തിരുക്കുവളൈയിലെ തിരുത്തൽവാദി

1953 കാലം. തമിഴ് ജനതക്കു മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാറി​​​​െൻറ നീക്കത്തിനെതിരെ തമിഴകം തിളച്ചുനിന്ന സമയം. സംസ്ഥാനം ഭരിച്ച കോൺഗ്രസ് സർക്കാർ തൃശ്ശിനാപ്പള്ളി ജില്ലയിലെ കല്ലക്കുടി റെയിൽവേ സ്റ്റേഷ​​​​െൻറ പേര് 'ഡാൽമിയാപുരം' എന്നാക്കാൻ തീരുമാനിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്കെതിരെ പോരാടിയ ചരിത്രമുള്ള തമിഴ​​​​െൻറ മനസ്സ് സർക്കാർ തീരുമാനം അംഗീകരിക്കാൻ തയാറല്ലായിരുന്നു. പൊലീസ് വിലക്ക് ലംഘിച്ച് ദ്രാവിഡ പാർട്ടി പ്രവർത്തകർ റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രകടനം നടത്തി.

അവർ റെയിൽപാളത്തിൽ കുറുകെ കിടന്ന് മുദ്രാവാക്യം വിളിച്ചു. അകലെനിന്ന് ചൂളം വിളിച്ച് തീവണ്ടി പാഞ്ഞടുക്കുന്നുണ്ടായിരുന്നു. ഏറ്റവും മുന്നിൽ കിടന്നത് 30 തികയാത്ത ഒരു ചെറുപ്പക്കാരൻ.  തീവണ്ടി അടുത്തെത്തുമ്പോൾ പേടിച്ച് സമരക്കാർ പാളത്തിൽനിന്നിറങ്ങി ഓടുമെന്നായിരുന്നു എഞ്ചിൻ ൈഡ്രവർ കണക്കുകൂട്ടിയത്. ചിലരൊക്കെ എഴുന്നേറ്റ് ഓടി. െട്രയിൻ അടുത്തെത്തുന്ന ശബ്ദം പാളങ്ങളിലുടെ ഇരമ്പിയാർത്ത് ശരീരം മുഴുവൻ വൈദ്യുതി കണക്കെ പടർന്നുകയറിയിട്ടും ആ ചെറുപ്പക്കാരൻ അനങ്ങിയില്ല. ആകാംക്ഷ മുറ്റിയ നിമിഷങ്ങൾ നിറഞ്ഞ ഒരു തമിഴ് സിനിമയുടെ ക്ലൈമാക്സ് കണക്കെ ഇഞ്ചുകളുടെ വ്യത്യാസത്തിൽ െട്രയിൻ നിന്നു. നിരോധനം ലംഘിച്ചതി​​​​െൻറ പേരിൽ ആറുമാസം ജയിൽ ശിക്ഷയായിരുന്നു ആ യുവാവിന് കിട്ടിയ പ്രതിഫലം.

നാല് വർഷങ്ങൾക്കു ശേഷം കുളിത്തളൈയിലെ നഗവരം ഗ്രാമത്തിൽ കർഷകർ ഭൂവുടമയ്ക്കെതിരെ സമരം നടത്തുകയായിരുന്നു. കൃഷിയിടത്തിനു ചുറ്റും തോക്കേന്തിയ പൊലീസുകാർ നിരന്നുനിന്നു. വയലിൽ കാലുകുത്തിയാൽ വെടിവെക്കുമെന്ന് ഭീഷണി. പേടിച്ചുനിന്ന കർഷർക്കിടയിൽനിന്ന് ഒരു ചെറുപ്പക്കാരൻ മുന്നോട്ടുവന്നു. അന്നയാൾക്ക് പ്രായം മുപ്പതു കഴിഞ്ഞിരുന്നു. കർഷക​​​​െൻറ കൈയിൽനിന്ന് കലപ്പ വാങ്ങി അയാൾ നിലത്തിലിറങ്ങി. അതുകണ്ട് ആവേശം മൂത്ത കർഷകർ പിന്നാലെ. പൊലീസുകാരും ജന്മികളും അന്തംവിട്ട് നിൽക്കെ ഉഴുതുമറിച്ച കണ്ടത്തി​​​​െൻറ നടുവിൽ ആ ചെറുപ്പക്കാരൻ കൊടി നാട്ടി.

പിൽക്കാല സമരങ്ങളുടെയും തമിഴ് രാഷ്്ട്രീയത്തി​​​​െൻറയും തിരുനെറ്റിയിൽ എഴുതിവെച്ച പേര് ആ ചെറുപ്പക്കാരേൻറതായിരുന്നു. മുത്തുവേൽ കരുണാനിധി. തീക്ഷ്ണമായ ദ്രാവിഡ രാഷ്ട്രീയത്തി​​​​െൻറ കടുംതീയിൽ കാച്ചിയെടുത്ത ഒരു കാലമുണ്ടായിരുന്നു കരുണാനിധിക്ക്. പിൽക്കാലത്ത് അധികാരത്തി​​​​െൻറ മത്ത് തലയ്ക്കുപിടിച്ച അഴിമതിയുടെ പര്യായങ്ങളിലൊന്നായി കരുണാനിധിക്ക് വിലയിടുമ്പോഴും അദ്ദേഹം നടന്നുകയറിയ ദ്രാവിഡ രാഷ്ട്രീയത്തി​​​​െൻറ ഉച്ചവെയിലുകളെ തമസ്കരിക്കാനാവില്ല.

തഞ്ചാവൂർ ജില്ലയിലെ തിരുവാരൂർ സംഗീതത്തി​​​​െൻറ നാടാണ്. തിരുവാരൂരിലെ തിരുക്കുവളൈ എന്ന ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ 1924 ജൂൺ മാസം മൂന്നിന് കുരണാനിധി ജനിച്ചു.  തമിഴ് പണ്ഡിതനും കലാകാരനുമായിരുന്നു പിതാവ് മുത്തുവേൽ. അമ്മ അഞ്ചുകം.

13ാം വയസ്സിൽ പൊതുപ്രവർത്തനം തുടങ്ങിയതാണ് കരുണാനിധി. ദ്രാവിഡ പാർട്ടികളുടെ പ്രപിതാമഹനായി വിശേഷിപ്പിക്കപ്പെടുന്നത് പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരാണെങ്കിലും അതിന് അടിത്തറയിട്ടത് മലയാളിയായ ഡോ. ടി.എം. നായർ സ്ഥാപിച്ച ‘നീതി കക്ഷി’ (ജസ്റ്റിസ് പാർട്ടി)യായിരുന്നു. നായർ കക്ഷി എന്ന് കളിയാക്കി വിളിച്ചിരുന്ന ജസ്റ്റിസ് പാർട്ടിയുടെ തീപ്പൊരി പ്രാസംഗികനായിരുന്ന പട്ടുകോട്ട അഴകിരി സാമിയുടെ പ്രഭാഷണങ്ങളിൽ ആവേശം കൊണ്ടായിരുന്നു 13ാം വയസ്സിൽ കരുണാനിധി പൊതുപ്രവർത്തനം തുടങ്ങിയത്. പിൽക്കാലത്ത് പെരിയാർ ‘നീതി കക്ഷി’യുടെ നേതൃത്വം ഏറ്റെടുത്തുവെന്നത് ചരിത്രം. 1944ൽ  സേലത്തുനടന്ന ജസ്റ്റിസ് പാർട്ടിയുടെ മഹാസമ്മേളനമായിരുന്നു പാർട്ടിയുടെ പേര് 'ദ്രാവിഡ കഴകം' എന്നാക്കിയത്.  അങ്ങനെ പെരിയാരുടെ 'സ്വയമരിയാതൈ ഇയക്കവും' ജസ്റ്റിസ് പാർട്ടിയും ഒന്നായി. ദ്രാവിഡ രാഷ്ട്രീയ പാർട്ടിക്ക് തുടക്കവുമായി.

അണ്ണാദുരൈ, പെരിയാർ, കരുണാനിധി
 

പത്താം ക്ലാസിൽ മൂന്നുതവണ തോറ്റ കരുണാനിധി വിദ്യാർത്ഥികളെ സംഘടിപ്പിച്ച് 'തമിഴ്മാണവർ  മൺറം' എന്നൊരു സംഘടന രൂപീകരിച്ചു.  പിൽക്കാലത്ത് പ്രസിദ്ധമായി  തീർന്ന 'മുരശൊലി' എന്ന പ്രസിദ്ധീകരണം കരുണാനിധി ആരംഭിച്ചത് ഈ സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു. ആദ്യം ‘ദ്രാവിഡ നാടക കഴകം’ എന്ന സംഘമുണ്ടാക്കിയ കരുണാനിധി സംഘത്തിനു വേണ്ടി ‘ശാന്ത’ എന്ന ആദ്യ നാടകമെഴുതി. പ്രധാന നടനും കരുണാനിധിയായിരുന്നു. ഒരിക്കൽ പോണ്ടിച്ചേരിയിൽ നാടകം കഴിഞ്ഞു വരികയായിരുന്ന കരുണാനിധിയെ ഒരുകൂട്ടം ആളുകൾ അടിച്ചവശനാക്കി. ഒരു വീട്ടുകാരൻ അഭയം നൽകിയതുകൊണ്ടുമാത്രം രക്ഷപ്പെട്ടതാണ്.

വൈകാതെ പെരിയാരുടെ 'കുടിയരശ്' പത്രത്തിൽ സബ് എഡിറ്ററായി ജോലിക്കു കയറി. പ്രതിമാസം 40 രൂപ ശമ്പളം. ഒരു വർഷം അവിടെ ജോലി ചെയ്തു കഴിഞ്ഞപ്പോൾ 'രാജകുമാരി' എന്ന സിനിമക്ക് സംഭാഷണം എഴുതാൻ കരുണാനിധിക്ക് അവസരം കിട്ടി. ജൂപ്പിറ്റർ കമ്പനി നിർമിച്ച ആ സിനിമയിലെ നായകൻ എം.ജി. രാമചന്ദ്രൻ ആയിരുന്നു. അവർ തമ്മിൽ ആദ്യമായി കാണുകയും പരിചയപ്പെടുകയുമായിരുന്നു. ആ ബന്ധം തമിഴ് രാഷ്ട്രീയത്തെ നിർണയിക്കുന്ന സൗഹൃദമായി പിൽക്കാലത്ത് മാറി.

പ്രസിദ്ധ നടൻ എം.ആർ. രാധയ്ക്കുവേണ്ടി കരുണാനിധി എഴുതിയ ‘തൂക്കുമേടൈ’ എന്ന നാടകം സൂപ്പർ ഹിറ്റായി. ആ നാടകത്തി​​​​െൻറ പരസ്യത്തിൽ എം.ആർ. രാധ നൽകിയ വിശേഷണമായിരുന്നു ‘കലൈഞ്ജർ’ എന്നത്. '‘തൂക്കുമേടൈ’യിലെ തീപ്പൊരി ആശയങ്ങളും ഡയലോഗുകളും ജനങ്ങളിൽ ആവേശമായി. കോൺഗ്രസ് സർക്കാർ നാടകം നിരോധിച്ചു. പക്ഷേ, ‘വാഴമുടിയാതവർകൾ’ എന്ന് പേരുമാറ്റി നാടകം തുടർന്നും അവതരിപ്പിച്ചു.

ദ്രാവിഡ രാഷ്ട്രീയത്തി​​​​െൻറ അടിത്തറയിട്ടത് പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരാണ്. ആധുനിക തമിഴ്നാടി​​​​െൻറ ശിൽപി എന്നു വിശേഷിപ്പിക്കാവുന്ന രാഷ്ട്രീയ നേതാവ് സി.എൻ. അണ്ണാദുരൈ തന്നെ. പെരിയാറി​​​​െൻറ കൈയിലെ റിവോൾവറാണ് അണ്ണാ ദുരൈ എങ്കിൽ അതിലെ വെടിയുണ്ട കരുണാനിധിയായിരുന്നു. 1967ലെ തെരഞ്ഞെടുപ്പിൽ കാമരാജി​​​​െൻറ കോൺഗ്രസിനെ തൂത്തെറിഞ്ഞ് ദ്രാവിഡ കക്ഷികളുടെ ഭരണത്തിന് തമിഴകത്ത് അടിയുറപ്പ് നൽകിയത് കലൈഞ്ജറുടെ സംഘടനാ പാടവമായിരുന്നു.
മണ്ഡലങ്ങൾ തോറും കയറിയിറങ്ങി പത്തു ലക്ഷത്തി​​​​െൻറ ലക്ഷ്യം കടന്ന് 11 ലക്ഷം പാർട്ടി ഫണ്ട് പിരിച്ചെടുത്ത കരുണാനിധി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ചു. മദ്രാസിലെ സൈദാപേട്ടയിൽ നിന്ന് വൻഭൂരിപക്ഷത്തിൽ കരുണാധിയും ജയിച്ചുകയറി. 1969 ഫെബ്രുവരി രണ്ടിന് അണ്ണാദുരൈ മരണപ്പെട്ടപ്പോൾ താൽക്കാലിക മുഖ്യമന്ത്രിയായി വി.ആർ. നെടുഞ്ചെഴിയനെ തെരഞ്ഞെടുത്തെങ്കിലും വൈകാതെ കരുണാനിധി മുഖ്യമന്ത്രിയായി.

എം.ജി. ആറി​​​​െൻറ ‘ഏഴൈത്തോഴൻ’ ഇമേജിനെ സമർത്ഥമായി ഉപയോഗിച്ച കരുണാനിധി ആൾക്കൂട്ടത്തെ ഇളക്കിമറിക്കാൻ പോന്ന ത​​​​െൻറ വാഗ്വൈഭവത്തിലൂടെ എതിരാളികളെ നിഷ്പ്രഭമാക്കി. ഒടുവിൽ കരുണാനിധിയോട് തെറ്റി എം.ജി.ആർ പുതിയ പാർട്ടിയുണ്ടാക്കിയതും തമിഴ് രാഷ്ട്രീയത്തി​​​​െൻറ തന്നെ വഴിത്തിരിവായി. നായകനും വില്ലനും എന്ന മട്ടിൽ ഒരു സിനിമക്കഥ പോലെയായിരുന്ന പിന്നീട് തമിഴ് രാഷ്ട്രീയം. എം.ജി. ആറിനെ താരമൂല്യമുള്ള നായകനാക്കിയതിൽ പ്രധാന പങ്കുവഹിച്ചത് കരുണാനിധിയുടെ ശക്തമായ തിരക്കഥകളായിരുന്നു എന്നത് ഇപ്പോൾ വിചിത്രമായി തോന്നിയേക്കാം.

ദ്രാവിഡ രാഷ്ട്രീയത്തി​​​​െൻറ ആൾരൂപം എന്നിടത്തുനിന്ന് അഴിമതിയുടെ പരരൂപം എന്നിടത്തേക്ക് ഇമേജ് കൂപ്പുകുത്തി. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ വേർതിരിഞ്ഞ അധ്യായമായ ദ്രാവിഡ രാഷ്ട്രീയത്തെ ത​​​​െൻറ കുടുംബത്തിനുള്ളിലേക്ക് പരിമിതിപ്പെടുത്തി എന്ന മാപ്പർഹിക്കാത്ത കുറ്റവും കരുണാനിധിയുടെ പേരിൽ എഴുതപ്പെട്ടിരിക്കുന്നു. 95ാമത്തെ വയസ്സിൽ കരുണാനിധി കടന്നുപോകുമ്പോൾ പെരിയാർ തുടക്കം കുറിച്ച ദ്രാവിഡ രാഷ്ട്രീയത്തിലെ ഒരു തലമുറയുടെ അന്ത്യം കൂടിയാണ്.. 

Tags:    
News Summary - Commemoration on M Karunanidhi-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.