അമേരിക്കയും ചൈനയും റഷ്യയും ജപ്പാനും കഴിഞ്ഞാൽ ഇന്ത്യ മാത്രമായിരിക്കും ചാന്ദ്രദൗത്യത്തിൽ ഏർപ്പെടുന്ന മറ്റൊരു രാജ്യം. എന്നാൽ, ചന്ദ്രനിലെ തെക്കേധ്രുവത്തിൽ മറ്റുരാജ്യങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല
പൂർണചന്ദ്രൻ ഉദിച്ചുനിൽക്കുന്ന ആകാശം കാണുമ്പോൾ കൗമാരത്തിൽ വായിച്ച ഒരു പ്രണയകഥ ഓർമവരും. ഇന്റർനെറ്റും വിഡിയോചാറ്റും ഒന്നുമില്ലാതിരുന്ന കാലം. വിരഹാർത്തനായ കാമുകൻ പ്രണയിനിക്കെഴുതി: “അടുത്ത പൂർണചന്ദ്രനുദിക്കുന്ന നാളിൽ നമുക്കുതമ്മിൽ കാണാം.
ആ രാത്രി പൂർണചന്ദ്രനെ നോക്കി നീ മുറ്റത്തുനിൽക്കുമോ? ഞാനും അതേസമയം ചന്ദ്രനെ നോക്കാം. നേരിൽക്കാണാനായില്ലെങ്കിലും, ചന്ദ്രനിൽ പതിയുന്ന നിന്റെ മുഖം എനിക്ക് കാണാനാകുമല്ലോ. നിനക്ക് എന്റെ മുഖവും’’. നിലാവുള്ള ആ രാത്രിയിൽ മേഘങ്ങൾക്കിടയിൽ തിളങ്ങിനിന്ന പൂർണചന്ദ്രനെ നോക്കി അവർ നിന്നിരിക്കാം...അങ്ങനെ എത്രയോ വിരഹങ്ങൾക്കും കൂടിക്കാഴ്ചകൾക്കും സാക്ഷിയായിട്ടുണ്ടാകും ചന്ദ്രൻ.
ഭൂമിയിൽനിന്ന് 3,84,400 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന നിർജീവ ഉപഗ്രഹമാണെങ്കിൽക്കൂടി ചന്ദ്രനും ഭൂമിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അതിൽ ആചാരങ്ങളും സങ്കല്പങ്ങളും ശാസ്ത്രവുമൊക്കെയുണ്ട്. ഒരിക്കൽ ഐ.ഐ.എസ്.സിയിൽ ക്ലാസെടുക്കുന്നതിനിടെ ഞാനൊരു ചോദ്യം ചോദിച്ചു.
ചന്ദ്രൻ ഇല്ലായിരുന്നെങ്കിൽ ഭൂമിയുടെ അവസ്ഥ എന്താകുമായിരുന്നു?അവരുടെ ഉത്തരങ്ങൾ: ചന്ദ്രനില്ലായിരുന്നെങ്കിൽ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകില്ല. അപ്പോൾ കരയിലേക്കു താൽക്കാലികമായി ചേക്കേറുന്ന ജീവികൾ പരിണാമം സംഭവിച്ച്, ഉഭയജീവകളായി മാറി കരയിൽ താമസിക്കുമായിരുന്നില്ല. നിലാവില്ലെങ്കിൽ നിശാജീവികൾക്ക് വേട്ടയാടാൻ കഴിയുമായിരുന്നില്ല; അത് അവരുടെ പരിണാമ പുരോഗതിയെ ബാധിച്ചേനെ.
പ്രേമത്തിനു മാത്രമല്ല ഭൂമിയിലെ ജീവന്റെ പരിണാമത്തിലും നിലനിൽപിലും ചന്ദ്രന് റോളുണ്ട്. വസന്തവും ശിശിരവുമെല്ലാം പതിവുതെറ്റാതെ വന്നെത്തുന്നതുകൊണ്ടാണല്ലോ ഭൂമി ജൈവസമ്പന്നമായി നിലകൊള്ളുന്നത്.
ഭൂമിക്കുപുറത്ത് മനുഷ്യന്റെ കാൽപാടുകൾ പതിഞ്ഞ, ഒരേയൊരു പ്രപഞ്ചവസ്തുവാണ് ചന്ദ്രൻ. ആദ്യമൊക്കെ നഗ്നനേത്രങ്ങളിലൂടെയും പിന്നീട് ദൂരദർശിനികളിലൂടെയും ചന്ദ്രനെ ദർശിച്ച മനുഷ്യൻ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ചന്ദ്രനിൽ കാലുകുത്തി. ചന്ദ്രോപരിതലത്തിലെത്തിയ ആദ്യ മനുഷ്യനിർമിത വസ്തു 1959ൽ റഷ്യ അയച്ച ലൂണ-2 ആണ്. അതുപക്ഷേ, ചന്ദ്രോപരിതലത്തിൽ ഇടിച്ചു ലക്ഷ്യം കാണാനാവാതെപോയി.
ഇതേവർഷം തന്നെ ലൂണ-3 ചന്ദ്രനെ ചുറ്റുകയും ഭൂമിക്ക് അഭിമുഖമല്ലാത്ത മറുവശത്തിന്റെ ചിത്രം എടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. 1966ലാണ് ആദ്യമായി മനുഷ്യനയച്ച ലൂണ-9 എന്ന പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ചാന്ദ്രയാത്ര അപ്പോളോ-8 എന്ന പേടകത്തിലായിരുന്നു. ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ വിജയകരമായി കാലുകുത്തിയത് 1969ൽ അപ്പോളോ-11 എന്ന ശൂന്യാകാശ പേടകത്തിലാണ്.
2009ലാണ് ഇന്ത്യ ചന്ദ്രയാൻ ദൗത്യം ആരംഭിക്കുന്നത്. 2008 ഒക്ടോബർ 22നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) ‘ചാന്ദ്രവാഹനം’ എന്നർഥമുള്ള ചന്ദ്രയാൻ-1 വിക്ഷേപിച്ചത്. ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്താൻ ഈ ദൗത്യത്തിന് സാധിച്ചു.
അമേരിക്കയിലെ നാസയുടെ ഒരു ‘മിനറൽ മാപ്പർ’ ചന്ദ്രയാൻ പേടകത്തിൽ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അതുപയോഗിച്ചാണ് ജലം മാത്രമല്ല ചാന്ദ്രഗർത്തകളുടെ ആഴങ്ങളിൽ മഞ്ഞിന്റെ സാന്നിധ്യവും കണ്ടെത്തിയത്. ചന്ദ്രോപരിതലത്തിൽ ലാൻഡറെ മൃദുവായി ഇറക്കുക, വിദൂരമായി റോവറിനെ പ്രവർത്തിപ്പിക്കുകവഴി ഉപരിതല മാപ്പിങ് സാധ്യമാക്കുക എന്നൊക്കെയായിരുന്നു ചന്ദ്രയാൻ-2ന്റെ പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ, ദൗത്യം പരാജയപ്പെട്ടു.
ISROയുടെ ചന്ദ്രനിലേക്കുള്ള മൂന്നാമത് ദൗത്യമാണ് ചന്ദ്രയാൻ-3. ചന്ദ്രന്റെ തെക്കേധ്രുവ പ്രദേശത്ത് ഒരു റോവറിനെ എത്തിക്കുകയും അവിടത്തെ ഉപരിതലത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയും ചൈനയും റഷ്യയും ജപ്പാനും കഴിഞ്ഞാൽ ഇന്ത്യ മാത്രമായിരിക്കും ചാന്ദ്രദൗത്യത്തിൽ ഏർപ്പെടുന്ന മറ്റൊരു രാജ്യം.
എന്നാൽ, ചന്ദ്രനിലെ തെക്കേധ്രുവത്തിൽ മറ്റുരാജ്യങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. സൂര്യപ്രകാശത്തിന്റെ രൂക്ഷതയിൽനിന്നകലെയുള്ള ഇരുൾമൂടിയ ഒരു പ്രദേശമായതുകൊണ്ട് അവിടെ മഞ്ഞിന്റെ സാന്നിധ്യം ഉണ്ടാകാൻ ഇടയുണ്ട് എന്നാണ് നിഗമനം. അത് കണ്ടുപിടിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.
മാത്രമല്ല, സൗരയൂഥത്തിന്റെ ആരംഭകാലത്തുണ്ടായിരുന്ന രാസസംയോജനകളുടെ തെളിവുകൾ ഈ പ്രദേശത്തുനിന്ന് ലഭിക്കാൻ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു. തെക്കേധ്രുവത്തിലെ ജിയോളജി മധ്യരേഖയോടടുത്തുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. ആ പ്രത്യേകതകൾ കണ്ടുപിടിക്കുകയും ഭൂമിയിലെ പാറകളുടെ താരതമ്യം നടത്തുക എന്നതും ഈ ദൗത്യത്തിൽപെടുന്നു.
ഇത്രയേറെ പണവും സമയവും ചെലവഴിച്ച് എന്തിനാണ് മനുഷ്യൻ ചന്ദ്രനെ ഉന്നമിടുന്നത്?ചാന്ദ്രയാത്രയെക്കുറിച്ച് 1962ൽ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി ഇങ്ങനെ പറഞ്ഞു:
“നമ്മൾ ചന്ദ്രനിലേക്ക് പോകുന്നത്, അതെളുപ്പമായതുകൊണ്ടല്ല, മറിച്ച് അത് കഠിനമായതുകൊണ്ടാണ്’’. ചന്ദ്രോപരിതലത്തിൽ കാലുകുത്തിയപ്പോൾ നീൽ ആംസ്ട്രോങ് പ്രവചിച്ച ‘മനുഷ്യരാശിയുടെ വൻകുതിപ്പ്’ തുടർന്നുകൊണ്ടേയിരിക്കുന്നു. അപ്പോളോയുടെ പിന്തുടർച്ചക്കാരായ ആർട്ടിമിസ് പേടകങ്ങൾ കൂടുതൽ യാത്രകൾക്കൊരുങ്ങുകയാണ്. 2022 നവംബറിൽ നാസ വിക്ഷേപിച്ച ആർട്ടിമിസ്-1, 25 ദിവസം ചന്ദ്രനെ ചുറ്റിയശേഷം ഭൂമിയിലേക്ക് മടങ്ങി, പസഫിക് സമുദ്രത്തിൽ പതിച്ചു.
പിൻഗാമികളായ ആർട്ടിമിസ്-2, ആർട്ടിമിസ് -3 എന്നീ പേടകങ്ങൾ 2024, 2025 വർഷങ്ങളിൽ യാത്ര തുടങ്ങും. ആർട്ടിമിസ് യാത്രകളിൽ ആദ്യമായി ഒരു വനിതയെ ചന്ദനിലിറക്കാനും നാസ പദ്ധതിയിടുന്നു. ഇതുവരെയും മനുഷ്യൻ കാലുകുത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവമാണ് ആർട്ടിമിസ്-2ന്റെ ലക്ഷ്യം.
4.6 ബില്യൺ വർഷങ്ങൾക്കുമുമ്പ് ഒരു ഭീമാകാരമായ തന്മാത്രാമേഘത്തിനു (molecular cloud) സംഭവിച്ച ഗുരുത്വാകർഷണ തകർച്ചയിൽനിന്നാണ് ഭൂമിയുൾപ്പെടുന്ന സൗരയൂഥം പിറന്നത്. തകർന്ന പ്രോട്ടോ പ്ലാനറ്ററി ഡിസ്കിന്റെ ഭൂരിഭാഗവും മധ്യഭാഗത്ത് കേന്ദ്രീകരിച്ച് സൂര്യൻ ഉണ്ടായപ്പോൾ ബാക്കിവന്ന പദാർഥങ്ങൾ ചേർന്നാണ് ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളുമൊക്കെ രൂപംകൊണ്ടത്.
ചെറുതും വലുതുമായി അന്നത്തെ പ്രപഞ്ചത്തിൽ അലഞ്ഞിരുന്ന അനേകം വസ്തുക്കൾ തമ്മിൽ കൂട്ടിയിടിച്ച് പുതിയ ഉപഗ്രഹങ്ങളുണ്ടായതും സൗരയൂഥ രൂപവത്കരണത്തിൽ നിർണായകമായിരുന്നു. സൗരയൂഥം പിറന്ന് ഏതാണ്ട് 50 ദശലക്ഷം വർഷങ്ങൾക്കുശേഷം ‘തെയ്യ’ എന്ന ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുകയുണ്ടായി.
ആഘാതത്തിൽ പുറന്തള്ളപ്പെട്ട വസ്തുക്കളും തെയ്യയുടെ ഭാഗങ്ങളും ചേർന്നാണ് ചന്ദ്രൻ രൂപപ്പെട്ടതെന്നാണ് അംഗീകൃത ശാസ്ത്രസിദ്ധാന്തം. ആഘാതത്തിൽ ഭൂമിയിൽനിന്ന് കുറെ ഭാഗങ്ങൾ വേർപെട്ടതോടെ അച്ചുതണ്ടിൽ 23.5 ഡിഗ്രി ചെരിവുണ്ടായതാണ് ഭൂമിയിൽ ഋതുഭേദങ്ങൾക്ക് കാരണമായത്.
തിളച്ചുമറിഞ്ഞ അവസ്ഥയിലുള്ള ഭൂമിയിലേക്ക് ‘തെയ്യ’ വന്നുപതിച്ചതും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ രൂപപ്പെട്ടതും പ്രപഞ്ചത്തിലെ അത്യപൂർവമായ ഒരു ആകസ്മികതയായി (Contingency) കണക്കാക്കുന്നു. മനുഷ്യനും ചന്ദ്രനുമായുള്ള പൊക്കിൾക്കൊടിബന്ധം ആ ആകസ്മികതയിൽനിന്ന് ആരംഭിക്കുന്നു.
ഭൂമിയിൽനിന്ന് നോക്കുമ്പോൾ തിളങ്ങുന്ന, മൃദുലഭാവമാണെങ്കിലും ഗർത്തങ്ങളും തടങ്ങളുമൊക്കെ ചേർന്നതാണ് ചന്ദ്രന്റെ ഉപരിതലം. ലോലമായ അന്തരീക്ഷത്തിൽ പതിവായി പതിക്കുന്ന ഉൽക്കകളാണ് ചന്ദ്രന്റെ ഉപരിതലത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത്. ചന്ദ്രക്കലയായും പൂർണചന്ദ്രനായും കാർമേഘങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുന്ന ചന്ദ്രന് നമുക്കറിയാത്ത ഒരു മുഖമുണ്ട്. ആ മുഖം മറഞ്ഞിരിക്കുന്നതിന് കാരണമുണ്ട്.
ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നതോടൊപ്പം ചന്ദ്രൻ അതിന്റെ അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നുണ്ട്. ഈ രണ്ടു ഭ്രമണദൈർഘ്യവും ഏതാണ്ട് 27 ദിവസമാണ്. അതുകൊണ്ട് ആ മറഞ്ഞിരിക്കുന്ന മുഖം നമുക്കൊരിക്കലും കാണാനാവില്ല.
ചന്ദ്രനിലെ ലോലമായ അന്തരീക്ഷത്തിന് ഉൽക്കാപതനങ്ങളെ തടയാനുള്ള ശേഷിയില്ല; അതുകൊണ്ടുതന്നെ ചന്ദ്രനുണ്ടായ കാലംമുതൽ ഉൽക്കാവർഷവും അധികമായിരുന്നു. ഭൂമിയിൽനിന്ന് നോക്കുമ്പോൾ കാണുന്ന ‘മറിയ’ എന്നറിയപ്പെടുന്ന ചന്ദ്രോപരിതലത്തിലെ കറുത്ത അടയാളങ്ങൾ ഉൽക്കാപതനകൾ മൂലം പുറത്തേക്കുവമിച്ച ബസാൾട്ട് ലാവ ഘനീഭവിച്ചുണ്ടായതാണ്. ചില സംസ്കാരങ്ങളിൽ ഈ കറുത്ത അടയാളങ്ങൾ ഒരു സ്ത്രീരൂപമായും മറ്റുചിലതിൽ പുരുഷരൂപമായും വ്യഖ്യാനിക്കപ്പെടുന്നു.
മനുഷ്യൻ ആദ്യമായി കാലുവെച്ച ശാന്തസമുദ്ര പ്രദേശത്ത്(Tranquility) ചെവികൾ ഉയർത്തിപ്പിടിച്ചിട്ടുള്ള മുയലിന്റെ രൂപമാണ് കാണുന്നത്. ഇതേക്കുറിച്ച് ശ്രീലങ്കയിലെ ഇതിഹാസങ്ങളിൽ പ്രചാരമുള്ള കഥ ഇങ്ങനെ: ഒരിക്കൽ കാട്ടിൽ വഴിതെറ്റി അലയുകയായിരുന്ന ശ്രീബുദ്ധന് ഒരു മുയൽ വഴികാണിക്കാനെത്തി. നന്ദിവാക്കല്ലാതെ തന്റെ കൈയിൽ ഒന്നുമില്ലെന്നും വല്ലാതെ വിശക്കുന്നുവെന്നും ബുദ്ധൻ മുയലിനോട് പറഞ്ഞു. എങ്കിൽ എന്നെ ഭക്ഷിച്ചുകൊള്ളൂ, എന്നു പറഞ്ഞ് ഒരു തീക്കുണ്ഠത്തിലേക്കുചാടി. ദയാലുവായ ബുദ്ധൻ മുയലിനെ അതിൽനിന്ന് വലിച്ചെടുത്ത് ചന്ദ്രനിൽ സ്ഥാപിച്ചുവത്രെ.
ശാസ്ത്രകൗതുകമാണ് മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന പ്രധാനഘടകം. അന്തരീക്ഷമോ ഒഴുകുന്ന ജലമോ ഇല്ലാത്ത ചന്ദ്രനിലെ പാറകളിൽ സൗരയൂഥം സൃഷ്ടിക്കപ്പെട്ടതിന്റെ തെളിവുകൾ ഇപ്പോഴും മാറ്റങ്ങളില്ലാതെ മറഞ്ഞിരിക്കുന്നു.
നമുക്ക് ചിന്തിക്കാനാവുന്നതിലും വേഗത്തിലാണ് ശാസ്ത്രവും ടെക്നോളജിയും ചേർന്ന് നമ്മുടെ ഭാവി നിയന്ത്രിക്കുന്നത്. വരുംകാലത്ത് ചന്ദ്രനിൽ കറങ്ങിനടന്ന് ധാതുവിഭവങ്ങൾ കണ്ടെത്താനും അവ ഖനനംചെയ്ത് ഭൂമിയിലെത്തിക്കാനും കഴിവുള്ള യന്ത്രമനുഷ്യൻ ഉണ്ടാവുകയില്ലെന്ന് ആരറിഞ്ഞു? ആകാശം തന്നെയാണ് മനുഷ്യഭാവനയുടെ, പ്രവൃത്തികളുടെ അതിര്. അതിൽ തിളങ്ങുന്ന മാന്ത്രികപ്പൊട്ടാണല്ലോ നമ്മുടെ ചന്ദ്രൻ.
(സെൻറർ ഫോർ എർത്ത് സയൻസസ് മുൻ പ്രഫസറായ ലേഖിക ഇപ്പോൾ യു.എസിലെ കൺസോർട്യം ഫോർ സസ്റ്റെയ്നബ്ൾ ഡെവലപ്മെൻറിന്റെ ഭാഗമാണ്)
kusalaraj@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.