ഉന്നത വിദ്യാഭ്യാസ മേഖലയിലെ ബ്രാഹ്മണ്യ കോട്ടകൾ

പുതിയ കാലത്ത് ദലിതർ നേരിടുന്ന ഭീകര അയിത്തത്തെ പരിഹരിക്കാൻ നവോത്ഥാന പുരാണ പ്രസംഗങ്ങളും മഹാഭാരത പട്ടത്താനങ്ങളും മതിയാവുകയില്ല. ഇത് കടുത്ത അനീതിയാണെന്ന് തിരിച്ചറിയുന്ന പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും നീതിപൂർവം ചിന്തിക്കുന്ന ഭരണകൂടത്തിനും മാത്രമേ ഉന്നത വിദ്യാഭ്യാസ മേ ഖലയെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാൻ കഴിയൂ

ശ്രദ്ധ എന്ന വിദ്യാർഥിനിയുടെ മരണവും വ്യാജരേഖ ചമച്ച് അധ്യാപനവൃത്തി നടത്തിയ ‘പുരോഗമനപക്ഷക്കാരിയുടെ’ പ്രവൃത്തിയും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിച്ചിരിക്കുന്ന സവർണ ജാതി മേധാവിത്വത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും വിവിധ വിതാനങ്ങളെയാണ് തുറന്നുകാട്ടുന്നത്.

ജനാധിപത്യവത്കരിക്കപ്പെടാത്ത ഉന്നത വിദ്യാഭ്യാസം

കേരളത്തിലെ ദേവസ്വം ബോർഡിന്റെ കീഴിലെ കോളജുകളിലും വിവിധ എയ്ഡഡ് മാനേജ്മെന്റ് സ്ഥാപനങ്ങളിലും സമ്പൂർണമായ സവർണ ജാതി കുത്തകയാണ് നിലനിൽക്കുന്നത്. ദേവസ്വം കോളജുകളിൽ അധ്യാപക തസ്തികകളിൽ ദലിത് പ്രാതിനിധ്യം തീർത്തും ശുഷ്കമാണ്. ഇവിടങ്ങളിലെ 96 ശതമാനം അധ്യാപ തസ്തികകളും സവർണ മേൽജാതികൾ കൈയടക്കി വെച്ചിരിക്കുകയാണ്.

കേരളത്തിലെ വിവിധ എയ്ഡഡ് സ്ഥാപനങ്ങൾക്ക് സംവരണം എന്ന വാക്കുതന്നെ വെറുപ്പുളവാക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ അധ്യാപക തസ്തികകൾ സമ്പൂർണമായ മേൽജാതി കുത്തകയായാണ് നിലനിൽക്കുന്നത്. സ്വാശ്രയ സ്ഥാപനങ്ങളിലാവ​ട്ടെ, സാമൂഹികനീതിയെ ഉയർത്തിപ്പിടിക്കുന്ന സംവരണത്തെ സംബന്ധിച്ച് കേട്ടുകേൾവിപോലുമില്ല.

അതുകൊണ്ടുതന്നെ തീർത്തും സവർണ ജാതി കുത്തകയാക്കി നിലനിർത്തിയിരിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇത്തരം സ്ഥാപനങ്ങളെ ജനാധിപത്യവത്കരണത്തിന് വിധേയമാക്കാനനുവദിക്കാത്ത സവർണ ജാതി മേധാവികൾക്കാണെന്ന് നിസ്സംശയം പറയാം.

സംവരണം അട്ടിമറിക്കുന്ന ഉന്നത വിദ്യാപീഠങ്ങൾ

സർവകലാശാലയിൽ നടക്കുന്ന സംവരണ അട്ടിമറിയെ സംബന്ധിച്ച് ലേഖനം എഴുതിയതിന്​ ചരിത്രപണ്ഡിതൻ ഡോ. കെ.എസ്. മാധവനെതിരെ നടപടി സ്വീകരിച്ച കാലിക്കറ്റിൽ സാമുദായിക സംവരണ നീതിയെ ഭീകരമാംവിധം അട്ടിമറിച്ചുകൊണ്ടാണ് നിയമനങ്ങൾ നടത്തിയതെന്ന് ഡോ. അനുപമയുടെ കേസിൽ ഹൈകോടതി കണ്ടെത്തുകയുണ്ടായി. സുപ്രീംകോടതിയും ഹൈകോടതി വിധിയെ പിന്തുണച്ചു.

എന്നിട്ടും നിയമനം ലഭിക്കാതെ പുറത്തായവർക്ക് നീതി കാതങ്ങൾക്ക് അകലെയാണ്. ഡോ. മാധവനെതിരെ നടപടി കൈക്കൊള്ളാൻ സ്വീകരിച്ച വേഗം നിയമനം ലഭിക്കാതെ പുറത്തായവർക്ക് നിയമനം നൽകുന്ന കാര്യത്തിൽ സർവകലാശാല പുലർത്തുന്നില്ല. സവർണ സംവരണത്തെ പിന്താങ്ങുന്ന അക്കാദമിക വൃന്ദങ്ങൾക്ക് സംവരണ അട്ടിമറിയെന്നത് എത്രയോ നിസ്സാരവുമാണ്.

ദലിതരോട് അയിത്തം

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് ദലിതരോട് ഇന്നും അയിത്തമാണെന്നാണ് വർത്തമാന സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. ഒരു ദലിത് അധ്യാപിക വിഭാഗാധ്യക്ഷ ആവുന്നത് പരമാവധി തടയാൻ ശ്രമിച്ച സർവകലാശാല ഉത്തരേന്ത്യയിലല്ല, കേരളത്തിലാണ് എന്നത് ആരെയും ലജ്ജിപ്പിക്കേണ്ടതാണ്.

ദേവസ്വം ബോർഡുൾപ്പെടെയുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപന തസ്തികകളിൽ ദലിത് പ്രാതിനിധ്യം വട്ടപ്പൂജ്യമാണ് എന്ന്​ ഡോ. വിനിൽ പോളിന്റെയും ഒ.പി. രവീന്ദ്രന്റെയും വസ്തുതകൾ നിരത്തിയുള്ള പഠനങ്ങൾ തെളിയിക്കുന്നു.

പൂച്ചക്കാര് മണി കെട്ടും?

ഈ അനീതികളെ ആര് ഇല്ലാതാക്കും എന്നതാണ് പ്രധാന ചോദ്യം. ഇതിന് നവോത്ഥാന പുരാണ പ്രസംഗങ്ങൾ മതിയാകാതെ വരും. പുതിയ കാലത്ത് ദലിതർ നേരിടുന്ന ഈ ഭീകര അയിത്തത്തെ മഹാഭാരത പട്ടത്താനങ്ങൾകൊണ്ട് പരിഹരിക്കാൻ കഴിയുകയില്ല. ഇത് കടുത്ത അനീതിയാണെന്ന് തിരിച്ചറിയുന്ന പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും സമരമാർഗങ്ങൾക്കും നീതിപൂർവം ചിന്തിക്കുന്ന ഭരണകൂടത്തിനും മാത്രമേ ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിച്ചിരിക്കുന്ന ഈ കടുത്ത അനീതിയെ നീക്കംചെയ്യാൻ കഴിയൂ.

അതില്ലാത്തിടത്തോളം ഉന്നത വിദ്യാഭ്യാസ മേഖല ബ്രാഹ്മണ്യ കോട്ടയായിതന്നെ കുടികൊള്ളും. ജനാധിപത്യരഹിതമായ ഇത്തരം ഇടങ്ങൾ അനീതിയുടെ വിളനിലങ്ങളായിതന്നെ തുടരുകയും ചെയ്യും. ഈ അനീതി അവസാനിച്ചശേഷമേ ‘ജനാധിപത്യ കേരളം’ എന്ന ആശയത്തെക്കുറിച്ച്​ മിണ്ടുന്നതിൽപോലും അർഥമുള്ളൂ.

Tags:    
News Summary - Brahminical strongholds in the field of higher education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT