കമാ​ൻഡോയിൽനിന്ന്​ രാജാവിലേക്ക്​​; അധികാരക്കൊതിയിൽ എല്ലാം കൈവിട്ട്​ കോടതി വാതിൽക്കൽ നെതന്യാഹു

ടെൽ അവീവ്​: ഏഴു പതിറ്റാണ്ടിലേറെ നീളുന്ന ഇസ്രായേൽ എന്ന അധിനിവേശ രാഷ്​ട്രത്തിന്‍റെ ചരിത്രത്തിൽ ഞായറാഴ്ച വരെ പലതുകൊണ്ടും വലിയ പേരായിരുന്നു ബീബി അഥവാ, ബിൻയമിൻ നെതന്യാഹു. പക്ഷേ, വർഷങ്ങൾക്കിടെ മന്ത്രിയായും ഉറ്റസഹായികളായും കൂടെ നിന്നവർ ചേർന്ന്​ ഇസ്രായേൽ പാർലമെന്‍റായ കനീസതിൽ പുതിയ മന്ത്രിസഭയുണ്ടാക്കിയപ്പോൾ കരഞ്ഞുയാചിച്ചിട്ടും ബീബിയെ അടുപ്പിക്കാതെ അവർ പുറത്തുനിർത്തുന്നതാണ്​ പുതിയ കാഴ്ച. ചരിത്രം വഴിമാറിയതോടെ ഇനി കാത്തിരിക്കുന്നത്​ നീണ്ട കോടതി നാളുകൾ. വിധി അനുകൂലമായില്ലെങ്കിൽ ജയിലഴികൾ...

മൂന്നു വർഷം തുടക്കത്തിലും ഇടവേള കഴിഞ്ഞ്​ 12 വർഷം തുടർച്ചയായും ​ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്നു നെതന്യാഹു. കാലദൈർഘ്യത്തിൽ സ്​ഥാപക പ്രധാനമന്ത്രി ഡേവിഡ്​ ബെൻ ഗൂറിയനെ പോലും മറികടന്നയാൾ. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ പദവിക്കാരൻ. മസച്ചുസെറ്റ്​സ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജിയിൽനിന്ന്​ മാസ്​റ്റേഴ്​സ്​ ബിരുദവുമായി എത്തിയ, മനോഹരമായി ഇംഗ്ലീഷ്​ വഴങ്ങുന്ന ​നെതന്യാഹു 1980കളിൽ അമേരിക്ക​ൻ ടെലിവിഷൻ ചാനലുകളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടാണ്​ പതിയെ ഇസ്രായേലിന്‍റെ മുഖമായി ലോകമറിയുന്നത്​. ഇസ്രായേലി മുൻ കമാൻഡോ ആയി തുടങ്ങിയ ജീവിതം 90കളിൽ രാഷ്​ട്രീയത്തിലെത്തി. ഓസ്​ലോ കരാറും മറ്റു വിഷയങ്ങളും കത്തിനിൽക്കുന്നതിനിടെ 1995ൽ പ്രധാനമന്ത്രി യിത്​സാക്​ റബിൻ കൊല്ലപ്പെട്ടതിനു പിറകെ ​നടന്ന തെരഞ്ഞെടുപ്പിൽ ആദ്യമായി പ്രധാനമന്ത്രി കസേരയിലുമെത്തി. റബിൻ മുന്നിൽവെച്ച മധ്യസ്​ഥ ശ്രമങ്ങളുടെയെല്ലാം മുനയൊടിച്ചായിരുന്നു രാഷ്​ട്രീയത്തിലെ പുതിയ ജീവിതം. അധിനിവേശം ഏതറ്റം വരെയും എന്നതായിരുന്നു തുടക്കത്തിലേ​ നയം. അതിപ്പോഴും തുടരുകയും ചെയ്യുന്നു. ഒട്ടും വഴങ്ങാത്ത വാശിക്കാരൻ തന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കാനായി നിരന്തരം ഗസ്സക്കു മേൽ മരണം പെയ്​തു. മൂന്നുതവണയാണ്​ നെതന്യാഹു ഒറ്റക്ക്​ തീരുമാനമെടുത്ത്​ കൽക്കൂമ്പാരമാക്കിയത്​. ഇഛാശക്​തിയുടെ കരുത്തിൽ അവർ ഇപ്പോഴും ചെറുത്തുനിൽക്കുന്നത്​ മറ്റൊരു കാര്യം. 2014ലെ ക്രൂരതയിൽ കൊല്ലപ്പെട്ടത്​ 2,300 ലേറെ ഫലസ്​തീനികൾ. അതിലേറെയും സിവിലിയൻമാർ. പക്ഷേ, പ്രത്യാക്രമണങ്ങളിൽ 73 പേരാണ്​ ഇസ്രായേലി വശത്ത്​ കൊല്ലപ്പെട്ടത്​, ഏറെയും സൈനികർ. അതിനു ശേഷം കരയാക്രമണത്തിന്​ നെതന്യാഹു മുതിർന്നിട്ടില്ലെന്നത്​ ചരിത്രത്തിന്‍റെ മറുവശം.

ഫലസ്​തീനികളുടെ ജീവിതം വഴിമുട്ടിച്ച്​ അധികാരം നിലനിർത്തിയ ബീബി നാലു വട്ടം അധികാരത്തിൽനിന്ന്​ പുറത്താകുമെന്ന്​ വന്നപ്പോഴും തന്ത്രങ്ങളുമായി തിരികെയെത്തി. അപ്പോഴൊക്കെയും അനുഭവിച്ചത്​ ഫലസ്​തീനികൾ.

ഒടുവിൽ ബീബിയെ പുറത്താക്കുന്ന മന്ത്രിസഭയിൽ ക്ഷണിക്കപ്പെട്ട അതിഥികളെന്ന പോലെ അറബ്​ പ്രതിനിധികളായ 'റാം' കക്ഷി കൂടി ഉണ്ടായത്​ വിരോധാഭാസം.

സമാധാനത്തിന്‍റെ വഴികൾ പലതു തുറന്നപ്പോഴൂം വാതിൽ കൊട്ടിയടച്ചതാണ്​ നെതന്യാഹുവിന്‍റെ രീതി. പ്രധാനമന്ത്രിയായി ചുമതലയേറ്റയുടൻ 1996ൽ യു.എസ്​ കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ അധികാരമാണ്​ സമാധാനമല്ല, ഇസ്രായേലിന്‍റെ പശ്​ചിമേഷ്യ നയമെന്ന്​ വ്യക്​തമാക്കിയതാണ്​. ''ദൈവം തന്‍റെ ഇടയാളർക്ക്​ ശക്​തി നൽകും. ​ദൈവം തന്‍റെ ജനതയെ സമാധാനം കൊണ്ട്​ അനുഗ്രഹിക്കും'' എന്നായിരുന്നു വാക്കുകൾ. നീണ്ട മൂന്നു പതി​റ്റാ​ണ്ടോളം അതേ തീവ്രത ഇത്തിരിയും മാറാതെ നെതന്യാഹു നിലനിർത്തി.

എല്ലാം അവസാനിച്ച്​ ചരിത്രത്തിലേക്ക്​ മടങ്ങു​േമ്പാൾ പിന്മുറക്കാരൻ തന്‍റെ പഴയ സൈനിക മേധാവി തന്നെയെന്ന്​ നെതന്യാഹുവിന്​ ആശ്വസിക്കാം. ആശയപരമായി നാഫ്​റ്റലി ബെനറ്റാണോ നെതന്യാഹുവാണോ കടുപ്പം എന്നേ അറിയാനുള്ളൂ. അത്​ വൈകാതെ ബോധ്യമാകുകയും ചെയ്യും.

മുമ്പും അധികാരം നഷ്​ടമായ ചരിത്രം നെതന്യാഹുവിനുണ്ട്​. അതും ഇഹുദ്​ ബാരക്​, ഏരിയൽ ഷാരോൺ പോലുള്ള വമ്പന്മാർക്ക്​ മുന്നിൽ. എന്നിട്ടും തിരികെയെത്തിയതാണ്​. അവരുടെയത്ര കരുത്ത്​ പോരാത്ത ബെനറ്റിനെ വീഴ്​ത്താനും അതുവഴി അധികാരം തിരികെ പിടിക്കാൻ താൻ മതിയെന്ന്​ ഇ​േപ്പാഴും ബീബി ഉറച്ചുവിശ്വസിക്കുന്നു. പലവട്ടം അറബ്​ വിരുദ്ധത പച്ചയായി പറഞ്ഞാണ്​ വോട്ട് തനിക്ക്​ മാത്രമായി ചുരുക്കിയിരുന്നത്​. അത്​ ഇനിയും തുടരാനാണ്​ പദ്ധതി. 2019ൽ ഒരു തെരഞ്ഞെടുപ്പ്​ കാലത്ത്​ ''ഇസ്രായേൽ എല്ലാ പൗരന്മാരുടെയും നാടല്ല'' എന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രഖ്യാപനം. എന്നുവെച്ചാൽ, അറബ്​ ജനതക്ക്​ ഇടമില്ല എന്ന പരസ്യ പ്രഖ്യാപനം.

അതിനിടെ, ആക്രണങ്ങൾക്കൊപ്പം അയൽ രാജ്യങ്ങളെ നിരന്തരം പോർമുനയിൽ നിർത്തുന്ന നയതന്ത്രവും നെതന്യാഹു നടപ്പാക്കി.

ഇറാനും മറ്റ്​ അയൽരാജ്യങ്ങൾക്കുമിടയിൽ പതുക്കെ തുടങ്ങിയ ശത്രുത യുദ്ധത്തിലേക്കെന്നുവരെ തോന്നിച്ചു. അത്​ ഇപ്പോഴും നിലനിർത്തുന്നതിനിടെയാണ്​ ചില അറബ്​ രാജ്യങ്ങളുമായി നെതന്യാഹു നയതന്ത്ര ബന്ധം സ്​ഥാപിക്കുന്നത്​.

എല്ലാ തീരുമാനങ്ങൾക്കും പിന്തുണയും അതിലേറെ മാർഗദർശകനായും വൈറ്റ്​ഹൗസിൽ ട്രംപ്​ വന്നതും ആഘോഷമായി. ലോകം എതിർത്തിട്ടും ജറൂസലമിലേക്ക്​ യു.എസ്​ എംബസി മാറ്റവും ജൂത കുടിയേറ്റ വ്യാപനവും പിന്നീട്​ ദ്രുതവേഗത്തിലാണ്​ സംഭവിച്ചത്​. ഫലസ്​തീനികളെ അംഗീകരിക്കാൻ കൂട്ടാക്കാത്ത ഒരാളെ പുറത്തുനിന്ന്​ ലഭിച്ച ആശ്വാസത്തിലായിരുന്നു ബീബി.

ഇതിനിടെയാണ്​ എല്ലാം പാതിവഴിയിൽ നിർത്തി അഴിമതി​ കേസുകൾ മാടിവിളിക്കുന്നത്​. കോടതി പരിഗണനയിലുള്ളത്​ നിലവിൽ മൂന്നെണ്ണം. അധികാരത്തിലിരിക്കെ ആദ്യമായി ക്രിമിനൽ പ്രോസിക്യൂഷൻ നേരിട്ടയാളെന്ന റെക്കോഡും ഇപ്പോൾ നെതന്യാഹുവിന്​ സ്വന്തം. മുമ്പ്​ എഹുദ്​ ഒൽമെർട്ട്​ പടിയിറങ്ങിയതിനു പിന്നാലെ നേരെ ജയിലഴികൾ എണ്ണിത്തുടങ്ങുന്നത്​ ​നടുക്കുന്ന ഓർമയായി നെതന്യാഹുവിനെ വേട്ടയാടുന്നുണ്ട്​. അഴിമതി, കൈക്കൂലി തുടങ്ങിയ കേസുകൾ തെളിഞ്ഞാൽ 10 വർഷത്തിലേറെ ജയിലിൽ കിടക്കേണ്ടിവരും. ഇനി അധികാരമാണോ ജയിലാണോ കാത്തിരിക്കുന്നത്​ എന്നത്​ കാത്തിരുന്നു കാണാം. 

Tags:    
News Summary - Benjamin Netanyahu: the former commando who became King Bibi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.