സെൻസസ് 2024 പൊതു തെരഞ്ഞെടുപ്പ് തീരുംവരെ നീട്ടി

ന്യൂഡൽഹി: 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് നടപടികൾ 2024ലെ പൊതുതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വീണ്ടും നീട്ടിവെച്ചു. സെൻസസുമായി ബന്ധപ്പെട്ട ഭരണനടപടി മരവിപ്പിച്ചത് 2024 ജൂൺ 30 വരെ നീട്ടിയെന്നാണ് അഡീഷനൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ സംസ്ഥാനങ്ങളെ അറിയിച്ചത്.

ഇത് ഒമ്പതാം തവണയാണ് മോദി സർക്കാർ 2021ലെ സെൻസസ് നടപടികൾ നീട്ടിവെക്കുന്നത്. 2021, 2022, 2023 വർഷങ്ങളിൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത ജനന മരണങ്ങളുടെ റിപ്പോർട്ടുകളും കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടില്ല.

2026ഓടെ സെൻസസ് പൂർത്തിയാക്കി മണ്ഡല പുനർനിർണയം നടത്തി തങ്ങളുടെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തുമെന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകൾക്കിടയിലാണ് കേന്ദ്ര നീക്കം. ഭരണനിർവഹണത്തിനുള്ള ജില്ല, താലൂക്ക്, പട്ടണ അതിർത്തികൾ കണ്ടെത്തി എന്യൂമറേറ്റർമാരെ പരിശീലിപ്പിച്ച് സെൻസസിന് അയക്കാനുള്ള നടപടിയാണ് ഈ വർഷം ജൂൺ 30 വരെ മരവിപ്പിച്ചു നിർത്തിയത്. ഈ പ്രക്രിയക്ക് സാധാരണഗതിയിൽ മൂന്ന് മാസമെടുക്കുന്നതിനാൽ 2024 ഒക്ടോബർവരെ 2021ലെ സെൻസസ് നടത്തില്ലെന്ന് ഉറപ്പായി.

ജനങ്ങളെ പൂർണമായും ഇരുട്ടിൽ നിർത്തിയാണ് കാരണം വ്യക്തമാക്കാതെ സെൻസസ് നടപടി വീണ്ടും മരവിപ്പിച്ചു നിർത്തിയിരിക്കുന്നതെന്ന് വിവരാവകാശ പ്രവർത്തകൻ വെങ്കടേഷ് നായക് കുറ്റപ്പെടുത്തി. ജനസംഖ്യ സംബന്ധിച്ച പുതിയ വിവരങ്ങളില്ലാതെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ എങ്ങനെ വികസനങ്ങൾ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.  

Tags:    
News Summary - Census 2024 has been extended till the end of general elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.