സ്വാതന്ത്ര്യസമര ചരിത്രം രേഖപ്പെടുത്തിവെക്കുമ്പോൾ പലപ്പോഴും പുറത്തുനിർത്തപ്പെടുന്ന ചില സമരങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് വില്ലുവണ്ടി സമരം. ബ്രിട്ടീഷുകാർക്കെതിരെ ആയിരുന്നില്ല എന്നതാണ് സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഏടുകളിൽനിന്ന് 1893ലെ വില്ലുവണ്ടി സമരത്തെ മാറ്റിനിർത്തുന്നതിന് പലരും നൽകുന്ന ന്യായീകരണം.എന്നാൽ, ഇതും സ്വാതന്ത്ര്യ സമരത്തിലെ വലിയൊരു ഏടുതന്നെയാണ് എന്നുപറയാതെ വയ്യ. കാരണം സാമൂഹിക സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ഇത്തരം സമരങ്ങൾക്കൂടി ഉൾപ്പെട്ടാലേ സ്വാതന്ത്ര്യസമര ചരിത്രം പൂർത്തിയാകൂ.
അവർണർക്ക് വഴിനടക്കാൻപോലും അവകാശമില്ലാതിരുന്ന വഴികളിലൂടെ സവർണർക്കുമാത്രം ഉപയോഗിക്കാൻ 'അവകാശ'മുണ്ടായിരുന്ന വില്ലുവണ്ടി വിലക്കുവാങ്ങി വെങ്ങാനൂരിലെ പൊതുനിരത്തിലൂടെ യാത്ര ചെയ്ത് തലയിൽ വട്ടക്കെട്ടും അരക്കയ്യൻ ബനിയനും മേൽമുണ്ടും കാൽവിരൽവരെ നീണ്ടുകിടക്കുന്ന വെള്ളമുണ്ടും ധരിച്ച് അദ്ദേഹം ആത്മാഭിമാനത്തിനായുള്ള, അതു വഴി സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് കരുത്തേകി- അയ്യങ്കാളി, ജാതീയതക്കും വർണവെറിക്കുമെതിരെ നെഞ്ചൂക്കോടെ പോരാടിയ മഹാ വിപ്ലവകാരി. കല്ലിയൂർ എന്ന സ്ഥലത്തുവെച്ച് അയ്യങ്കാളിയുടെ വില്ലുവണ്ടി സവർണർ തടഞ്ഞു. അയ്യങ്കാളിയെ ക്രൂരമായി അവർ മർദിച്ചു.
അതിലൊന്നും തളർന്നുപോകാതെ രണ്ടു വെള്ളക്കാളകളെ കെട്ടിയ ആ വില്ലുവണ്ടിയിൽ അയ്യങ്കാളി വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ നഗരപ്രദക്ഷിണം നടത്തി. യുവജനങ്ങളെ സംഘടിപ്പിച്ച് വഴിനടപ്പു വ്യാപകമാക്കി. സവർണജാതിക്കാരുടെ എതിർപ്പുകളെ നേരിട്ട് മുന്നോട്ടുപോയ ആ യാത്ര തിരുവിതാംകൂർ രാജാവ് എല്ലാവർക്കും പൊതുനിരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിറക്കുംവരെ തുടർന്നു. സവർണാധിപത്യത്തിനേറ്റ കനത്ത പ്രഹരംതന്നെയായിരുന്നു ആ വില്ലുവണ്ടി സമരം.ദലിതരും അടിസ്ഥാന വർഗങ്ങളും പാരതന്ത്ര്യം നേരിട്ടിരുന്നത് വിദേശ അധിപതികളിൽനിന്ന് മാത്രമായിരുന്നില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.