ഭീമ-കാരെഗാവ് യുദ്ധസ്മരണയായ ‘യൽഗാര്‍ പരിഷത്തി’നിടെ പുണെയില്‍ ദലിതുകൾക്കു നേരെയുണ്ടായ ആക്രമണത്തെ ദലിത്--മറാത്ത സംഘർഷമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. 1818 ജനുവരി ഒന്നിന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പം ചേർന്ന് ദലിത് വിഭാഗത്തിലെ മെഹര്‍ സമുദായ സൈനികര്‍ മറാത്ത സൈന്യത്തെ തുരത്തിയ ഏറ്റുമുട്ടലാണ് ഭീമ-കൊരെഗാവ് യുദ്ധമായി അറിയപ്പെടുന്നത്. എന്നാല്‍, ബ്രിട്ടീഷ്--മറാത്ത സൈന്യത്തിനുപരി പേഷ്വാ ഭരണത്തിനുമേലുള്ള തങ്ങളുടെ വിജയമായാണ് ദലിത് വിഭാഗം ഇതിനെ കാണുന്നതും കഴിഞ്ഞ 200 വർഷമായി ഭീമ-കൊരെഗാവില്‍ ഒത്തുകൂടി അനുസ്മരിക്കുന്നതും. എന്നാല്‍, കഴിഞ്ഞ 199 വർഷവും ഈ ഒത്തുചേരലില്‍ ഒരു തർക്കം പോലുമുണ്ടായിരുന്നില്ല. 200 കൊല്ലം തികയുമ്പോള്‍ അത് ഒരാളുടെ മരണത്തില്‍ കലാശിക്കുകയും ദലിതരെ ആകമാനം പ്രകോപിപ്പിക്കുകയും ചെയ്യുന്ന സംഘർഷമായി മാറി. നിലവില്‍ ചില അസ്വാരസ്യങ്ങളുള്ള ദലിത്--മറാത്തകൾക്കിടയില്‍ എരിതീയിലെ എണ്ണയാക്കി ഇതിനെ മാറ്റാനാണ് ശ്രമം നടക്കുന്നത്. ദലിത്--മറാത്ത സംഘർഷമെന്ന് ബി.ജെ.പി നയിക്കുന്ന മഹാരാഷ്ട്ര സർക്കാര്‍ പറയുമ്പോള്‍ മറാത്ത നേതാക്കള്‍ നയിക്കുന്ന മഹാരാഷ്ട്രയിലെ കോൺഗ്രസും എന്‍.സി.പിയും ഇത് ദലിത്--ഹിന്ദുത്വ പോരാണെന്ന് അടിവരയിടുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ബാങ്കുകളിലെ ഭിന്നിപ്പിക്കലാണ് ഒരുകൂട്ടരുടെ ലാക്കെന്നും വോട്ടുകളുടെ സമാഹരണമാണ് മറ്റെകൂട്ടരുടെ ലക്ഷ്യമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആ രാഷ്ട്രീയത്തിലാണ് ഭീമ-കൊരെഗാവിലെ തീപ്പൊരിയുടെ രഹസ്യം മറഞ്ഞുകിടക്കുന്നത്.
മറാത്ത ഭരണകാലത്തെ ഛത്രപതിക്കു കീഴിലെ മുഖ്യ ഭരണാധികാരിയുടെ പദവിയാണ് പേഷ്വാ. ബ്രാഹ്മണ വിഭാഗത്തിൽപെട്ടവരായിരുന്നു ഈ പദവി വഹിച്ചിരുന്നത്. സൈന്യത്തിലുണ്ടായിരുന്ന ദലിതുകളെ അവര്‍ ജാതീയമായി അടിച്ചമർത്തിയെന്നാണ് പറയപ്പെടുന്നത്. ഊണും ഉറക്കവും മറ്റ് സൈനികരില്‍നിന്ന് അകന്നായിരുന്നു. ദലിതുകള്‍ നടന്നുപോകുന്ന വഴികള്‍ ശുദ്ധിയാക്കാന്‍ അവരുടെ പിന്നില്‍ ചൂല് കെട്ടിച്ചിരുന്നുവെന്നാണ് ദലിത് നേതാക്കള്‍ പറയുന്നത്. അപമാനം സഹിക്കാതെ മെഹര്‍ വിഭാഗത്തിൽപെട്ടവരില്‍ ഏറെയും ഈസ്റ്റ് ഇന്ത്യ കമ്പനിയോട് കൂറുകാട്ടി. ബ്രിട്ടീഷുകാര്‍ അവരെ സ്വീകരിക്കുകയും മാന്യതയും ജോലിയും വിദ്യാഭ്യാസവും നൽകി. ബ്രിട്ടീഷുകാര്‍ തങ്ങൾക്ക്് നൽകിയ മാന്യതക്കുള്ള പ്രത്യുപകാരമായിരുന്നു ബാജിറാവു രണ്ടാമെൻറ പേഷ്വ സൈന്യത്തിന് എതിരെയുള്ള പടയോട്ടത്തിലെ പങ്കാളിത്തം. പുണെയിലെ ഖഡ്കി (1817) യുദ്ധ പരാജയത്തിന് ശേഷം ബ്രിട്ടീഷുകാരില്‍നിന്ന് പുണെ തിരിച്ചുപിടിക്കാന്‍ 1818 ജനുവരി ഒന്നിന് ബാജിറാവു രണ്ടാമെൻറ സൈന്യം നടത്തിയ യുദ്ധമാണ് ഭീമ ഗൊരെഗാവ്. 28,000 പേരുടെ അംഗബലവുമായി എത്തിയ പേഷ്വ സൈന്യത്തെ മെഹര്‍ സമുദായത്തിൽപ്പെട്ട സൈനികര്‍ ഉൾപ്പെടെ 600 പേരുടെ അംഗബലത്തിലാണ് ബ്രിട്ടീഷുകാര്‍ ഭീമ നദീതീരത്ത് നേരിട്ടത്. 12 മണിക്കൂറിനിടെ 600 പേര് വധിക്കപ്പെട്ടതോടെ പെഷ്വ സൈന്യം പിന്മാറുകയായിരുന്നു. 22 മെഹറുകളും 16 മറാത്തകളും ഉൾപ്പെടെ ബ്രിട്ടീഷ് സൈന്യത്തിലെ 200 പേരാണ് മരിച്ചത്. മറ്റെല്ലാത്തിനുമുപരി ദലിതുകൾക്കിത് ജാതീയമായി ചവിട്ടിയരച്ചവർക്ക് മേലുള്ള വിജയമായിരുന്നു. അതിനാല്‍ ഒാരോ വർഷവും അവരതിെൻറ ഓർമ പുതുക്കകയും പുതു പ്രേരണ ഉൾക്കൊള്ളുകയും ചെയ്തുപോന്നു.
പുതിയ രാഷ്ട്രീയ പശ്ചാത്തലം
പുതിയ രാഷ്ട്രീയാന്തരീക്ഷത്തിലാണ് ഇത്തവണ യുദ്ധസ്മരണ സംഘടിപ്പിക്കപ്പെട്ടത്. ഗുജറാത്തിലെ ദലിത് എം.എല്‍.എ ജിഗ്നേഷ് മേവാനി, ഹൈദരാബാദ് സർവകലാശാലയില്‍ ആത്മഹത്യചെയ്ത വിദ്യാർഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, ജെ.എന്‍.യുവിലെ യൂനിയന്‍ നേതാവ് ഉമര്‍ ഖാലിദ് തുടങ്ങിയവരെ അണിനിരത്തി ഭീമ കൊരെഗാവ് ശൗര്യ ദിന് പ്രേരണ അഭിയാന് സംഘടിപ്പിച്ച ഒത്തുചേരലാണ് കഴിഞ്ഞ വർഷങ്ങളിലേതില്നിന്ന് ഇതിനെ വ്യത്യസ്തമാക്കിയത്. രോഹിത് വെമുലയുടെ ആത്മഹത്യക്കും ജെ.എൻ.യുവിലെ സംഭവവികാസങ്ങൾക്കും പിന്നാലെ ഉന സംഭവവും പട്ടീദാര്‍ സമുദായക്കാരുടെ ഇടച്ചിലും ദീർഘകാല ഭരണം സ്വപ്നം കാണുന്ന ബി.ജെ.പിയെ ഒന്നു പിടിച്ചുകുലുക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഈ സംഗമം. ഗുജറാത്തില്‍ ഭരണം തിരിച്ചുപിടിച്ചെങ്കിലും കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതിെൻറ സൂചനകള്‍ മങ്ങിയ വിജയത്തിലുണ്ട്. ഇവർ ഭീഷണിയായി മാറിയ ഹീറോകളെയാണ് ‘നവ പേഷ്വ’കൾക്ക് എതിരെ ഉണരാനുള്ള ആഹ്വാനവുമായി നടന്ന സംഗമത്തില്‍ അണിനിരത്തിയത്. ബി.ജെ.പി, ആര്.എസ്.എസ്, മറ്റ് സംഘ്പരിവാര്‍ സംഘടനകളെയും ‘നവ പേഷ്വകളെന്ന്’ വിശേഷിപ്പിക്കുന്ന ലഘുലേഖകളും പ്രചരിച്ചു. പശുവിെൻറ പേരില്‍ മുസ്ലിം, ദലിതുകൾക്ക് നേരെയുള്ള ആൾക്കൂട്ട ആക്രമണങ്ങളും രോഹിത് വെമുലയുടെ ആത്മഹത്യ പശ്ചാത്തലവും സംഘാടകര്‍ ചൂണ്ടിക്കാട്ടി. ജാതി, മത ആക്രമണങ്ങളും വൈര്യവും പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തോടാണ് തങ്ങളുടെ പോരാട്ടമെന്നും ഇവര്‍ വ്യക്തമാക്കുകയുണ്ടായി.
ഞായറാഴ്ചയായിരുന്നു പ്രേരണ സംഗമം. ഇതിനെ എതിർത്ത് അഖില്‍ ഭാരതീയ ബ്രാഹ്മണ് മഹാസഭ, രാഷ്ട്രീയ ഏകാത്മത രാഷ്ട്രീയ അഭിയാന്, ഹിന്ദു അഘാഡി, ശിവ്രാജ് പതിഷ്താന് തുങ്ങിയ സംഘടനകളും പേഷ്വന്മാരുടെ പിന്മുറക്കാരും എതിർത്തിരുന്നു. ആരുടെ വിജയമാണ് ദലിതുകള്‍ ആഘോഷിക്കുന്നതെന്നാണ് അവരുടെ ചോദ്യം. ഇത് ദേശവിരുദ്ധവും ജാതീയ വിത്ത് പാകുന്നതുമാണെന്ന് അവര്‍ ആരോപിച്ചു. ജനാധിപത്യ മര്യാദയില്‍ തെരഞ്ഞെടുക്കപ്പെട്ട പാർട്ടിയെ നവ പേഷ്വകള്‍ എന്ന് വിളിച്ചതിനെ അവര്‍ രാജ്യദ്രോഹമെന്ന് വിളിച്ചു. സംഭവം ഇത്തരത്തില്‍ ചൂടുപിടിച്ചു നിൽക്കെ ഞായറാഴ്ചത്തെ ചടങ്ങിനിടെ അനിഷ്ട സംഭവങ്ങള്‍ ഭയന്നിരുന്നു. എന്നാല്‍, അന്ന് ഒന്നും സംഭവിച്ചില്ല. ദലിതനായ കേന്ദ്രസഹമന്ത്രി രാംദാസ് അത്താവ്ലെയും ബ്രാഹ്മണനായ മഹാരാഷ്ട്ര മന്ത്രി ഗിരിഷ് ബാപടും ഒന്നിച്ച് ഭീമ കൊരെഗാവിലെ യുദ്ധാനുസ്മരണ സ്തൂപത്തില്‍ ആദരാഞ്ജലി അർപ്പിക്കാൻ എത്തി.
തിങ്കളാഴ്ച യുദ്ധാനുസ്മരണ സ്തൂപത്തില്‍ ആദരാഞ്ജലി അർപ്പിക്കാൻ ആളുകള്‍ എത്തുമ്പോഴാണ് ആക്രമണം നടന്നത്. ദലിത് സംഘടനയുടെ അടയാളങ്ങള്‍ പതിച്ച വാഹനങ്ങള്‍ തകർക്കുകയും ദലിതുകൾക്കുനേരെ കല്ലെറിയുകയുമായിരുന്നു. കാവി കൊടിയേന്തിയും കാവിവസ്ത്രം ധരിച്ചും എത്തിയവരാണ് ആക്രമിച്ചത്. സംഭവം വിവാദമാകുകയും പ്രതിഷേധം മുംബൈ, ഒൗറംഗാബാദ്, നാസിക് തുടങ്ങി ഇതര ഭാഗങ്ങളിലേക്ക് പടരുകയും ചെയ്തതോടെ വരേണ്യര്‍ കഴിയുന്ന പ്രദേശത്തെ 49 പേർക്ക് എതിരെ കേസെടുത്തു. വരേണ്യ സംഘടനകളായ ശിവ്രാജ് പ്രതിഷ്താന്‍ നേതാവ് സംഭാജി ഭിഡെക്കും ഹിന്ദു ഏക്ത അഘാഡി നേതാവ് മിലിന്ദ് എക്ബൊടെക്കും എതിരെയും ജിഗ്നേഷ് മേവാനി, ഉമര്‍ ഖാലിദ് എന്നിവർക്ക് എതിരെയും പുണെ പൊലീസില്‍ പരാതികള്‍ ലഭിച്ചു.
പൊലീസ് അനാസ്ഥ
ആക്രമണം നടന്ന തിങ്കളാഴ്ച രാവിലെ ഭീമകൊരെഗാവ് പരിസരത്ത് ആവശ്യത്തിന് സുരക്ഷ പൊലീസ് ഒരുക്കിയിരുന്നില്ല. ഇത്തവണത്തെ പരിപാടികള്‍ പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ എതിർപ്പുകൾ ഉയർന്നതാണ്. എന്നിട്ടും പൊലീസ് നിഷ്ക്രിയമായതിനെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുൾ ഉൾപ്പെടെയുള്ളവര്‍ ചോദ്യം ചെയ്തു. സംഘർഷം മുറുകിയതോടെയാണ് അർധ സൈനികരെ ഉൾപ്പെടെ സർക്കാര്‍ രംഗത്തിറക്കിയത്. ദലിത് സംഘടനകളും ഇടതുപക്ഷക്കാരും മറ്റും പ്രതിഷേധവുമായി രംഗത്തുവരുകയും ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാല്‍, പല പല കഷണങ്ങളായി ഭിന്നിച്ചുനിൽക്കുന്ന ദലിതുകള്‍ ഒന്നിച്ചാണ് തെരുവിലിറങ്ങിയതെങ്കിലും ഇവരിലെ ഐക്യം എന്നത് അത്ര എളുപ്പമാകില്ല. പ്രബല വിഭാഗമായ ആര്.പി.ഐ- അത്താവ്ലെ സംഘം എന്‍.ഡി.എയുടെ ഭാഗമാണ്. രാംദാസ് അത്താവ്ലെ കേന്ദ്രത്തില്‍ സഹമന്ത്രിയാണ്. കോൺഗ്രസിനോടും ബി.ജെ.പിയോടും സമദൂരം അകന്നാണ് പ്രകാശ് അംബേദ്കറുടെ ഭാരിബ്ബ ബഹുജന്‍ മഹാസംഘിെൻറ നിൽപ്. സംസ്ഥാന വോട്ടർമാരില്‍ 10.6 ശതമാനം ദലിതുകളും 30 ശതമാനം മറാത്തകളുമാണ്. തങ്ങൾക്ക്് സംവരണവും പട്ടികജാതി, പട്ടികവർഗ (ആക്രമണ പ്രതിരോധ) നിയമം എടുത്തുകളയലും ആവശ്യപ്പെട്ട് മറാത്തകള്‍ സജീവമായി നിൽക്കുകയുമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കർഷകരും പിന്നാക്ക വിഭാഗക്കാരും നൽകിയ പ്രതികരണം മഹാരാഷ്ട്രയിലും ബി.ജെ.പി പേടിക്കുന്നു. ദലിതുകളുടെയും മറാത്തകളുടെയും പിന്തുണ ഉറപ്പാക്കാന്‍ കോൺഗ്രസ്, എന്‍.സി.പി പാർട്ടികള്‍ സജീവമായിരിക്കെയാണ് മേവാനിയും, ഉമര്‍ ഖാലിദും അടക്കമുള്ളവര്‍ ഭീമ കൊരെഗാവ് യുദ്ധസ്മരണ ചടങ്ങിന് എത്തിയത്. ഇവിടെ ബി.ജെ.പിയുടെ ലക്ഷ്യം പ്രതികൂല സാഹചര്യങ്ങളെ ചെറുക്കുക എന്നതാണ്. അതിനാല്‍, പുണെയിലും മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലും പൊട്ടിപ്പുറപ്പെട്ട ദലിത്-മറാത്ത സംഘര്‍ഷമെന്ന് അവര്‍ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.