മലബാർ സമരത്തെ സംശയലേശമന്യേ രാഷ്ട്രീയവിപ്ലവം എന്ന് വിശേഷിപ്പിച്ച കൃതിയാണ് 'ഖിലാഫത്ത് സ്മരണകൾ'. ചെർപ്പുളശേര ിക്കാരനായ സ്വാതന്ത്ര്യ സമര സേനാനിയുടെ ആത്മകഥയാണിത്. കലാപ കാലത്ത് ബ്രിട്ടീഷ് രാജാവിനെതിരെ യുദ്ധം പ്രഖ്യാപിച് ചു എന്ന കുറ്റത്തിന് വിചാരണ ചെയ്യപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച കോൺഗ്രസ് പ്രവർത്തകനാണ് മോഴികുന്നത്ത് ബ്രഹ്മദത ്തൻ നമ്പൂതിരിപ്പാട്.
''ഏറനാട് പല സാമുദായിക ലഹളകളും നടന്ന ദിക്കാണ്. അതുപോലുള്ള ഒരു ലഹളയല്ല ഇത് എന്നും ഇ തൊരു രാഷ്ടീയവിപ്ലവമാണെന്നും ബ്രിട്ടീഷ് ഗവൺമെന്‍റുകൂടി അഭിപ്രായപ്പെട്ടതാണ്. ആ നിലക്കാണ് അവർ അതിനെ കൈകാര്യം ച െയ്തതും അടിച്ചമർത്തിയതും. നാട്ടുകാർ തമ്മിൽ നടന്ന ലഹളകളിൽ കാണിച്ച ഉപേക്ഷയല്ല അവർ ഇവിടെ കാണിച്ചത്. അഭ്യന്തര വിപ ്ലവക്കാരോട് കാണിക്കുന്ന ഈർഷ്യയും ഹിറ്റ്ലറുടെ സ്വേച്ഛാധിപത്യ ഭരണകാലത്ത് നാസി ഭടന്മാർ രാഷ്ടീയത്തടവുകാരോട് കാ ണിച്ച കൊടും ക്രൂരതകളുമാണ് അവർ ഇവിടെ പ്രകടിപ്പിച്ചത്. സ്വതന്ത്ര്യസമരത്തെ തവിടു പൊടിയാക്കാനാണ് ഈ അവസരം അവർ ഉപയ ോഗപ്പെടുത്തിയത്.''
''സാമുദായിക വഴക്കുകളല്ല ഈ ലഹളയുടെ മൂലകാരണം. പോലീസ് മർദ്ദനമാണ് ഈ മാരണത്തിന് കാരണം. ഈ ലഹ ള സ്വാതന്ത്ര്യസമരത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. പോലിസ് ആക്രമത്തിന്‍റെ ദുഷിച്ച ഫലമായി, സ്വാതന്ത്ര്യ സമരം മുറുക ിയ ഘട്ടത്തിൽ അതിലെ ഒരു വിഭാഗം ജനങ്ങൾ അച്ചടക്കം ഉപേക്ഷിച്ചു കൈവിട്ടുപോയതാണ് ഈ അനിഷ്ട സംഭവം. അവർ കൈവിട്ടു പോയതിന ്‍റെ ഫലമായി മറ്റുള്ളവർക്കും അരക്ഷിതാവസ്ഥ നേരിട്ടു. അവരും പോലീസ് മർദ്ദനത്തിനു പാത്രമായി'' -എന്ന വിലയിരുത്തലുക ൾ ആമുഖത്തിലുണ്ട്. അങ്ങനെ അരക്ഷിതാവസ്ഥ നേരിട്ട് മർദ്ദനത്തിനു പാത്രമായ ഒരാളുടെ ആത്മകഥയാണിത്.
ഖിലാഫത്ത് വള ണ്ടിയർമാർ, ഖിലാഫത്ത് കമ്മിറ്റി നേതാക്കൾ, ബ്രിട്ടീഷ് ഗവണ്മെന്‍റ് ഉദ്യോഗസ്ഥർ, പട്ടാള മേധാവികൾ, പോലീസ് ഉദ്യോഗസ്ഥ ർ, ജന്മിമാർ, കോൺഗ്രസ് നേതാക്കൾ തുടങ്ങി എല്ലാ വിഭാഗക്കാരുടേയും വീഴ്ചകളെ തലനാരിഴ കീറി പരിശോധിക്കുന്നുണ്ട്.
ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാൻ പോലീസിനു കഴിയാത്തതിനാൽ 1922 സെപ്തംബർ ഒന്നിനാണ് മദിരാശി ഹൈക്കോടതി മോഴികുന് നത്തിനെ വിട്ടയക്കുന്നത്. അതുവരെയും ജയിലിലായിരുന്നു. മുഹമ്മദ് അബ്ദുറഹമാൻ സാഹിബും ആലി മുസ്ല്യാരുമൊക്കെ ജയിലിൽ ഉണ്ടായിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ടവരും അല്ലാത്തവരുമായ നിരവധി മാപ്പിളമാരുമായി കോടതികളിലും ജയിലുകളിലും കൂടിക്കഴിയാൻ ഇടവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ദൃക്സാക്ഷിയുടെ സ്ഥാനത്തു നിന്ന് സംഭവഗതികൾ ഉൾക്കാഴ്ചയോടെ വിവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഖിലാഫത്ത് വളണ്ടിയർ കോറിനെ വർണാഭമായി വിവരിച്ചുകൊണ്ടാണ് തുടക്കം: ''1921ന്‍റെ തുടക്കത്തോടുകൂടി ഏറനാട്ടിൽ ഒരു മാപ്പിള വളണ്ടിയർ കോർ സംഘടിപ്പിച്ചു. വിമുക്തഭടന്മാരായിരുന്നു അതിലെ അധിക ഭാഗവും. അവരുടെ നേതൃത്വത്തിലായിരുന്നു അതിന്‍റെ സംവിധാനം. വളണ്ടിയർ സംഘടനയ്ക്ക് ഒരു കാലാൾപ്പടയുടെ ഗൗരവം തോന്നിച്ചിരുന്നു. കാക്കി ഉടുപ്പാണ് അവർ ധരിച്ചിരുന്നത്. അതിലെ പ്രധാനഭാഗം വഹിച്ചിരുന്ന വിമുക്തഭടന്മാർ 1914- 18 കാലത്തു നടന്ന ഒന്നാം ലോകമഹായുദ്ധത്തിൽ അന്യരാജ്യങ്ങളിൽ പോയി യുദ്ധംനടത്തി വിജയംവരിച്ചു വന്നവരായിരുന്നു. പോർക്കളത്തിലെ പ്രതാപലഹരി അവരിൽ കെട്ടടങ്ങിയിരുന്നില്ല. പട്ടാളത്തിൽനിന്നു പിരിഞ്ഞുവന്ന് അവർ ബുദ്ധിമന്ദിച്ച് ഇരിക്കുകയായിരുന്നു. ആ സമയത്താണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത്. അവർ അതിലേക്ക് കുതിച്ചുകയറി. അവരുടെ ഉത്സാഹശക്തി അത്യുജ്ജ്വലമായിരുന്നു.
ചന്ദ്രക്കല പതിച്ച തുർക്കിത്തൊപ്പിയാണ് അവരുടെ ഔദ്യോഗിക ചിഹ്നം. ഖുർആനിലെ പുണ്യവചനങ്ങളാണ് അവരുടെ മുദ്രാവാക്യങ്ങൾ. തക്ബീർ ആണ് അവരുടെ ജയ് വിളി. ഖുർആനിലെ വചനങ്ങളെഴുതിയ വെള്ളക്കൊടിയാണ് അവരുടെ പതാക. ഇതെല്ലാം ഇസ്ലാം മതത്തിന്‍റെ ചിഹ്നങ്ങളാണ്.
ആദ്യത്തെ ലോകമഹായുദ്ധത്തിൽ 77 മാപ്പിള റൈഫിൾസ് എന്നൊരു പട്ടാള യൂനിറ്റുണ്ടായിരുന്നു. 2 / 73 മലബാർ ഇൻഫെന്‍ററി എന്നൊരു പട്ടാള സംഘവും ഉണ്ടായിരുന്നു. അതിലെ ഒരു ഹവിൽദാർ കൊണ്ടോട്ടിക്കാരനായിരുന്നു. അയാളാണ് കൊണ്ടോട്ടിയിലെ ഖിലാഫത്ത് വളണ്ടിയർ കോറിനെ ഡ്രിൽ എടുപ്പിച്ചിരുന്നത്... പിരിച്ചുവിട്ട പട്ടാളക്കാർ സ്വാതന്ത്യ സമരത്തിൽ കുതിച്ചു കയറുന്ന കാലമായിരുന്നു അത്. പഞ്ചാബിലും ഇവരാണ് വിപ്ലവം നടത്തിയത്'' -എന്നാണ് ഖിലാഫത്ത് വളണ്ടിയർ കോറിനെ വരച്ചുകാട്ടുന്നത്.
തുടർന്നങ്ങോട്ട് വളണ്ടിയർമാരെ വിവരിക്കുന്നിടത്ത് പലപ്പോഴും ഇതിനൊരു പട്ടാളത്തിന്‍റെ സ്വഭാവം കൈവന്ന കാര്യം ക്രമത്തിൽ വിവരിച്ചു പോരുന്നുണ്ട്. ''തിരൂരിൽ വെള്ളക്കാരടക്കമുള്ള പട്ടാളം ആയുധം ഖിലാഫത്ത് പട്ടാളത്തിന് കൈമാറുന്നതും അവർ അത് ക്രമപ്രകാരം പരിശോധിച്ച് ഏറ്റുവാങ്ങുന്നതുമെല്ലാമുണ്ട്. ഈ ആയുധങ്ങൾ ഏറ്റുവാങ്ങിയത് വിമുക്ത ഭടന്മാരാണ്. അവർ ആയുധങ്ങൾ ഏറ്റുവാങ്ങുമ്പോൾ കാണിച്ച പരിജ്ഞാനം അത് വ്യക്തമാക്കുന്നു''.
1921 ജൂലായിയിൽ കറാച്ചിയിൽ ചേർന്ന ഖിലാഫത്ത് കമ്മിറ്റി ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രമേയം പാസാക്കി. അതിന്‍റെ തർജ്ജിമ മലബാറിലെ പള്ളികളിൽ പ്രചരിപ്പിച്ചിരുന്നു. അതേ സമയത്തു തന്നെയാണ് ''സ്വരാജ്യം ഒരു കൊല്ലത്തിനുള്ളിൽ'' എന്ന് ഗാന്ധിജി പ്രഖ്യാപിച്ചതും. അതൊരു യാഥാർത്ഥ്യമായി എല്ലാവരും കണക്കിലെടുത്തു. ബ്രിട്ടീഷുകാർ കെട്ടും ഭാണ്ഡവും ഒരുക്കി തിരിച്ചുപോകാൻ പുറപ്പെട്ടു കഴിഞ്ഞു എന്നൊരു തോന്നൽ ജനങ്ങളുടെ ഉള്ളിൽ വന്നുകഴിഞ്ഞു എന്ന് രാഷ്ടീയ പശ്ചാത്തലത്തേയും സമരത്തിന്‍റെ ഒരുക്കത്തേയും വ്യക്തമാക്കിത്തരുന്നു.
പശ്ചാത്തലം ഇത്തരത്തിലാവുമ്പോൾ ഒരു പക്ഷം മാത്രമല്ലല്ലോ വേദിയിലുണ്ടാവുക.
തീർച്ചയായും അക്കാലത്ത് മലബാറിലും മറുപക്ഷം സജീവമായിരുന്നു, ഭരണപക്ഷം. അഥവാ രാജകീയ കക്ഷി. അവരുടെ പ്രവർത്തനങ്ങളെ വിശദീകരിക്കുന്നതാണ് 'തൃശൂർ ലഹള' എന്ന അദ്ധ്യായം.
1921 ഫെബ്രുവരിയിലാണ് തൃശൂർ ലഹള. കോൺഗ്രസ് - ഖിലാഫത്ത് നേതാക്കളായ കെ. മാധവൻ നായർ, യാക്കൂബ് ഹസ്സൻ, യു. ഗോപാല മേനോൻ, മൊയ്തീൻ കോയ എന്നിവർ രാഷ്ട്രീയ പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് ജില്ലാ മജിസ്ട്രേറ്റ് കൽപ്പിച്ചു. അത് അവർ ലംഘിച്ചതിനാൽ അവരെ ആറുമാസം തടവിനു ശിക്ഷിച്ചു.
''മേൽപ്പറഞ്ഞ ധീരകൃത്യത്തെ അഭിനന്ദിക്കാനായി തൃശൂരിൽ തേക്കിൻകാട് മൈതാനത്തു വെച്ച് പൊതുയോഗം ചേർന്നു. യോഗസ്ഥലത്തു കൃസ്ത്യാനികൾ ലഹളയുണ്ടാക്കി. ബെഞ്ചും കസാലകളും വലിച്ചിട്ട് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി'' -അങ്ങനെയാണ് തൃശൂർ ലഹളയുടെ ആരംഭം.
തുടർന്ന് ഒരാഴ്ചക്കാലം തൃശൂർ നഗരത്തിൽ കലാപാന്തരീക്ഷമായിരുന്നു. ''ഹിന്ദു നേതാക്കന്മാർ ഹിന്ദുക്കളുടെ രക്ഷ നോക്കിത്തുടങ്ങി. ഡോ. എ.ആർ മേനോനായിരുന്നു അതിന്‍റെ നേതാവ്. രാത്രി 600 ഓളം പേർ ചേർന്ന് ഹിന്ദുഭവനങ്ങൾ കാത്തു. കൃസ്ത്യാനികൾ അവരുടെ ഭാഗവും കാവൽ നിന്നു. 18 നു ചൊവ്വാഴ്ച രാതി പടിഞ്ഞാറേ ചേരിയിൽ കാവലുണ്ടായിരുന്നില്ല. ഈ സന്ദർഭത്തിൽ കൃസ്ത്യാനികൾ ഹിന്ദുക്കളുടെ നേർക്ക് വലിയ ആക്രമണം നടത്തി. ഈ ആക്രമങ്ങളെല്ലാം നടത്തിയത് ലോയൽടിക്കാരാണ്. (ലോയൽടി പ്രകടനം നടത്തിയവർ) അതുകൊണ്ടു പോലീസ് അവരെ തടഞ്ഞില്ല''. ''ഈ ആക്രമണത്തെ ചെറുക്കുവാൻ മലബാറിൽ നിന്ന് ജൊനകരെ (മാപ്പിളമാരെ) വരുത്തുവാൻ ഹിന്ദു നേതാക്കൾ തീർച്ചപ്പെടുത്തി. അവരെ മലബാറിൽ നിന്നു കമ്പിയടിച്ചു വരുത്തി.''
''19 നു ബുധനാഴ്ച കാലത്തു മുതൽ വടക്കനിന്നു വരുന്ന എല്ലാ വണ്ടികളിലും മുഹമ്മദീയർ നൂറുക്കണക്കിനു വന്നിറങ്ങി. അവർക്ക് തിരുവമ്പാടി ക്ഷേത്രത്തിനു സമീപമുള്ള സത്രത്തിൽ താമസത്തിന് ഏർപ്പാട് ചെയ്തിരുന്നു. അവരെ സ്വീകരിക്കാൻ ആയിരത്തിലേറെ ആളുകൾ സ്റ്റേഷനിലുണ്ടായിരുന്നു. മുഹമ്മദീയരുടെ വരവിന്‍റെ വാർത്തയറിഞ്ഞ് റസിഡന്‍റും ദിവാൻജിയും സ്ഥലത്തെത്തിച്ചേർന്നു. ഉച്ചവണ്ടിക്കിറങ്ങിയ ആയിരത്തി എണ്ണൂറോളം മുഹമ്മദീയർ ഉച്ചത്തിൽ പാട്ടു പാടി തക്ബീർ മുഴക്കിക്കൊണ്ട് കൊക്കാലെ നിന്നും തിരുവമ്പാടി സത്രത്തിലേക്ക് ഒരു ഘോഷയാത്രപോയി. അതിന്‍റെ മുഴക്കം കൊണ്ട് തൃശൂർ പട്ടണം കുലുങ്ങിപ്പോയി. വൈകുന്നേരത്തെ വണ്ടിക്കും രാത്രിവണ്ടിക്കും പിന്നേയും അധികം മുഹമ്മദീയർ എത്തി. അവർ തൃശൂർ പട്ടണം തകർക്കാനുള്ള കൽപന കിട്ടുവാൻ അക്ഷമരായി നിന്നു. ഡോ. എം.ആർ മേനോനും മാറായി കൃഷ്ണമേനോനും ആയിരുന്നു അവരുടെ നായകർ. അവർ മുഹമ്മദീയരെ ഒതുക്കി നിർത്തിയിരുന്നു''-എന്ന് യോഗക്ഷേമം (പുസ്തകം 1, ലക്കം 23) മാസികയെ അവലംബിച്ചാണ് ഗ്രന്ഥകാരൻ വിശദീകരിക്കുന്നത്.
ഒടുവിൽ ഇരുഭാഗക്കാരും റസിഡന്‍റും ദിവാൻജിയും സൗഹാർദ്ദ സമ്മേളനം നടത്തി. ഇരുവിഭാഗക്കാരും ലഹളയിൽ നിന്ന് പിന്തിരിയാൻ തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെ മുഹമ്മദീയരെ സമാധാനിപ്പിച്ച് സന്തോഷത്തോടെ മടക്കിയയക്കാനും തീരുമാനിച്ചു. അവർ മടങ്ങിപ്പോരുന്ന സമയം തൃശൂരിൽ ഒരു ജൈത്രയാത്ര നടത്തി എന്നും അവരെ തിരിച്ചയക്കാൻ ടിക്കറ്റിന് 480 ഉറുപ്പിക ചെലവായെന്നും 'യോഗക്ഷേമ'ത്തിൽ നിന്ന് പകർത്തിയിട്ടുണ്ട്.
തൃശൂർ ലഹളയെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചതിനു ശേഷമാണ്, 1921 ഏപ്രിൽ 25 നു ഒറ്റപ്പാലത്തു ചേർന്ന ഖിലാഫത്ത് കോൺഫറൻസോടെ അന്തരീക്ഷം ചൂടുപിടിക്കുന്നത് വിവരിക്കുന്നത്. തുടർന്ന് പലയിടത്തും സമ്മേളനങ്ങളായിരുന്നു. ''ജനങ്ങൾ ആവേശ പരവശരായി. ഒരു വിപ്ലവത്തിന്‍റെ ഹാവഭാവങ്ങൾ പ്രകടമായിത്തുടങ്ങി. പോലീസുകാർ വെപ്രാളം കാണിച്ചു തുടങ്ങി. അവർ പൊതുയോഗങ്ങൾ മുടക്കിനോക്കി. മുടക്കും തോറും മീറ്റിങ്ങിന് ശക്തി കൂടിത്തുടങ്ങി.''
ഇതിനിടയിൽ മാപ്പിളമാർ ആയുധം സംഭരിക്കുന്നുണ്ട്. അതിന്‍റെ റിപ്പോർട്ടുകളുണ്ട്. ജില്ല കലക്ടർ ഇ.എഫ് തോമസ് പരിഭ്രാന്തനായി ബലം പ്രയോഗിക്കാൻ ഒരുങ്ങുന്നുണ്ട്. നേരത്തെ മലബാറിൽ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്തു പരിചയമുള്ള നാപ്പ് എന്ന ഉദ്യോഗസ്ഥൻ എത്തി അനുനയത്തിൽ നീങ്ങാൻ ഉപദേശിക്കുന്നുണ്ട്. അതിനിടയിൽ മാപ്പിളമാരോട് അമിതവിരോധമുള്ളവരും സാഹചര്യങ്ങളെ മുതലെടുത്തു പരിചയമുള്ളവരുമായ നാട്ടുകാരായ ഉദ്യോഗസ്ഥർ അവരവരുടെ പങ്ക് നിർവഹിക്കുന്നുണ്ട്. ഇതെല്ലാം ഓരോരുത്തരുടേയും സ്വഭാവ സവിശേഷത വിശദീകരിച്ചു കൊണ്ട് വൃക്തമാക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു നാടൻ പോലീസുദ്യോഗസ്ഥനായ മൊയ്തീൻ ആണ് മോഴികുന്നത്തിനെ പ്രതിയാക്കിയത്.
''പോലീസുകാർക്ക് ഈ അരക്ഷിതാവസ്ഥ നീണ്ടു നിൽക്കുന്നതാണധികം സന്തോഷം. അവർക്ക് ജനങ്ങളെ ഭയപ്പെടുത്തി പണം വാങ്ങാം. ഏതു കോടീശ്വരനും അവരുടെ കയ്യിലാണ്. മാപ്പിളമാരുടെ വീടു കവർച്ച ചെയ്യാം. കവർച്ചക്ക് ഹിന്ദുക്കളേയും ഒപ്പം കൊണ്ടു പോകാം. ഹിന്ദുക്കൾക്ക് തന്മൂലം പോലീസിന്‍റെ സേവപിടിക്കാം. ഇതുവരെ ഭയപ്പെട്ടിരുന്ന മാപ്പിളമാരുടെ മേൽ എളുപ്പത്തിൽ കയറുകയും ചെയ്യാം. ഇത്തരത്തിലൊരു ശുക്രദശ അതിനു മുമ്പിലും പിമ്പിലും ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരിക്കലും അവസാനമില്ലാത്ത മലബാർ ലഹള''.
പോലീസ് കസ്റ്റഡിയിലും ജയിലിലും എല്ലാ ഭേദ്യങ്ങളും അനുഭവിച്ച് പരുവപ്പെട്ട ശേഷം മോഴികുന്നത്ത് നിരീക്ഷിക്കുന്നു: ''ഈ ക്രൂര മർദ്ദനങ്ങൾക്കെതിരായി ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഒരു ചെറുവിരലെങ്കിലും അനക്കിയിരുന്നുവെങ്കിൽ ഗവൺമെന്‍റിന് ഇത്രയും മൃഗീയമായ മർദ്ദനങ്ങൾ നടത്താൻ ധൈര്യമുണ്ടാകുമായിരുന്നില്ല. മർദ്ദനം വർധിച്ചിരുന്നില്ലെങ്കിൽ ലഹളയും ഇത്രത്തോളം പടർന്നു പന്തലിക്കില്ലായിരുന്നു. ഇത് ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഇരുളടഞ്ഞ ഒരധ്യായമാണ്. 'ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ' എന്നൊരു ഭാവമാണ് കോൺഗ്രസ് ഈ സംഭവത്തിന്‍റെ നേർക്ക് കാണിച്ചത്. എന്നാൽ ഉപ്പുതിന്നവൻ മാത്രമല്ല വെള്ളം കുടിക്കുന്നതെന്ന സംഗതി കോൺഗ്രസ് വിസ്മരിക്കുകയാണ് ചെയ്തത്.
വാഗൺ ട്രാജഡി ഉൾപ്പടെയുള്ള ഈ പോലീസ് മർദ്ദനത്തെ ഒരു സാധാരണ സംഭവമായിട്ടാണ് കോൺഗ്രസ് കണക്കിലെടുത്തത്. എന്നാൽ പഞ്ചാബിൽ നടന്ന പോലീസുമർദ്ദനത്തെ പൈശാചിക സംഭവമായിട്ടാണ് കോൺഗ്രസു കണക്കാക്കിയത്'' - എന്ന് ആ കോൺഗ്രസ് പ്രവർത്തകൻ പരിതപിക്കുന്നു.
* * * * *
1897ലാണ് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്‍റെ ജനനം. 1918 ൽ സജീവ രാഷ്ട്രീയത്തിലിറങ്ങി. ഏറെ വൈകാതെ തന്നെ ചെർപ്പുളശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റായി. അദ്ദേഹത്തിന്‍റെ കഷ്ടപ്പാടുകൾ ഒരർത്ഥത്തിൽ ജയിൽ മോചനത്തോടെ തുടങ്ങുകയാണുണ്ടായത്, തീരുകയല്ല. തിരിച്ചെത്തിയ അദ്ദേഹത്തിന് ബ്രാഹ്മണ മേധാവിത്തം ഭ്രഷ്ട് കൽപ്പിച്ചു. ജയിലിൽ പോയി തീണ്ടിത്തിന്നു എന്നതാണ് കുറ്റം! പ്രായശ്ചിത്തം ചെയ്താലും ഭ്രഷ്ട് നീങ്ങില്ല എന്നായിരുന്നു സമുദായ നേതൃത്വത്തിന്‍റെ കടുംപിടുത്തം. ഇ.എം.എസ് അടക്കമുള്ളവരുടെ നേതൃത്യത്തിൽ ആറു വർഷം കഴിഞ്ഞ് പ്രായശ്ചിത്തം നടത്തി. എന്നിട്ടും ഭ്രഷ്ട് നീങ്ങിയില്ല. അദ്ദേഹം ചെർപ്പുള്ളശേരിയിലെ ഇല്ലം വിട്ട് പട്ടാമ്പിയിൽ താമസമാക്കി.
സ്വതന്ത്ര്യത്തിനു ശേഷം കോൺഗ്രസിൽ പ്രവർത്തിച്ചില്ല. ഈ പുസ്തകം എഴുതാനായി ഏറെ സമയം ചെലവാക്കി. 1964 ജൂലായി 26 ന് നിര്യാതനായി. അന്ന് പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. മകൻ എം.ബി നീലകണ്ഠനാണ് പ്രസിദ്ധീകരിക്കാൻ മുന്നിട്ടിറക്കിയത്. കെ.പി. കേശവമേനോന്‍റെ അവതാരികയോടെ 1965ൽ പ്രസിദ്ധീകരിച്ചു. 2006ൽ മാതൃഭൂമി പതിപ്പ് ഇറങ്ങി. ഇപ്പോൾ മാതൃഭൂമി പതിപ്പ് ലഭ്യമാണ്. 176 പേജ്. 100 രൂപ (2010 എഡിഷൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.