????????? ?????????????

പൗരത്വ ഭേദഗതി ഹിന്ദുത്വരാഷ്​ട്ര നിർമിതിക്ക്

2025 വിജയദശമി ദിനം. രാഷ്​ട്രീയ സ്വയംസേവക് ​സംഘത്തി​​െൻറ നൂറാം വാർഷികത്തിന് ഇനി അഞ്ചു വർഷങ്ങൾ മാത്രം! ഇന്ത്യയെ സ മ്പൂർണ ഹിന്ദു രാഷ്​ട്രമാക്കാനുള്ള ലക്ഷ്യം അന്നേക്ക് പൂർത്തീകരിക്കപ്പെടുമെന്നാണ് സംഘ്​ ബുദ്ധിജീവികൾ കരുതുന ്നത്. ലെജി​േസ്ലറ്റിവ്, ജുഡീഷ്യറി, എക്സിക്യൂട്ടിവ് എന്നീ രാജ്യത്തി​​െൻറ മൂന്നു തൂണുകളും ഏകദേശം സംഘ്​വത്​കരിക് കപ്പെട്ടു കഴിഞ്ഞെന്ന് സമീപകാലസംഭവങ്ങൾ വിളിച്ചോതുന്നു.

മാധ്യമങ്ങളെ അവർ വിലയ്​ക്കെടുത്തു കഴിഞ്ഞു. ഇനി വേണ് ടത് പ്രത്യക്ഷ പ്രയോഗവത്​കരണമാണ്. അതിനുള്ള ഒരുക്കത്തിലാണ് സംഘ്​കുടുംബം. മുത്തലാഖ്​ ക്രിമിനൽ കുറ്റമാക്കിയത് മ ുതൽ ജമ്മു-കശ്മീരി​​െൻറ പ്രത്യേകപദവി എടുത്തുകളഞ്ഞതുവരെ ആമുഖനടപടികളായിരുന്നു. പൗരത്വഭേദഗതി നിയമത്തിൽനിന്ന് ത ുടങ്ങി ദേശീയ ജനസംഖ്യപട്ടികയിൽ എത്തുന്നതോടെ അത് പൂർണമാകും. അതിനായുള്ള ആസൂത്രണങ്ങളാണ് അണിയറയിൽ നടന്നുകൊണ്ടിര ിക്കുന്നത്. സംഘ്​പരിവാറി​​െൻറ ഹിന്ദുരാഷ്​ട്ര സങ്കൽപത്തിന് വേദോപനിഷത്തുക്കളുടെ സനാതനധർമവുമായി എന്തെങ്കിലു ം ബന്ധങ്ങളുണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ തെറ്റി. അങ്ങനെയെങ്കിൽ അവർ വാദങ്ങൾ സമർഥിക്കാനായി ഉദ്ധരിക് കേണ്ടിയിരുന്നത് വൈദികഗ്രന്ഥങ്ങളെയോ, ഇതിഹാസങ്ങളെയോ, ഭഗവദ്ഗീതയെയോ ചുരുങ്ങിയത് സ്‌മൃതികളെയെങ്കിലുമോ ആയിരുന്നു. എന്നാൽ, വി.ഡി. സവർക്കർ മുതൽ എം.എസ്​. ഗോൾവാൾക്കർ വരെയും എം.ജി. വൈദ്യ മുതൽ പി. പരമേശ്വരൻ വരെയുമുള്ള മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ സംഘ്​ ബുദ്ധിജീവികളൊന്നും ഈ ഗ്രന്ഥങ്ങളിലേതെങ്കിലും ഉദ്ധരിച്ചുകാണുന്നില്ല. അവർ ഉദാഹരിക്കുന്നതെല്ലാം ഇറ്റലിയിലും ജർമനിയിലും ജീവിച്ച തീവ്രദേശീയവാദികളെയാണ്.

സംഘ്​ തത്ത്വശാസ്ത്രത്തിന് വേദവ്യാസൻ മുതൽ മഹാത്മാ ഗാന്ധി വരെയും വാല്മീകി മഹർഷി മുതൽ ശ്രീനാരായണ ഗുരുവരെയും പിന്തുടർന്ന സനാതനധർമവുമായി ഒരു ബന്ധവുമില്ലെന്നാണ് ഇതിനർഥം. തികച്ചും വൈദേശികമാണ് ഹിന്ദുത്വമെന്ന ആശയം. ഹിന്ദുമതവുമായി അതിന് ബന്ധമൊന്നുമില്ല. ഇന്ത്യയിൽ ബഹുസ്വരതയെ ഉൾക്കൊണ്ടു തയാറാക്കപ്പെട്ട ഭരണഘടനയെ തകർത്തു മാത്രമേ ഹിന്ദുത്വരാഷ്​ട്ര നിർമിതി സാധ്യമാകൂ എന്ന് കൃത്യമായും മനസ്സിലാക്കുന്നവരാണ് സംഘ്​ ബുദ്ധിജീവികൾ. പൗരത്വഭേദഗതി നിയമത്തിൽ തുടങ്ങി ദേശീയ പൗരത്വപ്പട്ടികയിലെത്തുമ്പോഴേക്ക് തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഹിന്ദുത്വരാഷ്​ട്രത്തിനാവശ്യമായ തറക്കല്ലിടൽ നടക്കുമെന്നുതന്നെയാണ് അവരുടെ കണക്കുകൂട്ടൽ. അതിനായുള്ള ആസൂത്രണമാണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത്. എം.എസ്.​ ഗോൾവാൾക്കർ 'വിചാരധാര'യിൽ പറയുന്നത് ഇങ്ങനെ: ''പാശ്ചാത്യരാജ്യങ്ങളിലെ വ്യത്യസ്ത ഭരണഘടനകളിലെ വിവിധ വകുപ്പുകളുടെ ഒരു സമ്മിശ്രം മാത്രമാണ് നമ്മുടെ ഭരണഘടന. നമ്മുടേതെന്ന് വിളിക്കാനാകുന്ന ഒന്നുംതന്നെ യഥാർഥത്തിൽ അതിലില്ല'' (Bunch of Thoughts, Sahitya Sindhu, Bangalore, 1996, Page 238).

ഇന്ത്യയുടെ ഭരണഘടന നിർമാണസഭയിലെ 284 അംഗങ്ങൾ രണ്ടു വർഷവും 11 മാസവും 18 ദിനങ്ങളും രാപ്പകലില്ലാതെ എന്ന് പറയാവുന്ന രീതിയിൽ ഒരുമിച്ചുകൂടി ഓരോ വകുപ്പിനെയും കുറിച്ച്​ ദീർഘമായ ചർച്ചകളും വാദപ്രതിവാദങ്ങളും നടത്തി കഠിനാധ്വാനത്തിലൂടെ രൂപപ്പെടുത്തിയെടുത്തതാണ് ഭരണഘടന. അതിനെക്കുറിച്ച് 'നമ്മുടേതെന്ന് വിളിക്കാനാകുന്ന ഒന്നും അതിലില്ലെ'ന്ന് സംഘ്​ ഗുരു പറഞ്ഞത് എന്തുകൊണ്ടായിരിക്കും? 'നമ്മുടെ ദേശീയദൗത്യവും ജീവിത സാരാംശവും വ്യക്തമാക്കുന്ന മാർഗനിർദേശകതത്ത്വങ്ങളൊന്നും അതിലില്ലെന്നാണ്​ അദ്ദേഹത്തി​​െൻറ ആവലാതി. ഏതാണീ മാർഗനിർദേശകതത്ത്വങ്ങൾ? 1949 നവംബർ 30ന് പുറത്തിറങ്ങിയ ആർ.എസ്​.എസ്​ മുഖപത്രം 'ഓർഗനൈസർ' വാരികയുടെ പത്രാധിപക്കുറിപ്പ് അതെന്താണെന്ന് വ്യക്തമാക്കുന്നു: ''പക്ഷേ, നമ്മുടെ ഭരണഘടനയിൽ പുരാതന ഭാരതത്തിലെ അദ്വിതീയമായ ഭരണഘടന വളർച്ചയെക്കുറിച്ച പരാമർശങ്ങളൊന്നുമില്ല. സ്പാർട്ടയിലെ ലികുർഗ്സോ പേർഷ്യയിലെ സോളോനോ ഉണ്ടാകുന്നതിന് ഏറെക്കാലങ്ങൾക്കു മുമ്പ്​ എഴുതപ്പെട്ടതാണ് മനുവി​​െൻറ നിയമങ്ങൾ. പക്ഷേ, നമ്മുടെ ഭരണഘടന പണ്ഡിതന്മാർക്ക് അവയെല്ലാം അർഥമില്ലാത്തതാണ്.''

നിലവിലുള്ള ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ തകർക്കുകയാണ് ഭരണഘടനയെ തകർക്കുന്നതിന് ആദ്യപടി. തികഞ്ഞ മതനിരപേക്ഷതയുടെ ചൂളയിൽ ചുട്ടെടുത്ത ഭരണഘടനയിലെ വകുപ്പുകളിലൊന്നും മതപരമായ വിവേചനങ്ങൾ കാണുകയില്ല. പൗരന്മാരെ മതം തിരിച്ച് വേർതിരിക്കുന്ന പൗരത്വഭേദഗതി നിയമം മതനിരപേക്ഷതയെന്ന ഭരണഘടനയുടെ അടിവേരിനെയാണ് മുറിക്കുന്നത്. ഹിന്ദുവെന്നാൽ 'പൊതുവായ ഒരു മാതൃരാജ്യത്തി​​െൻറ മക്കളായി ജീവിക്കുകയും ഒരു വിശുദ്ധദേശത്തെ പൂജിക്കുകയും ചെയ്യുന്ന ജനമാണ്' എന്ന് വി.ഡി. സവർക്കർ 'ഹിന്ദുത്വത്തി​​െൻറ അടിസ്ഥാനങ്ങൾ' (Essentials Of Hindutva) എന്ന തലക്കെട്ടിൽ 1923ൽ എഴുതി 'ഹിന്ദുത്വ: ആരാണ് ഹിന്ദു'? (Hindutva: Who Is a Hindu?) എന്ന തലക്കെട്ടിൽ 1928ൽ പുനഃപ്രസിദ്ധീകരിച്ച ചെറുഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്.

മക്കയെ വിശുദ്ധദേശമായി അംഗീകരിക്കുന്ന മുസ്​ലിംകളും ജറൂസലമിനെ പുണ്യപ്രദേശമായി ആദരിക്കുന്ന ക്രിസ്ത്യാനികളും ഈ ഹിന്ദുനിർവചനത്തിന് പുറത്താണ്. ഇന്ത്യയിൽ ജനിച്ച ഹിന്ദുമതത്തി​​െൻറ വ്യത്യസ്ത ഉൾപ്പിരിവുകളെയും ജൈനമതത്തെയും ബുദ്ധമതത്തെയും സിഖ്​ മതത്തെയുമെല്ലാം ഉൾക്കൊള്ളുന്നതാണ് അദ്ദേഹത്തി​​െൻറ ഹിന്ദുനിർവചനം. ഇറ്റലിയിലെയും ജർമനിയിലെയും ഫാഷിസ്​റ്റ്​-നാസീ ചിന്തകരിൽനിന്ന് പ്രചോദനമുൾക്കൊണ്ട് രൂപവത്​കരിക്കപ്പെട്ടതും ഭാരതപൈതൃകവുമായി ഒരു ബന്ധവുമില്ലാത്തതുമായ ഹിന്ദുത്വ പ്രത്യയശാസ്ത്രപ്രകാരം മുസ്​ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്​റ്റുകളുമെല്ലാം ഇന്ത്യയുടെ ശത്രുക്കളാണെന്ന് അവ വ്യക്തമായി സമർഥിക്കുന്നുണ്ട്.
ഭാരതത്തി​െൻറ ബഹുസ്വരതയെ പ്രതിനിധാനംചെയ്യുന്നതാണ് മൂവർണക്കൊടിയെന്നതിനാൽ ദേശീയപതാകയെ എതിർത്തവരാണ് സംഘ്​നേതാക്കൾ. ത്രിവർണപതാകയല്ല, കാവിക്കൊടിയാണ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡൽഹി ചെങ്കോട്ടയിൽ ഉയർത്തേണ്ടതെന്ന് സ്ഥാപിച്ചുകൊണ്ടുള്ള ലേഖനംതന്നെ 1947 ആഗസ്​റ്റ്​ 14ന് പുറത്തിറങ്ങിയ 'ഓർഗനൈസറി'ലുണ്ട്.

മതനിരപേക്ഷതയെക്കുറിച്ച് പറയുമ്പോഴെല്ലാം സംഘ്​നേതാക്കൾ കപടമതേതരത്വം എന്നേ പറയാറുള്ളൂ. മുസ്​ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്​റ്റുകളുമില്ലാത്ത ഇന്ത്യയെന്ന സംഘത്തി​​െൻറ മാത്രം ഹിന്ദുരാഷ്​ട്രത്തെ സ്വപ്നം കാണാനും അതി​​െൻറ നിർമിതിക്കായി ജീവത്യാഗം ചെയ്യാനുമാണ് അവർ ശാഖകളിലൂടെ സാധാരണ പ്രവർത്തകരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത്. സഹസ്രാബ്​ദങ്ങളായി നിലനിൽക്കുന്ന ഭാരതത്തി​​െൻറ ബഹുസ്വരസംസ്കാരത്തെ നശിപ്പിച്ചല്ലാതെ ഹിന്ദുരാഷ്​ട്ര നിർമിതി സാധ്യമല്ലെന്ന് സംഘ്​നേതാക്കൾക്ക് നന്നായറിയാം. സവർക്കർ സ്വപ്നം കണ്ട ഇന്ത്യയിലുണ്ടാവേണ്ടവരെയെല്ലാം ഇപ്പോൾ അവതരിപ്പിക്കപ്പെട്ട പൗരത്വഭേദഗതി നിയമത്തിൽ ഇന്ത്യയുടെ പൗരന്മാരാകാൻ അർഹതയുള്ളവരായി എണ്ണിയിട്ടുണ്ട്.

ഭാരതത്തി​​െൻറ ബഹുസ്വരതയെ തകർക്കുകയെന്ന ലക്ഷ്യത്തോടു കൂടിത്തന്നെയാവണം ഇതു ചെയ്തിരിക്കുന്നത്. ക്രിസ്ത്യാനികൾ മാത്രമാണ് ഇതിന്​ അപവാദം; അവരെ പൗരന്മാരാകാൻ തൽക്കാലം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലുണ്ടാവരുതെന്ന് സവർക്കർ ആഗ്രഹിച്ചവരാണ് അവരും. അവർക്കുകൂടി പൗരത്വം നൽകാനുള്ള നിയമത്തിലെ വ്യവസ്ഥക്കുപിന്നിൽ ഒരേസമയം രണ്ടുപേരെ ശത്രുക്കളാക്കാൻ പാടില്ലെന്ന യുദ്ധതന്ത്രമായിരിക്കാം. 'വിചാരധാര' പ്രകാരം ആഭ്യന്തരഭീഷണികളിലെ ആദ്യ വിഭാഗമായ മുസ്​ലിംകൾ കഴിഞ്ഞാൽ രണ്ടും മൂന്നും വിഭാഗമായി എണ്ണിയിരിക്കുന്നത് ക്രൈസ്തവരെയും കമ്യൂണിസ്​റ്റുകാരെയുമാണ്. ഇക്കാര്യം 'ഭേദഗതി നിയമം ഞങ്ങൾക്കെതിരല്ലല്ലോ' എന്ന് സമാശ്വസിക്കുന്നവരെല്ലാം മനസ്സിലാക്കി വെക്കുന്നത് നല്ലതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.