20 വർഷങ്ങൾക്ക് മുമ്പ്, മാർച്ച് മാസത്തിലെ ഒരു പ്രഭാതത്തിൽ ഞാൻ അഹ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിലുള്ള ഇഹ്സാൻ ജാഫരിയുടെ വീടിനു മുന്നിൽ നിൽക്കുകയായിരുന്നു. ആ മുസ്‍ലിം ഭൂരിപക്ഷ മേഖലയിൽ താമസിച്ചിരുന്ന അയൽപക്കക്കാരെ രക്ഷിക്കാൻ ശ്രമിക്കവെ കലാപകാരികൾ തീവെച്ച് കൊല്ലുകയായിരുന്നു ആ കോൺഗ്രസ് മുൻ എം.പിയെ.
കൊല നടന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിരുന്നു. പക്ഷേ വീടിന്റെ വെളുത്ത ചുമരുകളിലെ പാടുകൾ തീവെപ്പിന്റെ ഭീകരത വ്യക്തമാക്കി. ബാൽക്കണി കത്തിക്കരിഞ്ഞു പോയിരുന്നു. അപ്പോഴും പുക അടങ്ങിയിട്ടുണ്ടായിരുന്നില്ല. പക്ഷേ, എന്നെ ഏറ്റവുമധികം ബാധിച്ചത് ഒരു ഗന്ധമായിരുന്നു- കരിഞ്ഞ മാംസത്തിന്റെ. എനിക്ക് കുറെ നേരത്തേക്ക് ഒന്നിനുമാകുമായിരുന്നില്ല. തളർന്ന് വീണേക്കുമെന്നു പോലും തോന്നിയിരുന്നു.
രാവിലെ പത്തര മണിയായിട്ടുണ്ടായിരുന്നു. വലിയ ആൾക്കൂട്ടം ബാൽക്കണിയിലേക്ക് നോക്കി ആ വീടിനു മുന്നിൽ തടിച്ചു കൂടിയിരുന്നു. ആ സംഭവം നേരിൽ വീക്ഷിക്കുന്ന ഭാവത്തിൽ.
ആ കൂട്ടത്തിൽ നിന്ന് ഓരോരുത്തരായി എന്താണ് സംഭവിച്ചതെന്ന് വിവരിക്കാൻ തുടങ്ങി. ഫെബ്രുവരി 28ന് അതിരാവിലെ തന്നെ കലാപകാരികൾ ആ പ്രദേശത്തെത്തിയിരുന്നു. പൊലീസ് ഇടപെടലിനെ തുടർന്ന് ഒന്ന് പിൻവാങ്ങിയവർ വീണ്ടുമെത്തി. സർവാദരണീയനായ ജാഫരിയുടെ വീട്ടിലാണ് അയൽവീടുകളിലെ നിരവധി പേർ അഭയം തേടിയിരുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും തൊഴിലാളി നേതാവും സാഹിത്യകുതുകിയുമായിരുന്ന അദ്ദേഹം മത സൗഹാർദത്തിൽ വിശ്വസിച്ചിരുന്ന പഴയ ഗുജറാത്തിന്റെ പ്രതീകമായിരുന്നു.
കലാപകാരികൾ വീണ്ടും വന്നപ്പോൾ ജാഫരി തിരക്കിട്ട് സകലരെയും വിളിച്ചുനോക്കി. ഇവിടെയും ഡൽഹിയിലുമുള്ള എല്ലാവരെയും വിളിച്ചു. എല്ലാവരും പറഞ്ഞു ഞങ്ങൾ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്ന്. പക്ഷേ, ഒന്നും സംഭവിച്ചില്ല- ഒരാൾ പറഞ്ഞു.
'ആളുകൾ ജാഫരിക്ക് ചുറ്റും തിടിച്ചുകൂടിയിരുന്നു. പേരക്കുട്ടികൾ ഒട്ടിപ്പിടിച്ച് നിന്നു. കലാപകാരികൾ അദ്ദേഹത്തെ വീട്ടിൽനിന്ന് പിടിച്ചു കൊണ്ടുപോയി, വെട്ടി മുറിക്കുകയും തീ വെക്കുകയും ചെയ്തു. കുടുംബത്തിലേയും അയൽപക്കത്തെയും ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. 69 ആയിരുന്നു അവിടത്തെ മരണസംഖ്യ.
പിന്നെ അഹ്മദാബാദിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ചാമ്പലാക്കപ്പെട്ട ആ ബാൽക്കണിയും എന്നെ തളർത്തിയ ആ ഗന്ധവും മനസ്സിൽ വരുമായിരുന്നു. ഒപ്പം ആളുകളാൽ ചുറ്റപ്പെട്ട ഒരു വയോധികൻ പരിഭ്രാന്തിയോടെ ഫോൺ ചെയ്യുന്നതും.. ആളുകളിൽ നിന്ന് കേട്ട് രൂപപ്പെട്ടതാണാ ചിത്രം. ഞാനന്ന് ഗുൽബർഗ് സൊസൈറ്റിയെക്കുറിച്ച് എഴുതിയില്ല, എന്തു കൊണ്ടെന്നാൽ എന്നെക്കൊണ്ട് അതെഴുതാൻ സാധിക്കില്ലായിരുന്നു.
എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളെഴുതാൻ വാക്കുകളില്ലായിരുന്നു. എനിക്കന്ന് ഇത്ര പ്രായമില്ലല്ലോ. ഉള്ളിൽ നിന്ന് വിട്ടുപോകാൻ കൂട്ടാക്കാത്ത ആ വല്ലാത്ത ഗന്ധത്തെക്കുറിച്ച് ,ജീവനുള്ള മനുഷ്യശരീരങ്ങൾ കൊണ്ട് തീർത്ത ഒരു തീക്കൂനയുടെ ദൃശ്യചിത്രത്തെ കുറിച്ച് ഒരാൾക്ക് എങ്ങനെയാണ് എഴുതാൻ കഴിയുക?
ഞാൻ മറ്റു പല വാർത്തകളുമെഴുതി- അതിജീവിച്ചവരെക്കുറിച്ച്, മുസ്‍ലിംകളെ സഹായിച്ച ഹിന്ദുക്കളെക്കുറിച്ച്, അപ്പോഴും പ്രതീക്ഷ വെച്ചു പുലർത്തുന്ന മുസ് ലിംകളെക്കുറിച്ച്. ഗുൽബർഗ് സൊസൈറ്റിയെക്കുറിച്ച് അതിനകം തന്നെ പല റിപ്പോർട്ടുകളും വന്നതിനാൽ ഇനി അതേക്കുറിച്ച് ഞാൻ എഴുതിയില്ലെങ്കിലും കുഴപ്പമില്ല എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞ് സമാധാനിപ്പിച്ചു.
പക്ഷേ, ആ ഗന്ധം വിട്ടൊഴിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. അതേ ഗന്ധം തന്നെയായിരുന്നു നരോദ പാടിയയിലൂടെ നടക്കുമ്പോഴും ഗോധ്രയിൽ കത്തിയെരിഞ്ഞ ട്രെയിൻ കമ്പാർട്ട്മെന്റിനരികിൽ ചെന്നപ്പോഴും. പക്ഷേ, ഇഹ്സാൻ ജാഫരിയുടെ കഥ എന്റെ തലച്ചോറിനകത്ത് കിടന്ന് എരിയുന്നുണ്ടായിരുന്നു.
പിന്നീട് രാജ്യം ബെസ്റ്റ്ബേക്കറി വിചാരണക്ക് സാക്ഷ്യം വഹിച്ചു, നീതി തേടി ജാഫരിയുടെ വിധവ സകിയ നടത്തിയ പോരാട്ടത്തെക്കുറിച്ചു, ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദിനെതിരെ നടക്കുന്ന നീക്കങ്ങളെക്കുറിച്ചും വായിച്ചു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണസംഘം നൽകിയ ക്ലീൻചിറ്റ് കഴിഞ്ഞ വെള്ളിയാഴ്ച ഒരു സുപ്രീംകോടതി ബെഞ്ച് ശരിവെച്ചിരിക്കുന്നു.
അത്തരം സന്ദർഭങ്ങളിൽ ചിലർ സാഹിത്യത്തിലേക്ക് തിരിയും. ചിലപ്പോൾ ജാഫരി ഇഷ്ടപ്പെട്ടിരുന്ന കവിതയിലേക്ക്. ശാന്തമനസ്സിൽ ഓർമയിലെത്തുന്ന വികാരങ്ങളാണ് കവിതയുടെ ആശയങ്ങൾ എന്നാണ് വില്യം വേർഡ്സ് വർത്ത് വിശേഷിപ്പിച്ചത്. ഞാൻ കവിതയിൽ നിന്ന് ഏറെ അകലെയാണ്, ശാന്തതയിൽ നിന്നും. എനിക്ക് തോന്നുന്നത് ഹിന്ദുത്വ ശക്തികൾ അധികാരം പിടിച്ചതോടെ എന്നെപ്പോലെ നിരവധി പേർക്ക് സമാധാനാവസ്ഥ തന്നെ നഷ്ടമായിരിക്കുന്നു എന്നാണ്.
ഇപ്പോഴും ആ ഗന്ധം വിവരിക്കാനുള്ള വാക്കുകൾ എന്റെ പക്കലില്ല, പക്ഷേ എനിക്കത് ഓർമയുണ്ട്.
അതെന്റെ ബാധ്യതയാണ്- ഒരു മാധ്യമ പ്രവർത്തക എന്ന നിലയിലും ഇന്ത്യക്കാരി എന്ന നിലയിലും.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.