പൊതുതെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം പൂർത്തിയായപ്പോൾ തെളിയുന്ന ചിത്രമെന്തെന്ന് ഭാരത് ജോഡോ അഭിയാൻ കൺവീനർ യോഗേന്ദ്ര യാദവ്, ഗവേഷകരായ രാഹുൽ ശാസ്ത്രി, ശ്രേയസ് സർദേശായ് എന്നിവർ വിശകലനം ചെയ്യുന്നു
ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ചെറിയ ഘട്ടമാണ് കഴിഞ്ഞ ദിവസം നടന്നത്. വെറും 49 സീറ്റുകളിൽ മാത്രമായിരുന്നു വോട്ടെടുപ്പ്. എന്നാൽ, ഈ ഘട്ടത്തിന് മൊത്തത്തിലുള്ള ഫലത്തിൽ ആനുപാതികമല്ലാത്ത സ്വാധീനം ചെലുത്താനാവും. ചില അഭിമാനപ്പോരാട്ടങ്ങൾ നടന്നതുകൊണ്ട് മാത്രമല്ലിത്, വോട്ടെടുപ്പ് നടക്കുന്ന എട്ട് സംസ്ഥാനങ്ങളിൽ ചിലതിൽ ബി.ജെ.പി ഗുരുതര തിരിച്ചടിയാണ് നേരിടുക.
ഉത്തർപ്രദേശിലെ റായ്ബറേലി, അമേത്തി, ഫൈസാബാദ് (അയോധ്യ), മുൻപ് ഛപ്ര എന്നറിയപ്പെട്ടിരുന്ന സരൺ, ഹാജിപുർ, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ആറ് സീറ്റുകൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.
2019ൽ ഈ 49 സീറ്റുകളിൽ 39 എണ്ണം നേടിയ എൻ.ഡി.എക്ക് (ബി.ജെ.പി മാത്രം 32) മൂന്നാം ഘട്ടത്തിലെന്നപോലെ, ഇക്കുറിയും വൻനഷ്ടമുണ്ടാവാൻ സാധ്യത കാണുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം നോക്കിയാൽത്തന്നെ കഴിഞ്ഞ തവണ എട്ടിലൊതുങ്ങിയ ഇൻഡ്യ സഖ്യത്തിന് ഇക്കുറി ഇരട്ടിയെങ്കിലും പ്രതീക്ഷിക്കാം. അതുംകടന്ന് നാലിലൊന്ന് സീറ്റുകൾ വരെ അവർക്ക് നേടാനാകുമെന്നാണ് അടിത്തട്ടിൽ നിന്നുള്ള സൂചനകൾ. ഇരു സഖ്യങ്ങളും തമ്മിലെ സീറ്റുകളുടെ അന്തരം പകുതിയായി 17ലെത്താം, ചിലപ്പോൾ അതിലും താഴ്ന്നേക്കാം. സീറ്റ് ലാഭം അധികവും സംഭവിക്കുക യു.പിയിൽ നിന്നാണ്.
യു.പിയിൽ അവധ്, പൂർവാഞ്ചൽ, ദോബ്, ബുന്ദേൽഖണ്ഡ് എന്നിങ്ങനെ നാല് മേഖലകളിലായി പരന്നുകിടക്കുന്ന 14 മണ്ഡലങ്ങളിലായിരുന്നു വോട്ട്. 2019ൽ ഇതിൽ 13 എണ്ണം ബി.ജെ.പിയും കോൺഗ്രസ് ഒരു സീറ്റുമാണ് നേടിയതെങ്കിൽ ഇത്തവണ ഇൻഡ്യ സഖ്യത്തിന് യു.പിയിൽനിന്ന് ഏറ്റവുമധികം സീറ്റ് കിട്ടുക ഈ ഘട്ടത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് മാതൃക ആവർത്തിക്കപ്പെട്ടാൽ പോലും കോൺഗ്രസ് രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിക്കുപുറമെ അമേത്തിയും ബാരബങ്കിയും ഇക്കുറി നേടും. യു.പിയിൽ കോൺഗ്രസിന്റെ പ്രധാന പങ്കാളിയായ സമാജ്വാദി പാർട്ടിക്ക് 2019ൽ ഈ മേഖലകളിൽ നിന്ന് സീറ്റൊന്നും കിട്ടിയിരുന്നില്ലെങ്കിലും നിയമസഭാ വോട്ടിങ് രീതി തുടർന്നാൽ കൗശംബി, ഫത്തേപൂർ, ബാന്ദ സീറ്റുകൾ സ്വന്തമാവാൻ സാധ്യതയുണ്ട്.
ഈ ഘട്ടത്തോടെ മഹാരാഷ്ട്രയിലെ വോട്ടെടുപ്പ് അവസാനിച്ചെങ്കിലും യഥാർഥ പാർട്ടി ആരുടേത് എന്നതു സംബന്ധിച്ച ഉദ്ധവ് ശിവസേനX ഷിൻഡേ ശിവസേന, ശരദ്പവാറിന്റെ എൻ.സി.പിX അജിത് പവാറിന്റെ എൻ.സി.പി എന്നിവരുടെ യുദ്ധത്തിന് തീരുമാനമാവണമെങ്കിൽ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം. ഗ്രേറ്റർ മുംബൈ, ഇന്ത്യയിലെ ഉള്ളിവിപണിയുടെ ആസ്ഥാനമായ നാസിക്, ഒരു കാലത്ത് കൈത്തറി വ്യവസായ കേന്ദ്രമായിരുന്ന മാലേഗാവ് മേഖല എന്നിവിടങ്ങളിലായിരുന്നു പോരാട്ടം. മുംബൈ നഗരത്തിലെയും താനെയിലെയും മത്സരങ്ങൾ ഉദ്ധവ്- ഷിൻഡേ സേനകൾക്കും ദിന്ദോരി,ഭിവണ്ടി സീറ്റുകൾക്കായുള്ള മത്സരം പവാറുമാർക്കും ഏറക്കുറെ നിലനിൽപിന്റെ വിഷയമാണ്.
ഉദ്ധവിന്റെ സേന ചരിത്രത്തിൽ ഇദംപ്രഥമമായി മറാത്തികളും മുസ്ലിംകളും (ഡബിൾ M) എന്ന ഏറക്കുറെ അചിന്ത്യമായ ഒരു കൂട്ടുകെട്ട് തുന്നിച്ചേർത്തു. ഈ കൂട്ടുകെട്ട് നിലവിലെ സാഹചര്യത്തിൽ ന്യായമായും അനുയോജ്യമാണെന്ന് കരുതാം, ആറ് മുംബൈ മണ്ഡലങ്ങളിൽ അഞ്ചും അവരുടെ പക്ഷത്താണ്. ആത്മാർഥതയുള്ള, മിതവാദി നേതാവ് എന്ന ഉദ്ധവ് താക്കറെയുടെ പ്രതിച്ഛായയാണ് അതിനു പിന്നിലെ രസതന്ത്രം. അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന രണ്ടര വർഷക്കാലം (2019-22) വാക്കിലും പ്രവൃത്തിയിലും ന്യായപൂർണവും വിവേചനരഹിതവുമായിരുന്നുവെന്ന് ന്യൂനപക്ഷ സമുദായങ്ങൾ തിരിച്ചറിഞ്ഞു. മുംബൈയിലെ, ഭൂരിഭാഗം എം.എൽ.എമാരും അണികളും ഉദ്ധവ് സേനയിൽത്തന്നെ ഉറച്ചുനിൽക്കുന്നുവെന്നത് അദ്ദേഹത്തിന്റെ പാർട്ടിക്കും അതുവഴി ഇൻഡ്യ മുന്നണിക്കും സീറ്റു നേട്ടമുണ്ടാക്കിക്കൊടുക്കും.
പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ഇൻഡ്യ മുന്നണി ചെറുനേട്ടങ്ങൾ ഉണ്ടാക്കിയേക്കാം. ബിഹാറിൽ, ആർ.ജെ.ഡി അതിന്റെ മുൻ ശക്തികേന്ദ്രമായ ഛപ്രയിൽ (ഇപ്പോൾ സരൺ) അടിത്തറ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുമ്പോൾ മിഥിലാഞ്ചലിലെ രണ്ട് സീറ്റുകൾ എൻ.ഡി.എക്ക് അനുകൂലമാണ്, രാം വിലാസ് പാസ്വാന്റെ മണ്ഡലമായിരുന്ന ഹാജിപുരിന്റെ കാര്യവും അങ്ങനെ തന്നെ, അവിടെ അദ്ദേഹത്തിന്റെ മകനാണ് മത്സരിക്കുന്നത്.
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടന്ന ഏഴ് സീറ്റുകളിൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലംവെച്ച് നോക്കുമ്പോൾ ബരാക്പൂരിലും ഹൂഗ്ലിയിലും ബി.ജെ.പി അപകടത്തിലാണെന്ന് തോന്നുന്നു. എന്നാൽ, ആരാംബാഗ് അവർ തൃണമൂൽ കോൺഗ്രസിൽനിന്ന് പിടിച്ചെടുത്തേക്കാം.
സി.പി.ഐ (എം.എൽ-ലിബറേഷൻ) സിറ്റിങ് എം.എൽ.എയെ സ്ഥാനാർഥിയാക്കിയ ഝാർഖണ്ഡിലെ കൊഡെർമയിൽ വിജയം വരിക്കാനാകുമെന്ന് ഇൻഡ്യ മുന്നണി പ്രതീക്ഷിക്കുന്നു. കോഡെർമയിലെ നിയമസഭാ മണ്ഡലങ്ങളിലൊന്നായ ഗാൻഡെ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജയിലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനും ജനവിധി തേടുന്നു.
ഒഡിഷയിൽ 2019ൽ കൈവരിച്ച നേട്ടം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അഞ്ച് ലോക്സഭാ സീറ്റുകൾക്കൊപ്പം അഞ്ച് തവണ മുഖ്യമന്ത്രിയായ നവീൻ പട്നായിക് മത്സരിക്കുന്ന രണ്ട് സീറ്റുകൾ ഉൾപ്പെടെ 35 നിയമസഭാ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. കഴിഞ്ഞ തവണ അഞ്ച് ലോക്സഭാ സീറ്റുകളിൽ ബർഗ, സുന്ദർഗഡ്, ബോലാംഗിർ എന്നിവ ബി.ജെ.പിയും മധ്യ ഒഡിഷയിലെ കാണ്ഡമാൽ, അസ്ക എന്നിവ ഭരണകക്ഷിയായ ബിജു ജനതാദളുമാണ് (ബി.ജെ.ഡി) നേടിയത്. ഇക്കുറിയും അതേ പാറ്റേൺ നിലനിൽക്കാനാണ് സാധ്യത.
ജമ്മു-കശ്മീരിലെ ബാരാമുല്ല, ലഡാക്ക് സീറ്റകളിലും ഈ ഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്. ജയിലിൽ നിന്ന് മത്സരിക്കുന്ന എൻജിനീയർ റാഷിദിന്റെ രംഗപ്രവേശത്തോടെ ബാരാമുല്ലയിൽ നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല കടുത്ത ത്രികോണ മത്സരമാണ് നേരിടുന്നത്. അടുത്തിടെ വരെ ഇൻഡ്യ മുന്നണിയുടെ ഉറച്ച സീറ്റായി കരുതിപ്പോന്ന ലഡാക്കിൽ ലേയിൽ നിന്നുള്ള സ്ഥാനാർഥിയെ നിർത്തിയതോടെ കാർഗിലിലെ നാഷനൽ കോൺഫറൻസ്, കോൺഗ്രസ് പ്രവർത്തകർ കലാപമുയർത്തി. ലേയിൽ നിന്നുള്ള വോട്ടുകൾ ഇൻഡ്യ, എൻ.ഡി.എ മുന്നണി സ്ഥാനാർഥികൾക്കായി ഭിന്നിച്ചുപോകുമെന്നത് കാർഗിലിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥിയുടെ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്.
മൊത്തത്തിൽ, അഞ്ചാം ഘട്ടം ബി.ജെ.പിയുടെ പ്രതിസന്ധി ഘട്ടമാണ്. ഞങ്ങളുടെ അനുമാനമനുസരിച്ച്, ബി.ജെ.പി നേതൃത്വം നൽകുന്ന സഖ്യത്തിന് 2019ലെ ആദ്യ നാല് ഘട്ടങ്ങൾ വെച്ചുനോക്കുമ്പോൾ ഏകദേശം 40 സീറ്റുകൾ ഇതിനകം തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. അടുത്ത ഘട്ടങ്ങളിൽ പലതും നഷ്ടപ്പെടാനും സാധ്യതയുണ്ട്. അഞ്ചാം ഘട്ടം മുതലുള്ള ഈ നഷ്ട പ്രവണത തടയാൻ ബി.ജെ.പിക്ക് സാധിക്കാത്ത പക്ഷം ജൂൺ നാലിന് സ്വന്തം നിലയിലെങ്കിലും അവർക്ക് ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.