തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അത് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തട്ടിൻപുറത്താകും എന്നതാണ്. ഏതാണ്ട് പ്രകടനപത്രിക പോലെയാണ് തെരഞ്ഞെടുപ്പ് മൂക്കിന്റെ തുമ്പത്തുനിൽക്കുമ്പോഴുള്ള ബജറ്റ് അവതരണവും. സമ്പൂർണ ബജറ്റ് ഇനി വരാനിരിക്കുന്ന സർക്കാറിന്റെ ബാധ്യതയാണ്. തങ്ങൾ തന്നെ അധികാരത്തിൽ വന്നാലും ആ ഹ്രസ്വകാല ബജറ്റിൽ പറഞ്ഞതൊക്കെ അട്ടത്ത് വെച്ച് പുതിയ ബജറ്റിന്റെ പണി നോക്കാം. ഇനി എതിർകക്ഷികളാണ് വരുന്നതെങ്കിൽ അവരായി അവരുടെ പാടായി.
2019 ഏപ്രിലിൽ മിക്കവാറും ലോക്സഭ തെരഞ്ഞെടുപ്പ് നടക്കും. അപ്പോൾ തെരഞ്ഞെടുപ്പിനെ സഹായിക്കുന്ന ജനപ്രിയ ബജറ്റ് അവതരിപ്പിച്ചാൽ ഒരു വെടിക്ക് രണ്ട് എന്ന കണക്കുമാവും. ധനകാര്യമന്ത്രി അരുൺ ജെയ്റ്റിലിയുടെ അസാന്നിധ്യത്തിൽ പീയുഷ് ഗോയൽ തുറക്കുന്ന ബജറ്റ് പെട്ടിയിൽ തെരഞ്ഞെടുപ്പിനെ മയക്കാൻ പോന്ന മാന്ത്രിക നമ്പറുകൾ എമ്പാടുമുണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തൽ. വോട്ട് ലക്ഷ്യമാക്കിയ വൻ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിക്കുമെന്നുറപ്പാണ്.
പ്രതിസന്ധിയിൽ ഗതികെട്ട് ഒടുവിൽ പ്രതിഷേധ ജ്വാലയിൽ രാജ്യ തലസ്ഥാനം സ്തംഭിപ്പിച്ച കർഷകരെ ഒപ്പം കൂട്ടാൻ പോന്ന പൊടിക്കൈകളാവും ബജറ്റിൽ ഏറെയും. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം തകർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ബാങ്കിങ് മേഖലയെ പിടിച്ചുകയറ്റാനും പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. ഒപ്പം, ബി.ജെ.പിയിൽ നിന്ന് അകലുന്ന മധ്യവർഗത്തെയും കർഷകരെയും പിടിച്ചുനിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വവും ധനകാര്യ വകുപ്പിെൻറ ചുമതല കൈയാളുന്ന ഗോയലിനുണ്ടാകും.
എന്നാൽ, കേരളത്തിൽ സ്ഥിതി വ്യതസ്തമാണ്. തെരഞ്ഞെടുപ്പിനെക്കാൾ, പ്രളയം തകർത്തെറിഞ്ഞ ഒരു നാടിനെ പുനർനിർമിക്കുക എന്ന വലിയ ദൗത്യമാണ് ധനമന്ത്രി ടി. എം തോമസ് ഐസകിന് മുന്നിലുള്ളത്. പ്രളയാനന്തര കേരള പുനർനിർമാണത്തിൽ എൽ.ഡി.എഫ് സർക്കാർ പരാജയപ്പെട്ടുവെന്ന് ഇപ്പോൾ തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം വാദങ്ങളുടെയെല്ലാം മുനയൊടിച്ച് ക്ലീൻ ഇമേജ് സൃഷ്ടിക്കാനായിരിക്കും സർക്കാർ ശ്രമിക്കുക. ഇതിനൊപ്പം കഴിഞ്ഞ വർഷം കിഫ്ബി വഴി പ്രഖ്യാപിച്ച പദ്ധതികളുടെയെല്ലാം പ്രവർത്തന പുരോഗതി റിപ്പോർട്ടും ജനങ്ങൾക്ക് മുന്നിൽവെക്കേണ്ടി വരും. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തെ കരകയറ്റാൻ തോമസ് ഐസക് എന്ത് മാജിക്കാണ് കരുതിവെച്ചിരിക്കുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഗോയലിന്റെ തലവേദനകൾ
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ തന്നെയാവും പിയൂഷ് ഗോയലിന്റെ ബജറ്റിൽ ഇടംപിടിക്കുക. ബി.ജെ.പി സർക്കാറിന്റെ എക്കാലത്തെയും വോട്ട് ബാങ്കായ മധ്യവർഗത്തെ പ്രീതിപ്പെടുത്തേണ്ട ബാധ്യതുണ്ട് പീയുഷ് ഗോയലിന്. അതുകൊണ്ടു തന്നെ ഏറെ നാളായി പറഞ്ഞു കേൾക്കുന്ന,
ആദായ നികുതി പരിധി ഉയർത്താനുള്ള സാധ്യതകൾ ഏറെയാണ്. പരിധി ഉയർത്തിയാൽ മധ്യവർഗ കുടുംബങ്ങളുടെ പിന്തുണ നേടിയെടുക്കാമെന്ന് കേന്ദ്രസർക്കാർ കണക്ക് കൂട്ടുന്നു.
രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് കാർഷിക മേഖലയിലെ പ്രശ്നങ്ങൾ. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷം കാർഷിക മേഖലയിലെ പ്രശ്നം ഉയർത്തികൊണ്ടു വരുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ കാർഷിക മേഖലക്കായി പ്രത്യേക പാക്കേജോ വായ്പകൾ എഴുതി തള്ളുന്നതിനുള്ള പദ്ധതിയോ പ്രഖ്യാപിച്ചേക്കാനാണ് സാധ്യത.
സാർവത്രികമായി മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിയും ബജറ്റിലുണ്ടാവും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധി നിരന്തരം ആവർത്തിക്കുന്നുണ്ട്. ഇതിന്റെ മുനയൊടിക്കാൻ ബജറ്റിൽ എന്തെങ്കിലും ചെയ്തേ മതിയാകൂ. പ്രതിപക്ഷ ഈ പ്രചരണത്തിന് ബജറ്റിലൂടെ മറുപടി നൽകാനാകും പിയൂഷ് ഗോയലിന്റെ ശ്രമം. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനുള്ള നീക്കങ്ങളും ഇക്കുറി ബജറ്റിലുണ്ടാവും. പ്രതിസന്ധിയിലായ ബാങ്കുകൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിസന്ധി നീക്കാനുമുള്ള പ്രഖ്യാപനങ്ങളുമുണ്ടാകുമെന്നാണ് സൂചന.
പുനർനിർമാണത്തിന്റെ ബജറ്റ് പ്രത്യാശകൾ
പ്രളയാനന്തര പുനർനിർമാണത്തിന് ഊന്നൽ കൊടുക്കുന്ന പദ്ധതികളാവും ഇക്കുറി കേരള ബജറ്റിൽ ഉണ്ടാവുക. പുനർനിർമാണത്തിന് പണം കണ്ടെത്താനായി അധിക സെസ് പിരിക്കാൻ ജി.എസ്.ടി കൗൺസിൽ കേരളത്തിന് അനുമതി നൽകിയിട്ടുണ്ട്. ഉൽപന്നങ്ങൾക്ക് മേൽ ഒരു ശതമാനം സെസ് പിരിക്കാനാവും സാധ്യത. സാധാരണയായി നികുതിക്ക് മുകളിൽ സെസ് പിരിക്കുന്ന രീതിയാണ് പൊതുവിൽ കണ്ടു വരാറ്. ഇതിൽ നിന്നും വ്യത്യസ്തമായി സെസ് പിരിക്കുന്നതോടെ അത് ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവും. അതിനാൽ തന്നെ നിത്യോപയോഗ സാധനങ്ങളെ ഒഴിവാക്കി റഫ്രിജറേറ്റർ, എയർ കണ്ടീഷണർ, സിഗരറ്റ്, കാറുകൾ തുടങ്ങിയ ആഡംബര ഉൽപന്നങ്ങൾക്ക് അധിക സെസ് ചുമത്താനാണ് സാധ്യത.
ജി.എസ്.ടിയിൽ 28, 18 ശതമാനം നികുതി നിരക്കുകളിൽ വരുന്ന ചില ഉൽപന്നങ്ങൾക്ക് സർക്കാർ അധിക സെസ് ചുമത്തും. അധിക സെസ് സാമ്പത്തിക രംഗത്ത് എന്ത് പ്രതികരണമുണ്ടാക്കുമെന്നതും പരിഗണിക്കേണ്ടി വരും. ഉൽപന്നങ്ങൾക്ക് മേലുള്ള അധിക സെസ് കേരളത്തിൽ മാത്രമാവും ഉണ്ടാവുക. ഇത്മൂലം ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൽപന്നങ്ങൾ വില കുറച്ച് വാങ്ങുന്ന പ്രവണത മടങ്ങി വരുമോയെന്ന ആശങ്കയും നില നിൽക്കുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാവും അധിക സെസിൽ അന്തിമ തീരുമാനമെടുക്കുക. കരുതലോടെ മാത്രമേ തോമസ് ഐസകിന് ഇക്കാര്യത്തിൽ മുന്നോട്ട് പോവാൻ സാധിക്കുകയുള്ളു.
നികുതി പിരിവും കിഫ്ബിയും
ജി.എസ്.ടി നടപ്പിലായതിന് ശേഷം നികുതി പിരിവിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്തത് കേരള സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജി.എസ്.ടി പിരിവിൽ 30 ശതമാനമെങ്കിലും വളർച്ചാ നിരക്ക് കൈവരിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. എന്നാൽ പരമാവധി 13 ശതമാനം വരെ വളർച്ച നിരക്കിൽ എത്തിക്കാനെ കേരളത്തിന് സാധിച്ചിട്ടുള്ളു. ഇത് മറികടക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് സൂചന. റവന്യു വരുമാനത്തിലും കേരളത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതു കൂടി മുന്നിൽ കണ്ട് മാത്രമേ ബജറ്റ് അവതരണം സാധ്യമാകു.
അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായി ഇക്കുറിയും കിഫ്ബി തന്നെയാവും ഐസക്കിന് മുന്നിലുള്ള പോംവഴി. കിഫ്ബിയിലുടെ പണം കണ്ടെത്തി നടപ്പാക്കുന്ന പദ്ധതികൾ ഇക്കുറിയും ബജറ്റിൽ ഇടംപിടിക്കും. കിഫ്ബിയുടെ പ്രോഗ്രസ് റിപ്പോർട്ട് ബജറ്റിൽ സർക്കാറിന് അവതരിപ്പിക്കേണ്ടി വരും. കിഫ്ബി പൂർണ പരാജയമാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടിയും തോമസ് ഐസക്കിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
പ്രതീക്ഷയോടെ കാർഷിക-അടിസ്ഥാന സൗകര്യമേഖല
പ്രളയത്തിൽ തകർന്ന കാർഷിക, അടിസ്ഥാന സൗകര്യ മേഖലകളുടെ വികസനത്തിന് ബജറ്റിൽ നല്ല പ്രാധാന്യം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രളയത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർ നിർമാണത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന തുക ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലെ തൊഴിൽ ഉറപ്പാക്കാനായുള്ള പദ്ധതികളുടെ പ്രഖ്യാപനവും ബജറ്റിലുണ്ടാകും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം ലഭിക്കുമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിലയിരുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.