കാവിയിൽ മുങ്ങുന്ന സ്കൂൾ വിദ്യാഭ്യാസവും എൻ.സി.ഇ.ആർ.ടിയും

 എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഇനിമുതൽ ഇന്ത്യ എന്നതിനു പകരം ഭാരതം എന്നുപയോഗിക്കാൻ പാഠ്യപദ്ധതി ഉന്നതാധികാര ഉപ സമിതി ശിപാർശ ചെയ്തിരിക്കുന്നു. പുരാതനചരിത്രം എന്നത് ക്ലാസിക്കൽ ചരിത്രം എന്നാക്കണമെന്നും ഹിന്ദുരാജാക്കന്മാരുടെ മുന്നേറ്റചരിത്രം വിദ്യാർഥികൾ പഠിക്കണമെന്നും ശിപാർശയിൽ പറയുന്നു. ലോകത്ത് പല രാഷ്ട്രങ്ങളും പേര് മാറ്റിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, പേരിലെ സമാനതകൾ, സ്വതന്ത്രരാഷ്ട്രമായി മാറ്റിയപ്പോഴുള്ള പ്രത്യേകതകൾ എന്നിത്യാദി കാരണങ്ങളായിരുന്നു അവക്ക് പിന്നിൽ. എന്നാൽ, ഇന്ത്യ എന്ന പേര് മാറ്റാൻതക്ക എന്ത് അടിയന്തര സാഹചര്യമാണ് ഇപ്പോഴുള്ളത്? ജനാധിപത്യ-മതനിരപേക്ഷ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിലേക്കുള്ള പല പടവുകളിൽ ഒന്നു മാത്രമാണിത്.

‘ഭാരത’വും ഹിന്ദുരാഷ്ട്രവാദവും തമ്മിലെ ബന്ധം വ്യക്തമാക്കുന്നതാണ് എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതി ഉപസമിതി ചെയർമാൻ പ്രഫ. സി.ഐ. ഐസക്കിന്റെ വാക്കുകൾ. ‘7000 വർഷങ്ങൾ പഴക്കമുള്ള വിഷ്ണുപുരാണത്തിൽ ഭാരതം എന്ന് പരാമർശിച്ചിട്ടുണ്ട്’ എന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ, ആര്യന്മാർ ഇന്ത്യയിൽ വന്നശേഷമാണ് ഇതിഹാസങ്ങളും വേദങ്ങളും പുരാണങ്ങളുമൊക്കെ രചിക്കപ്പെട്ടതു തന്നെ. സൈന്ധവ സംസ്കാരത്തിന്റെ തകർച്ചക്കുശേഷം ക്രിസ്തുവിനുമുമ്പ് 1500 വർഷത്തോടടുത്തു മാത്രമാണ് ആര്യന്മാർ ഇന്ത്യയിലെത്തിയത് എന്നാണ് പ്രശസ്ത ചരിത്രപണ്ഡിത പ്രഫ. റൊമിലാ ഥാപ്പർ പറയുന്നത് (ഇന്ത്യാ ചരിത്രം: പ്രാചീനകാലം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്). പിന്നെങ്ങനെയാണ് 7000 വർഷങ്ങൾക്കുമുമ്പ് വിഷ്ണുപുരാണം ഉണ്ടായത്?. അടിസ്ഥാനപരമായ ഒരു തെളിവുമില്ലാതെ ഇത്തരം വിഡ്ഢിത്തങ്ങളാണ് സമിതി ചെയർമാൻ ഉൾപ്പെടെയുള്ള സംഘ്പരിവാറുകാർ എഴുന്നള്ളിക്കുന്നത്. വിമാനത്തെ പറ്റി ആദ്യ പരാമർശമുള്ളത് രാമായണത്തിലാണെന്നും റൈറ്റ് സഹോദരന്മാർക്ക് മുമ്പുതന്നെ പ്രവർത്തനസജ്ജമായ ആദ്യത്തെ വിമാനം ശിവകർ ബാബുജി താൻപാണ്ഡേ എന്ന ഇന്ത്യക്കാരൻ കണ്ടുപിടിച്ചിരുന്നുവെന്നും ഇതുൾപ്പെടെയുള്ള ‘ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ’ എൻജിനീയറിങ് വിദ്യാർഥികൾ പഠിക്കേണ്ടത് അനിവാര്യമാണെന്നും 2017ൽ മുൻ വിദ്യാഭ്യാസ മന്ത്രി സത്യപാൽ സിങ് പറഞ്ഞത് നാം മറന്നിട്ടില്ല. ‘7000 വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന ഭരദ്വാജ മഹർഷിയാണ് വിമാനം കണ്ടുപിടിച്ചത്’ എന്നാണ് 2015ലെ ഒരു ശാസ്ത്ര കോൺഫറൻസിലെ കണ്ടുപിടുത്തം! പുരാതന ഇന്ത്യയിൽ പ്ലാസ്റ്റിക് സർജറി നിലനിന്നിരുന്നു എന്ന് 2014ൽ മുംബൈയിൽ വെച്ചുപറഞ്ഞത് മറ്റാരുമല്ല; നമ്മുടെ ഇന്നത്തെ പ്രധാനമന്ത്രിതന്നെ. ഇതുപോലെയുള്ള കഥകൾ മെനയുന്ന തിരക്കിലാണ് എൻ.സി.ഇ.ആർ.ടി ഉപസമിതിയും സംഘ്പരിവാർ പണ്ഡിതരും. ഭാവിയിൽ ഇവയൊക്കെ നമ്മുടെ കുട്ടികൾ പഠിക്കേണ്ടിവന്നാൽ അതിശയപ്പെടാനില്ല. കുട്ടികളുടെ യുക്തിചിന്തയും ശാസ്ത്രീയാവബോധവും മരവിപ്പിക്കേണ്ടത് അവരുടെ ആവശ്യമാണ്.

പ്രാചീന ചരിത്രമോ

ശ്രേഷ്ഠ ചരിത്രമോ?

ഇന്ത്യയുടെ പുരാതന ചരിത്രം (Ancient History) ശ്രേഷ്ഠ ചരിത്ര (Classical History) ആക്കി പഠിപ്പിക്കണം എന്നതാണ് സമിതിയുടെ മറ്റൊരു ശിപാർശ. എന്താണ് പ്രാചീന ചരിത്രത്തിലെ ശ്രേഷ്ഠത? ആര്യന്മാരുടെ വരവിനുശേഷമുള്ള അടയാളപ്പെടുത്തലുകളാണല്ലോ ശ്രേഷ്ഠ ചരിത്രമായി ഇവർ കാണുന്നത്. ആര്യന്മാരുടെ ഇന്ത്യൻ അധിനിവേശ കാലത്ത് തദ്ദേശീയരായുണ്ടായിരുന്നവരെ (ദസ്യുക്കൾ അഥവാ ദാസന്മാർ) ഭൂമിക്കുവേണ്ടി യുദ്ധം ചെയ്ത് തോൽപിക്കുകയും അവരെ അടിമകളാക്കുകയും ഹീനവും കഠിനവുമായ ജോലിചെയ്യിപ്പിക്കുകയും പെരുമാറുകയും ചെയ്തതാണോ ശ്രേഷ്ഠ ചരിത്രം? അതോ, നാടോടികളായ ഇടയന്മാരായി വന്നെത്തിയ ആര്യന്മാർ, പിന്നീട് തൊഴിലിന്റെ അടിസ്ഥാനത്തിൽ ജാതിവിഭജനം (ചാതുർവർണ്യം) നടത്തി ബ്രാഹ്മണ മേധാവിത്വത്തിനും സാമൂഹിക അസമത്വത്തിനും വഴിയൊരുക്കിയതോ? വേദകാല മതത്തിൽ അധിഷ്ഠിതമായ നിരവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും യാഗങ്ങളും നിറഞ്ഞ ഒരുകാലഘട്ടം ശ്രേഷ്ഠ ചരിത്രത്തിന്റെ ഭാഗമാകുന്നതെങ്ങനെ? ഇതിനോടുള്ള അതൃപ്തിയിൽ നിന്നാണല്ലോ പിന്നീട് ബുദ്ധ-ജൈന മതങ്ങൾ ഇന്ത്യയിൽ രൂപം കൊണ്ടതുതന്നെ. പ്രാചീനകാലഘട്ടത്തിൽ ശ്രേഷ്ഠമായിട്ടുള്ള, ഉണ്ടെങ്കിൽ അത് കുട്ടികൾ തിരിച്ചറിയട്ടെ. പകരം, പ്രാചീനകാല ചരിത്രം മുഴുവൻ ശ്രേഷ്ഠകാല ചരിത്രമായി അവതരിപ്പിക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന നീതികേടായിരിക്കും.

ഹിന്ദുരാജാക്കന്മാരുടെ മുന്നേറ്റകഥകൾ ഉൾപ്പെടുന്ന ചരിത്രമാകണം കുട്ടികൾ പഠിക്കേണ്ടത് എന്നതും പാഠ്യപദ്ധതി ഉപസമിതിയുടെ മറ്റൊരാഗ്രഹമാണ്. മഗധ-മൗര്യ-ഗുപ്ത സാമ്രാജ്യങ്ങളുടെ ആധിപത്യ കാലമായിരുന്നു പ്രാചീന ഇന്ത്യ. നാട്ടുരാജാക്കൻമാരുടെ തമ്മിലടിയും യുദ്ധവും പിടിപ്പുകേടും മൂലമാണ് ക്രിസ്തുവിനുമുമ്പ് 326ൽതന്നെ ഗ്രീക്ക് ചക്രവർത്തിയായ അലക്സാണ്ടർ പഞ്ചാബ് കീഴടക്കിയത്. പിൽക്കാല ഇന്ത്യാചരിത്രം പരിശോധിച്ചാലും ഇതുതന്നെയല്ലേ ശരി? മുസ്‍ലിം ഭരണാധികാരികളെ തുടർന്ന് പോർചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ഇംഗ്ലീഷുകാർ തുടങ്ങിയ വിദേശശക്തികളുടെ ആധിപത്യത്തിന് വഴിതെളിച്ചതും ഇവിടത്തെ രാജാക്കന്മാരുടെ അനൈക്യവും അധികാര മോഹവും ആർഭാട ജീവിതവുമായിരുന്നു. ഇന്ത്യയിലെ വിദേശാധിപത്യത്തിന് വഴിയൊരുക്കിയ പരാജിതരായ രാജാക്കന്മാരുടെ ഇത്തരം മുന്നേറ്റകഥകളാണോ കുട്ടികളെ പഠിപ്പിക്കേണ്ടത്! അതോ വിദേശാധിപത്യം അവസാനിപ്പിക്കാൻ വളർന്നുവികസിച്ച ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റകഥകളോ? ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഒരു ചെറുവിരൽപോലും അനക്കാതെ ഒളിഞ്ഞും തെളിഞ്ഞും അവർക്കൊപ്പം ചേർന്ന സംഘ്പരിവാർ ശക്തികൾ നിയന്ത്രിക്കുന്ന ഒരു സർക്കാറാണ് ഇത് പറയുന്നത് എന്നതാണ് വിരോധാഭാസം!

അപ്രസക്തം, ആവർത്തനം, നിലവാരത്തിന് യോജിക്കാത്തത് തുടങ്ങിയ ന്യായീകരണങ്ങൾ നിരത്തി, കോവിഡ് കാലത്ത് കുട്ടികൾക്ക് നഷ്ടപ്പെട്ട പഠനദിനങ്ങൾ കാരണമായി പറഞ്ഞ് ആരംഭിച്ച ‘പാഠഭാഗം വെട്ടിമാറ്റൽ പ്രക്രിയ’. ദ്വിരാഷ്ട്ര വാദത്തിനെതിരെ ശബ്ദമുയർത്തിയ മഹാത്മാഗാന്ധിയെ വധിക്കാനിടയാക്കിയ സാഹചര്യം, അദ്ദേഹത്തിന്റെ ഘാതകന്റെ മത-രാഷ്ട്രീയ പശ്ചാത്തലം, ഏഴ് നൂറ്റാണ്ടുകളോളം രാജ്യം ഭരിച്ച സുൽത്താൻ-മുഗൾ രാജാക്കന്മാർ, ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ നായകർ; പ്രത്യേകിച്ച്, അബുൽകലാം ആസാദ് ഉൾപ്പെടെയുള്ള മുസ്ലിംകൾ, ഇന്ത്യയിലെ ജനകീയസമരങ്ങൾ തുടങ്ങിയവയൊക്കെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽനിന്ന് കുട്ടികൾക്ക് അന്യമായി കഴിഞ്ഞു. മാത്രമല്ല, അന്ധവിശ്വാസത്തിലധിഷ്ഠിതമായ സൃഷ്ടിവാദത്തെയും ആര്യന്മാരാണ് ഇന്ത്യയിലെ തദ്ദേശവാസികൾ എന്ന വാദത്തെയും ചോദ്യംചെയ്യുന്ന പരിണാമ സിദ്ധാന്തവും ഹിന്ദുത്വവാദികൾ ഉയർത്തിക്കാട്ടുന്ന പഞ്ചഭൂത സിദ്ധാന്തത്തെ നിരാകരിക്കുന്ന ആവർത്തനപ്പട്ടിക (Periodic table) എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കിയപ്പോഴും കേന്ദ്രസർക്കാറിന്റെ വർഗീയദുഷ്ടലാക്ക് നമുക്ക് ബോധ്യപ്പെട്ടതാണ്.

എന്നും ചരിത്രവിരുദ്ധർ

കൊളോണിയൽ ചരിത്രപണ്ഡിതർ എഴുതിയ ഹിന്ദു, മുസ്ലിം, ബ്രിട്ടീഷ് കാലഘട്ടത്തിനുപകരം പ്രാചീനം, മധ്യകാലം, ആധുനികം എന്നരീതിയിൽ ഇന്ത്യയുടെ ചരിത്രം ആദ്യമായി എൻ.സി.ഇ.ആർ.ടി അവതരിപ്പിച്ചപ്പോൾ ഹിന്ദുവർഗീയ വലതുപക്ഷക്കാർ അതിനെതിരെ ശക്തമായി മുന്നോട്ടുവന്നു. ഇന്ത്യയിലെ തദ്ദേശവാസികൾ ഹിന്ദുക്കളാണ് എന്ന് സ്ഥാപിക്കാത്തതിലും മുസ്‍ലിം ഭരണകാലഘട്ടത്തെ മോശമായി ചിത്രീകരിക്കാത്തതിലുമുള്ള പ്രതിഷേധമായിരുന്നു അന്ന്. 1977ൽ ജനതാദൾ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പാഠപുസ്തകങ്ങൾക്കും സെക്കുലർ ചരിത്രകാരന്മാർക്കും എതിരെയുള്ള ആക്രമണം രൂക്ഷമായി. ജനസംഘത്തിന്റെ സമ്മർദത്തെ തുടർന്ന് പാഠപുസ്തകം സർക്കാർ പിൻവലിച്ചു. പിന്നീട് ഇന്ദിര ഗാന്ധി സർക്കാർ പുസ്തകങ്ങൾ പുനഃസ്ഥാപിച്ചുവെങ്കിലും 1999ലെ ബി.ജെ.പി സർക്കാർ അവ പിൻവലിക്കുകയും 2000ൽ രൂപപ്പെടുത്തിയ ദേശീയ പാഠ്യ ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ പുതിയ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ചരിത്ര പാഠപുസ്തകങ്ങളുടെ പരിമിതികൾ പരിഗണിച്ച് 2005ൽ പുരോഗമന, മതനിരപേക്ഷ, ദേശീയ കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട് തയാറാക്കിയ പാഠപുസ്തകങ്ങളാണ് നിലവിലുള്ളത്. ഇതിന്മേലാണ് 2020ലും അതിനു ശേഷവും വെട്ടിനിരത്തലുകൾ നടത്തിയത്.

രാജ്യത്തിന് എന്നും അഭിമാനമായി നിലകൊള്ളേണ്ട ‘വിദ്യാഭ്യാസ ഗവേഷണത്തിനും പരിശീലനത്തിനും വേണ്ടിയുള്ള ദേശീയ കൗൺസിൽ’ (NCERT) എന്ന സ്ഥാപനം അതിന്റെ വർഗീയനിലപാടുകളിലൂടെ ഇന്ന് രാജ്യത്തിന് അപമാനമായി മാറിയിരിക്കുന്നു.

കേന്ദ്രസർക്കാറിന്റെ ഇപ്പോഴത്തെ ഇടപെടലുകൾ മുൻകാലങ്ങളിൽ ഉണ്ടായതിനേക്കാൾ ഗുരുതരവും ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷതക്കും ആഴത്തിൽ വെല്ലുവിളി ഉയർത്തുന്നതുമാണ്. വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞ മാസം അധിക പാഠപുസ്തകങ്ങൾ തയാറാക്കി ഹയർ സെക്കൻഡറി വിദ്യാർഥികൾക്കെത്തിച്ചുകൊടുത്ത കേരളസർക്കാർ പ്രതിരോധം തികച്ചും അഭിനന്ദനാർഹമാണ്. പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിനുപകരം ഭാരതം എന്നുചേർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെയും പ്രതിരോധിക്കുമെന്ന സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യ-മതനിരപേക്ഷ സമൂഹത്തിന് പ്രതീക്ഷ നൽകുന്നു.

(സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് നിർമാണ സമിതി

അംഗമാണ് ലേഖകൻ)

Tags:    
News Summary - bjp- NCERT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.