഞിനെ ശ്രദ്ധിക്കണം.
രണ്ടുവയസ്സാകുന്ന കുട്ടി സ്വന്തം ആവശ്യങ്ങള്‍ വാക്കുകളിലൂടെ പറഞ്ഞറിയിക്കേണ്ടതാണ്. മിനിമം 50 വാക്കുകളെങ്കിലും അർഥപൂര്‍ണമായി പ്രയോഗിക്കാന്‍ കുട്ടിക്ക് കഴിഞ്ഞിരിക്കണം. രണ്ട് രണ്ടര വയസ്സാവുന്ന കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിക്കാനുള്ള പ്രവണത കാണിക്കേണ്ടതാണ്. അതില്‍ അവര്‍ വിമുഖത കാണിക്കുകയും തങ്ങളുടെ ലോകത്തില്‍ വ്യാപരിക്കുകയും ചെയ്യുകയാണെങ്കില്‍ ശ്രദ്ധിക്കണം. ഒരു വസ്തുവിലോ ഒരു കാര്യത്തിലോ ശ്രദ്ധിക്കാന്‍ ഇക്കൂട്ടര്‍ക്കാവില്ല. നമ്മള് അവരോട് സംസാരിച്ചാലും പ്രതികരിക്കാതെ ഇരിക്കും. പേരു വിളിച്ചാല്‍ തിരിഞ്ഞുനോക്കുകയില്ല. നമ്മള് പറയുന്ന നിര്‍ദേശങ്ങള്‍ ഒന്നും കുട്ടി മനസ്സിലാക്കില്ല. മറ്റു കുട്ടികളുമായി കളിക്കില്ല. ആളുകളുമായി ഇടപഴകാന്‍ തീരെ താല്പര്യമുണ്ടാവുകയില്ല. ചിലര്‍ കരുതും ചെവി കേള്‍ക്കില്ല എന്ന്. പക്ഷേ, ടി.വിയില്‍ അവര്‍ക്ക് താല്പര്യമുള്ള പരസ്യങ്ങള്‍ പോലുള്ള പരിപാടികള്‍ വന്നാല്‍ കാണും.
തലച്ചോര്‍, പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് കാര്യങ്ങളെ മനസ്സിലാക്കുന്ന പ്രക്രിയ ഇവരില്‍ സാവധാനത്തിലായിരിക്കും. പഞ്ചേന്ദ്രിയങ്ങള്‍വഴി ലഭിക്കുന്ന വിവരങ്ങൾ തലച്ചോറില്‍ എത്തുന്നതിലുണ്ടാകുന്ന വീഴ്ചയാണ്. ചിലരില്‍ അധികം സംവേദനവും (hypersensitive) മറ്റു ചിലരില്‍ കുറവ് സംവേദനവും (hypo sensitive) കാണാം. ചിലര്‍ക്ക് വേദനാനുഭവം കുറവായിരിക്കും. അവരെ പിച്ചിയാലും മാന്തിയാലുമൊന്നും അവര്‍ക്ക് പ്രശ്നമുണ്ടാവില്ല. മറ്റു ചിലരെ നമ്മള് സ്നേഹത്തോടെ കെട്ടിപ്പിടിച്ചാലും അവര്‍ക്കത് അസ്വസ്ഥത ഉണ്ടാക്കും. മുടി ചീകുന്നതുപോലും വേദനകരമായ ഒരു അനുഭവമായിരിക്കും.
ചില കുട്ടികള്‍ ഊഞ്ഞാലില്‍ കയറുന്നതിനു മുമ്പുതന്നെ ഭയക്കാന്‍ തുടങ്ങും. മറ്റുചിലര്‍ ഊഞ്ഞാലില്‍ എത്ര ആട്ടിയാലും ഉയരത്തില്‍ ആട്ടിയാലും ഒട്ടും ഭയക്കാതെ ഇരിക്കും. ചിലര്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ആസ്വദിക്കും. മറ്റുചിലര്‍ നേരേ തിരിച്ചായിരിക്കും. അവര്‍ക്ക് ശബ്ദം താങ്ങാനാവില്ല. വികാരങ്ങള്‍ മനസ്സിലാക്കാനും അതിനനുസരിച്ച് പെരുമാറാനും കഴിയുന്നില്ല. മിക്കവരും നല്ല സൗന്ദര്യവും ആരോഗ്യമുള്ളവരുമായിരിക്കും. കണ്ടാല്‍ ഒരു കുഴപ്പവും പറയാത്തവര്‍. എം.ആര്.ഐ എടുത്തുനോക്കിയാല്‍ ഒന്നും മനസ്സിലാക്കാന്‍ കഴിയില്ല.
എന്താണ് പ്രതിവിധി?
ഓട്ടിസം ബാധിച്ചവരെ മേനാവൈകല്യമുള്ളവരായാണ് കേരളത്തില്‍പോലും കാണുന്നതെന്ന് ജെയിംസണ് പറയുന്നു. അവരെ മേനാവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷല്‍ സ്കൂളുകളില്‍ അയക്കുകയാണ് പതിവ്. നമ്മുടെ വൈദ്യസമൂഹംപോലും ഇതെങ്ങനെ കണ്ടെത്തി പരിഹരിക്കാം എന്ന കാര്യത്തില്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം. മേനാരോഗികളായി കാണുകയും അവര്‍ക്കു കൊടുക്കുന്ന മരുന്നുകള്‍ നല്‍കുകയുമാണ് ഇപ്പോഴും ചെയ്യുന്നത്.
ഓട്ടിസം ബുദ്ധിമാന്ദ്യമല്ല. അപാര ബുദ്ധിയുള്ളവരും അവരിലുണ്ട്. വിഷ്ണുവിനെപ്പോലെ അസാമാന്യപ്രതിഭ പ്രകടിപ്പിക്കുന്നവര്‍ വരെയുണ്ട്. ഞങ്ങളുടെ സെൻററില്‍ കൊണ്ടുവന്ന ഒരു കുട്ടിക്ക് കണക്കില്‍ അപാര മിടുക്കായിരുന്നു. അവന് വലിയവലിയ സംഖ്യകള്‍ കാല്ക്കുലേറ്ററിെൻറയോ വഴിയോ ഒന്നും എഴുതിനോക്കുകപോലും ചെയ്യാതെ ഗുണിച്ച് നിമിഷനേരംകൊണ്ട് ഉത്തരം പറഞ്ഞ് ഞെട്ടിച്ചുകളഞ്ഞു. കണക്കിലല്ലാതെ അവന് മറ്റൊന്നിലും താല്പര്യമില്ലായിരുന്നു. വെറും നാലുമാസത്തെ പരിശീലനംകൊണ്ട് അവനെ വളരെയധികം മാറ്റിയെടുക്കാന്‍ കഴിഞ്ഞു. മറ്റൊരു അനുഭവം ജെയിംസണ് വിവരിക്കുന്നു.
എല്ലാ കുട്ടികള്‍ക്കും ഒരേ ചികിത്സ നല്കുകയല്ല വേണ്ടതെന്ന് അദ്ദേഹം പറയുന്നു. നാലുവയസ്സിനു മുമ്പായി ഓട്ടിസം തിരിച്ചറിഞ്ഞാല്‍ വലിയൊരു ശതമാനം കുട്ടികളെ കുറഞ്ഞ ചികിത്സയും പരിചരണവുംകൊണ്ട് ഒരു പരിധിവരെ അതില്‍നിന്ന് മോചിപ്പിക്കാനാവും.
പ്രത്യേകം തയാറാക്കിയ ക്ളാസ് മുറിയും പ്രത്യേക സംവിധാനങ്ങളും മികച്ച പരിശീലനം നേടിയ ഒക്കുപേഷനല്‍ തെറാപ്പിസ്റ്റുകളും സ്പീച് തെറാപ്പിസ്റ്റുകളും അടക്കം നാല്പതോളം സ്റ്റാഫുമുണ്ട് ജ്യുവല്‍ ഓട്ടിസം സെന്ററില്‍. ഭാര്യ ജെന്‍സി ബെന്‍സണാണ് സെന്ററിന്‍െറ ജോയന്റ് ഡയറക്ടര്‍. രക്ഷിതാക്കളുടെ ഒപ്പമാണ് കുട്ടികളെ ഇവിടെ തെറാപ്പിക്കും ചികിത്സയ്ക്കും വിധേയമാക്കുന്നത്. അവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ വീട്ടിനുള്ളില്‍നിന്നു തന്നെ ആരംഭിക്കണം എന്ന ആശയത്തിന്‍െറ അടിസ്ഥാനത്തിലാണിത്.
ഓട്ടിസത്തില്‍ നിന്ന് മുക്തി നേടിയ കുട്ടികളെ പൊതു വിദ്യാലയത്തിലേക്ക് അയക്കുകയാണ് ചെയ്യുക. പലപ്പോഴും ഇത്തരം കുട്ടികളെ സ്വീകരിക്കുന്നതില്‍ സ്കൂളുകള്‍ വിമുഖത കാണിക്കുന്നതായി ജെയിംസണ് പറയുന്നു. സര്‍ക്കാര്‍ തലത്തിലെ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
സുനാമി ദുരിതാശ്വാസത്തിന്‍െറ ഭാഗമായി ലോക ആരോഗ്യ സംഘടനയുടെ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് നേരില്‍ കണ്ട കുഞ്ഞുങ്ങളുടെ ദുരിതത്തില്‍ നിന്നാണ് ജെയിംസണ് ഓട്ടിസത്തിന്‍െറ ലോകത്തിലേക്ക് തിരിഞ്ഞത്. വിദഗ്ധാഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്കാന് അദ്ദേഹം എപ്പോഴും സന്നദ്ധനുമാണ്.
9745451747, 9846565524 എന്നതാണ് ജ്യുവല്‍ ഓട്ടിസം സെന്ററിന്‍െറ നമ്പര്‍
jewelautismcentre.com
jewelcentreforautism@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.