ചൊവ്വ മുതൽ വെള്ളി വരെ നാല് ദിവസങ്ങളിലായി സുപ്രീംകോടതിയിൽ നിന്ന് വെളിപ്പെട്ടുകൊണ്ടിരിക്കുന്ന അപ്രിയ സത്യങ്ങളെ കേന്ദ്രസർക്കാർ എങ്ങനെ നേരിടുമെന്ന് ഉറ്റുനോക്കുന്നത് രാജ്യത്തെ 73 ലക്ഷം പി.എഫ് (പ്രോവിഡന്‍റ് ഫണ്ട്) പെൻഷൻ ഗുണഭോക്താക്കൾ മാത്രമല്ല. ഈ മാസം 26ന് ഇന്ത്യയുടെ 49ാം ചീഫ് ജസ്റ്റിസായി ചുമതലയേൽക്കാൻ പോകുന്ന ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് കൂടിയാണ്.
കഴിഞ്ഞ നാലു ദിവസമായി ജസ്റ്റിസ് ലളിത് കേന്ദ്ര സർക്കാറിനോട് ആവർത്തിച്ച് ചോദിക്കുന്ന ചോദ്യമുണ്ട്; ശമ്പളത്തിന് ആനുപാതികമായി ജീവനക്കാർക്ക് പെൻഷൻ കൊടുക്കാനുള്ള പണം തങ്ങളുടെ പക്കലില്ലെന്ന് സ്ഥാപിക്കുന്നതിന് എംപ്ലോയ്മെന്‍റ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനും കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനും ആധാരമായ കണക്കുകളും രേഖകളുമെവിടെ?
ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ കണക്കാക്കാതിരിക്കാൻ ന്യായമൊന്നുമില്ലെന്ന് പറഞ്ഞ് ഒരിക്കൽ വാദം കേട്ട് തങ്ങൾ തന്നെ തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാറിന്‍റെയും എംപ്ലോയ്മെന്‍റ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെയും അപ്പീലുകളാണ് അസാധാരണ നടപടിയിലൂടെ വീണ്ടും തുറന്ന കോടതിയിൽ കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. എന്നാൽ ആ വാദം കേൾക്കലിലും ജീവനക്കാരുടെ അഭിഭാഷകർ കേന്ദ്ര സർക്കാറിനെ അവരുടെ തന്നെ കണക്കുകൾ കൊണ്ട് നിരായുധമാക്കിയതോടെ ജസ്റ്റിസ് യു.യു. ലളിതിന് പി.എഫ് കേസിലെ തീർപ്പ് ഒരു ലിറ്റ്മസ് ടെസ്റ്റായി മാറുകയാണ്.
ഒരു സാധാരണ തൊഴിലാളിക്ക് പോലും ഇ.പി.എഫ്.ഒ നിർണയിച്ച ശമ്പളപരിധിയിലും കൂടുതൽ ദിവസ വേതനമായി ലഭിക്കുന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും എന്നിട്ടും പെൻഷൻ നൽകാനുള്ള ശമ്പള പരിധി 15,000 രൂപയാക്കി നിശ്ചയിച്ചത് രാജ്യത്തെ ബഹുഭൂരിഭാഗം ജീവനക്കാർക്ക് വയസ്സുകാലത്ത് മാന്യമായ പെൻഷൻ നിഷേധിക്കുന്ന നടപടിയാണെന്ന് പറഞ്ഞാണ് കേരള ഹൈകോടതി 2014ലെ നിയമ ഭേദഗതി റദ്ദാക്കിയത്. ഇതിനു പുറമെ രാജസ്ഥാൻ, ഡൽഹി ഹൈകോടതികളും കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്‍റെ നടപടി നിയമവിരുദ്ധമാണെന്ന് വിധിച്ചു.
ഹൈകോടതി വിധികൾ നടപ്പാക്കിയാൽ അത് തങ്ങൾക്ക് താങ്ങാവുന്നതിലപ്പുറമുള്ള സാമ്പത്തിക ബാധ്യത വരുത്തുമെന്ന് വാദിച്ച കേന്ദ്ര സർക്കാറിനോടും ഇ.പി.എഫ്.ഒയോടും അത് തെളിയിക്കുന്നതിന് 'ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട്' (ഇ.പി.എഫ്) 'ജീവനക്കാരുടെ പെൻഷൻ പദ്ധതി' (ഇ.പി.എസ്) എന്നിവയുടെ കണക്കുകളും അവ തമ്മിലെ താരതമ്യവും സംബന്ധിച്ച് കേന്ദ്ര സർക്കാറിന്‍റെ സാമ്പത്തിക വിദഗ്ധരുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജസ്റ്റിസ് ലളിത് ആവശ്യപ്പെട്ടത്. വാദം കേൾക്കൽ അവസാനിപ്പിക്കുമെന്നു പറഞ്ഞ വെള്ളിയാഴ്ചയും അത് സമർപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.
കണക്കും രേഖയും വെക്കാൻ സുപ്രീംകോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ അറച്ചുനിൽക്കുമ്പോൾ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇ.പി.എഫ്.ഒയും പുറത്തുവിട്ട രേഖകളുടെ ബലത്തിലാണ് ജീവനക്കാരുടെ അഭിഭാഷകർ കേന്ദ്രം അടയിരിക്കുന്ന കോടികളുടെ കണക്ക് നിരത്തുന്നത് എന്നതാണ് രസകരം.പി.എഫിലേക്ക് ജീവനക്കാർ നിക്ഷേപിക്കുന്ന തുക തൊടാതെ കിടക്കുമ്പോഴാണ് പലിശയുടെ തന്നെ 55 ശതമാനത്തിലേറെ ബാക്കിയാകുന്നതെന്ന് അഭിഭാഷകർ സർക്കാർ കണക്കുകൾവെച്ചാണ് ബോധിപ്പിച്ചത്.
13,545.17 കോടി രൂപ പെൻഷനും മറ്റാനുകൂല്യങ്ങളുമായി ജീവനക്കാർക്കായി പ്രോവിഡന്‍റ് ഫണ്ടിൽ നിന്ന് 2015-16ൽ ചെലവിട്ട കേന്ദ്ര സർക്കാറിന് ആ വർഷം കിട്ടിയ പലിശ മാത്രം 21,662.14 കോടി രൂപയാണ്. 2018-19ൽ 32,982.68 കോടി രൂപ പലിശയിനത്തിൽ സമാഹരിച്ചപ്പോൾ 18,843.75 കോടി രൂപയേ ജീവനക്കാർക്ക് നൽകേണ്ടിവന്നുള്ളൂ.
2019-20 സാമ്പത്തിക വർഷം പി.എഫിൽ നിക്ഷേപിച്ചതിന്‍റെ പലിശയിനത്തിൽ മാത്രം കേന്ദ്ര സർക്കാർ സ്വരൂപിച്ചത് 39.042.05 കോടി രൂപയാണെങ്കിൽ ആ വർഷം പെൻഷനും മറ്റെല്ലാ ആനുകൂല്യങ്ങളുമടക്കം ജീവനക്കാർക്കായി ചെലവിട്ടത് 18,218.76 കോടി രൂപ മാത്രമാണ്. അതേ വർഷം ജീവനക്കാർ അടച്ച 44,448.55 കോടി രൂപയും കേന്ദ്ര സർക്കാർ വിഹിതമായ 7504.59 കോടി രൂപയും ആ വർഷം പലിശയിനത്തിൽ ബാക്കി വന്ന 55 ശതമാനത്തിന് പുറത്താണ്.
ഓരോ ജീവനക്കാരുടെയും അടിസ്ഥാന ശമ്പളത്തിന്‍റെ 8.33 ശതമാനം സ്ഥാപനവും1.16 ശതമാനം കേന്ദ്ര സർക്കാറും അംശദായം അടക്കുന്ന തരത്തിൽ 1995ലാണ് 'ജീവനക്കാരുടെ പെൻഷൻ പദ്ധതി' (ഇ.പി.എസ്) ആരംഭിക്കുന്നത്. 1995ൽ 8252 കോടി രൂപയിൽ നിന്ന് ആരംഭിച്ച ഇ.പി.എസ് 2017-18ൽ 3,93,604 കോടിയിൽ എത്തി നിൽക്കുന്നത് ഇ.പി.എഫ്.ഒയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലെ കണക്ക് കാണിച്ചാണ് മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ ബോധിപ്പിച്ചത്.
ജീവനക്കാരുടെ അഭിഭാഷകർ നിരത്തിയ കണക്കുകൾക്ക് മുന്നിൽ ഉത്തരമില്ലാതായ കേന്ദ്ര സർക്കാറിന്‍റെ അഡീഷനൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി കോടതിക്ക് മുന്നിൽവെച്ചത് അർധ സത്യങ്ങളാണെന്ന് പറഞ്ഞ് ദുർബലമായ പ്രതിരോധത്തിന് മുതിർന്നപ്പോൾ ജസ്റ്റിസ് ലളിത് വീണ്ടും ഇതേ ചോദ്യം ആവർത്തിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധുലിയ എന്നിവർ കൂടി അടങ്ങുന്ന മൂന്നംഗ ബെഞ്ച് നാല് ദിവസം കേട്ടിട്ടും തീരാത്ത വാദം തീർക്കാൻ അടുത്ത ബുധനാഴ്ച രണ്ട് മണിക്കൂർ കൂടി ഇരിക്കുകയാണ്. അതിനുള്ളിലെങ്കിലും കേന്ദ്ര സർക്കാർ തങ്ങളുടെ വാദത്തെ ബലപ്പെടുത്തുന്ന കണക്കുകളും രേഖകളും നൽകണമെന്ന് ഏറ്റവും ഒടുവിൽ ആവശ്യപ്പെട്ടിരിക്കുകയാണ് ജസ്റ്റിസ് യു.യു. ലളിത്.
2014ൽ കൊണ്ടുവന്ന നിയമഭേദഗതിയിലൂടെ 2014ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രമെ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ വേണമെന്ന് പറയാവൂ എന്ന് നിബന്ധന വെച്ചതോടെ ഇനിയാർക്കും അത് കിട്ടില്ലെന്ന സാഹചര്യം വന്നു. അതിന് പുറമെയാണ് പെൻഷൻ വിഹിതം കണക്കാക്കുന്നതിന് 12 മാസത്തെ ശരാശരി ശമ്പളം എന്നത് മാറ്റി പകരം അഞ്ച് വർഷത്തെ ശമ്പളത്തിന്‍റെ ശരാശരിയാക്കിയത്. ഇതിലൂടെ ജീവനക്കാർക്ക് കിട്ടുന്ന പെൻഷൻ തുക കുത്തനെ കുറച്ചു.
വർധിച്ചുകൊണ്ടേയിരിക്കുന്ന പി.എഫ് ഫണ്ട് കേന്ദ്ര സർക്കാർ തൊടാതിരിക്കുമ്പോഴാണിത്. പലിശയിൽ നിന്ന് കിട്ടുന്ന പണം കൊണ്ടുമാത്രം പെൻഷൻ നൽകിയാലും ആ പലിശ തന്നെ ബാക്കിയാകുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന് സർക്കാർ പറയുന്നത്. ജീവനക്കാർക്ക് അർഹതപ്പെട്ടതെല്ലാം വെട്ടിക്കുറച്ച് പ്രോവിഡന്‍റ് ഫണ്ടിൽ സർക്കാർ അടയിരിക്കുന്ന ലക്ഷം കോടികൾ കൊണ്ട് എന്ത് ചെയ്യാനാണ് ഭാവമെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ജയന്ത് മുത്തുരാജ് ചോദിച്ചത് അതുകൊണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.