മലപ്പുറത്തുകാർക്കൊരു ബിഗ് സല്യൂട്ട്

മലപ്പുറം ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പിൽ മഹാത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല., ആകെയുള്ള തർക്കം ഭൂരിപക്ഷത്തിൻറെ കാര്യത്തിലായിരുന്നു. ഇ  അഹമ്മദിനു കിട്ടിയതിനേക്കാൾ കൂടുമോ അതോ കുറയുമോ ? ഫലം വന്നപ്പോൾ അഹമ്മദിൻറെ ഭൂരിപക്ഷത്തിനൊപ്പം എത്താൻ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. അതിൻറെ അർഥം അഹമ്മദ് കുഞ്ഞാലിക്കുട്ടിയേക്കാൾ ജനകീയൻ ആണെന്നൊന്നുമല്ല. 2014 ൽ നിന്നു 2017 ൽ എത്തിയപ്പോൾ രാഷ്ട്രീയത്തിൽ വന്ന മാറ്റമാണ് . കുറ്റിപ്പുറം പാലത്തിനടിയിലൂടെ ഇക്കാലയളവിൽ ഏറെ വെള്ളം ഒഴുകിപ്പോയി.

അഹമ്മദിൻറെ മുഖ്യ എതിരാളി സി. പി. എമ്മിലെ പി. കെ സൈനബ ആയിരുന്നു. മലപ്പുറം മണ്ഡലത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരായിട്ടും സൈനബയെ  അവരെല്ലാം ചേർന്ന് തോൽപിച്ചത്  194000 വോട്ടിനാണ്.  ഇത്തവണ യുവാവായ എം. ബി ഫൈസലിനെ സി. പി. എം ഇറക്കിയപ്പോൾ  സൈനബക്ക് 242984 വോട്ട് കിട്ടിയ സ്ഥാനത്തു ഇടതു പക്ഷത്തിൻറെ  വോട്ട് 344287 ആയി ഉയർന്നു. അഹമ്മദിന് 437723 വോട്ട് കിട്ടിയെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് അതു 515325 ആയി വർധിച്ചു. ഭൂരിപക്ഷം 171038 . മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളും കുഞ്ഞാലിക്കുട്ടിയോടൊപ്പം നിന്നു . രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒട്ടേറെ വിവാദങ്ങളും വെല്ലുവിളികളും നേരിട്ട പി. കെ കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചടത്തോളം അഭിമാനിക്കാവുന്ന നേട്ടമാണിത്. കേരള രാഷ്ട്രീയത്തിൽ ഒതുങ്ങി നിന്ന കുഞ്ഞാലിക്കുട്ടിയുടെ ദേശീയ രാഷ്ട്രീയ പ്രവേശത്തിന് തിളക്കം വർധിപ്പിക്കുന്ന വിജയമാണ് ഇതെന്ന കാര്യത്തിൽ തർക്കമില്ല. രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുന്നവരും കുഞ്ഞാലിക്കുട്ടിയുടെ കറ കളഞ്ഞ മതേതര പാരമ്പര്യത്തെ ഒരു കാലത്തും ചോദ്യം ചെയ്‌തിട്ടില്ല. 
 
മലപ്പുറത്തെ വോട്ടർമാർക്ക് ഈ ഘട്ടത്തിൽ ഒരു ബിഗ് സല്യൂട്ട് നൽകാതെ വയ്യ. അതു കുഞ്ഞാലിക്കുട്ടിയെ ജയിപ്പിച്ചതിന്റെ പേരിലല്ല. ഫൈസലിന് മൂന്നര ലക്ഷത്തിനടുത്തു വോട്ട് നൽകി യു. ഡി. എഫ് മുന്നേറ്റത്തിനിടയിലും ഇടതുപക്ഷം മലപ്പുറത്ത് സജീവ സാന്നിധ്യമായുണ്ടെന്നു ബോധ്യപ്പെടുത്തിയതിനുമല്ല. ഹിന്ദു വർഗീയതയുടെ പ്രചാരകരായ ബി. ജെ. പി യെ പിടിച്ചു കെട്ടിയതിനാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ റിഹേഴ്സലായാണ്‌ ബി. ജെ. പി മലപ്പുറം ഉപ തെരഞ്ഞെടുപ്പിനെ കണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ പരമാവധി വോട്ട് വർധിപ്പിക്കുക എന്ന അജണ്ടയായിരുന്നു ബി. ജെ. പി യുടേത്. ഒരു ലക്ഷമോ അതിനു മുകളിലോ പോകുമെന്നാണ് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. എന്നാൽ ബി. ജെ. പിയുടെ ശ്രീപ്രകാശ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കിട്ടിയതിനേക്കാൾ 957 വോട്ടാണ് ഇത്തവണ കൂടിയത്. 2014 ൽ 64705 വോട്ട് കിട്ടിയ സ്ഥാനത്തു ഇത്തവണ 65662 വോട്ടുകൾ ലഭിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞു  നാലിടത്തും സർക്കാർ ഉണ്ടാക്ക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദാരവവും രാജ്യം മുഴുവൻ അലയടിക്കുന്ന മോദി പ്രഭാവവും ഒന്നും കേരളത്തിൽ ബി. ജെ. പിക്ക് മുതൽ കൂട്ടാവില്ലെന്നു ഈ ഉപതെരഞ്ഞെടുപ്പ് ഫലം വിളിച്ചു പറയുന്നു. 
 
പതിവു പോലെ മലപ്പുറത്ത് കോ ലീ ബി സഖ്യമുണ്ടെന്നു സി. പി. എമ്മും ഇടതു പക്ഷ വോട്ടുകൾ ബി. ജെ. പിക്ക് പോകുമെന്ന് കോൺഗ്രസും പ്രചരിപ്പിച്ചിരുന്നു. ഇതു രണ്ടും മലപ്പുറത്തെ  വോട്ടർമാർ തള്ളിക്കളഞ്ഞു. ബി. ജെ. പി മുൻപ് എവിടെ ആയിരുന്നുവോ അവിടെ തന്നെ നിൽക്കുന്ന കാഴ്ചയാണ് ഈ ലോക്‌സഭാ മണ്ഡലം നൽകുന്നത്. 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് 11 എം. പി മാരെ നൽകണമെന്നാണ് കുമ്മനം രാജശേഖരന് അമിത്ഷാ ടാർഗറ്റ് കൊടുത്തിരിക്കുന്നത്. അതിനു മുന്നോടിയായി അമിത്ഷാ ഒരു അശ്വമേധം സംസ്ഥാനത്തു നടത്താൻ പോകുകയുമാണ്. അതിനു വലിയ തിരിച്ചടിയാണ് മലപ്പുറത്തെ വോട്ടർമാർ നൽകിയിരിക്കുന്നത്. ബി. ജെ. പി യുടെ വർഗീയ രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ല എന്ന വലിയ സന്ദേശം ഈ ജനവിധിയിൽ അടങ്ങിയിട്ടുണ്ട്. 
 
കേരളത്തിലെ പിണറായി സർക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് പ്രചാരണത്തിന്റെ തുടക്കത്തിൽ സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. അദ്ദേഹം തന്നെ പിന്നീട് അതു മയപ്പെടുത്തുകയും ചെയ്‌തു . സർക്കാർ അധികാരം ഏറ്റതു മുതൽ വിട്ടൊഴിയാത്ത പ്രതിസന്ധികളുടെയും വിവാദങ്ങളുടെയും നടുവിൽ ആയിട്ടു കൂടി ഇടതു പക്ഷത്തിൻറെ ജന പിന്തുണയിൽ ഒട്ടും കുറവ് വന്നില്ല എന്നാണ് മലപ്പുറം ഫലത്തിൻറെ കാതൽ. കുഞ്ഞാലിക്കുട്ടി അവിടെ തോൽക്കുകയും ഫൈസൽ ജയിക്കുകയും ചെയ്യുമെന്ന് സാമാന്യ ബുദ്ധിയുള്ള ഒരാൾ പോലും പ്രതീക്ഷിച്ചിട്ടില്ല. അതേസമയം ഇടതു പക്ഷത്തിൻറെ വോട്ട് ഗണ്യമായി കുറയുമെന്നും അതു ബി. ജെ. പി ക്കു മുതൽകൂട്ടായി മാറുമെന്നുമുള്ള അതിശക്തമായ പ്രചാരണം നടന്നിരുന്നു. ഈ പ്രചാരണത്തിൻറെ പൊള്ളത്തരമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. 
 
യു. ഡി. എഫിൽ കോൺഗ്രസും ലീഗും തമ്മിലെ ഐക്യം കൂടുതൽ ശക്തമാകുന്നതും മലപ്പുറത്ത് കണ്ടു. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം മലപ്പുറത്തുണ്ടായിരുന്നു. മുൻപ് ഒരു തെരഞ്ഞെടുപ്പിലും കാണാത്ത ഐക്യമാണ് കണ്ടത്. ജില്ലയിൽ പലേടത്തും കോൺഗ്രസ്- ലീഗ് അണികൾ തർക്കത്തിൽ ആയിട്ടും അതൊന്നും മലപ്പുറത്തെ ബാധിച്ചതേയില്ല.  വലിയ വെല്ലുവിളിയായാണ് ഇതിനെ ഇടതു പക്ഷം കാണുന്നത്.
Tags:    
News Summary - a big salute to malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.