പ്രകടനപത്രികയും ബജറ്റും തമ്മിലുള്ള അന്തരം നേർത്തുവരുന്നു. മോദി സർക്കാറിെൻറ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി പാർലമെൻറിൽ അവതരിപ്പിച്ചപ്പോൾ തെളിഞ്ഞത് ആ യാഥാർഥ്യമാണ്: പ്രഖ്യാപനങ്ങളുണ്ട്; പണം നീക്കിവെച്ചിട്ടില്ല. തെരഞ്ഞെടുപ്പു കാലത്ത് പ്രസംഗവേദികളിൽ നടത്തുന്ന വായ്ത്താരിയല്ല ബജറ്റ് പ്രസംഗം. അതിലെ പ്രഖ്യാപനങ്ങൾക്ക് വ്യക്തമായ പദ്ധതിയും നീക്കിയിരിപ്പും വേണം. കർഷകസ്നേഹവും ദുർബല സഹായവുമൊക്കെ പ്രകടമാക്കാൻ ശ്രമിക്കുന്ന ബജറ്റ് ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുകയാണ്. യഥാർഥത്തിൽ കോർപറേറ്റ് സൗഹൃദമാണ് ബജറ്റ്.
ഒബാമ കെയറിെൻറ ഇന്ത്യൻ പകർപ്പവകാശം ലക്ഷ്യമിടുന്ന വമ്പൻ പദ്ധതിയെന്ന നിലയിലാണ് 10 കോടി ദുർബല കുടുംബങ്ങൾക്കായി ആരോഗ്യ പരിരക്ഷ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപവരെ ചികിത്സ സഹായം ലഭിക്കാൻ ഗുണഭോക്താക്കളായ ഒാരോ കുടുംബത്തിനും അവകാശമുണ്ട്. പക്ഷേ, അതിനുള്ള നീക്കിയിരിപ്പ് ബജറ്റിൽ കാണുന്നില്ല. ഒരു കുടുംബം അര ലക്ഷം രൂപ വീതം ക്ലെയിം ചോദിച്ചാൽ കൊടുക്കേണ്ടി വരുന്നത് അഞ്ചു ലക്ഷം കോടി രൂപയാണ്. അതിനു വേണ്ട പ്രീമിയം തുക അടക്കാൻപോലും ബജറ്റിൽ പണം നീക്കിവെച്ചിട്ടില്ല. ആരോഗ്യ മേഖലക്ക് ആകെക്കൂടി വകയിരുത്തിയിരിക്കുന്നത് 54,667 കോടി രൂപയാണ്. വമ്പൻ ചികിത്സ പദ്ധതി പ്രഖ്യാപിച്ചപ്പോൾതന്നെ, കഴിഞ്ഞ ബജറ്റിൽനിന്ന് ആകെയുള്ള വർധന 1,500 കോടിയിൽ ഒതുങ്ങുന്നു. ദുർബലരുടെ ചികിത്സ സഹായത്തിെൻറ പേരിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കാണ് നേട്ടം എന്നത് മറുപുറം.
സർക്കാറിെൻറ പണഞെരുക്കം പദ്ധതികളെ ഞെരുക്കുന്നതല്ലാതെ, സമീപനങ്ങളെ ബാധിക്കുന്നില്ല. പ്രതിരോധ ബജറ്റ് വിഹിതം ഇക്കുറി വർധിച്ചത് 7.8 ശതമാനമാണ്; എത്തിനിൽക്കുന്നത് 2.95 ലക്ഷം കോടി രൂപയിൽ. പ്രതിരോധ സാമഗ്രികൾ ഇന്ത്യയിൽ നിർമിക്കുന്ന വ്യവസായങ്ങൾ വളർത്തുന്നതിലെ കമ്പമാണ് ബജറ്റിൽ തെളിയുന്നത്. സ്വകാര്യ കമ്പനികൾക്ക് കൂടുതൽ അവസരം നൽകുന്നു. മറ്റു സംരംഭങ്ങളുടെ കാര്യത്തിൽ മാന്ദ്യക്കെടുതി മാറ്റി കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നടപടികളില്ല. തൊഴിലവസരങ്ങൾ വർധിക്കുന്നില്ല. വിദ്യാഭ്യാസത്തിലും ഭക്ഷ്യ സുരക്ഷയിലും തൊഴിലുറപ്പു പദ്ധതിയിലുമൊന്നും വിഹിത വർധനവില്ല.
സംസ്ഥാനതല സ്റ്റേറ്റു ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ ലയിപ്പിച്ചതിെൻറ മറ്റൊരു പതിപ്പ് നടപ്പാക്കാൻ പോവുകയാണ്. നാഷനൽ ഇൻഷുറൻസ്, യുനൈറ്റഡ് ഇന്ത്യ അഷ്വറൻസ്, ഒാറിയൻറൽ ഇന്ത്യ ഇൻഷുറൻസ് കമ്പനികൾ ഒന്നാക്കി ഒാഹരി വിപണിയിൽ ഒാഹരി വിൽപനക്കു വെക്കാനാണ് തീരുമാനം. അത് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നു. സ്വകാര്യവത്കരണത്തിലും ഒാഹരി വിൽപനയിലുമാണ് സർക്കാറിെൻറ കണ്ണ്. എയർ ഇന്ത്യക്കു പുറമെ, 23 പൊതുമേഖല സ്ഥാപനങ്ങൾകൂടി വിൽക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. കഴിഞ്ഞ വർഷത്തെ ഒാഹരി വിൽപന വരുമാനം ഒരു ലക്ഷം കോടി രൂപയാണ്. അതിനേക്കാൾ ഉയർന്ന ലക്ഷ്യമാണ് പൊതുമേഖല ആസ്തികൾ വിൽക്കുന്നതിലൂടെ സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
മെച്ചപ്പെട്ട സാമ്പത്തിക ഏകോപനം വഴി ധനക്കമ്മി കുറച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യത്തിൽ ധനമന്ത്രി പരാജയപ്പെടുകയും ചെയ്തു. അടുത്ത സാമ്പത്തിക വർഷം മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ മൂന്നു ശതമാനമായി കമ്മി ഒതുക്കി നിർത്താനാണ് ഏതാനും വർഷങ്ങളായി ശ്രമം നടന്നത്. അതനുസരിച്ച നടപ്പു സാമ്പത്തിക വർഷത്തെ ധനക്കമ്മി ലക്ഷ്യം 3.2 ശതമാനമാണെങ്കിലും എത്തിച്ചേരുന്നത് മൂന്നര ശതമാനത്തിലാണ്. അതുവഴി അടുത്ത വർഷത്തെ ലക്ഷ്യം 3.3 ശതമാനമായി മാറ്റി നിശ്ചയിക്കുകയും ചെയ്യേണ്ടിവന്നു.നെട്ടല്ലു തകർക്കുന്ന വിലത്തകർച്ചയും കാലാവസ്ഥ വ്യതിയാനം വഴിയുള്ള കൃഷിപ്പിഴയും മറികടന്ന് കർഷകന് കൃഷി ആദായകരമാകണം.
ഉപഭോഗവും കയറ്റുമതിയും വർധിച്ച് വ്യവസായം വളരണം. വിലക്കയറ്റത്തിനും ജീവിതഭാരത്തിനുമിടയിൽ ജീവനക്കാർക്കും തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ നൽകാൻ കഴിയണം. യുവാക്കൾക്ക് പ്രയോജനപ്പെടുന്ന വിധം തൊഴിലവസരങ്ങൾ വർധിക്കണം. ഇതൊക്കെ സുഖാനുഭൂതി പകരുന്ന സ്വപ്നങ്ങളാണ്. അത്രയുമില്ലെങ്കിലും, കഷ്ടപ്പെടുന്നവർക്ക് സാന്ത്വനസ്പർശം നൽകാൻ ബജറ്റിന് കഴിയണം. പക്ഷേ, അക്കാര്യത്തിൽ ബജറ്റ് പരാജയം.
പകരം, മുമ്പത്തെപ്പോലെ ഇന്നും മോദി സർക്കാർ ഒരുകൂട്ടം പുതിയ മോഹങ്ങളും പദ്ധതികളും വിൽപനക്കുവെച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു നടക്കാൻ പോകുന്ന കർണാടകത്തിനും പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിനും പ്രത്യേക രാഷ്ട്രീയ പരിഗണന നൽകാൻ മറന്നതുമില്ല. വഡോദരയിൽ റെയിൽവേ സർവകലാശാല വരുന്നു. കർണാടകത്തിൽ 160 കിലോമീറ്റർ സബർബൻ ട്രെയിൻ പദ്ധതിയാണ് പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.