താജ്മഹൽ, ചെങ്കോട്ട, ഫത്തേപ്പൂർസിക്രി തുടങ്ങിയ ചരിത്രസ്മാരകങ്ങൾക്കും ബാബരി മസ്ജിദിന്റെ ഗതി സംഭവിക്കുമോ എന്നതാണ് രാജ്യത്തെയും അതിന്റെ സമ്മേളിതസംസ്കാരത്തെയും സ്നേഹിക്കുന്നവരുടെ നെഞ്ചിലെരിയുന്ന ആശങ്ക. അവ പൊളിച്ചുനീക്കണം എന്ന ആവശ്യം കാവിപ്പാളയങ്ങളിൽനിന്ന് ഒളിഞ്ഞും തെളിഞ്ഞും വന്നുകൊണ്ടിരിക്കുന്നു
ചരിത്രം എന്നത് ഒരു രാജ്യത്തിന്റെ സ്വത്വത്തിലേക്കുള്ള സഞ്ചാരമാണ്. ഇന്ത്യൻ ദേശീയതയാകട്ടെ, ഭിന്നസംസ്കാരങ്ങളുടെ സമ്മേളിതഭാവവും. അതിൽനിന്ന് പ്രത്യേക കാലഘട്ടത്തെ അടർത്തിമാറ്റിയാൽ ആ സാംസ്കാരികതയുടെയും അതിനൊപ്പം ദേശീയതയുടെയും ഭാവധാരക്ക് വിള്ളൽവീഴും.
അത്തരം നീചപ്രവൃത്തിയാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽനിന്ന് മുഗൾസാമ്രാജ്യം സംബന്ധിച്ച അധ്യായങ്ങൾ ഒഴിവാക്കിയ നടപടികളിലൂടെ കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്. എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി അതിന് പറഞ്ഞ ന്യായം വിദ്യാർഥികളുടെ അമിതപഠനഭാരം കുറക്കാനാണെന്നാണ്.
പഠനഭാരം കുറക്കാനുള്ള എളുപ്പവഴിയാണോ മുഗൾസാമ്രാജ്യത്തെ ചരിത്രപാഠത്തിൽനിന്ന് ഒഴിവാക്കൽ? അങ്ങനെയെങ്കിൽ വേറെ എത്രയോ അധ്യായങ്ങൾ ആ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നു, എന്തുകൊണ്ട് അത് ഒഴിവാക്കാതെ മുഗൾസാമ്രാജ്യത്തെത്തന്നെ തമസ്കരിക്കാൻ തിടുക്കംകാണിച്ചു.
സംഘ്പരിവാർ ഭരണകൂടത്തിന്റെ ഹിഡൻ അജണ്ടയുടെ ഭാഗമായി ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുഗൾ അധ്യായങ്ങൾ ഒഴിവാക്കിയ നടപടിയെ സഹർഷം സ്വാഗതംചെയ്ത് ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ അഭിപ്രായപ്രകടനം.
ഇസ്ലാമിക മുദ്രകളെ, സംസ്കാരങ്ങളെ നിഷേധിച്ചുകൊണ്ട് ഇന്ത്യക്ക് ഒരു അസ്തിത്വം രൂപപ്പെടുത്താൻ കഴിയുമോ? ബാബരി മസ്ജിദ് പൊളിച്ചതുപോലെ മുഗൾ കാലഘട്ടത്തെത്തന്നെ ചരിത്രത്തിൽനിന്ന് ഇല്ലായ്മ ചെയ്യാൻ ഭരണാധികാരികൾ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഭരണാധികാരികൾ.
ഇങ്ങനെ എത്രകാലം ചരിത്രവസ്തുക്കളെ കറുത്തു തുണികൊണ്ട് വിദ്യാർഥികൾക്കു മുന്നിൽ മറച്ചുപിടിക്കാൻ സാധിക്കുമെന്ന് അവർ ആലോചിക്കേണ്ടതാണ്. ബി.ജെ.പി ഭരണം ഇന്ത്യാ ചരിത്രത്തിൽനിന്ന് മുഗളരെ എത്ര അകറ്റിനിർത്തിയാലും അവർ അവശേഷിപ്പിച്ചുപോയ ഭരണക്രമങ്ങൾ, സ്മാരകങ്ങൾ, പാദമുദ്രകൾ കാലങ്ങൾക്കിപ്പുറവും നിലനിൽക്കും.
താജ്മഹൽ, ചെങ്കോട്ട, ഫത്തേപ്പൂർസിക്രി തുടങ്ങിയ ചരിത്രസ്മാരകങ്ങൾക്കും ബാബരി മസ്ജിദിന്റെ ഗതി സംഭവിക്കുമോ എന്നതാണ് രാജ്യത്തെയും അതിന്റെ സമ്മേളിതസംസ്കാരത്തെയും സ്നേഹിക്കുന്നവരുടെ നെഞ്ചിലെരിയുന്ന ആശങ്ക. അവ പൊളിച്ചുനീക്കണം എന്ന ആവശ്യം കാവിപ്പാളയങ്ങളിൽനിന്ന് ഒളിഞ്ഞും തെളിഞ്ഞും വന്നുകൊണ്ടിരിക്കുന്നു.
മുഗൾസാമ്രാജ്യ അധ്യായങ്ങൾക്കു പിന്നാലെ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾക്ക് പഠിക്കാനുണ്ടായിരുന്ന ഗാന്ധിജിയെക്കുറിച്ചുള്ള പാഠങ്ങളും എൻ.സി.ഇ.ആർ.ടി വെട്ടി ഒഴിവാക്കിയിരിക്കുന്നു. ഹിന്ദു-മുസ്ലിം ഐക്യം, ഗാന്ധിവധത്തിനു പിന്നാലെയുണ്ടായ ആർ.എസ്.എസ് നിരോധനം, ആർ.എസ്.എസ് ആരോപണവിധേയമായ ചരിത്രസംഭവങ്ങൾ തുടങ്ങിയ ഭാഗങ്ങളും നീക്കിയിരിക്കുന്നു.
ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം മൂന്നുതവണയാണ് പാഠ്യപദ്ധതി പരിഷ്കരിച്ചത്. അങ്ങനെ വിവിധ ഘട്ടങ്ങളിലായി മുഗൾ കാലഘട്ടം, മുസ്ലിം ഭരണാധികാരികൾ, ഗുജറാത്ത് കലാപം എന്നിവ ചരിത്രപാഠപുസ്തകത്തിൽനിന്ന് ഒഴിവായി. ചരിത്രം എങ്ങനെയാവണമെന്ന് ഭരണകൂടം തീരുമാനിക്കുമ്പോൾ നഷ്ടമാകുന്നത് സത്യസന്ധതയാണ്. അടർത്തിമാറ്റിയ ചരിത്ര അധ്യായങ്ങളിലൂടെ അപൂർണമായ ഇന്ത്യയെ അറിയാൻ വിദ്യാർഥികൾ നിർബന്ധിതമാകുന്നത് വല്ലാത്തൊരു ഗതികേടുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.